സ്ത്രീകള്‍ യഥാര്‍ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നത്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാല്‍ ബന്ധനമുക്തനായി രാജ്യം വിട്ടുപോകാമെന്ന് ആര്‍തര്‍ രാജാവിനോട് അദ്ദേഹത്തെ കീഴടക്കിയ അയല്‍രാജാവ് പറഞ്ഞു. ഉത്തരം കണ്ടെത്താന്‍ ഒരു വര്‍ഷത്തെ സാവകാശവും നല്‍കി. ആര്‍തര്‍ രാജാവ് ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നതിനായി തന്റെ കൊട്ടാരത്തിലെ
സ്ത്രീകള്‍ യഥാര്‍ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നത്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാല്‍ ബന്ധനമുക്തനായി രാജ്യം വിട്ടുപോകാമെന്ന് ആര്‍തര്‍ രാജാവിനോട് അദ്ദേഹത്തെ കീഴടക്കിയ അയല്‍രാജാവ് പറഞ്ഞു. ഉത്തരം കണ്ടെത്താന്‍ ഒരു വര്‍ഷത്തെ സാവകാശവും നല്‍കി. ആര്‍തര്‍ രാജാവ് ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നതിനായി തന്റെ കൊട്ടാരത്തിലെ സ്ത്രീജനങ്ങളെ മുഴുവന്‍ സമീപിച്ചു. അവര്‍ക്കാര്‍ക്കും തൃപ്തികരമായ ഒരുത്തരവും നല്‍കാന്‍ സാധിച്ചില്ല. രാജ്യം മുഴുവന്‍ സഞ്ചരിച്ച് പെണ്‍പ്രജകളുമായി അഭിമുഖം നടത്തി മറുപടി കണ്ടെത്താന്‍ ആര്‍തര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാസങ്ങളുടെ അലച്ചിലിനുശേഷം അവര്‍ തിരിച്ചുവന്നത് വ്യക്തമായ മറുപടിയൊന്നും ഇല്ലാതെയായിരുന്നു.
സ്ത്രീക്കുവേണ്ടത് ആഭരണങ്ങളാണോ മുന്തിയ വസ്ത്രങ്ങളാണോ സുന്ദരമായ വീടാണോ ഭക്ഷ്യപേയങ്ങളാണോ സ്‌നേഹമാണോ സന്താനങ്ങളാണോ എന്നിങ്ങനെ പല ചോദ്യങ്ങളും ചോദിക്കപ്പെട്ടു. അവയൊന്നും വേണ്ടെന്ന് ആരും പറയുന്നില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ വേണ്ടത് ഇവയിലേതെങ്കിലുമാണെന്ന് ആര്‍ക്കും അഭിപ്രായമില്ല.
ആര്‍തര്‍ രാജാവിന് പ്രതിയോഗി അനുവദിച്ച ഒരു വര്‍ഷത്തെ കലാവധി കഴിയാന്‍ ഇനി അധികമില്ല. അപ്പോള്‍ ആരോ ഒരു മന്ത്രവാദിനിയെക്കുറിച്ച് രാജാവിനെ അറിയിച്ചു. ശരിയായ ഉത്തരം പറയാന്‍ മന്ത്രവാദിനിക്ക് സാധിക്കും. എന്നാല്‍ പകരമായി അവള്‍ എന്താണ് ചോദിക്കുക എന്ന് പ്രവചിക്കാനാവില്ല. തന്നെ സമീപിക്കുന്നവര്‍ക്ക് താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുക മന്ത്രവാദിനിയുടെ പതിവാണ്. അതിനാല്‍ ആര്‍തര്‍ രാജാവ് മടിച്ചു. പക്ഷേ, അവധി അവസാനിക്കാറായപ്പോള്‍ മറ്റുമാര്‍ഗമൊന്നും കാണാതെ മന്ത്രവാദിനിയെ സമീപിക്കാന്‍ തന്നെയായി തീരുമാനം. പ്രതീക്ഷിച്ചതുപോലെ മന്ത്രവാദിനി ആര്‍തര്‍ രാജാവിന് താങ്ങാനാവാത്ത ഉപാധി വെച്ചു. ആര്‍തറിന്റെ ഉറ്റ സ്‌നേഹിതന്‍ ലാന്‍സ് ലോട്ട് തന്നെ വിവാഹം കഴിക്കണം. ഭൂമിയിലെ ഏറ്റവും വിരൂപിയായ സത്വമായിരുന്നു മന്ത്രവാദിനി. ഉന്തിനില്‍ക്കുന്ന ഒറ്റപ്പല്ല്. മുതുകിന് കൂന്. ലോട്ടിനെ ഇങ്ങനെയൊരു ബീഭത്സരൂപത്തിനു ബലി നല്‍കി സ്വാതന്ത്രം നേടുന്നതിനെക്കുറിച്ച് ആര്‍തറിന് ആലോചിക്കാനേ ആവില്ല. അതിനാല്‍ ആര്‍തര്‍ മടങ്ങി. എന്നാല്‍ തന്റെ ജീവിതം ഹോമിക്കപ്പെടുന്നതാണ് ആത്മമിത്രം അന്യരാജ്യത്ത് തടവില്‍ കഴിയുന്നതിനെക്കാള്‍ ഭേദം എന്നു ചിന്തിച്ച ലാന്‍സ് ലോട്ട് മന്ത്രവാദിനിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
സ്ത്രീകള്‍ക്ക് യഥാര്‍ഥത്തില്‍ വേണ്ടത് സ്വന്തം ജീവിതം സ്വയം തീരുമാനിക്കാനുള്ള അധികാരമാണ്. മന്ത്രവാദിനി ആര്‍തര്‍ രാജാവിനെ കുഴക്കിയ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു. അയല്‍പക്കത്തെ രാജാവിന് ആ ഉത്തരം തൃപ്തികരമായിരുന്നു. ആര്‍തര്‍ സ്വതന്ത്രനായി.
