നിസ്സാരനായ മനുഷ്യന് ദുര്‍ബലതയെ മറികടക്കാന്‍ ശ്രമിച്ച പല ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്നും സമകാലിക ജീവിതത്തില്‍നിന്നും കണ്ടെത്താന്‍ കഴിയും. സ്വാലിഹ് നബിയുടെ ജനത 'സമൂദ്' വലിയ വലിയ കെട്ടിടങ്ങള്‍ മലക്ക് മുകളില്‍ പണികഴിപ്പിച്ചു. ഈജിപ്തിലെ ഫറോവയുടെ കാലത്ത് നിര്‍മിച്ച അംബരചുംബികളായ പിരമിഡുകള്‍ക്ക് മുന്നില്‍ ഇന്നും ലോകം അതിശയത്തോടെ നോക്കിനില്ക്കുന്നു. ഇന്ത്യയിലേക്ക് വരുമ്പോള്‍ മനോഹാരിതയുടെ പ്രതിരൂപമായി താജ്മഹല്‍ എല്ലാവരുടെയും കാഴ്ചകളില്‍ തിളങ്ങിനില്ക്കുന്നു. ഈ ചേതോഹരമായ സൗധങ്ങളെല്ലാം ഭൂമിമണ്ണില്‍ പടുത്തുയര്‍ത്തിയത് മനുഷ്യനാണ്. പക്ഷേ, ദുര്‍ബലനായ മനുഷ്യന് മറ്റുള്ളവരെ കൂടെക്കൂട്ടിയാണ് ഇവയെല്ലാം പണികഴിപ്പിച്ചത്. ചേതോഹരമായ താജ്മഹല്‍ ഷാജഹാന് ചക്രവര്‍ത്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ആയിരക്കണക്കിന് തൊഴിലാളികളുടെ സഹായവും പ്രവര്‍ത്തനവും ഇതിനു പിന്നില്‍ യാഥാര്‍ഥ്യമായി നിലനില്ക്കുന്നു. ദുര്‍ബലതയെ മറികടക്കാനുള്ള മനുഷ്യശ്രമത്തിന്റെ ഭാഗമായിട്ടാണ് സഹായം തേടുന്നതിനെയും കൂട്ടുകൂടുന്നതിനെയും കാണാന്‍ കഴിയുന്നത്. സഹായമില്ലാതെ മനുഷ്യന് ജീവിതം ദുസ്സഹമാണ്. ദുര്‍ബലതയെ മറച്ചുപിടിക്കാനുളള മനുഷ്യന്റെ നൈസര്‍ഗികമായ അവസ്ഥയുടെ ഭാഗമായിട്ടു വേണം കൂട്ടുകാരെ സ്വീകരിക്കുന്നതിനെ മനസ്സിലാക്കാന്‍. ഉദാഹരണമായി ഒരു പരിപാടിയില്‍ (കല്യാണത്തിന്) സംബന്ധിക്കുമ്പോള്‍ കൂട്ടായി ആരുമില്ലെങ്കില്‍ അത് നടക്കാതെ വരുന്നു. മനുഷ്യര്‍ അവരുടെ ന്യൂനത മറക്കാന്‍ സഹായികളെ വരിക്കുന്നു. ദുര്‍ബലതയെ മറക്കാനുള്ള ശ്രമത്തിന്റെ മറ്റൊരു ഭാഗമാണ് കൂട്ടുകാരെ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കാം. ഒരുവന് രണ്ട് തരത്തിലുള്ള കൂട്ടുകാരാണ് ഉണ്ടാവുക. പദങ്ങളുടെ അര്‍ഥങ്ങളില്‍ സമാനതയുള്ള സ്വദീഖും ഖലീലുമാണത്. ഖലീല്‍ എന്നതിനെ ആത്മമിത്രം, ഉറ്റ സുഹൃത്ത് എന്നിങ്ങനെ വിവര്‍ത്തനം ചെയ്യാം. ഒരുവന് ഖലീലിനോടായിരിക്കും (ആത്മമിത്രത്തോടായിരിക്കും) അധിക സമയവും ചെലവഴിക്കുക. അനുഭവങ്ങള്‍ പങ്കുവെച്ചും സങ്കടങ്ങള്‍ പറഞ്ഞും ആത്മമിത്രത്തിന്റെ കൂടെയാണ് ഉണ്ടാവുക. എല്ലാമെല്ലാമായിരിക്കും ഖലീല്‍. 'സ്വദീഖ്'(ചങ്ങാതി) എന്ന് പറയുമ്പോള്‍ (സത്യമുള്ള) കൂട്ടുകാരനെന്നാണ് അര്‍ഥം. കാണുമ്പോള്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്യും. ഉറ്റമിത്രത്തെ പോല്‍ ഉള്ളു തുറന്ന് സംസാരിക്കാറില്ല. ബന്ധമുണ്ടെങ്കിലും അത്ര അടുപ്പമുണ്ടായിരിക്കില്ല.
