ജീവിതം ആസ്വാദ്യകരവും പൂര്‍ണവുമാകാന്‍ ദൈവം സൃഷ്ടിച്ചിട്ടുള്ള മാന്ത്രികതയാണ് പ്രണയം. മനുഷ്യപ്രകൃതിയിലെ അനേകം
ജീവിതം ആസ്വാദ്യകരവും പൂര്‍ണവുമാകാന്‍ ദൈവം സൃഷ്ടിച്ചിട്ടുള്ള മാന്ത്രികതയാണ് പ്രണയം. മനുഷ്യപ്രകൃതിയിലെ അനേകം വിസ്മയങ്ങളില്‍ പ്രമുഖ സ്ഥാനം പ്രണയത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രണയിക്കാന്‍ അനുവദിക്കുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ചെയ്തിട്ടുള്ളത്. എന്നാല്‍, മറ്റ് അടിസ്ഥാന ചോദനകളുടെ പൂര്‍ത്തീകരണം പോലെ തന്നെ ലൈംഗികതയും എപ്പോള്‍ എങ്ങനെ ഏതളവില്‍ എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ഇസ്‌ലാമിലുണ്ട്. അതുകൊണ്ടുതന്നെ കുത്തഴിഞ്ഞ ലൈംഗികതയിലേക്കും അസാന്മാര്‍ഗിക പ്രവണതകളിലേക്കും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്ന, കുടുംബജീവിതത്തില്‍ വിള്ളലുണ്ടാക്കുന്ന, രചനാത്മകമായ പ്രവര്‍ത്തനങ്ങളില്‍നിന്നും ശ്രദ്ധ തെറ്റിക്കുന്ന വാലന്റൈന്‍ ദിനാചരണം പോലുള്ള ആഘോഷ പരിപാടികള്‍ ഇസ്‌ലാമിക സംസ്‌കൃതിക്ക് ഒട്ടും യോജിക്കുന്നതല്ല.
തുടക്കം
റോമക്കാരുടെ ഇടയില്‍ ലൂപര്‍കാലിയ എന്ന പേരില്‍ ഒരു ആഘോഷമുണ്ടായിരുന്നു. ശൈത്യകാലം കഴിഞ്ഞ് വസന്തകാലത്തിന്റെ ആരംഭമായ ഫെബ്രുവരിയില്‍ ചെറുപ്പക്കാരുടെ വലിയ കൂട്ടങ്ങള്‍ സംഘടിപ്പിച്ച് അതില്‍ ഒരു വലിയ പാത്രത്തില്‍ യുവതികളുടെ പേരുകള്‍ എഴുതി ഇടുകയും എന്നിട്ട് പുരുഷന്മാര്‍ക്കു വേണ്ടി നറുക്കെടുക്കുകയും ചെയ്യുന്നു. ഓരോ ആണിനും ലഭിക്കുന്ന പേര് ഏത് യുവതിയുടേതാണോ അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അടുത്ത ലൂപര്‍കാലിയ വരെ അത് തുടരാനും ഉള്ള ലൈസന്‍സ് അതോടെ ലഭിക്കുന്നു. പെണ്ണിനെ കേവലം ഒരു സെക്‌സ് ഒബ്ജക്ട് മാത്രമായി തരം താഴ്ത്തുന്ന ഒരേര്‍പ്പാടായിരുന്നു അത്. ഈ തുറന്ന ലൈംഗികതയുടെ ആഘോഷത്തെയാണ് പിന്നീട് വാലന്റൈന്‍ ദിനവുമായി സംയോജിപ്പിച്ചത്.
