നാം ജീവിതത്തില്‍ എന്തെങ്കിലും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നാല്‍ നമ്മളല്ലാതെ ഒരു കാരണക്കാരനെ നാം കണ്ടെത്തും. ഭാര്യയോ ഭര്‍ത്താവോ മക്കളോ മാതാപിതാക്കളോ
നാം ജീവിതത്തില്‍ എന്തെങ്കിലും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവന്നാല്‍ നമ്മളല്ലാതെ ഒരു കാരണക്കാരനെ നാം കണ്ടെത്തും. ഭാര്യയോ ഭര്‍ത്താവോ മക്കളോ മാതാപിതാക്കളോ ബന്ധുക്കളോ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ ആരെങ്കിലുമൊക്കെയാവാം ഇത്. നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കാതിരിക്കുന്നതുകൊണ്ടാണ് നമുക്ക് നമ്മുടെ പ്രയാസങ്ങള്‍ക്ക് ഇങ്ങനെ പ്രതികളെ കണ്ടെത്തേണ്ടിവരുന്നത്. എന്റെ ജീവിതത്തിന്റെ കപ്പിത്താന്‍ ഞാനാണ് എന്ന തിരിച്ചറിവാണ് എന്റെ ജീവിത സൗഭാഗ്യത്തിന്റെ ഒന്നാമത്തെ ഉപാധി. ആരെയും പഴിചാരി പരിഹരിക്കാവുന്നതല്ല നാം അനുഭവിക്കുന്ന ജീവിത പ്രതിസന്ധികള്‍. അതിന്റെ ഉത്തരവാദിത്തം നാം ഏറ്റെടുക്കുകയും നാം തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഒരു രൂപമാണ് അന്യരുടെ ചുമലില്‍ കാരണങ്ങള്‍ കെട്ടിവെക്കുക എന്നത്.
ഇതിന്നര്‍ഥം നമ്മള്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലും പ്രതിസന്ധികളിലും നമ്മളല്ലാത്തവര്‍ക്ക് ഒരു പങ്കുമില്ലെന്നല്ല. എല്ലാ ജീവിതങ്ങളും പരസ്പരാശ്രിതങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിന്റെ സന്തോഷസന്താപങ്ങളില്‍ മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടാവും. നമ്മുടെ പരാജയത്തിന്റെ ഉത്തരവാദിത്തം അവരുടെ മേല്‍ ആരോപിച്ചതുകൊണ്ട് കാര്യമില്ലെന്നു മാത്രം.
ഒരു ഭര്‍ത്താവ് തന്റെ ദാമ്പത്യ ജീവിത്തിന്റെയോ മൊത്തം ജീവിതത്തിന്റെ തന്നെയോ പരാജയത്തിനു കാരണം ഭാര്യയാണ് എന്നുപറയുന്നതില്‍ ഒരു സാംഗത്യവുമില്ല. ഇത്ര ഭീകരയായ ഭാര്യയാണെങ്കില്‍ അവളെ ഒഴിവാക്കാം. ഒഴിവാക്കാന്‍ കഴിയില്ല എന്നതാണ് ഉത്തരമെങ്കില്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കി പ്രശ്‌നങ്ങള്‍ തന്ത്രപരമായി കൈകാര്യം ചെയ്ത് മുന്നോട്ടുപോവുകയാണ് വേണ്ടത്. ജീവിതം സ്വഛമായി ഒഴുകുന്ന ഒരു പുഴയല്ല. ഒരു കാല്‍പനിക മനോഹാരിതയുടെ പേരുമല്ല. മാനേജ് ചെയ്യേണ്ട പ്രശ്‌നങ്ങളുടെയും സാധ്യതകളുടെയും സമാഹാരമാണ്. ഇതിനെ ആര് വിജയകരമായി മേനേജ് ചെയ്യുന്നുവോ അവര്‍ക്കാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുക.
