ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്താണ് എന്റെ ഉമ്മ വിവാഹിതയായത്.
ഓര്‍മത്താളില്‍നിന്ന്
ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കാന്‍ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്താണ് എന്റെ ഉമ്മ വിവാഹിതയായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടരക്കൊല്ലത്തെ ജയില്‍ ശിക്ഷ അനുഭവിച്ച മതപണ്ഡിതനായ ഇ.മൊയ്തുമൗലവി പുതിയാപ്ല. ഒന്നരക്കൊല്ലത്തിന് ശേഷം പിറന്ന ആദ്യസന്തതിയാണ് ഇതെഴുതുന്നത്.
വരവ് ചെലവറിയാതെ മാടമ്പി തള്ളിയ ഒരു നാട്ടുപ്രമാണിയുടെ മകളെന്ന നിലയില്‍ തന്റെ ശൈശവകാലം വളരെ സുഖമായിരുന്നെങ്കിലും ഭാരിച്ച കടബാധ്യതകള്‍ മാത്രം മക്കള്‍ക്കായി അവശേഷിപ്പിച്ചുകൊണ്ട് തന്റെ ഉപ്പ അകാലചരമമടഞ്ഞതിനെ തുടര്‍ന്ന് താനടക്കമുള്ള കുടുംബാംഗങ്ങളനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റിയുള്ള കിസ്സകള്‍ എന്നോട് ഇടക്കിടെ പറയാറുണ്ടായിരുന്നു. സ്വന്തമായി ഒരു കുതിരയെ വാങ്ങിച്ച് അതിന്റെ പുറത്തുകയറി സഞ്ചരിച്ചിരുന്ന തന്റെ ഉപ്പയെപ്പറ്റിയും തറവാടിനെപ്പറ്റി യും ഉമ്മാക്കുണ്ടായിരുന്ന അഭിമാനം ആ കഥകളില്‍ സ്ഫുരിച്ചിരുന്നു. ആ കാലത്തെ ഞങ്ങളുടെ ഗ്രാമത്തിലെ മുസ്‌ലിം സ്ത്രീകളില്‍നിന്ന് വ്യത്യസ്തയായി, മലയാളം വായിക്കാനും വാക്കാട്ട് പാത്തുണ്ണി ഉമ്മ തന്റെ പേര് എഴുതാനും പഠിച്ചതിനെച്ചൊല്ലിയും ഉമ്മ അഭിമാനിക്കാറുണ്ടായിരുന്നു. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഇന്നത്തെപ്പോലെ ഒരു ലാഭക്കച്ചവടമായിരുന്നില്ല. കഷ്ട നഷ്ടങ്ങള്‍മാത്രം പ്രതിഫമായി ലഭിച്ചിരുന്ന ഒരു ഏര്‍പാടായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ രംഗത്ത് നിന്ന് പിന്‍വാങ്ങാന്‍ തന്റെ ഭര്‍ത്താവിനെ പ്രേരിപ്പിക്കാന്‍ കുടുംബത്തിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ ഉമ്മയെ ഉപദേശിക്കാറുള്ളത് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. അതനുസരിച്ച് തന്റെ ഭര്‍ത്താവിനെ നേര്‍വഴിക്കാക്കാന്‍ ഉമ്മ ശ്രമിച്ചിരിക്കയില്ല എന്നാണ് എന്റെ വിശ്വാസം. സ്വാതന്ത്ര്യസമരസേനാനിയും മതപണ്ഡിതനുമായ തന്റെ ഭര്‍ത്താവിനെപ്പറ്റി അവര്‍ക്ക് അത്രയേറെ അഭിമാനമായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1930-ല്‍ ഗാന്ധിജി ആരംഭിച്ച സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചതിന് ഭര്‍ത്താവ് ജയിലിലായപ്പോള്‍ രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ ഉമ്മ ഒരു ബേജാറും പ്രകടിപ്പിക്കാത്തത് നാട്ടുകാരെയും കുടുംബക്കാരെയും അതിശയിപ്പിച്ചു.
ഞങ്ങളുടെ വീട്ടില്‍ പലപ്പോഴും പല അത്യാവശ്യ സാധനങ്ങളുമുണ്ടാകാറില്ല. അതൊന്നും മറ്റുള്ളവര്‍ അറിയരുതെന്ന് ഉമ്മാക്ക് നിര്‍ബന്ധമായിരുന്നു. അരി വാങ്ങി പൊടിയുണ്ടാക്കാന്‍ കാശില്ലാത്തപ്പോള്‍ കുറച്ച് അരി കുതിര്‍ത്ത് അമ്മിമേല്‍ വെച്ച് അരച്ച ശേഷം ഇലയില്‍ പരത്തി ഉമ്മ ചുട്ട് തന്നിരുന്ന പത്തിരിയുടെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്.