എ.ഡി 270-ാമാണ്ടില്‍ ഫെബ്രുവരി 14-ന് വധശിക്ഷക്ക് വിധേയമാക്കപ്പെട്ട ഒരു പുരോഹിതനാണ് വാലന്റൈന്‍. ക്ലോഡിസ് രണ്ടാമന്റെ ഭരണകാലത്ത് യുദ്ധത്തിലും രാജ്യം വെട്ടിപ്പിടിക്കുന്നതിലും മാത്രമായിരുന്നത്രെ ക്ലോഡിസിന്റെ ശ്രദ്ധ. കല്യാണം കഴിച്ചാല്‍ പുരുഷന്മാരുടെ യുദ്ധവീര്യവും ശൗര്യവും കുറയുമെന്നു പറഞ്ഞ് അദ്ദേഹം തന്റെ രാജ്യത്ത് കല്യാണം നിരോധിച്ചു. ഇത് ഇഷ്ടപ്പെടാത്ത വാലന്റൈന്‍, ചക്രവര്‍ത്തി അറിയാതെ പല വിവാഹങ്ങളും നടത്തിക്കൊടുത്തതായും അതിന്റെ ഫലമായി തുറുങ്കിലടക്കപ്പെട്ടതായും പറയപ്പെടുന്നു. ജയിലില്‍ വെച്ച് ജയിലധികാരിയുടെ മകളുമായി വാലന്റൈന്‍ പ്രണയത്തിലായത്രെ. ഇതു കാരണം ചക്രവര്‍ത്തി അയാളുടെ തലവെട്ടാന്‍ ഉത്തരവിട്ടു. മരണത്തിനു തൊട്ടു മുമ്പായി തന്റെ കാമുകിക്ക് എഴുതിയ കുറിപ്പില്‍ 'ഫ്രം യുവര്‍ വാലന്റൈന്‍' എന്ന് രേഖപ്പെടുത്തിയിരുന്നത്രെ. അതുകൊണ്ടാണ് വര്‍ഷാവര്‍ഷം ഫെബ്രുവരി 14-ന് വാലന്റൈന്‍ ദിനത്തില്‍ കമിതാക്കള്‍ കൈമാറുന്ന ആശംസാ സന്ദേശങ്ങളിലും സമ്മാനങ്ങളിലും 'ഫ്രം യുവര്‍ വാലന്റൈന്‍' എന്ന് എഴുതുന്നത് എന്നും പറയപ്പെടുന്നു.
ഏതായാലും പുരാതന റോമില്‍ ലൂപര്‍കാലിയ എന്ന പേരില്‍ നടത്തിവന്ന ലൈംഗിക അരാജകത്വത്തിന് കൂടുതല്‍ സാമൂഹിക അംഗീകാരം ലഭിക്കുകയാണ് വാലന്റൈന്‍ സംഭവവുമായി അതിനെ ബന്ധിപ്പിക്കുന്നതിലൂടെ സംഭവിച്ചത്. എ.ഡി 469-ലാണ് പോപ്പ് ഗെലേസിയസ് ഫെബ്രുവരി 14-ന് വാലന്റൈന്‍ ഓര്‍മദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പുതിയ പ്രണയങ്ങള്‍ ജനിക്കാനും ഉള്ളവ ദൃഢമാക്കാനും ഈ ദിനം ഉപയോഗപ്പെടുത്തിവരുന്നു.
ഫെബ്രുവരി ഏഴ് മുതല്‍ പതിനാല് വരെ റെഡ് ഡേ(Red Day), പ്രൊപ്പോസ് ഡേ (Propose Day), ചോക്ലേറ്റ് ഡേ (Chocolate Day), ടെഡ്ഡി ഡേ (Teddy Day), പ്രോമിസ് ഡേ (Promise Day), കിസ്സ് ഡേ (Hug Day), ഹഗ് ഡേ (Big Day), ബിഗ് ഡേ (ആശഴ ഉമ്യ) എന്ന രീതിയില്‍ ഓരോ ദിവസം ഓരോ പേരില്‍ ആഘോഷിക്കുന്നവരും ഉണ്ട്. വാലന്റൈന്‍ ദിനത്തിനു വേണ്ടി പ്രണയിക്കുന്നവരും പ്രണയത്തിനു വേണ്ടി വാലന്റൈന്‍ ദിനത്തെ കാണുന്നവരും ഉണ്ട്.