ഉത്തരവാദിത്തമേറ്റെടുക്കുക എന്നത് ഒരു മനോഭാവ വിഷയമാണ്. മാനസികമായി ഉത്തരവാദിത്തമേറ്റെടുക്കാത്തവര്‍ക്ക് സ്വയം തെറ്റുതിരുത്താനോ വിജയകരമായി മുന്നോട്ടുപോകാനോ കഴിയില്ല. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആദിപിതാവ് ആദം(അ)മും ആദിമാതാവ് ഹവ്വയുമാണ.് വിലക്കപ്പെട്ട കനി തിന്നതിന് ആദമിനോടും ഹവ്വയോടും അല്ലാഹു വിശദീകരണം ചോദിച്ചു. ആദമും ഹവ്വയും ചേര്‍ന്ന് പറഞ്ഞു. ''ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോട് അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോവുക തന്നെ ചെയ്യും.'' (അഅ്‌റാഫ് 23) അവരിരുവര്‍ക്കും വേറെ മറുപടികള്‍ പറയാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. ആദമിന് പറയാമായിരുന്നു 'പടച്ചവനേ, ഇവള്‍ ഹവ്വയാണ് എല്ലാം പറ്റിച്ചത്, അവള്‍ പറഞ്ഞിട്ടാണ് ഞാനിത് ചെയ്തത്. ഹവ്വ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്' എന്നെങ്കിലും പറയാമായിരുന്നു. ഹവ്വക്ക് പറയാമായിരുന്നു 'ആദമായിരുന്നല്ലോ ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്റെ കാര്യത്തിലടക്കം ഉത്തരവാദിത്തം അവനായിരുന്നല്ലോ'. അല്ലെങ്കില്‍ രണ്ടുപേര്‍ക്കും ചേര്‍ന്ന് പറയാമായിരുന്ന ഒഴിവുകഴിവുണ്ടായിരുന്നു. 'പിശാച് പറ്റിച്ചതാണ്. നീ അവനെ ഞങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും അനുവാദവും നല്‍കിയതുകൊണ്ടാണ് ഇത് സംഭവിച്ചത്'. വിശദീകരണം ചോദിക്കുമ്പോള്‍ തന്നെ അല്ലാഹു പിശാചിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ടെങ്കിലും വേറെ രൂപത്തില്‍ അവര്‍ക്ക് ആ ഒഴിവുകഴിവ് പറയാമായിരുന്നു. പക്ഷെ ചെയ്ത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം അവരിരുവരും ഏറ്റെടുത്തതുകൊണ്ടാണ് അവര്‍ക്ക് തെറ്റ് സമ്മതിക്കാനും തിരുത്താനും സാധിച്ചത.് വഴിതെറ്റിപ്പോയ സമൂഹങ്ങള്‍ ഹവ്വ കാരണമായാണ് ആദം പഴം പറിച്ചത് എന്ന് ആരോപിക്കാന്‍ കാരണം നമ്മുടെ ദൗര്‍ബല്യങ്ങളും ദുശ്ശീലങ്ങളും പ്രവാചകന്മാരിലും മഹതികളായ സ്ത്രീകളിലും ആരോപിക്കുന്ന രീതി കാരണമാണ്.
യൂനുസ് നബി (അ)ന്റെ ചരിത്രം പറയുന്ന പാഠവും ഇത് തന്നെയാണ്. ജനതയുടെ ധിക്കാരം സഹിക്കാനാവാതെ ദൈവ കല്‍പനയില്ലാതെ ജനതയെ ഉപേക്ഷിച്ചു പോയി മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട യൂനുസ് നബി(അ) അവിടെ നിന്ന് പ്രാര്‍ഥിച്ചു. ദുന്നൂര്‍ കുപിതനായി പോയകാര്യം ഓര്‍ക്കുക, നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. കൂരിരുളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു. നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍. സംശയമില്ല. ഞാന്‍ അക്രമിയായിരിക്കുന്നു. (അമ്പിയാഅ് 87) ഈ ഘട്ടത്തില്‍ യൂനുസ് നബിക്ക് തന്റെ ജനതയെ കുറ്റപ്പെടുത്താമായിരുന്നു. അവരുടെ മഹാധിക്കാരം കാരണമായാണ് ഞാന്‍ നാടുവിട്ടത് എന്ന് പറയാമായിരുന്നു. അപകടത്തില്‍ പെട്ട ഘട്ടത്തിലാണ് അദ്ദേഹം തന്റെ തെറ്റ് തിരിച്ചറിഞ്ഞത്. അദ്ദേഹം തന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉത്തരവാദിത്തമേറ്റെടുത്തത് കൊണ്ടാണ് അദ്ദേഹത്തിന് പശ്ചാത്തപിക്കാന്‍ സാധിച്ചത്.