'മനുഷ്യന് അവന് ഇഷ്ടമുള്ളവന്റെ കൂടെയായിരിക്കും ഉണ്ടാവുക' എന്ന ഒരു പ്രയോഗം അറബി ഭാഷയിലുണ്ട്. അഥവാ ആത്മമിത്രത്തിന്റെ കൂടെയായിരിക്കും ഒരു മനുഷ്യന് കൂട്ടുകൂടുക. ഇവിടെ ഖലീലിനെ തെരഞ്ഞെടുക്കാന്‍ ആ മനുഷ്യന് എന്തെങ്കിലും ഒരു കാരണമുണ്ടാവും. ഒരു മനുഷ്യനാഗ്രഹിക്കുന്ന വിശേഷണം, പ്രവര്‍ത്തനം, രീതി തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് അവനില്‍ കണ്ടെത്താന്‍ കഴിഞ്ഞിരിക്കും. ഇതാണ് ഖലീലിനെ തെരഞ്ഞെടുക്കാനുള്ള പ്രേരക ഘടകം. മാലികു ബ്നു ദീനാര്‍ അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം പങ്കുവെക്കുന്നു: 'പത്തു പേരുള്ള ഒരു കൂട്ടത്തില്‍നിന്ന് രണ്ടാളുകള്‍ സുഹൃത്താവുക എന്നു പറയുന്നത് അവരില്‍ രണ്ടുപേരിലും ഒരു ഗുണം ഒത്തുചേര്ന്നിട്ടുണ്ടാവും എന്നതുകൊണ്ടാണ്. മനുഷ്യവര്‍ഗം പക്ഷികളെ പോലെ തന്നെയാണ്. ഒരു കൂട്ടം പക്ഷികളില്‍ രണ്ട് പക്ഷികള്‍ കൂട്ടുകൂടുമ്പോള്‍ അവര്‍ക്കിടയില്‍ എന്തെങ്കിലുമൊന്ന് കൂട്ടിയോജിപ്പിക്കുന്നതായി ഉണ്ടായിരിക്കും.
ഒരിക്കല്‍ കാക്കയും വെള്ളരിപ്രാവും അടുത്ത് നില്ക്കുന്നതായി കണ്ടു. അത്ഭുതത്തോടെ സ്തബ്ധനാക്കി നിര്‍ത്തുന്ന അതിശയിപ്പിക്കുന്ന അവസ്ഥ. ഒരു വര്‍ഗമല്ലാത്ത കാക്കയും വെള്ളരിപ്രാവും ഒരുമിച്ചിരിക്കുന്നു. തുടര്‍ന്ന് പക്ഷി പറക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ടിനും മുടന്തുണ്ടായിരുന്നു. ഇവിടെയാണ് രണ്ട് പക്ഷികളും ഒരുമിച്ചത്. ഇതു തന്നെയാണ് മനുഷ്യന്റെ അവസ്ഥയും. ഒരുവന് ഇഷ്ടമുള്ളതോ അവനെ മറ്റുള്ളവരിലേക്ക് ചേര്‍ക്കുന്നതോ ആയ വല്ലതുമുണ്ടെങ്കില്‍ ആത്മമിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും. ഇതുകൊണ്ടാണ് ജാഹിലിയ്യാ കാലഘട്ടത്തിലെ കവി തറഫതുബ്നു അബ്ദ് പറഞ്ഞത്: 'ഒരാളെക്കുറിച്ച് അറിയണമെങ്കില്‍ അവന്റെ കൂട്ടുകാരനാരാണെന്ന് ചോദിച്ചാല്‍ മതി. എല്ലാവരും അവരുടെ കൂട്ടുകാരെയാണ് പിന്തുടരുന്നത്.'