സാംസ്‌കാരിക അധിനിവേശം
മതധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കുടുംബ വ്യവസ്ഥക്ക് പ്രാധാന്യം നല്‍കുന്ന ഏതൊരു സമൂഹത്തിനും അംഗീകരിക്കാനാവാത്ത അസാന്മാര്‍ഗികവും സദാചാരവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് ഈ ദിനത്തിന്റെ പേരില്‍ ഇന്ന് സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രണയം പെയ്തിറങ്ങുന്ന മാസമായി ഫെബ്രുവരിയെ വാഴ്ത്താന്‍ മീഡിയ ഇന്ന് മത്സരിക്കുന്നു. എന്തും കാഴ്ചയാക്കുന്ന പുതിയ സംസ്‌കാരത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത സ്ഥാനം ഈ ആഘോഷം നേടിക്കഴിഞ്ഞു. വര്‍ഷാവര്‍ഷം പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആഘോഷച്ചടങ്ങുകള്‍ പരിചയപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങളും. എതിര്‍ശബ്ദങ്ങള്‍ പ്രണയിക്കാന്‍ ആളില്ലാത്തവരുടെ ജല്‍പനങ്ങളായും പിന്തിരിപ്പന്‍ ചിന്തകളായും തള്ളിക്കളയുന്നു. പലപ്പോഴും ഈ ആഘോഷങ്ങള്‍ സ്ത്രീ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. ഈ ബഹളങ്ങള്‍ക്കിടയില്‍ സ്ത്രീയുടെ പദവി എന്താണ്? പെണ്ണ് സുഖം പകരാനുള്ള മാംസം മാത്രമാണെന്ന ചിന്ത വളര്‍ത്തുന്ന ഇത്തരം ആഘോഷങ്ങള്‍ ആണ്‍-പെണ്‍ ബന്ധങ്ങളുടെ യഥാര്‍ഥ സൗന്ദര്യമാണ് നഷ്ടപ്പെടുത്തുന്നത്. താഴെ തട്ടിലുള്ള സ്ത്രീകളുടെ അവകാശങ്ങളും സ്വപ്‌നങ്ങളും മോഹങ്ങളും പ്രതിഫലിപ്പിക്കാന്‍ വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്ക് സാധ്യമല്ല. സ്ത്രീപീഡനങ്ങള്‍ക്കും ഇത്തരം ആഘോഷങ്ങള്‍ ഹേതുവാകുന്നുണ്ട്.
മറ്റ് ദിനങ്ങളില്‍ തുറന്നു പറയാന്‍ മടിക്കുന്ന പ്രണയവും ഇഷ്ടങ്ങളുമെല്ലാം ധൈര്യസമേതം തുറന്നു പറയാനും അതിനൊക്കെ സാമൂഹിക അംഗീകാരം ലഭിക്കാനും ഈ ആഘോഷത്തിലൂടെ സാധിക്കുന്നു. ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ ഇഷ്ടം തോന്നുക എന്നത് മനുഷ്യപ്രകൃതത്തില്‍ അന്തര്‍ലീനമായ ഒരു ചോദനയാണ്. പക്ഷേ, അത് നിയമപരവും മതധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുമല്ല എങ്കില്‍, വിവാഹത്തിലൂടെ വന്നുചേരുന്ന പരസ്പര അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റപ്പെടാതെ പോകുന്നു. ഇഷ്ടം പൂര്‍ത്തീകരിച്ച് വലിച്ചെറിയപ്പെടാനുള്ളതല്ല ആണ്‍-പെണ്‍ ബന്ധം. ആ ബന്ധത്തിലൂടെ കുട്ടികളുണ്ടാവണം. അവരുടെ പരിപാലനം കൂട്ടുത്തരവാദിത്തത്തില്‍ നടക്കണം. അപ്പോള്‍ മാത്രമാണ് സുരക്ഷിത ബോധവും ആത്മവിശ്വാസവും ഉള്ള ഒരു യുവതലമുറ വളര്‍ന്നുവരിക.
