വിലപേശി വാങ്ങുന്നത് പോരായ്മയല്ല

എന്‍.എന്‍ അബ്ദുല്‍ ഗഫൂര്‍
ഫെബ്രുവരി 2019
ഏറ്റവും കുറഞ്ഞ തുകയില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നം വാങ്ങാന്‍ കഴിവുള്ളവരാണ് മാതൃകാ ഉപഭോക്താക്കള്‍.

ഏറ്റവും കുറഞ്ഞ തുകയില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നം വാങ്ങാന്‍ കഴിവുള്ളവരാണ് മാതൃകാ ഉപഭോക്താക്കള്‍. വര്‍ണശബളമായ പാക്കിംഗുകളോ വിസ്മയിപ്പിക്കുന്ന പരസ്യങ്ങളോ അവരെ തെല്ലും സ്വാധീനിക്കില്ല. വിലക്കുറവും ഗുണമേന്മയും ഈടും മാത്രമാണ് അവര്‍ പരിഗണിക്കുക.
ആഗോള സമ്പന്നരില്‍ പ്രമുഖനായ വാറന്‍ ബഫറ്റ് പറഞ്ഞത് നിങ്ങള്‍ ബ്രാന്റുകളുടെ പിറകെ പോകേണ്ടെന്നാണ്. ബ്രാന്റുകളേക്കാള്‍ പരിഗണിക്കേണ്ടത് ഗുണമേന്മയും ഉപഭോക്താവിന്റെ സൗകര്യവുമാണ്. കാലിനു സുഖം തരുന്നതും പോക്കറ്റിനു ഭാരമേറാത്തതുമായ പാദരക്ഷകള്‍ കമ്പോളത്തില്‍ ലഭിക്കുമെങ്കില്‍, കാലിനു സുഖം നല്‍കാത്തതും കൂടുതല്‍ വിലയേറിയതും താരതമ്യേന ഈട് കുറഞ്ഞതുമായ ബ്രാന്റഡ് പാദരക്ഷകള്‍ ഉപയോഗിക്കുന്നതില്‍ ഒരര്‍ഥവുമില്ല.
ഭക്ഷ്യവസ്തുക്കളായാലും ഭക്ഷ്യേതര വസ്തുക്കളായാലും കമ്പോളത്തിന്റെ ചതി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആകര്‍ഷകമായ പാക്കിംഗില്‍ വരുന്ന വിലയേറിയ ധാന്യങ്ങളും പരിപ്പുവര്‍ഗങ്ങളും ഉണക്കു പഴങ്ങളും അണ്ടി വര്‍ഗങ്ങളും വലിയ ഗുദാമുകളിലെ മൊത്ത ചരക്കുകളില്‍നിന്ന് പാക്ക് ചെയ്ത് എടുത്തതാണെന്ന് നാം ഓര്‍ക്കാറില്ല. തൂക്കി വാങ്ങുമ്പോള്‍ കിലോക്ക് 600 രൂപ കൊടുക്കേണ്ട ഉണക്കു പഴങ്ങള്‍ ആകര്‍ഷകമായ പാക്കില്‍ വരുമ്പോള്‍ 1000 രൂപ വരെ വരും. മനം മയക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ വരുന്ന പാക്ക് ചെയ്ത ഉല്‍പന്നങ്ങളാണ് ആളുകള്‍ കൂടുതല്‍ വാങ്ങി ഉപയോഗിക്കുന്നത് എന്നതാണ് വസ്തുത. ഗുണമേന്മ കുറഞ്ഞതായാലും പാക്കറ്റില്‍ വരുന്ന വസ്തുക്കള്‍ കൂടുതല്‍ വിലകൊടുത്തു വാങ്ങുന്നതിലാണ് ആളുകള്‍ക്ക് താല്‍പര്യം. ഒരേ ഫാക്ടറിയില്‍ നിര്‍മിച്ച, ഒരേ ഗുണമേന്മയുള്ള തേങ്ങാപ്പാല്‍ രണ്ടു വ്യത്യസ്ത ബ്രാന്റുകളില്‍ പുറത്തിറക്കുന്നതായി അറിയാം. അതിലൊന്ന് അതിപ്രശസ്തമായ ബ്രാന്റാണ്. മറ്റേത് തീരെ അപ്രശസ്തവും. ആദ്യത്തേതിനു ആകര്‍ഷകമായ ലേബലും വിപുലമായ പരസ്യവുമുണ്ട്. രണ്ടാമത്തേതിനു മിതമായ ലേബലുണ്ട്. പരസ്യം തീരേയില്ല. ആദ്യത്തെ ബ്രാന്റിനു രണ്ടാമത്തെ ബ്രാന്റിനേക്കാള്‍ നാല്‍പതു ശതമാനം വില കൂടുതലാണ്. പറഞ്ഞിട്ടെന്ത്! കമ്പോളത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്നത് ആദ്യത്തെ ബ്രാന്റാണ്. വിലകൂടിയതിനൊക്കെ ഗുണം കൂടുമെന്ന ഉപഭോക്താക്കളുടെ തെറ്റായ ധാരണ മൂടുറച്ചുപോയതാണ് കാരണം. ഇത്തരം ആയിരക്കണക്കിനു ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കി ഉപഭോക്താക്കളുടെ പോക്കറ്റടിക്കുന്ന കുത്തക കമ്പനികള്‍ ആഗോളതലത്തില്‍തന്നെ ധാരാളമുണ്ട്.
