ചാഞ്ഞും ചെരിഞ്ഞും മധ്യമസമുദായം
മുസ്ലിം യുവത്വത്തെ അന്വേഷിച്ചു ചെല്ലുന്നവരുടെയോ കെണിയിലാണ്. മതത്തെ ആധികാരിക സ്രോതസ്സുകളില്‍ നിന്ന് പഠിച്ചെടുക്കാന്‍ ശ്രമിക്കാതെ കാപ്സ്യൂള്‍ ടിപ്സുകളാക്കി മതം വിതരണം ചെയ്യുന്നവരുടെ കെണികളിലാണ് പലരും ചെന്നെത്തുന്നത്. അതിന്റെ ആത്യന്തിക ഫലമാണ് സമുദായം ഒന്നാകെ അനുഭവിക്കുന്നത്. പലര്‍ക്കും തുറന്ന വെളിച്ചത്തില്‍
മതജാതി ചിന്തകള്‍ മനുഷ്യമനസ്സില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രത്യേക കാലമാണിത്. മനുഷ്യ ചെയ്തികള്‍ ജാതിയുടെയും മതത്തിന്റെയും പിന്നില്‍ കെട്ടി വിചാരണ ചെയ്യുന്ന കാലം. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാക്കി ഒരു കൂട്ടം ചെറുപ്പക്കാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായിരിക്കുന്നത്. യുവാക്കളും യുവതികളും കുട്ടികളുമടങ്ങുന്ന സംഘം അപ്രത്യക്ഷരായി എന്ന് ബന്ധുക്കള്‍ പരാതിപ്പെടുമ്പോഴേക്കും ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും യാതൊരുവിധ അന്വേഷണങ്ങളും സ്ഥിരീകരണവും ലഭിക്കുന്നതിനു മുന്നേ തീവ്രവാദബന്ധം ഇവരില്‍ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. പതിവ് മാധ്യമവിചാരണയായി ഇത് കരുതുമ്പോഴും കാണാതായവരെക്കുറിച്ച് കൃത്യമായ യാതൊരു വിവരവും ഇല്ല.
പക്ഷേ ചില സൂചനകള്‍ സമുദായത്തിനകത്തുനിന്നു തന്നെ കിട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. രാജ്യദ്രോഹപരവും ദേശവിരുദ്ധവുമല്ലാത്ത അന്ധമായ മതബോധമായിരിക്കാം ഈ തിരോധാനത്തിന്റെ കാരണമെന്നാണ് ആ സൂചന. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് തിരോഭവിച്ചവരില്‍ പലരും. ജോലിയും പഠനവും ഉപേക്ഷിച്ചുകൊണ്ടാണ് പലരും ആത്മീയ ലോകത്തേക്കെന്നു പറഞ്ഞു നീങ്ങുന്നത്. എന്തുകൊണ്ട് നമ്മുടെ യുവത്വം ഭൗതികമായി ഉന്നത ബിരുദങ്ങളും ജോലിയും ഉണ്ടെങ്കിലും കേവലം അന്തംകെട്ടതെന്നു പറയാവുന്ന തരത്തിലേക്കുള്ള മതവിശ്വാസത്തിലേക്കു നീങ്ങുന്നത് എന്ന് പരിശോധിക്കപ്പെടണം. ആത്മീയതയില്‍ നിന്നകന്ന് ആസ്വാദനങ്ങളെ മാത്രം സ്വീകരിക്കുന്നവരെപ്പോലെ തന്നെ ആപല്‍ക്കരമാണ്, ഇസ്ലാം അനുവദിച്ച ജീവിതാനന്ദത്തെ പറ്റെ തള്ളിപ്പറഞ്ഞ് ഉന്മാദത്തോളം എത്തുന്ന ആത്മീയഭാവങ്ങളും. വിശ്വാസത്തെ കേവലമായ ആചാരാനുഷ്ഠാനങ്ങളിലും കേവല ചിഹ്നങ്ങളിലും പ്രതിഷ്ഠിക്കുകയും മതം ചെച്ചുനീട്ടുന്ന വിശാലതയുടെ എല്ലാ അടയാളങ്ങളെയും ജീവിതത്തില്‍ നിന്നും തിരസ്കരിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. തീര്‍ത്തും സമാധാനം നല്കാനാവാത്ത ഭൗതികതയില്‍ നിന്നും നമ്മുടെ യുവത്വം ദൈവികതയുടെ സമാധാനം അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ദൈവികത അന്വേഷിച്ചുചെല്ലുന്ന ഇക്കൂട്ടര്‍ പലപ്പോഴും ചെന്നെത്തുന്നത് ആത്മീയ കച്ചവടക്കാരുടെയോ തീവ്രവാദത്തിന്നായി മുസ്ലിം യുവത്വത്തെ അന്വേഷിച്ചു ചെല്ലുന്നവരുടെയോ കെണിയിലാണ്. മതത്തെ ആധികാരിക സ്രോതസ്സുകളില്‍ നിന്ന് പഠിച്ചെടുക്കാന്‍ ശ്രമിക്കാതെ കാപ്സ്യൂള്‍ ടിപ്സുകളാക്കി മതം വിതരണം ചെയ്യുന്നവരുടെ കെണികളിലാണ് പലരും ചെന്നെത്തുന്നത്. അതിന്റെ ആത്യന്തിക ഫലമാണ് സമുദായം ഒന്നാകെ അനുഭവിക്കുന്നത്. പലര്‍ക്കും തുറന്ന വെളിച്ചത്തില്‍ ലഭിക്കുന്ന പ്രാദേശിക മതപഠനക്ലാസ്സുകളേക്കാള് അവലംബം സോഷ്യല്‍ മീഡിയകളിലെ പലതരം ടിപ്സുകളാണ്. സ്നേഹം, കരുണ, ആര്‍ദ്രത, വിനയം, പക്വത എന്നിവയില്‍ നിന്നു തുടങ്ങി ശാശ്വതമായ സമാധാനത്തിലേക്കെത്തുന്നതാണ് ഇസ്ലാമിന്റെ ആശയാടിത്തറയെന്നും ഭൗതികവിരക്തിയെ അത് മുന്നോട്ടുവെക്കുന്നില്ലെന്നും അവരിവിടെനിന്നും പഠിക്കാന്‍ മറന്നുപോകുന്നു.
കരുതിക്കൂട്ടി പ്രകോപിപ്പിച്ച് തീവ്രവാദി മുദ്ര ചാര്‍ത്താനുള്ള ബാഹ്യശക്തികളുടെ ശ്രമവും സമുദായത്തിലെ പരിഷ്കരണ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സംഭവിച്ച ആന്തരിക മതജീര്‍ണ്ണതയും ഒന്നിച്ച് സമ്മേളിക്കുമ്പോഴാണ് ഒരുപാട് ഉമ്മമാര്‍ക്ക് എന്റെ മകന്റെ മയ്യിത്ത് പോലും കാണേണ്ടാ.. എന്ന് പറഞ്ഞ് വിലപിക്കേണ്ടിവരുന്നത്. ഈ നിലയിലെത്താതിരിക്കാന് സമുദായസ്നേഹികള്‍ ഒരുപാട് പ്രയത്നിക്കണം. ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെയാണ് താന്‍ വിശ്വസിക്കുകയും മറ്റുള്ളവര്‍ വിശ്വസിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന മതത്തെ പ്രബോധനം ചെയ്യേണ്ടതെന്നും എങ്ങനെയാണ് മതത്തെ ജീവിതത്തില്‍ പകര്ത്തിക്കാണിക്കേണ്ടതെന്നും ഉള്ള അവധാനയില്ലായ്മ എന്നും മുസ്ലിം സമൂഹത്തെ സംശയത്തോടെ വീക്ഷിക്കുന്നവര്‍ക്ക് അവരുടെ മേല്‍ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുക്കും. പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന, ഈ ലോകത്തെ അനുഭവിച്ചുകൊണ്ട് പരലോകത്ത് വിജയം നേടുന്ന സമാധാനത്തിന്റെ മതം പഠിപ്പിക്കാന്‍ എല്ലാ സംഘടനാപക്ഷപാതങ്ങളും മറന്ന് സമുദായം ഒന്നിക്കണം.