വിവാഹിതരായവരും വിവാഹേതര ബന്ധങ്ങളിലേക്ക് വഴുതിവീഴാന്‍ ഇത്തരം ആഘോഷങ്ങള്‍ പ്രേരിതമാവുന്നുണ്ട്. ഇതും സമൂഹത്തിന് ദോഷമല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. വ്യക്തികള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരുണ്ട്. വ്യക്തി കേവലം വ്യക്തി അല്ല എന്നതും ഒരാള്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ ഏതു ചെയ്തിക്കും അതിന്റേതായ പ്രതിഫലനം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാവുന്നു എന്നതും വിസ്മരിക്കാവതല്ല. സ്‌നേഹ പ്രകടനങ്ങളേക്കാള്‍ സെക്‌സുമായി ബന്ധപ്പെട്ട പ്രകടനപരതക്കും രതിക്രീഡകള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിനും വ്യക്തിക്കും എന്ത് നന്മയാണ് നേടിത്തരിക? ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള ശുദ്ധമായ പ്രണയത്തെയല്ല ആസക്തിയും മതിമോഹവുമാണ് ഇത്തരം ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.
വിവാഹപൂര്‍വ ഇടകലരലുകളും കൂടിച്ചേരലുകളും ഡേറ്റിംഗ് പോലുള്ള സമ്പ്രദായങ്ങളും തുടര്‍ന്നുള്ള കുടുംബ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു എന്നത് അനുഭവവേദ്യമാണ്. തന്നെയുമല്ല, പഠനത്തിലും ശരീരക്ഷമതയിലും മറ്റ് രചനാത്മകമായ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായി ഭാവിജീവിതം കരുപ്പിടിപ്പിക്കേണ്ട യുവതയെ അനാവശ്യമായ ചിന്തകളിലും പ്രവൃത്തികളിലും കൂട്ടുകെട്ടുകളിലും തളച്ചിടാനും ഇത് ഇടയാക്കുന്നു
മദ്യവും മയക്കുമരുന്നും ഇത്തരം ആഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവകളാണ് എന്നതും ശ്രദ്ധേയമാണ്.
ചുരുക്കത്തില്‍, തികച്ചും നിര്‍ദോഷം എന്ന് അവകാശപ്പെടുന്ന ഈ ആഘോഷം ആട്ടിന്‍തോലിട്ട ചെന്നായയെ പോലെ സമൂഹത്തിലെ നന്മകളെയും മൂല്യങ്ങളെയും നാമറിയാതെ പിടിച്ചുവിഴുങ്ങുന്നു. സംസ്‌കാരസമ്പന്നമായ ഒരു സാമൂഹിക നിര്‍മിതിക്ക് അത് വിഘാതമാവുന്നു.
വാണിജ്യവല്‍ക്കരണം
വാലന്റൈന്‍ ദിനം ഇത്രയധികം പ്രചാരം നേടിയത് വാണിജ്യവല്‍ക്കരണത്തിലൂടെയാണ്. കമിതാക്കള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക എന്നത് ഈ ദിനത്തിന്റെ സവിശേഷമായ ചടങ്ങാണ്. അന്നേദിവസത്തേക്ക് വേണ്ടി തയാറാക്കിയ (കസ്റ്റമൈസ്ഡ്) ഉല്‍പന്നങ്ങളിലൂടെ വിപണിക്ക് വന്‍കുതിച്ചുചാട്ടം തന്നെയാണ് നല്‍കുന്നത്. ഒരൊറ്റ ദിവസത്തിനു വേണ്ടിയുള്ള ഈ കച്ചവടത്തിലൂടെ വന്‍ലാഭം തന്നെയാണ് നേടിയെടുക്കുന്നത് എന്നാണ് പല ബ്രാന്റ് കമ്പനി ഉടമകളും പറയുന്നത്. പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നതുപോലെ തന്നെ വിലയിടാനും പറ്റില്ല എന്ന് വിശ്വസിക്കുന്ന കമിതാക്കള്‍ എന്ത് വിലകൊടുത്തും സമ്മാനം വാങ്ങാന്‍ തയാറാവുന്നു എന്നതാണ് കച്ചവടക്കാരെ ഈ രംഗത്ത് ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുന്നത്. മറ്റ് ആഘോഷങ്ങളെ അപേക്ഷിച്ച് വിപണി കൂടുതല്‍ സജീവവും ലാഭകരവുമാവുന്ന വേളയാണിതെന്ന് ഈ രംഗത്ത് നിലയുറപ്പിച്ചവര്‍ പറയുന്നു.
