പരീക്ഷയെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളേക്കാള്‍ രക്ഷിതാക്കള്‍ക്കാണ് ടെന്‍ഷന്‍. പരീക്ഷ എന്നാല്‍ നമ്മുടെ ഓര്‍മയിലെത്തുക 'പേപ്പര്‍-പെന്‍' പരീക്ഷയാണ് -എഴുത്തുപരീക്ഷ.
പരീക്ഷയെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളേക്കാള്‍ രക്ഷിതാക്കള്‍ക്കാണ് ടെന്‍ഷന്‍. പരീക്ഷ എന്നാല്‍ നമ്മുടെ ഓര്‍മയിലെത്തുക 'പേപ്പര്‍-പെന്‍' പരീക്ഷയാണ് -എഴുത്തുപരീക്ഷ. മുന്‍കൂട്ടി തയാറാക്കിയ ചോദ്യപേപ്പറിനനുസരിച്ച് ഉത്തരങ്ങള്‍, നിശ്ചിത സമയത്തിനുള്ളില്‍ എഴുതി തീര്‍ത്ത്, പേപ്പറുകള്‍ തുന്നിക്കെട്ടി, പേജുനമ്പറിട്ട്, ഇന്‍വിജിലേറ്ററെ മടക്കിയേല്‍പ്പിക്കുന്നതാണ് സാധാരണ പരീക്ഷാ രീതികള്‍. ഒരു വര്‍ഷത്തിലോ സെമസ്റ്ററിലോ ഒരു ടേമിലോ ഒരു കോഴ്‌സിലോ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇത്തരം പരീക്ഷകള്‍. ലളിതവും പ്രയാസങ്ങളില്ലാതെ നടപ്പിലാക്കാന്‍ സൗകര്യമുള്ളതുമായതിനാല്‍ ലോകത്തൊട്ടാകെ ഇത്തരമൊരു പരീക്ഷാരീതി കാണാം. എന്നാല്‍ ഇതു മാത്രമാണോ പരീക്ഷ? മറ്റു പരീക്ഷാ രീതികള്‍ ഉണ്ടോ?
പേപ്പര്‍-പെന്‍ പരീക്ഷാ രീതിക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. ദീര്‍ഘകാലത്തെ പഠനം ഒരൊറ്റ പരീക്ഷകൊണ്ട് സത്യസന്ധമായി വിലയിരുത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പരീക്ഷാ പേപ്പര്‍ പരിശോധനകളില്‍ പരീക്ഷകന്റെ മാനസിക നില, പലപ്പോഴും സ്‌കോറുകളെ സ്വാധീനിക്കാം. വിലയിരുത്തലില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ചോദ്യപേപ്പറിന്റെ കൃത്യതയും ഏറെ പ്രധാനമാണ്. പരീക്ഷയെന്നത് ക്ലാസുകയറ്റത്തിനുള്ള ഒരു മാര്‍ഗം മാത്രമല്ല. അധ്യാപനം എത്ര ഫലപ്രദമായി എന്ന അന്വേഷണം കൂടിയാണ്. പരീക്ഷയില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും അധ്യാപകന്‍ കൂടിയാണെന്നര്‍ഥം. അതിനാല്‍ ലോകത്തെ നിരവധി രാജ്യങ്ങളില്‍, നമ്മുടേതടക്കം, നിരന്തര മൂല്യനിര്‍ണയം നടപ്പിലാക്കിയിരിക്കുന്നു. വര്‍ഷം മുഴുവന്‍ പരീക്ഷയെന്നര്‍ഥം! എന്നാല്‍ പഠിതാവിന് ടെന്‍ഷന്‍ തോന്നുകയുമില്ല. 'നിരന്തര മൂല്യനിര്‍ണയ'ത്തെ വ്യത്യസ്ത രീതിയിലാണ് പലരും സമീപിക്കുന്നത്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, പരീക്ഷണങ്ങള്‍, പ്രോജക്ടുകള്‍, അസൈന്‍മെന്റുകള്‍, അവക്ക് നിര്‍ണിതമായ സ്‌കോറുകള്‍, അത് 'സമഗ്ര'മായ മൂല്യനിര്‍ണയമാകുമ്പോള്‍ സംഗീതവും കലയും കായികക്ഷമതയും ഇതര നൈപുണികളുമൊക്കെ വിലയിരുത്തപ്പെടുന്നു. എല്ലാ മേഖലയിലെയും പഠനവും പാഠ്യേതരവും മികവുകള്‍ ഒരുമിച്ചുചേര്‍ത്ത്, കുട്ടിയുടെ ഗ്രേഡ് നിശ്ചയിക്കപ്പെടുന്നു. പ്രമോഷന്‍ തീരുമാനിക്കപ്പെടുന്നു.
