''ജയലളിതയുടെയും കരുണാനിധിയുടെയും മരണശേഷം തമിഴ്നാട്ടിലെ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്. നടന് കമലഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിക്കൊന്നും അവിടെ ഒരു ചലനവും ഉണ്ടാക്കാനാവില്ല.''
''ജയലളിതയുടെയും കരുണാനിധിയുടെയും മരണശേഷം തമിഴ്നാട്ടിലെ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്. നടന് കമലഹാസന്റെ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിക്കൊന്നും അവിടെ ഒരു ചലനവും ഉണ്ടാക്കാനാവില്ല.'' പറയുന്നത് തമിഴകത്തെ പ്രമുഖ എഴുത്തുകാരിയും ഡി.എം.കെ നേതാവുമായ രാജാത്തി സല്‍മ. ''സമൂഹത്തില്‍ ചര്‍ച്ചയാവുന്ന രചനകളാണ് അനീതിക്കെതിരെയുള്ള ശബ്ദമാവുന്നത്. ഒരു സൃഷ്ടി സമൂഹത്തില്‍ ചര്‍ച്ചയാവുമ്പോഴാണ് സമൂഹം ആ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാകുന്നതും അനീതികള്‍ക്കെതിരെ ശബ്ദമായി മാറുന്നതും. ലോകനിലവാരത്തിലുള്ള എഴുത്തുകാരും പുസ്തകങ്ങളും കൊണ്ട് സമ്പന്നമാണ് മലയാള സാഹിത്യം. മാതൃഭാഷയെയും പുസ്തകവായനയെയും പ്രോത്സാഹിപ്പിക്കല്‍ അനിവാര്യമാണ്'' - സല്‍മ അഭിപ്രായപ്പെടുന്നു.
മലപ്പുറം ജില്ലയിലെ കാളികാവില്‍ സാഹിതി സാഹിത്യ കൂട്ടായ്മ ഒരുക്കിയ സംസ്ഥാന സാഹിതി ക്യാമ്പിനെത്തിയപ്പോഴാണ് രാജാത്തി സല്‍മ മനസ്സു തുറന്നത്. പ്രശസ്ത കഥാകൃത്ത് പി.കെ പാറക്കടവിനൊപ്പമാണ് അവര്‍ ക്യാമ്പില്‍ പങ്കെടുത്തത്,
തമിഴിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സല്‍മയിപ്പോള്‍. തിരുച്ചിറപ്പള്ളിക്ക് സമീപം തുവരന്‍കുറിച്ചിയാണ് സ്വദേശം. യഥാര്‍ഥ പേര് റുഖിയ രാജാത്തി.
'ഒരു മാലയും ഇന്നൊരു മാലയും', 'പച്ച ദേവതൈ' എന്നീ കവിതാ സമാഹാരങ്ങളും 'രണ്ടാം യാമങ്ങളുടെ കഥ' എന്ന നോവലും പുറത്തിറങ്ങിയിട്ടുണ്ട്. 2004 കഥാ അവാര്‍ഡും ദേവമകന്‍ ട്രസ്റ്റ് അവാര്‍ഡ് അടക്കമുള്ള പുരസ്കാരവും ലഭിച്ചു. 'ഇരണ്ടാം ജാമത്തിന് കഥൈ' എന്ന സല്‍മയുടെ നോവല്‍ ദി ഹവര്‍ പാസ്റ്റ് മിഡ്നൈറ്റ് എന്ന പേരില്‍ ഇംഗ്ലീഷിലടക്കം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകനിലവാരത്തിലുള്ള ഈ കൃതി ഒട്ടേറെ പുരസ്കാരങ്ങളും സല്‍മക്ക് നേടിക്കൊടുത്തു
എഴുത്തുകാരിയുടെ വരവ്
വളരെ ചെറുപ്പത്തില്‍ വീട്ടുകാര്‍ ബന്ധുവിനെക്കൊണ്ട് റുഖിയയുടെ വിവാഹമുറപ്പിച്ചു. റുഖിയ എതിര്‍ത്തു. പട്ടിണി കിടന്നു. അവളുടെ അമ്മക്ക് നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു; അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ഥതയായിരിക്കും കാരണമെന്ന്. അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന് വിവാഹശേഷമാണ് അവള്‍ക്ക് മനസ്സിലായത്. പക്ഷേ, അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള് എല്ലാവരുടെയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള് മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള് നട്ടപ്പാതിരക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയിത്രിയായി. തൂലികാ നാമം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണ് പ്രദാനം ചെയ്യുന്നത്. ചിലര്‍ക്കത് ഭീരുത്വമായി തോന്നിയേക്കാം. എന്നാല്‍ സമൂഹം തന്റെ പേനത്തുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സുഗമമായ ഒരു പാത തെരഞ്ഞെടുക്കാന്‍ ഏത് എഴുത്തുകാരനും എഴുത്തുകാരിയും മുതിര്‍ന്നേക്കാം.