ഓരോ വര്‍ഷവും 50 ശതമാനം വര്‍ധനയാണത്രെ ഈ രംഗത്തെ വിറ്റുവരവില്‍ ഉണ്ടാവുന്നത്. പ്രേമഭാജനത്തെ സന്തോഷിപ്പിക്കാന്‍ (പറ്റിക്കാനും) പുതുമകള്‍ തേടുന്നവര്‍ക്ക് പുതിയ ട്രെന്റുകള്‍ സൃഷ്ടിച്ച് വര്‍ഷാവര്‍ഷം ഒരു ഉത്സവഛായ തന്നെ സൃഷ്ടിച്ച് മുന്നേറാന്‍ ബ്രാന്റ് ഭീമന്മാര്‍ ശ്രമിക്കുന്നു. 1891-ല്‍ ഒരു ഇന്ത്യന്‍ രാജ്ഞി ലണ്ടനിലെ തന്റെ പ്രിയതമന് അയച്ച ഒരു വാലന്റൈന്‍ കാര്‍ഡിന്റെ വില ഏകദേശം രണ്ട് ലക്ഷത്തി അമ്പതിനായിരം പൗണ്ടായിരുന്നു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂര്‍ എന്ന പ്രദേശത്ത് യൂറോപ്പ്, ആസ്‌ത്രേലിയ, പശ്ചിമേഷ്യ, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിനു വേണ്ടി ഈ സീസണില്‍ ചുവന്ന റോസാപ്പൂക്കള്‍ ഹെക്ടര്‍ കണക്കിന് തോട്ടങ്ങളില്‍ കൃഷിചെയ്യുന്നു.
'ഞാന്‍ വിശുദ്ധനായ വാലന്റൈന്‍. പ്രണയത്തിന്റെ അവാച്യമായ അനുഭൂതികള്‍ പകര്‍ന്നുതരാന്‍ നീ എന്നെ കാത്തിരിക്കുമ്പോള്‍, ഇന്ന് ഭൂമിയില്‍ പതിക്കുന്ന എന്റെ രക്തത്തുള്ളികള്‍ റോസാപ്പൂക്കളായി നിന്നെ തേടിയെത്തും' എന്ന മരണത്തിനു മുമ്പുള്ള വാലന്റൈന്റെ സന്ദേശമാണത്രെ ഇതിനാധാരം.
ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങുന്ന പരസ്യങ്ങളും മറ്റ് വിപണന തന്ത്രങ്ങളും കടംവാങ്ങിയെങ്കിലും ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ചുരുക്കത്തില്‍, കമ്പോളം വാര്‍ത്തെടുത്ത, കമ്പോളം നിര്‍ണയിക്കുന്ന രീതിയിലുള്ള ഒരു ആഘോഷമാക്കി വാലന്റൈന്‍ ദിനം മാറിയിരിക്കുന്നു. ഫലമോ, കമിതാക്കള്‍ക്കിടയില്‍ മാത്രമല്ല, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഈ ദിനത്തില്‍ സമ്മാനങ്ങള്‍ പ്രതീക്ഷിക്കുക എന്നതും അവ ലഭിക്കാതെ വരുമ്പോഴും, പ്രതീക്ഷക്കനുസരിച്ചുള്ള സമ്മാനമല്ലാതാവുമ്പോഴും ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടുക എന്നതും സര്‍വസാധാരണമായിരിക്കുന്നു. രസകരമായ വസ്തുത ഭര്‍ത്താവ് ജോലിസ്ഥലത്തുനിന്ന് വരുമ്പോള്‍ കൊണ്ടുവന്ന റോസാപ്പൂ വാങ്ങിയിട്ട് ഭാര്യ ചോദിച്ചത്രെ; 'ഏത് പെണ്ണാണ് നിങ്ങള്‍ക്കിത് തന്നത്?' സമ്മാനം കിട്ടിയാല്‍ എവിടെനിന്ന് എന്ന സംശയം, കിട്ടിയില്ലെങ്കില്‍ എന്തേ തന്നില്ല എന്ന ചോദ്യം. പരസ്പരവിശ്വാസം നഷ്ടപ്പെടുക, പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോവുക എന്നതൊക്കെ ഇത്തരം മൂല്യാധിഷ്ഠിതമല്ലാത്ത കാട്ടിക്കൂട്ടലുകളുടേതും പ്രകടനപരതയുടേതുമായ ഒരു സമൂഹത്തില്‍ സ്വാഭാവികമാണ്.
