കാലം മരവിച്ചുനില്‍ക്കുന്നൊരിടം....ദൈവിക ദൃഷ്ടാന്തത്തെ ഗര്‍ഭം ധരിച്ച മലനിരകള്‍....ദൈവികശിക്ഷയുടെ മുറിവുണങ്ങാത്ത ഏകാന്തതയുടെ അപാരതീരം...
കാലം മരവിച്ചുനില്‍ക്കുന്നൊരിടം....ദൈവിക ദൃഷ്ടാന്തത്തെ ഗര്‍ഭം ധരിച്ച മലനിരകള്‍....ദൈവികശിക്ഷയുടെ മുറിവുണങ്ങാത്ത ഏകാന്തതയുടെ അപാരതീരം...അവിടെ കാലം അവശേഷിപ്പിച്ച നാഖത്തുല്ലാഹിയുടെ കാല്പാടുകള് തേടി ഒരു യാത്ര...മലമ്പാതകള്‍ താണ്ടി...മലനിരകളെ പിന്നിലാക്കി...സുഹൃദ്സംഘത്തോടൊപ്പം ഒരിക്കല്‍കൂടി മദായിന്‍ സ്വാലിഹ് അഥവാ സ്വാലിഹിന്റെ പട്ടണത്തിലേക്ക്...വചനവും അടയാളവും ശിക്ഷയും സമ്മേളിച്ച് വരണ്ടുണങ്ങി പ്പോയ സ്വാലിഹിന്റെ നാട്... ഒരു പ്രകമ്പനത്താല്‍ തകര്‍ന്നുപോയി, ഇപ്പോഴും നടുക്കം മാറാത്ത, നഷ്ടങ്ങളുടെ മണ്ണ്.. ഇവിടേക്കാണ്, പൂര്‍വികരെ അനുസ്മരിച്ചുകൊണ്ട്, ദൈവികദൃഷ്ടാന്തങ്ങളില്‍ മതിഭ്രമിച്ചുകൊണ്ട്, ദൈവകോപത്തെയോര്ത്ത് വേപഥുപൂണ്ട് ഒരു കൊച്ചു യാത്രാസംഘമെത്തിയത്. ചിരികള്‍ മാഞ്ഞൊരാമണ്ണില് പാദമൂന്നുമ്പോള്‍ വിറകൊണ്ട് മെയ്യും മനവും.
266-വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതും ഇപ്പോള്‍ പുതുക്കി പണിത് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിട്ടുള്ളതുമായ പൗരാണിക ഭവനങ്ങള്‍ പടര്‍ന്നു കിടക്കുന്ന അല്‍ ഉല ട്രെഡിഷണല്‍ ടൗണില്‍ ഞങ്ങള്‍ ഉച്ചയോടെ എത്തിച്ചേര്‍ന്നു. പൗരാണികത തളംകെട്ടി നില്ക്കുന്ന ആ ഭവനങ്ങളില്‍ ഇരുന്നാണ് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചതും ജുമുഅ നിര്‍വഹിച്ചതും. പണ്ഡിതനും എഴുത്തുകാരനുമായ ജഅ്ഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വവും ചരിത്രവിവരണവും മലയാള ഖുത്ബയും യാത്രയിലെ മറ്റൊരവിസ്മരണീയതയായി.
മദാഇന്‍ സ്വാലിഹിലെത്തും മുമ്പ് തന്നെ അന്നിറങ്ങിയ ശിക്ഷയുടെ ചരിത്രശേഷിപ്പുകള്‍ കണ്ടുതുടങ്ങി. ദൈവികശിക്ഷ താങ്ങാനാകാതെ പരിഭ്രമിച്ചു നില്ക്കുന്ന പര്‍വതനിരകളില്‍ കണ്ണും മനസും ഉടക്കി നിന്നു. മദാഇന്‍ സ്വാലിഹിലേക്കുള്ള പ്രധാന കവാടം പിന്നിടുമ്പോള്‍ ആദ്യം കാണുന്നത് ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്തായ ഹിജാസ് റെയില്‍വേയുടെ ചരിത്രാവശിഷ്ടങ്ങളാണ്. 1868-ല്‍ ഡോ. സിംപലിന്റെ ആശയാടിസ്ഥാനത്തില്‍ ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ഇസ്തംബൂളില്‍ നിന്നും ദമാസ്ക്കസ് വഴി, അമ്മാന്, മദാഇന്‍ സ്വാലിഹ്, ഖൈബര്‍ എന്നിവ താണ്ടി മദീനയിലെത്തുന്ന ഏകദേശം 2149 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിപ്പാതയാണിത്. നാല്പത് ദിവസത്തെ വഴിദൂരം മൂന്ന് ദിവസമായിക്കുറച്ച ഈ പാതയുടെ സേവനം 1908- മുതല്‍ 1918- വരെയുള്ള പത്ത് വര്‍ഷക്കാലമേ നിലനിന്നുള്ളു. പുതുക്കി സൂക്ഷിച്ച റെയില്‍ പാളങ്ങളും ബോഗികളും ഒരു കാലഘട്ടത്തിന്റെ ഓര്‍മപുസ്തകമായി യാത്രക്കാരെ സ്വീകരിക്കുന്നു.