ദാമ്പത്യത്തില്‍, പാരന്റിംഗില്‍, തൊഴിലില്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍ എല്ലാം ഇത് വളരെ പ്രധാനമാണ്. നമ്മുടെ ജീവിതവുമായി, പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരെല്ലാം ശരിയായാല്‍ ഞാന്‍ ശരിയാവും എന്ന മനോഭാവം ജീവിതവിജയത്തെ സഹായിക്കുന്ന മനോഭാവമല്ല. നേരെ എതിരായ മനോഘടനയാണ്. മറ്റുള്ളവര്‍ ശരിയല്ലാതിരിക്കെതന്നെ അവരെ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാം എന്നതാണ് ജീവിതത്തിന്റെ പരീക്ഷണം. അപ്പോഴാണ് ജീവിതം ഒരു പരീക്ഷണമായി മാറുന്നത്. എല്ലാവരും ശരിയായാല്‍ അപ്പോള്‍ ഞാനും ശരിയാണ് എന്നതില്‍ പരീക്ഷണമില്ലല്ലോ. ഓരോ ബന്ധങ്ങളും ഓരോ പരീക്ഷണങ്ങളാണ.് ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണ്. അതുകൊണ്ടാണ് ''നിങ്ങളുടെ ഇണകളിലും സന്തതികളിലും നിങ്ങള്‍ക്ക് പരീക്ഷണം (ഫിത്‌ന) ഉണ്ട്'' എന്ന് അല്ലാഹു പറഞ്ഞത്. (അത്തഗാബൂന്‍ 14) ഇവിടെയാണ് പാരന്റിംഗും വ്യക്തിത്വ വികാസ കലയും മാനേജ്‌മെന്റ് സയന്‍സുമൊക്കെ പ്രസക്തമാവുന്നത്.
മാതാപിതാക്കളോ, മക്കളോ അടുത്ത ബന്ധുക്കളോ ഒക്കെ തന്നോട് അക്രമം ചെയ്തുകളഞ്ഞു എന്ന പരാതിയുമായ് ആരെങ്കിലും നമ്മെ സമീപിച്ചാല്‍ അവരെ സമാശ്വസിപ്പിക്കാന്‍ നാം പറയുക അവര്‍ അക്രമം ചെയ്തായിരിക്കില്ല താങ്കളുടെ തെറ്റിദ്ധാരണയായിരിക്കും. അതുമുഖേന യഥാര്‍ഥത്തില്‍ അവര്‍ താങ്കളുടെ നന്മയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നായിരിക്കും. ഇത് ശരിയാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇത് ശരിയല്ലാത്ത അനുഭവങ്ങളും ഉണ്ടാവാറുണ്ട്. ശരിയല്ലാത്ത സന്ദര്‍ഭത്തിലും അനുനയിപ്പിക്കലിന്റെ ഒരുതന്ത്രം എന്ന നിലക്ക് നാം ഈ ഉപദേശം, ഉപായം സ്വീകരിക്കാറുണ്ട്. ചെയ്തത് അന്യായമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അനീതിയും അക്രമവും ചെയ്യാന്‍ പാടില്ലാത്ത അടുത്ത ആള്‍ അത് ചെയതിരിക്കുന്നു. അതില്‍നിന്ന് എങ്ങനെ അദ്ദേഹത്തെ പിന്തിരിപ്പിക്കാം അല്ലെങ്കില്‍ വിജയകരമായി എങ്ങനെ അതിനെ മറികടക്കാം എന്ന ആലോചനയില്‍ില്‍ പങ്കുചേര്‍ന്നുകൊണ്ട് നമുക്ക് പ്രശ്‌നമനുഭവിക്കുന്ന വ്യക്തിയെ സഹായിക്കാന്‍ സാധിക്കും. ആരെങ്ങനെയൊക്കെ പെരുമാറിയാലും സ്വന്തം ജീവിതത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവനെ/ അവളെ പ്രാപ്തമാക്കുകയാണ് ചെയ്യേണ്ടത്.