ഇവിടെ നിന്നാണ് ഇസ്ലാം ആത്മമിത്രത്തെ സ്വീകരിക്കുന്നതിലെ മാനദണ്ഡം വ്യക്തമാക്കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ 'സൂറത്തുല്‍ കഹ്ഫി'ല്‍ ആത്മമിത്രങ്ങളായ ഒരു യുവ സംഘത്തെ പരിചയപ്പെടുത്തുന്നുണ്ട്. 'അസ്ഹാബുല്‍ കഹ്ഫ്' (ഗുഹാവാസികള്‍) എന്നാണവരെ വിൡക്കുന്നത്. ദഖ്യാനൂസ് എന്ന ഭരണാധികാരിയുടെ കാലത്ത് ഏകനായ, ആകാശഭൂമികളുടെ രക്ഷിതാവായ ദൈവത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് ദൃഢ തീരുമാനമെടുത്തവരാണവര്. കുടുംബത്തെയും നാട്ടുകാരെയും മറ്റുള്ള എല്ലാറ്റിനെയും ഒഴിവാക്കി ഗുഹയില്‍ അഭയം പ്രാപിച്ചവര്‍. അവരുടെ ആയുസ്സില്‍ രണ്ട് നൂറ്റാണ്ട് കാലത്തോളം ജീവിച്ച് സമൂഹത്തിന് ദൃഷ്ടാന്തമായി മാറിയവര്‍. നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്നും പരിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്ന യുവ സംഘമാണ് ഗുഹാവാസികള്‍. ഈ യുവ സംഘം പരസ്പരം ആത്മമിത്രങ്ങളായത് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരിലാണ്. ഈ പരിസരത്തു നിന്നാണ് ഒരുവന് ആരെയാണ് ആത്മമിത്രമായി തെരഞ്ഞെടുക്കേണ്ടത് എന്ന ഇസ്ലാമിക മാനം മനസ്സിലാക്കേണ്ടത്. ആത്മമിത്രത്തെ സ്വീകരിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പരിഗണനീയമാവേണ്ടതുണ്ട്. ഒന്ന്, ഇഷ്ടവും അനിഷ്ടവും അല്ലാഹുവിനു വേണ്ടി. ആത്മമിത്രമായി കൂടെ കൂട്ടുന്നവന് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കാനും അനുസരിക്കാനും കഴിയണം. അല്ലാഹുവിന്റെ വിശ്വാസത്തിന്റെ പേരില്‍ കൂട്ടുചേര്‍ന്ന് മുന്നോട്ടു പോവേണ്ടതുണ്ട്. നബി(സ) പറയുന്നു: 'ഓരോരുത്തരും അവരുടെ കൂട്ടുകാരുടെ ദീനിലായിരിക്കും മുന്നോട്ടു പോവുക. കൂട്ടുചേരുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.' ദൈവിക ബോധത്തില്‍നിന്ന് അശ്രദ്ധരാക്കുകയും വഴിപിഴപ്പിക്കുകയും തെമ്മാടിത്തത്തിലേക്ക് കൂടെക്കൂട്ടുകയും ചെയ്യുന്നവരെ നിങ്ങള്‍ അനുസരിക്കരുത്.
ഒരു ദിനത്തില്‍ തലക്കു മീതെയും ശരീരത്തെയും ചൂട് പൊള്ളിച്ചു കളയുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്ന ആശ്വാസം തണലായി വിരിച്ചു കൊടുക്കുന്നത് അല്ലാഹുവിന്റെ പേരില്‍ ഒരുമിച്ചു കൂടിയവര്‍ക്കാണ്. മഹ്ശറില്‍ തണല്‍ ലഭിക്കുന്നവരില്‍ എടുത്തു പറഞ്ഞവരാണവര്‍. അല്ലാഹുവിന്റെ പേരില്‍ കൂട്ടുകാരെ വരിച്ചവരാണ് ആത്മമിത്രങ്ങള്‍. അവരാണ് യഥാര്‍ഥ കൂട്ടുകാര്‍.
രണ്ട്, പരസ്പരം ക്ഷമയും സത്യവും കല്പിക്കുന്നവരാകണം കൂട്ടുകൂടുന്നവര്‍. പരിധിവിട്ട് അതിവൈകാരികമായി ഇടപെടുമ്പോള്‍ കൂടെനിന്ന് തിരുത്താന്‍ കൂട്ടുകാര്‍ക്കിടയില്‍ സ്ഥാനമുണ്ടാവണം. അതുപോലെ, സത്യം മുഖമുദ്രയാക്കി കൂട്ടുകൂടുന്നവര്‍ പ്രവര്‍ത്തിക്കണം. 'തെറ്റിലേക്കാണ് നീ ഓടിച്ചെല്ലുന്നത് - അത് നിന്നെ നാശത്തിലേക്കെത്തിക്കും' എന്ന സാരോപദേശങ്ങള്‍ പരസ്പരം ഗുണകാംക്ഷയോടെ അനുവര്‍ത്തിക്കുന്ന രീതിയിലാണ് കൂട്ടുചേരുന്നവര് മുന്നോട്ടു പോകേണ്ടത്.
ആത്മമിത്രങ്ങളായും നേതൃത്വങ്ങളായും കൂട്ടുകാരെ സ്വീകരിക്കുന്നതില്‍ പിഴവ് സംഭവിച്ചവന്റെ ഉപമ പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത് അന്ധനോട് ചേര്‍ത്തുകൊണ്ടാണ്. ഈ ലോകത്തു മാത്രമല്ല, നാളെയും അവന് കണ്ണുപൊട്ടനായിരിക്കും.
ഇവര്‍ നാളെ പരലോകത്ത് സങ്കടപ്പെടുന്നതിങ്ങനെയായിരിക്കും: 'ഞാന്‍ ഇവരെയൊന്നും സ്വീകരിക്കാതിരുന്നെങ്കില്‍' (25:28). അപ്പോഴത് ഉപകാരപ്പെടില്ല.
നല്ല തിരിച്ചറിവോടെ ജാഗ്രതാപൂര്‍വം നാം തെരഞ്ഞെടുക്കുന് മിത്രങ്ങള്‍ നമ്മെ പരാജയത്തില്നിന്നകറ്റി വിജയത്തിലേക്കെത്തിക്കുന്ന ഗുണകാംക്ഷികളായിരിക്കും.