കാശുകൊടുത്ത് നാം വാങ്ങുന്ന പലതും നമുക്ക് ഉപകരിക്കാത്തതാണെന്നതാണ് വസ്തുത. ജലദോഷം ബാധിച്ചാല്‍ ആവി പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ഇന്ന് പല വീടുകളിലും കാണാം. ഏറ്റവും വിലകുറഞ്ഞതും ഹാനികരവുമായ പ്ലാസ്റ്റിക്കുകൊണ്ട് നിര്‍മിക്കപ്പെട്ട അത്തരം ഉപകരണങ്ങള്‍ ചുരുങ്ങിയ കാലം പോലും നമുക്ക് ഉപകാരപ്പെടാറില്ല. പുട്ടുകലത്തില്‍ വെള്ളം തിളപ്പിച്ച് തുളസിയിലയിട്ട് ആവി പിടിക്കുന്നതിന്റെ ഗുണവും ആരോഗ്യപരതയും ഈ ആവി യന്ത്രത്തിനു ലഭിക്കില്ല. ഇങ്ങനെ നമ്മുടെ വീടകങ്ങളില്‍ ഒരു പരിശോധന നടത്തിയാല്‍ ആവശ്യമില്ലാത്ത ധാരാളം ഉപകരണങ്ങള്‍ കാണാം. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വസ്തു വാങ്ങുകയെന്നാല്‍ നിങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ള ഒന്ന് (പണം) പാഴാക്കുക എന്നതാണ് അതിനര്‍ഥമെന്ന വാറന്‍ ബഫറ്റിന്റെ വാക്കുകള്‍ എത്ര അര്‍ഥപൂര്‍ണം!
ഗുണമേന്മയുള്ള വസ്തുക്കള്‍ വഴിവാണിഭക്കാര്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ധൈര്യപൂര്‍വം വാങ്ങാം. പൊതുകമ്പോളത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ആ വിനിമയത്തിലൂടെ താഴ്ന്ന വരുമാനക്കാരായ വഴിവാണിഭക്കാരെ സഹായിക്കുകയെന്ന മാനുഷികത കൂടി അവിടെ നിര്‍വഹിക്കപ്പെടുന്നുണ്ട്.
വിലപേശി വാങ്ങുന്നത് ഒരു പോരായ്മയായാണ് പലരും കാണുന്നത്. വിലപേശല്‍ ഉപഭോക്താവിന്റെ മൗലികാവകാശമാണെന്ന കാര്യം പലര്‍ക്കും അറിയാത്തതാണ് കാരണം. പാക്ക് ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ എം.ആര്‍.പി എന്നു കാണാം. ഈടാക്കാവുന്ന പരമാവധി ചില്ലറ വില്‍പ്പന വിലയാണത്. അതിലധികം ഈടാക്കാന്‍ പാടില്ല. എന്നാല്‍ അതില്‍ കുറച്ച് ഈടാക്കാന്‍ കടയുടമക്ക് സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നതാണ് യഥാര്‍ഥത്തിലുള്ള വിലപേശല്‍. അത് അവന്റെ അവകാശമാണ്. യാതൊരു പോരായ്മയും അതിലില്ല.
വാങ്ങിയ വസ്തു തങ്ങള്‍ക്ക് യോജിച്ചതല്ലെങ്കില്‍ അത് തിരിച്ചുനല്‍കി പണം വസൂലാക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. വസ്തുവിന് പോരായ്മകളൊന്നുമുണ്ടാകാന്‍ പാടില്ലെന്നേയുള്ളൂ. കടയുടമ പണം തിരിച്ചു നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിറ്റിയെ സമീപിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്.
വാറണ്ടിയോ ഗ്യാരണ്ടിയോ വാഗ്ദാനം ചെയ്യപ്പെട്ട വസ്തുക്കള്‍ക്ക് കാലാവധി തീരുന്നതുവരെ ആ സേവനം ലഭ്യമാക്കാന്‍ കടയുടമക്ക് ബാധ്യതയുണ്ട്. ഉപഭോക്താവിനു അത്തരം സേവനം ലഭിക്കുന്നില്ലെങ്കില്‍ കടയുടമക്കെതിരെ നിയമനടപടിയെടുക്കാം.
ഉപഭോക്താക്കളെന്ന നിലക്ക് അവകാശങ്ങളെക്കുറിച്ച ബോധമുണ്ടാക്കുന്നത്, ചെലവാക്കുന്ന പണത്തിനനുസൃതമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പുവരുത്താന്‍ ഉപഭോക്താക്കളെ സഹായിക്കും. ഉപഭോക്താക്കളാണ് കമ്പോളത്തിന്റെ നട്ടെല്ല്. അവര്‍ക്കുള്ളത്ര അവകാശം വില്‍പ്പനക്കാരനില്ല. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media