നിരന്തര മൂല്യനിര്‍ണയത്തിലെ ഫോര്‍മേറ്റീവ് അസെസ്‌മെന്റ് എന്ന പേരിലറിയപ്പെടുന്ന മൂല്യ നിര്‍ണയ രീതി കുട്ടികള്‍ പഠനലക്ഷ്യം നേടിയോ, കൂടുതല്‍ പിന്തുണ ആവശ്യമുണ്ടോ എന്നറിയാന്‍ ഉപകാരപ്പെടും. വര്‍ഷാവസാനത്തെ കുട്ടിയുടെ നേട്ടം വിലയിരുത്തുന്നതിന് സമ്മേറ്റീവ് അസെസ്‌മെന്റ് സഹായകമാവും.
'ഈ സ്‌കൂളില്‍ പരീക്ഷയില്ല' എന്നത് ചില കലാലയങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ പറയാറുണ്ട്. കോട്ടയത്തെ മേരി റോയിയുടെ 'പള്ളിക്കൂട'ത്തില്‍ എട്ടാം ക്ലാസുവരെ പരീക്ഷയില്ല. ലോകത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഫിന്‍ലന്റില്‍ പരീക്ഷയും റാങ്കുമില്ല. താരതമ്യമില്ല. കുട്ടികള്‍ തമ്മില്‍ മത്സരമില്ല. ഹൈസ്‌കൂള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു പരീക്ഷ മാത്രം! ഉപരിപഠനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍. ചില വിദ്യാഭ്യാസ സമീപനങ്ങള്‍ വിശദീകരിക്കുമ്പോഴും പരീക്ഷയില്ലെന്ന് പരിചയപ്പെടുത്തുന്നത് കാണാം. ഇവിടെ മൂല്യനിര്‍ണയമില്ല എന്ന് തെറ്റിദ്ധരിക്കരുത്. തുടര്‍ച്ചയായ മൂല്യനിര്‍ണയ രീതികളുണ്ട്.
മത്സര പരീക്ഷകളുടെ കാലം കൂടിയാണിത്. മത്സര പരീക്ഷകളില്‍ പൊതുവെ മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് പരീക്ഷകളാണ് നടത്താറ്. ശ്രദ്ധാപൂര്‍വം തയാറെടുപ്പോടെ മാത്രമേ ഇത്തരം പരീക്ഷകള്‍ നേരിടാനാകൂ. പരീക്ഷാസമയം പൊതുവെ സംഘര്‍ഷരഹിതമാണ്. ഉത്തരത്തിന് കൂടുതല്‍ ഓപ്ഷനുകള്‍ ഉണ്ടാകും. ശരിയായ ഓപ്ഷന്‍ കണ്ടെത്തി കറുപ്പിച്ചാല്‍ മതി. കൃത്യമായ വിലയിരുത്തല്‍, സംശയങ്ങള്‍ക്ക് ഇടനല്‍കാത്ത സ്‌കോറിംഗ്. നെഗറ്റീവ് മാര്‍ക്ക്കൂടി ചേര്‍ത്താല്‍ കൃത്യത കൂടും. OMR (Optical Mark Reader) മെഷീനുകള്‍ പരിശോധിച്ച്, മാര്‍ക്കു നല്‍കുമെന്നത്, മൂല്യനിര്‍ണയത്തിലെ അപകടങ്ങളും ഇല്ലാതാക്കും. OCR (Optical Character Reader) പരീക്ഷകള്‍, വളരെ ആവശ്യമായി മാത്രം തന്നിട്ടുള്ള കള്ളികളില്‍ ചുരുക്കിയെഴുതുന്ന രീതിയാണ്. അവ മെഷീനുകള്‍ സ്‌കാന്‍ ചെയ്ത്, കമ്പ്യൂട്ടര്‍ സഹായത്തോടെ വിലയിരുത്താനും കഴിയും. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ പരീക്ഷാ രീതി സ്വീകരിച്ചു കാണുന്നു. പ്രത്യേകിച്ചും ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റികള്‍.