അതാണ് സല്‍മയും ചെയ്തത്. പെരുമാള്‍ മുരുകനെപ്പോലെ എഴുത്ത് നിര്‍ത്താന്‍ തമിഴ് എഴുത്തുകാരി സല്‍മ തയാറായില്ല. തന്റെ തൂലികക്ക് സുഗമമായ പാത അവള് ഒരുക്കി. റുഖിയ എന്ന തന്റെ പേരിന് പകരം രാജാത്തി എന്ന പേര് സ്വീകരിച്ചു. എന്നാല്‍ ആ പാതയിലും സമൂഹം മുള്ളുകള്‍ വിതറി. തുടര്‍ന്ന് സല്‍മ എന്ന പേരില്‍ എഴുതാന്‍ തുടങ്ങി. അവിടെയും സമൂഹം അവളെ വെറുതെ വിട്ടില്ല. എഴുത്തിന്റെ അതിജീവനത്തിനായി സല്‍മ വീണ്ടും പേരു മാറ്റുകയാണ്.
പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍ ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും രണ്ടാം യാമങ്ങളില്‍ മാത്രം ജീവിക്കുന്ന സ്ത്രീകളെ വെളിയുലകം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.
കൂട്ടുകാരോടൊപ്പം ഒരു സിനിമ കാണാന്‍ പോയതാണ് തന്റെ പഠിപ്പു നിന്നുപോകാന്‍ കാരണമായതെന്ന് സല്‍മ പറയുന്നത്.
''സ്കൂളില്‍ പോകാന്‍ പറ്റാതായതോടെ ഞാന്‍ തികച്ചും ഏകാകിയായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പെണ്ണ് പുറത്തുപോകാന്‍ പാടില്ല. കല്യാണം കഴിക്കണം, പ്രസവിക്കണം, കുട്ടികളെ വളര്‍ത്തണം ഇതാണല്ലോ സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന സ്ത്രീയുടെ അടയാളങ്ങള്‍. ഈയൊരു ഐഡന്റിറ്റി വളരെ കഷ്ടമായി തോന്നി. ആ ഐഡന്റിറ്റിക്ക് അപ്പുറം കടക്കാന്‍ പാടില്ല. പക്ഷേ, അങ്ങനെ മാത്രമായൊരു സ്ത്രീയാവാന്‍ ഞാന്‍ ആഗ്രഹിച്ചതേയില്ല. പൂര്‍ണമായും വീട്ടിനുള്ളില്‍ തന്നെയായിരുന്നു. ഏകാന്തത എന്നെ കൂടുതല്‍ വായിപ്പിച്ചു. തൊട്ടടുത്ത് ലൈബ്രറിയുണ്ടായിരുന്നു. കിട്ടുന്നതെന്തും വായിച്ചു. പതുക്കെ പതുക്കെ എഴുതണം എന്ന തോന്നലുണ്ടായി. ഒരുപാട് വായിച്ചതുമൂലമാവണം എഴുത്ത് എന്നില്‍ കയറിക്കൂടുകയായിരുന്നു. ആദ്യമൊക്കെ എഴുതിയത് കവിതയാണെന്നൊന്നും പറയാനാവില്ല. എന്തൊക്കെയോ എഴുതി... എന്റെ പ്രതിഷേധങ്ങള്‍... ചിന്തകള്‍... സ്വപ്നങ്ങളൊക്കെയും... വീട്ടില്‍ അഛനും അമ്മയും എതിര്‍ത്തില്ല. പ്രോത്സാഹിപ്പിച്ചുമില്ല. പക്ഷേ, കവിത അച്ചടിച്ചു വരാന്‍ തുടങ്ങിയതോടെ പെണ്ണ് എഴുതരുത് എന്നായി ഊരില്‍. എന്നെക്കുറിച്ചും എന്റെ ചുറ്റുപാടിനെക്കുറിച്ചുമായിരുന്നു കൂടുതല്‍ കവിതകളും. സ്ത്രീയുടെ വൈകാരികാനുഭവങ്ങള്‍. സൊസൈറ്റിയെപ്പറ്റി വിമര്‍ശനമിരിക്കുമ്പോള്‍ അവര്‍ക്ക് സഹിക്കാനാവില്ലല്ലോ. പക്ഷേ, സല്‍മ എഴുതിക്കൊണ്ടിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനെഴുതരുത് എന്നു