ഹിജാസ് റെയില്‍വെയും കടന്ന് മുന്നോട്ടുപോകുമ്പോഴാണ് ദൈവികവിധി ശിക്ഷയായിറങ്ങിയ മണ്ണിലെത്തുന്നത്. സമൂദ് ജനത അധിവസിച്ചിരുന്ന കാലഘട്ടത്തിന്റെ ചരിത്രം കൊത്തിവെച്ച ഗുഹാഭവനങ്ങളും ഉപയോഗിച്ചിരുന്ന കിണറുകളും അങ്ങിങ്ങായി കാണപ്പെട്ടു. ശിക്ഷയിറങ്ങിയ പര്‍വതങ്ങള്‍...ചതുരംഗക്കളത്തില്‍ ചിതറിക്കിടക്കുന്ന കരുക്കള്‍ പോലെ...ആഴിയുടെ ഗര്‍ഭത്തിലുള്ള പവിഴപ്പുറ്റുകള്‍ പോലെ ഭിന്നരൂപങ്ങളിലും ഭാവങ്ങളിലും...ഒരു കാലഘട്ടത്തില്‍ ഫലഭൂയിഷ്ടമായ കായ്കനികളാല്‍ സമൃദ്ധമായൊരിടമാണെന്ന് സങ്കല്പിക്കാന് പോലും സാധ്യമാകാത്തവിധം മാറ്റിമറിക്കപ്പെട്ട ശിക്ഷയുടെ കാഠിന്യം.
ഇതൊന്നുമറിയാതെ കലപില കൂട്ടി ഓടിക്കളിക്കുന്ന കുട്ടികള്‍ക്കും യാത്രാമുഹൂര്‍ത്തങ്ങള്‍ കാമറാ ഫ്രെയിമിലാക്കി സൂക്ഷിക്കാനോടിനടക്കുന്ന സംഘാംഗങ്ങള്ക്കുമിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ മുന്നിലുയര്‍ന്നു നില്ക്കുന്നു, ആ മഹാപര്‍വതം! നാഖത്തുല്ലയെ ഉദരത്തില്‍പേറിയ, ദൈവത്തിന്റെ നേര്‍ക്കൈ പതിഞ്ഞ പര്‍വതം! കണ്ണും കാതുമടഞ്ഞുപോയ നിമിഷം. പര്വതപ്പിളര്പ്പിലൂടെ മന്ദമിറങ്ങിവന്ന് ദാഹമകറ്റാന്‍ കിണറ്റിന് കരയിലേക്ക് നടന്നുനീങ്ങുന്ന ഒട്ടകം മാത്രം മനസില്‍ തെളിഞ്ഞു. എത്ര ദൗര്ഭാഗ്യവാന്മാരായ ജനതയാണിവര്‍...വകവരുത്തിയില്ലെ ആ പെണ്ണൊട്ടകത്തെയും അതിന്റെ അരുമക്കുഞ്ഞിനെയും...ദൈവികനിര്‍ദേശം തരിമ്പും വകവെക്കാതെ. ഒരു കുഞ്ഞൊട്ടകത്തിന്റെ പിടച്ചില്‍...ആ പെണ്ണൊട്ടകത്തിന്റെ കരച്ചില് ചെ വിയില്‍ വന്നലക്കുന്നു. ശിക്ഷ ക്ഷ ണിച്ചു വരുത്തിയവര്‍..അവരുടെ അതിക്രമിയായ സംഘത്തലവന് ഖിദാ റുബ്നു സ്വലിഫ്...അവന്റെ ശരമേറ്റു വീണ ദൈവത്തിന്റെ ഒട്ടകം..