ചില മത്സര പരീക്ഷകള്‍ പല തട്ടുകളായി നടത്താറുണ്ട്. പ്രൈമറി, സെക്കന്ററി, മെയിന്‍... എന്നിങ്ങനെ. ചില പരീക്ഷകള്‍ പൂര്‍ത്തിയാകണമെങ്കില്‍ വാചാ പരീക്ഷ (ഇന്റര്‍വ്യൂ/വൈവ) കൂടി നേരിടണം. ചില പരീക്ഷകളുടെ ഭാഗമായി പ്രായോഗിക പരീക്ഷകള്‍ (Practicals) ഉണ്ടാകും. തിയറിക്കപ്പുറം കുട്ടികള്‍ക്ക് പ്രായോഗിക നൈപുണികളുണ്ടോയെന്ന് പരിശോധിക്കാനാണിത്. ചില കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാന്‍ ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കണം. പ്രബന്ധാവതരണവും വൈവയും ഉണ്ടായെന്നു വരും. ഇവ യൂനിവേഴ്‌സിറ്റികളാണെന്ന് കരുതേണ്ട, പല രാജ്യങ്ങളിലും ഇത്തരം പരീക്ഷകള്‍ സ്‌കൂള്‍ അധ്യയനത്തിന്റെ ഭാഗമാണ്.
ഓണ്‍ലൈന്‍ പരീക്ഷകള്‍ പലപ്പോഴും മത്സരാര്‍ഥികള്‍ക്ക് സമയവും സ്ഥലവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു. പരീക്ഷക്കായി ദീര്‍ഘയാത്ര വേണ്ട. പരീക്ഷ സമയബന്ധിതവുമായിരിക്കും. പ്രത്യേക കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകളുമുണ്ട്. അപ്പപ്പോള്‍ തന്നെ ചോദ്യപേപ്പര്‍ തയാറാക്കുകയും പരീക്ഷ കഴിഞ്ഞ ഉടന്‍ സ്‌കോര്‍ നല്‍കുകയും ചെയ്യുന്ന പരീക്ഷകളും ഇന്ന് പല രാജ്യങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു.
'എക്‌സാം ഓണ്‍ ഡിമാന്റ്' എന്നത് ഇഗ്‌നോ പോലുള്ള യൂനിവേഴ്‌സിറ്റികള്‍ നടപ്പിലാക്കിയ പരീക്ഷാ രീതിയാണ്. വിദ്യാര്‍ഥി എപ്പോള്‍ പരീക്ഷയെഴുതാന്‍ സജ്ജമാണോ, അപ്പോള്‍ പരീക്ഷ എഴുതാം. നിശ്ചിത നിയമ വ്യവസ്ഥയും നിലവാരവും പാലിച്ചുകൊണ്ട് ഓരോ പരീക്ഷാര്‍ഥിക്കും ചോദ്യപേപ്പര്‍ നിര്‍മിച്ചു നല്‍കുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ വേഗത്തിലും സാവകാശത്തിലും പരീക്ഷയെ നേരിടാന്‍ കഴിയുന്നു. നോ ടെന്‍ഷന്‍!
'ഓപ്പണ്‍ ബുക് എക്‌സാം' എന്നതിന് വ്യത്യസ്ത രീതികളുണ്ട്. പാഠപുസ്തകങ്ങളും കുറിപ്പുകളും റഫറന്‍സും പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നതാണ് ഒരു രീതി. അവ പരിശോധിച്ച്, പരീക്ഷ പൂര്‍ത്തിയാക്കാം. കേവലം പകര്‍ത്തിയെഴുത്താവില്ല, അപഗ്രഥന ശേഷി അളക്കുന്നവയാവും അത്തരം പരീക്ഷകളിലെ ചോദ്യങ്ങള്‍. മുന്‍കൂട്ടി തയാറാക്കിയ പാഠഭാഗവുമായി ബന്ധമുള്ള, സമൂഹത്തില്‍ അന്വേഷിച്ച് പഠിക്കേണ്ട ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും അവ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയെയും 'ഓപ്പണ്‍ ബുക് എക്‌സാം' എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഇടപെട്ട് അനുഭവങ്ങള്‍/അഭിപ്രായങ്ങള്‍ രൂപീകരിക്കാനും അവ പരീക്ഷയില്‍ പ്രകടിപ്പിക്കാനും അവസരം നല്‍കുന്നു ഈ പരീക്ഷാ രീതി.