ഉമ്മയുടെ മനസ്സാന്നിധ്യത്തെപ്പറ്റി രണ്ട് സംഭവകഥകള്‍: ക്വിറ്റിന്ത്യാ സമരകാലത്ത് കല്ലച്ചിലടിച്ച നിയമവിരുദ്ധ ലഘുലേഖയുടെ കുറച്ച് കോപ്പികള്‍ വലപ്പാട്ട് എത്തിക്കാന്‍ വേണ്ടി കോഴിക്കോട്ടു നിന്ന് ഞാന്‍ കൊണ്ടുവന്നു. അത് വീട്ടിലുള്ള ഒരു പത്തായത്തില്‍ വെച്ചശേഷം ഉമ്മയോട് ഞാന്‍ പറഞ്ഞു. എന്റെ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റും മറ്റുമാണിത്. അത് കുട്ടികളുടെ കൈയില്‍ പെടരുത്. അതിന് ശേഷം ഞാന്‍ പൊന്നാനി ടൗണിലേക്ക് പോയി. അവിടെവെച്ച് രാജ്യരക്ഷാ നിയമപ്രകാരം ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
പിറ്റേന്ന് ഞങ്ങളുടെ വീട് പരിശോധിക്കാന്‍ സബ്ഇന്‍സ്‌പെക്ടറും കുറച്ച് പോലീസുകാരുമെത്തി. രണ്ട്‌കൊല്ലം മുമ്പ് ജയിലടക്കപ്പെട്ട മൊയ്തു മൗലവിയുടെ ഭാര്യയും ചെറിയ കുട്ടികളും മാത്രം താമസിക്കുന്ന വീടായത് കൊണ്ട് ഉമ്മയുടെ ജേ്യഷ്ഠനെ വിളിച്ചു കൊണ്ടുവന്നശേഷം സെര്‍ച്ച് തുടങ്ങാമെന്ന് ഞങ്ങളുടെ അംശം അധികാരി അഭിപ്രായപ്പെട്ടത് എസ്.ഐ സ്വീകരിച്ചു. അമ്മാവന്റെ വരവ് പ്രതീക്ഷിച്ച് നാലുവശത്തും പോലീസുകാരും കാത്തുനിന്നു. അപ്പോള്‍ ഉമ്മ ഞാന്‍ ഭദ്രമായി വെച്ച നിയമവിരുദ്ധ ലഘുലേഖയുടെ കെട്ടെടുത്ത് കത്തിക്കൊണ്ടിരുന്ന അടുപ്പിലേക്കിട്ടു. കടലാസ് കത്തുന്ന മണം വരുന്നല്ലോ ഉമ്മാ എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോള്‍, അത് കുട്ടികളാരോ കടലാസ് കഷ്ണം അടുപ്പിലേക്കിട്ടതുകൊണ്ടാണെന്ന് ഒരു പരിഭ്രമവും പ്രകടിപ്പിക്കാതെ ഉമ്മ മറുപടി പറഞ്ഞു. അമ്മാവനെത്തിയ ശേഷം വീട് പരിശോധന തുടങ്ങും മുമ്പ് ആ നിയമവിരുദ്ധ ലഘുലേഖകളത്രയും ചാരമായി കഴിഞ്ഞിരുന്നു. ഇതേ ലഘുലേഖ ചില സ്വാതന്ത്ര്യ സമരഭടന്മാരുടെ വീടുകളില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. അവരെല്ലാം രണ്ട് കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
ഉമ്മയും ചെറിയ കുട്ടികളും അടച്ചുറപ്പില്ലാത്ത വളരെ ചെറിയ വീട്ടിലാണ് താമസം. ഉപ്പ ജയിലിലും ഞാന്‍ കോഴിക്കോട്ടും, ഒരര്‍ദ്ധരാത്രി വീടിനകത്ത് കയറിയ കള്ളന്‍ തീപ്പെട്ടിക്കോലുരച്ചു. പെട്ടെന്നുണര്‍ന്ന ഉമ്മ എന്നെ പേര് ചൊല്ലി വിളിച്ചുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു. 'എണീക്കെടാ, അകത്ത് ആരോ കയറിയിരിക്കുന്നു'. ഇത് കേട്ട് അകത്ത് കടന്നവന്‍ ഓടിപ്പോയി. ആ സമയത്ത് ഞാന്‍ കോഴിക്കോട് നല്ല ഉറക്കത്തിലായിരുന്നു.