നാഖത്തുല്ലാഹ് അഥവാ അല്ലാഹു വിന്റെ ഒട്ടകം ഒരു സാധാരണ ഒട്ടകമാ കുന്നതെങ്ങനെ? ധിക്കാരി കളായ ഒരു ജനത്തെ നേര്‍വഴി നടത്തുവാന്‍ ദൈവത്തിന്റെ കൈയൊപ്പും പേറിയല്ലേ അത് വന്നത്? ഥമൂദ് വംശത്തിനു മാര്‍ഗദര്‍ശിയായി വന്ന പ്രവാചകന് സ്വാലിഹിന്റെ പിന്നില്‍ സംഘശക്തിയോ ആള്‍ബലമോ ഇല്ലായിരുന്നു. ആ ഒട്ടകത്തെ മുന്‍നിറുത്തിയാണ് അദ്ദേഹമവരെ താക്കീത് ചെയ്തതും, വെല്ലുവിളിച്ചതും. അവരോ അതിനെ വല്ലാതെ ഭയെപ്പട്ടിരുന്നു. കരുത്തരും ധിക്കാരികളുമായ ഒരു ജനത ഒരു ഒട്ടകത്തെ ഇത്രമേല്‍ ഭയപ്പെട്ടതെന്തിന്? തീര്‍ച്ചയായും അതൊരു സാധാരണ ഒട്ടകമല്ല എന്നവര്‍ക്ക് ബോധ്യമായതിനാല്‍ തന്നെയാണത്.
ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവത്തിങ്കല്‍ നിന്നുള്ള പ്രവാചകനാണ് സ്വാലിഹെന്ന് തെളിയിക്കുന്ന ഒരടയാളം അവര്‍ക്ക് വേണമായിരുന്നു. ആ അടയാളവുമായി അല്ലാഹു അയച്ചതാണ് പ്രസ്തുത ഒട്ടകത്തെ. നിഷേധികളുടെ ഹൃദയത്തില്‍ ഭീതിയുടെ കനല് കോരിയിട്ടുകൊണ്ട് പാറ പിളര്‍ന്ന് അത് പര്വതത്തിനുള്ളില്നിന്നും ഒരു താക്കീതായി മെല്ലെ ഭൂമിയിലേക്കിറങ്ങി നടന്നു.
''സൂക്ഷിച്ചുകൊള്ളുക... ഇത് അല്ലാഹുവിന്റെ ഒട്ടകമാകുന്നു. ഇതിനെ തൊടുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. അത് ഭൂമിയിലൂടെ ഇഷ്ടം പോലെ മേഞ്ഞുകൊള്ളട്ടെ. ഒരു ദിവസം ഈ നാട്ടിലെ ജലാശയങ്ങള്‍ ഈ ഒട്ടകത്തിനുള്ളതാണ്, അടുത്ത ദിവസം നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും. ഒട്ടകത്തിനുള്ള ദിവസം മറ്റാരും വെള്ളമെടുത്തുപോകരുത്. നിങ്ങള്‍ അതിനെ ഉപദ്രവിക്കുകയാണെങ്കില്‍ കടുത്ത ദൈവികശിക്ഷ നിങ്ങളുടെ മേല്‍ വന്നു ഭവിക്കും. ഇനി നിങ്ങളുടെ ജീവിതഭാഗധേയം ഈ ഒട്ടകത്തെ ആശ്രയിച്ചായിരിക്കും.''ഈ ശക്തമായ താക്കീതിനാല്‍ ഭയന്ന് അവര്‍ കുറെക്കാലം നാഖത്തുല്ലയുടെ തനിച്ചുള്ള ജലപാനത്തെയും സ്വച്ഛന്ദവിഹാരത്തെയും മനമില്ലാമനസ്സോടെ സഹിച്ചുപോന്നു. അറേബ്യ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു ഘട്ടമായിരുന്നു അത്. വെള്ളത്തിനു വേണ്ടി ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ വരെ നടന്നിരുന്ന സമയത്താണ് നാഖത്തുല്ലയുടെ ജലപാനത്തെ സംബന്ധിച്ച് ദൈവദൂതരുടെ ശക്തമായ താക്കീതുണ്ടായത്. ആ താക്കീതിന്റെ ശക്തി അവരില്‍ നടുക്കവും ഭീതിയും ജനിപ്പിക്കുമാറ് ഗൗരവതരമായിരുന്നു. അത് ഒരു സാധാരണ ഒട്ടകമല്ലെന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. പാറപിളര്‍ന്ന് പുറത്തുവന്ന പൂര്‍ണഗര്‍ഭിണിയായ പെണ്ണൊട്ടകം ഒരു കുഞ്ഞിനെ പ്രസവിക്കുകയും നാട്ടുകാര്‍ക്കാവശ്യമായ പാല് ദിനേന ചുരത്തി നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. നിഷേധികള്‍ എത്രമാത്രം ഹതഭാഗ്യര്‍! അടയാളങ്ങളെയും താക്കീതുകളെയും അവര്‍ എത്ര നിസ്സാരമായി അവഗണിക്കുന്നു! ഒട്ടകത്തിന്റെ സൈ്വര്യവിഹാരത്തില്‍ അസ്വസ്ഥരായ ഒരു വിഭാഗം ഖിദാറുബിനു സ്വലഫ് എന്നയാളുടെ കാര്‍മികത്വത്തില്‍ അതിനെ വകവരുത്തി. പ്രവാചകന്റെ മുന്നറിയിപ്പുകള്‍ സത്യമായി പുലര്‍ന്നു. കാലഘട്ടത്തിലെ ശക്തരും പ്രതാപവാന്മാരുമായ സമൂദ് ഗോത്രം മണ്ണില്‍ നിന്നും തുടച്ചുനീക്കെപ്പട്ടു. മണ്ണോ വിണ്ണോ അവര്‍ക്കുവേണ്ടി കണ്ണീര് പൊഴിച്ചില്ല. എല്ലാ മുന്നറിയിപ്പുുകളും വിഫലമായി...ഗുഹാഭവനങ്ങളില് കുടിയിരുന്നവര്‍ മണ്‍വീടുകളിലേക്ക് കീഴ്മേല്മറിക്കെപ്പടാന് നേരമായ്..അവരുടെ മുഖങ്ങള്‍ ഒന്നാം നാള് മഞ്ഞളിച്ചും രണ്ടാം നാള് ചെമന്നും മൂന്നാംനാള്‍ കറുത്തിരുണ്ടും കാണപ്പെട്ടു. ഒടുവില്‍ മൂന്നാം നാള് സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ അതിഭയങ്കരമായ ഒരു പ്രകമ്പനത്താല്‍, അഹങ്കാരത്തിനും ആര്ഭാടത്തിനും മേല്‍ ചവിട്ടിനിന്നവര്‍, ചവിട്ടിമെതിക്കെപ്പട്ട വൈക്കോല്‍ പോലെ ചേതനയറ്റ് കാലത്തിന്റെ കാണാക്കയങ്ങളിലേക്കാണ്ടുപോയി... അവര്‍ കുടിയിരുന്ന മണ്ണിന്റെ ശേഷിപ്പുകള്‍ തലമുറകള്‍ക്കുള്ള പാഠപുസ്തകമായി.
സ്വാലിഹ് നബിയും അദ്ദേഹത്തില്‍ വിശ്വസിച്ചവരും ഇതിനു മുന്‍പേ ഫലസ്തീനീലേക്ക് പുറെപ്പട്ടതായും, മക്കയിലായിരുന്നതിനാല്‍ തല്ക്കാലം ശിക്ഷയില്‍ നിന്നും രക്ഷപെട്ട ഒരവിശ്വാസിയെ പുണ്യഭൂമിയില്‍ നിന്നും പുറത്ത് കടന്നയുടനെ ശിക്ഷ പിടികൂടിയതായും ചരിത്രം പറയുന്നു.
ഇന്ന് മദാഇന്‍ സ്വാലിഹില്‍ ചെന്നാല്‍ സ്വാലിഹ് നബിയെക്കുറിച്ചോ സമൂദ് വംശത്തെക്കുറിച്ചോ ഉള്ള ഒരു വിവരണങ്ങളും നമുക്ക് കാണാന്‍ കഴിയില്ല. ഇതേ ഗുഹാഭവനങ്ങളുടെ മാതൃകയില്‍ ജോര്‍ദാനിലെ പെട്രയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് താമസിച്ചിരുന്ന നബ്ത്തികളുടെ ചരിത്രമാണ് ഇവിടെയും ഇടം നേടിയിട്ടുള്ളത്.
പൂര്വപ്രവാചകന്മാരുടെയും അവരുടെ സമൂഹങ്ങളുടെയും ചരിത്രവര്‍ണനകള്‍ വിശുദ്ധ ഖുര്‍ആനിലുടനീളം ചിതറിക്കിട ക്കുന്നുണ്ട്. ചരിത്രം ഒരു നല്ല ഗുരുനാഥനാണ്. ചരിത്രാവശിഷ്ടങ്ങള്‍ തുറന്നുവെച്ച പാഠപുസ്തകങ്ങളും. ഭൂമിയല്‍ സഞ്ചരിച്ച് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയെന്നത് ഖുര്‍ആനിക നിര്‍ദേശവുമാണ്. കാലം ബാക്കിവെച്ച അടയാളങ്ങളെ മനസില്‍ കോറിയിട്ട് മദാഇന്‍ സ്വാലിഹിനോട് വിടപറഞ്ഞിറങ്ങുമ്പോഴും നാഖത്തു ല്ലാഹി എവിടെയോ ഒരു നൊമ്പരമായ് മിഴി നനച്ചു...