'ഓപ്പണ്‍ ബുക് - ടേക് ഹോം എക്‌സാം' എന്നാല്‍ പരീക്ഷാ പേപ്പറുമായി നിങ്ങള്‍ക്ക് വീട്ടിലേക്ക് പോകാം. ആവശ്യമായ വായനയും തയാറെടുപ്പും നടത്തി നിശ്ചിത സമയത്തിനു ശേഷം മടക്കി നല്‍കാം. അത് ചിലപ്പോള്‍ അടുത്തദിവസം തന്നെയാകും. ഇത്തരം പരീക്ഷകള്‍ വേഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ കണ്ടെത്തുക, അപഗ്രഥിക്കുക, തന്റേതായ ശൈലിയിലും രീതിയിലും ഉത്തരം പ്രകടിപ്പിക്കുക, ക്രിയാത്മകമായി ചിന്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് വിലയിരുത്തുന്നത്. പ്രശ്‌നപരിഹാര സാധ്യത കണ്ടെത്തേണ്ടുന്ന ചോദ്യങ്ങളായിരിക്കും ഇത്തരം പരീക്ഷകള്‍ക്ക് നല്‍കുക.
ഉയര്‍ന്ന ക്ലാസുകളില്‍ 'ക്രെഡിറ്റ് സിസ്റ്റം' എന്ന രീതി സ്വീകരിക്കാറുണ്ട്. യൂറോപ്യന്‍-അമേരിക്കന്‍ ക്രെഡിറ്റ് രീതികളില്‍ വ്യത്യാസങ്ങളുണ്ട്. ആവശ്യമായ മാറ്റങ്ങളോടെ നമ്മുടെ നാട്ടിലും ക്രെഡിറ്റ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും പൊതുവെ ഒരു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്കും ഹാജര്‍ നില, ക്ലാസ് ടെസ്റ്റുകള്‍, പ്രോജക്ട്, ഗവേഷണം, വൈവ, എഴുത്തു പരീക്ഷകള്‍ എന്നിവക്കും നിശ്ചിത ക്രെഡിറ്റ് പോയിന്റുകള്‍ നിശ്ചയിക്കപ്പെടും. ചില തയാറെടുപ്പ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാലും പഠനഫലപ്രാപ്തി, പഠനോല്‍പ്പന്നങ്ങള്‍, സമൂഹത്തിന് നല്‍കുന്ന പിന്തുണ ഇങ്ങനെ വ്യത്യസ്ത നിബന്ധനകള്‍ നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ടാകും. മൊത്തം നേടുന്ന ക്രെഡിറ്റുകള്‍ക്ക് അനുസരിച്ചാണ് ഗ്രേഡ്/ബിരുദം എന്നിവ നല്‍കുന്നത്. സ്ഥാപനങ്ങളിലേക്കും കോഴ്‌സുകളിലേക്കും ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യാമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.
പരീക്ഷകള്‍ കുട്ടികളെ വിലയിരുത്താനാണല്ലോ. എന്നാല്‍ ജപ്പാനിലെ 'കൊച്ചി' നഗരത്തിലെ സ്‌കൂളുകളില്‍ കൗതുകകരമായ ഒരു പ്രമോഷന്‍ രീതിയുണ്ട്. അവിടെ കുട്ടികള്‍ക്കല്ല ക്ലാസ് കയറ്റം; മുഴുവന്‍ ക്ലാസിനുമാണ്. ഒരു കുട്ടി തോറ്റാല്‍ ആ ക്ലാസ് മുഴുവന്‍ തോല്‍ക്കും. ആരെങ്കിലും തോല്‍ക്കുമെന്നു കണ്ടാല്‍, മറ്റെല്ലാ കുട്ടികളും അവരുടെ സഹായത്തിനെത്തും എന്നതാണ് ഈ രീതിയുടെ ഗുണം.
എന്തായാലും പരീക്ഷയെന്നു കേട്ടാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആധി മാറണം. സൗമ്യമായ വിലയിരുത്തലുകള്‍ നടക്കണം. പരീക്ഷയില്‍ ഇനിയും പുതിയ പരീക്ഷണങ്ങളാവാം.