ആട്, പശു, കോഴി എന്നിവയെയൊക്കെ വളര്‍ത്തിയും വീട്ടുവളപ്പിലെ തെങ്ങുകളെ നന്നായി പരിചരിച്ചും സ്വന്തമായി ചെറിയ തോതില്‍ വരുമാനമുണ്ടാക്കിയിരുന്ന ഉമ്മ മതാനുഷ്ഠാനങ്ങളില്‍ തികഞ്ഞ കണിശക്കാരിയായിരുന്നു. ദേഹം ഉഷ്ണിച്ചാല്‍ ഉമ്മയുടെ കാലിന്റെ മുട്ടിന് താഴെ ഒരു തരം ചൊറിയുണ്ടാകാറുണ്ട്. ഇതുകാരണം നോമ്പ് നോല്‍ക്കരുതെന്ന് വൈദ്യന്മാര്‍ പറയും. അത് വകവെക്കാതെ റമദാനില്‍ ഉമ്മ നോമ്പ് നോല്‍ക്കും. മൊരി അധികരിക്കും. എന്നാലും ഉമ്മ ഒറ്റ നോമ്പ് ഒഴിവാക്കില്ല. സകാത്ത് നിര്‍ബന്ധമാകത്തക്ക വരുമാനമുണ്ടായിരുന്നില്ലെങ്കിലും സഹായമഭ്യര്‍ഥിച്ചുവരുന്ന ആരെയും ഉമ്മ വെറും കൈയോടെ മടക്കി അയക്കാറുണ്ടായിരുന്നില്ല. ഞങ്ങളുടെ അയല്‍വീടുകളിലെ ഹിന്ദു സ്ത്രീകളായിരുന്നു നിത്യവും ഖുര്‍ആന്‍ വായിച്ചിരുന്ന ഉമ്മയുടെ ചെങ്ങായിച്ചികളിലധികവും.
ഉമ്മയുടെ സ്വഭാവത്തില്‍ എനിക്കേറ്റവുമധികം അസഹനീയമായിരുന്നത് സ്വന്തം തറവാട് മഹിമയെ ചൊല്ലിയുള്ള അവരുടെ മിഥ്യാഭിമാനമാണ്. ഇത് കാരണം എന്റെ വിവാഹത്തെച്ചൊല്ലി മനപ്രയാസത്തോടെ ഉമ്മയുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. ക്രമേണ ഉമ്മ അത് മറക്കുകയും പൊറുക്കുകയും ചെയ്തു. പിന്നീട് അവര്‍ക്ക് എന്നോടുള്ളതില്‍ കൂടുതലിഷ്ടമായിരുന്നു എന്റെ ഭാര്യയെ.
എന്റെ വ്യക്തിപരമായ നിര്‍ഭാഗ്യം കൊണ്ടോ എന്തോ, സ്വാതന്ത്ര്യാനന്തരകാലത്തെ ഉപ്പയുടെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാന്‍ എനിക്ക് സാധ്യമായിരുന്നില്ല. അതിനെച്ചൊല്ലി ശീതസമരം (ചിലപ്പോള്‍ ചൂടുള്ളതും) ഉണ്ടാകാറുള്ളത്. രാഷ്ട്രീയക്കാരി അല്ലാതെ ഭാര്യയും മാതാവും മാത്രമായ എന്റെ ഉമ്മാക്ക് മനഃപ്രയാസമുണ്ടാക്കിയിരുന്നു. അവരത് സൂചിപ്പിക്കുമ്പോള്‍ ഞാന്‍ പറയും. 'ഞാന്‍ ഉപ്പാടെ മകനാണെന്ന് ഉമ്മാക്ക് ഉറപ്പല്ലേ, അപ്പോള്‍ ഉപ്പാടെ കടുംപിടുത്തവും തനിക്ക് താന്‍പോരിമയും എനിക്കും കാണും'. അതിന് മറുപടിയായി 'പോടാ, നിന്റെയൊരു മസാല' എന്ന് പറയുന്നതിനപ്പുറം ഉമ്മ പരുഷമായി പെരുമാറിയിട്ടില്ല.