നിര്‍ബന്ധമായിരുന്നു. എഴുതരുത് എന്ന് അവര്‍ ഉറപ്പു വാങ്ങിയിരുന്നു. എന്നാല്‍ കുട്ടികളായിക്കഴിഞ്ഞിട്ടും എനിക്ക് ആ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോകാനായില്ല. കടുത്ത ഏകാന്തത. ഭര്‍ത്താവുറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ ബാത്ത്റൂമില്‍ പോയിരുന്ന് എഴുതും. എഴുതിയത് മാസികകള്‍ക്ക് അയച്ചുകൊടുക്കാനും മറ്റും അമ്മയാണ് സഹായിച്ചത്. വിവാഹത്തിനു മുമ്പ് രാജാത്തി റുഖിയ എന്ന യഥാര്‍ഥ പേരിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, വീണ്ടും എഴുതാന്‍ തുടങ്ങിയെന്ന കാര്യം ആരും അറിയരുതെന്നു കരുതി സല്‍മ എന്ന അപരനാമത്തിലെഴുതുകയായിരുന്നു.
തീര്‍ച്ചയായും പേടിയായിരുന്നു. കുടുംബമാണ് പെണ്ണിന് ആധാരമായ വിഷയം. അവള് പുറത്തുപോകരുത്. എങ്ങോട്ടിറങ്ങിയാലും അത് അന്വേഷിക്കും. മുറ്റത്തിറങ്ങി നിന്നാല്‍ പോലും എന്തിനിവിടെ നില്ക്കുന്നു എന്നു ചോദിക്കും അതുകൊണ്ട് പെണ്ണിന് കുടുംബത്തിനപ്പുറമൊരു ലോകമില്ല. കുടുംബത്തെയും സമൂഹത്തെയും വിട്ട് പുറത്തുപോകാന്‍ അവള്‍ക്കു ധൈര്യമില്ല. ആ ധൈര്യക്കുറവ് എനിക്കുമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പു ഗോദയിലേക്ക്
സ്വാതന്ത്ര്യദാഹം സല്‍മക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു. എപ്പോഴെങ്കിലും പുറത്തുവരണമെന്ന ആശ. ''ഞങ്ങളുടെ പഞ്ചായത്തില്‍ വനിതാസംവരണം വന്നപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നിരുന്ന ഭര്‍ത്താവ് പല സ്ത്രീകളെയും സമീപിച്ചു. പക്ഷേ, ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നില്ല. അപ്പോള്‍ ഞാന്‍ സ്ഥാനാര്‍ഥിയായി. മത്സരിച്ചു, ജയിച്ചു. ഓര്‍ക്കണം, വീട്ടിനുള്ളില്‍ മുഖം കറുപ്പിക്കാനോ ശണ്ഠ കൂടാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്നവളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. എതിര് സ്ഥാനാര്‍ഥിയെ എങ്ങനെയും തോല്പിക്കാനിറങ്ങുന്നത്. വീടിന്റെ അധികാരം പോലുമില്ലാതിരുന്നവള്‍ ഒരു പഞ്ചായത്ത് ഭരിക്കേണ്ട ഉത്തരവാദിത്തത്തിലേക്ക്, അധികാരത്തിലേക്ക് വന്നു ചേരുകയായിരുന്നു. അന്നേരം നല്ല ധൈര്യം കിട്ടുകയായിരുന്നു. നമ്മുടെ കൈയില്‍ കുടുംബത്തേക്കാള്‍ വലിയൊരു ലോകത്തിന്റെ അധികാരം വന്നു ചേര്‍ന്നപ്പോള്‍ രാജാത്തി റുഖിയയാണ് സല്‍മ എന്ന് അറിയിക്കാനുളള ധൈര്യമായി. പിന്നീട് നിയമസഭയിലേക്കും ഒരു കൈ നോക്കി. മത്സരത്തില്‍ നേരിയ വോട്ടിന് പരാജയപ്പെട്ടു.
