പെണ്ണവകാശങ്ങൾ തടഞ്ഞതാരാണ്
മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിന്ന് ആധാരമാണ് പരസ്പരമുള്ള വൈജാത്യങ്ങള്‍. എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും പ്രകൃത്യാ ഉള്ളതാണത്.
മനുഷ്യസമൂഹത്തിന്റെ നിലനില്പ്പിന്ന് ആധാരമാണ് പരസ്പരമുള്ള വൈജാത്യങ്ങള്‍. എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും പ്രകൃത്യാ ഉള്ളതാണത്. വ്യതിരിക്തതകളാണ് ഒരുപക്ഷേ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തിയാകുന്നതും. എന്നാല്‍ മനുഷ്യ വര്‍ഗത്തില്‍ ആണും പെണ്ണും തമ്മില്‍ നിലനില്‍ക്കുന്ന വൈജാത്യങ്ങളാണ് പലപ്പോഴും സംസ്കാരങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും മതങ്ങള്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പെണ്ണിനെതിരെയുള്ള മേല്‍ക്കോയ്മാ സമ്പ്രദായമായിരുന്നു നാട്ടുനടപ്പുപോലെ പുലര്‍ത്തിപ്പോന്നത്. സാമൂഹികരംഗത്ത് സ്ത്രീക്ക് അവസരസമത്വം നല്‍കുകയും സ്ത്രീപുരുഷന്മാര് നിര്‍വഹിക്കേണ്ട ജീവിതധര്മങ്ങളെ ഉണര്‍ത്തുകയും ചെയ്ത ഇസ്ലാമിന്റെ ആളുകളും ഇക്കാര്യത്തില്‍ വളരെ മുന്നില്‍ തന്നെയായിരുന്നു. ലിംഗസമത്വത്തിന്നായുള്ള മുറവിളികള്ക്കിടില് നിന്ന് മാറിനില്ക്കാന് മുസ്ലിം സ്ത്രീക്കും സാധ്യമായിരുന്നില്ല.
മൗലികാശയാടിത്തറകളായ ഖുര്‍ആനും സുന്നത്തും മാറ്റിവെച്ചുകൊണ്ടാണിന്നും പെണ്ണിന്റെ പൊതു ഇടത്തെക്കുക്കുറിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സമയം കണ്ടെത്തുന്നത്. ഹിജാബിന്റെ സംരക്ഷണമുളള പെണ്ണിനോടൊത്ത് പോലും വേദികള്‍ പങ്കിടാനുള്ള ഇസ്ലാമികമായ ധൈര്യം പല പുരുഷന്മാര്ക്കും ഇനിയും ഉണ്ടായിട്ടില്ല..
സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര് പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്പിക്കുന്നു തിന്മ തടയുന്നു..... അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ തീര്‍ച്ച (9-71) ശാരീരികമായ വ്യത്യാസം അവകാശ ബാധ്യതകളില്‍ വ്യത്യാസം വരുത്തുന്നു എന്നതിനപ്പുറം വിവേചനവും അസമത്വവും കാണിക്കാന്‍ ഹേതുവല്ലെന്നാണ് ഖുര്‍ആനിക നിലപാട്. അല്ലാഹു അവന്റെ പ്രതിനിധിയെന്ന നിലയില്‍ ധാര്‍മിക സദാചാര നീതി നിര്‍വഹണ രംഗത്ത് സത്യാസത്യങ്ങല് ആചരിക്കാനും നന്മകല്പ്പിക്കാനും തിന്മ തടയാനുമുള്ള ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ആണിനെയും പെണ്ണിനെയും ഭൂമിയിലേക്കയച്ചത്. ആ ദൗത്യനിര്‍വ്വഹണത്തെ സാക്ഷ്യപ്പെടുത്തുക എന്ന വലിയ ബാധ്യത ആണിനെന്ന പോലെ പെണ്ണിനുമുണ്ട്. ആ ബാധ്യതാ നിര്‍വഹണത്തില്‍നിന്ന് തടയുന്ന ശക്തികളെയും കാരണങ്ങളെയും കണ്ടെത്തി മാറ്റുക എന്നതാണ് സ്ത്രീയുടെ ദൗത്യം. അതുനിര്വഹിച്ച ചരിത്ര സ്ത്രീകളില്‍ നിന്നുള്ള പാഠവും മാതൃകയും മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടേണ്ടതുമുണ്ട്.