കേരളസമൂഹത്തില്‍ ആഘോഷം എന്തുകൊണ്ട്?
വിപണിയും മീഡിയയും പ്രചരിപ്പിക്കുന്ന ഉത്സവഛായയില്‍ അറിയാതെ പെട്ടുപോകുന്നവരാണ് പലരും. നല്ല മൂല്യബോധവും ഇഛാശക്തിയും ഉള്ളവര്‍ക്ക് മാത്രമേ ഇത്തരം ബഹളങ്ങളില്‍നിന്നും നെല്ലും പതിരും വേര്‍തിരിച്ചറിഞ്ഞ് ഉറച്ച നിലപാടോടു കൂടി പിടിച്ചുനില്‍ക്കാന്‍ കഴിയൂ. താന്‍ പഴഞ്ചനായി മുദ്രകുത്തപ്പെടുമോ എന്ന ഭീതിയും പലരെയും ഇതിലേക്ക് തള്ളിവിടുന്നുണ്ട്. അടിസ്ഥാന മൂല്യങ്ങള്‍ മനുഷ്യാവസാനം വരെയും നിലനില്‍ക്കേണ്ടവയാണെന്നും കാലദേശ ഭാഷാ സംസ്‌കാര വ്യത്യാസങ്ങളില്ലാതെ മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍ ഒന്നാണെന്നും അതിനാല്‍തന്നെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മാറ്റം വരുന്നില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്.
നാം ചെയ്യേണ്ടത്:
സദാചാര പോലീസ് ചമഞ്ഞ് കമിതാക്കളെ ബീച്ചുകളിലും പാര്‍ക്കുകളിലും കൈയേറ്റം ചെയ്തുകൊണ്ടല്ല ഇത്തരം കാര്യങ്ങളെ നേരിടേണ്ടത്. സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി കുടുംബത്തെയും സമൂഹത്തെയും ഉണര്‍ത്താന്‍ സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകും.
1) ആഘോഷങ്ങളെ ഇസ്‌ലാം വിലക്കുന്നില്ല. ഏതൊക്കെയാണ് ആഘോഷങ്ങള്‍, എങ്ങനെയാണ് ആഘോഷിക്കേണ്ടത് തുടങ്ങിയ കൃത്യമായ അധ്യാപനങ്ങള്‍ ഖുര്‍ആനും പ്രവാചകചര്യയും മുന്നോട്ടു വെക്കുന്നു. അവയില്‍ കൂട്ടലും കുറക്കലും സാധ്യമല്ല.
2) ഇത്തരം ആഘോഷങ്ങളില്‍ പങ്കാളിയാവുന്നത് അരാജകത്വത്തെ നെഞ്ചിലേറ്റലാണ്. മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നവരല്ല, സ്വന്തം സംസ്‌കൃതിയില്‍ അണുവിട വ്യതിചലിക്കാതെ ഇസ്‌ലാമിക വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് സത്യവിശ്വാസികള്‍. ആള്‍ക്കൂട്ടത്തെ അന്ധമായി പിന്തുടരാന്‍ നമുക്കാവില്ല.
3) പ്രേമത്തിലും ശാരീരിക സുഖത്തിലും മാത്രമല്ല, കാരുണ്യത്തിലും അധിഷ്ഠിതമാണ് ഇസ്‌ലാമിക ഭാര്യാഭര്‍തൃ ബന്ധം. സ്‌നേഹം യഥേഷ്ടം പ്രകടിപ്പിക്കാനാണ് ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നത്. അത് നിയമപരമായി വിവാഹം കഴിച്ച ഇണയോട് മാത്രമായിരിക്കണം എന്നതാണ് നിബന്ധന. ഖുര്‍ആന്‍ പറയുന്നു: ''അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തിനുകരാന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു'' (30:21).