''യുവര്‍ ഹോപ്പ് ഈസ് റിമെയ്നിങ്' എന്ന പേരില്‍ സ്ത്രീശാക്തീകരണത്തിനായി ഞാന്‍ ഒരു എന്‍.ജി.ഒ തുടങ്ങിയിരുന്നു. എന്നാല്‍ ഈ എന്‍.ജി.ഒ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഭീഷണികളുടെ പ്രവാഹമാണിപ്പോള്‍. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ സംസ്കാരത്തെ നിയന്ത്രിക്കാനും എഴുത്തുകാരെ അവരുടെ വരുതിയില്‍ നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ സജീവമാണ്.
തമിഴ് ഗ്രാമങ്ങള്‍ ഇപ്പോള്‍
തമിഴ് ഗ്രാമങ്ങളില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. മുമ്പ് പെണ്‍കുട്ടികളുടെ പഠനം ചെറിയ ക്ലാസ്സിലേ നിര്‍ത്തുമായിരുന്നു. ഇപ്പോഴത് പ്ലസ്ടു വരെയായിട്ടുണ്ട്. അപൂര്‍വം ചിലര്‍ കോളേജില്‍ പോകുന്നുണ്ട്. മുമ്പ് പര്‍ദയിട്ടുപോലും പുറത്തു പോകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതു പറ്റും. ഇത്രയൊക്കെയാണ് മാറ്റം.
ജാതിസ്പര്‍ധയാണ് എഴുത്തുകാരുടെ മേലുള്ള കടന്നുകയറ്റത്തിന് കാരണം. പെരുമാള്‍ മുരുകന്, പുലിയൂര് മുരുകേശന്, ഗുണശേഖരന് എന്നിവരെല്ലാം ഈ ആക്രമണത്തിന്റെ ഇരകളാണ്. ജാതിയെ അടിസ്ഥാനമാക്കിയുള്ള ദുരഭിമാനക്കൊലകള്‍ തമിഴ്നാട്ടില്‍ ദിവസേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ദേശീയ നിയമനിര്‍മാണത്തിനുള്ള പരിശ്രമത്തിലാണ് താനെന്നും സല്‍മ പറയുന്നു.
രാഷ്ട്രീയ സ്ഥാനങ്ങള്‍ക്കിടയില്‍, ഹാനികരമായ ലിംഗഭേദമന്യേ സമ്പ്രദായങ്ങള്‍ മാറ്റാനും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ തുല്യവും ന്യായവുമായ ഭാവി ഉറപ്പാക്കാനും സ്ത്രീകള്‍ പ്രവര്‍ത്തിക്കണമെന്ന നിലപാടുകാരിയാണ് രാജാത്തി സല്‍മ. സാംസ്കാരിക മാറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരത്തിന്റെ ചില പോക്കറ്റുകളില്‍ മാത്രമാണ് മാറ്റം സാവധാനം വരുന്നതെന്നാണ് സല്‍മ പറയുന്നത്. മാറ്റം സാധ്യമാണെന്നും അത് ആദ്യം വീട്ടില്‍തന്നെ ആരംഭിക്കേണ്ടതാണെന്നും അവര്‍ വിശ്വസിക്കുന്നു. ഓരോ സ്ത്രീയും സ്വന്തം ശക്തി മനസ്സിലാക്കണം. അതിന് ആദ്യം വേത് അവള്‍ക്കുള്ളിലെ കരുത്ത് കണ്ടെത്തുകയാണ്.