പിറ്റേ ദിവസം വിവാഹമാണ്. വിരൂപിയായ ദുര്‍മന്ത്രവാദിനിയും പ്രഭുവായ ലാന്‍സ് ലോട്ടും തമ്മിലുള്ള വിവാഹം. ചതി പ്രയോഗിച്ച് വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. രാജ്യം തന്നെ ഭസ്മമാക്കാന്‍ ദുര്‍മന്ത്രവാദിനിക്ക് കഴിയും. അതിനാല്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെ കല്യാണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു.
പ്രധാന പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായി. ആരവമടങ്ങി. ആളുകള്‍ മടങ്ങി. ആചാരപ്രകാരം മണിയറയിലെത്തിയ ലാന്‍സ് ലോട്ട് അദ്ഭുതസ്തബ്ധനായി. താന്‍ അന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും സുന്ദരിയായ യുവതി കട്ടിലില്‍ ഇരിക്കുന്നു.
എന്തു സംഭവിച്ചു?
എനിക്ക് രണ്ടു രൂപങ്ങളുണ്ട്. ഒന്ന് അതിസുന്ദരിയുടെ, മറ്റേത് അതിവിരൂപയുടെ രണ്ടും എന്റെ രണ്ട് അര്‍ധങ്ങളാണ്. പകുതി സമയം ഞാന്‍ സുന്ദരിയായിരിക്കും. പകുതി സമയം വിരൂപയും. ഇതില്‍ ഏതു സമയം ഏതു വേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. മന്ത്രവാദിനി, ഭര്‍ത്താവിന്റെ അമ്പരപ്പു മനസ്സിലാക്കി, വേഗം കാര്യം വെളിപ്പെടുത്തി.
ഏതു തിരഞ്ഞെടുക്കണം? പകലാണ് സുന്ദരിയാവുന്നതെങ്കില്‍ സുഹൃത്തുക്കളുടെ മുന്‍പില്‍ ഭാര്യ സുന്ദരിയാണെന്ന് അഭിമാനിക്കാം. രാത്രി സഹിക്കണമെന്നേയുള്ളൂ. അല്ലെങ്കില്‍ പകല്‍ അപമാനം സഹിച്ച് രാത്രി ആസ്വദിക്കാം.
നിങ്ങളാണ് ലാന്‍സ് ലോട്ട് എങ്കില്‍ എന്തു തിരഞ്ഞെടുക്കും? ആര്‍തര്‍ രാജാവിനെ കുഴക്കുകയും തന്നെ ഈ വിവാഹത്തിന് നിര്‍ബന്ധിതനാക്കുകയും ചെയ്ത ചോദ്യത്തിന് മന്ത്രവാദിനി നല്‍കിയ ഉത്തരം ലാന്‍സ് ലോട്ടിന്റെ മനസ്സില്‍ തെളിഞ്ഞു. അതിനാല്‍ അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു. അതു ഞാന്‍ തീരുമാനിക്കുന്നില്ല. നീ തന്നെ തീരുമാനിക്കുക.
മുഴുവന്‍ സമയവും സുന്ദരിയായിരിക്കുക. അതായിരുന്നു അവളുടെ തീരുമാനം. സ്ത്രീകളുടെ മേല്‍ നിങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാതിരുന്നാല്‍ ഏറ്റവും സുന്ദരമായ തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്കു കഴിയും എന്ന് ഗുണപാഠം.