4) പ്രവാചകന്‍ മുഹമ്മദി(സ)ലും ഖദീജ(റ)യിലും ഉദാത്ത ദാമ്പത്യത്തിന്റെ ഉത്തമമാതൃകയുണ്ട്. സമ്പത്തോ പ്രായമോ ബാഹ്യസൗന്ദര്യമോ അല്ല സല്‍സ്വഭാവവും സല്‍പെരുമാറ്റവും പരസ്പര വിശ്വാസവും പിന്തുണയുമാണ് ആ ബന്ധത്തിന് ആധാരമായത്.
5) അനാവശ്യമായ ചെലവുകള്‍ നല്ലതും അനുവദനീയവുമായ കാര്യങ്ങള്‍ക്കു പോലും ഇസ്‌ലാം അനുവദിക്കുന്നില്ല. ധാര്‍മിക മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന, ഇളംതലമുറയെ തെറ്റിലേക്ക് വഴി നടത്തുന്ന ഇത്തരം ആഘോഷങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. സമ്പത്തായാലും സമയമായാലും ദുര്‍വ്യയം അനിസ്‌ലാമികമാണ്. ഖുര്‍ആന്‍ പറയുന്നു: ''മനുഷ്യപുത്രരേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞുകൊള്ളുവിന്‍. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല'' (7:31).
6) ഇണയോടുള്ള സ്‌നേഹം പ്രകടിപ്പിക്കണം. കൊച്ചുകൊച്ചു സന്തോഷങ്ങളില്‍, കളികളില്‍, വിനോദങ്ങളില്‍ ഒരുമിച്ച് പങ്കാളികളാവണം. സമ്മാനങ്ങള്‍ (വരവിനനുസരിച്ചും പ്രയോജനകരമായതും) കൈമാറണം. ഒന്നും മതം വിലക്കിയിട്ടില്ല. നിയമപരമായി വിവാഹം നടത്തിയ ഇണയോട് മാത്രമാവണം അത് എന്ന നിബന്ധനയേ ഉള്ളൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കാന്‍ സമ്മാനങ്ങളേക്കാള്‍ പ്രയോജനം ചെയ്യുന്നവയാണ് പരസ്പരം കണ്ണുകളില്‍ നോക്കി ഇരിക്കുന്നതും ഉള്ളുതുറന്ന് സംസാരിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒക്കെ. എന്നാല്‍, ഈ സ്‌നേഹപ്രകടനങ്ങള്‍ അങ്ങാടിയിലല്ല വേണ്ടത്. ഫോട്ടോയും വീഡിയോയും എടുത്ത് പരസ്യം ചെയ്യാനുള്ളതല്ല അത്തരം സ്വകാര്യ നിമിഷങ്ങള്‍.
7) എന്തുകൊണ്ടാണ് മറ്റ് പാപകൃത്യങ്ങളെക്കുറിച്ച് അവ ചെയ്യരുത് എന്ന് പറഞ്ഞ ഖുര്‍ആന്‍ വ്യഭിചാരം ചെയ്യരുത് എന്ന് പറയാതെ വ്യഭിചാരത്തോടടുക്കരുത് എന്ന് പറഞ്ഞത് എന്ന കാര്യം പ്രത്യേകം പഠനവിഷയമാക്കേണ്ടതുണ്ട്:
''സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു. നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു. വ്യഭിചാരത്തോടടുക്കുകയേ അരുത്. അത് വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു'' (ഖുര്‍ആന്‍ 17: 31,32).
ലൈംഗികത മനുഷ്യന്റെ പ്രകൃതത്തിലുള്ളതാണ്. അത് സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. മനുഷ്യശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അങ്ങനെയാണ്. എതിര്‍ലിംഗത്തോട് ആകര്‍ഷണം തോന്നുക സ്വാഭാവികം. പക്ഷേ, അത് നിര്‍വഹിക്കേണ്ടത് ഒരു വ്യവസ്ഥക്കുള്ളില്‍നിന്നു കൊണ്ടല്ലെങ്കില്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അത് ദോഷകരമാവും. ഇണകള്‍ പരസ്പരം ആദരിക്കുന്ന കുടുംബം എന്ന ഇമ്പമാര്‍ന്ന വ്യവസ്ഥയാണത്.