ഖലീല്‍ അബൂറയ്യാന്‍ ഇന്ന് അമേരിക്കന്‍ ജയിലിലാണ്. മിഷിഗന്‍കാരനായ ഖലീലിന് വയസ്സ് വെറും 21. ഭീകരാക്രമണം നടത്താന്‍ പരിപാടിയിട്ടു എന്ന കുറ്റം ചാര്‍ത്തിയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അയാളെ തടവിലിട്ടിരിക്കുന്നത്. കേസ് തുടങ്ങാന്‍ പോകുന്നേയുള്ളൂ.
ഖലീല്‍ അബൂറയ്യാന്‍ ഇന്ന് അമേരിക്കന്‍ ജയിലിലാണ്. മിഷിഗന്‍കാരനായ ഖലീലിന് വയസ്സ് വെറും 21. ഭീകരാക്രമണം നടത്താന്‍ പരിപാടിയിട്ടു എന്ന കുറ്റം ചാര്‍ത്തിയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അയാളെ തടവിലിട്ടിരിക്കുന്നത്. കേസ് തുടങ്ങാന്‍ പോകുന്നേയുള്ളൂ.
ഖലീല്‍ തോക്കുമായി ഡെട്രോയിറ്റിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം നടത്തണമെന്ന് പരിപാടി ഇട്ടത്രെ. ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയാണയാള്‍ എന്ന് എഫ്.ബി.ഐ പറയുന്നു.
എങ്ങനെയാണ് ഈ ചെറുപ്രായത്തില്‍ തന്നെ ഖലീല്‍ ഒരു തീവ്രവാദിയായത്?
അയാളുടെ ചരിത്രമന്വേഷിച്ച ദ ഇന്റര്‍സെപ്റ്റ് ഓണ്‍ലൈന്‍ മാധ്യമത്തിന് അമ്പരപ്പിക്കുന്ന ചില വസ്തുതകളാണ് കണ്ടെത്താനായത്. ഖലീലിന്റെ ജീവിതത്തെ അട്ടിമറിച്ചത്, അതിലേക്ക് കടന്നുവന്ന രണ്ടു സുന്ദരി പെണ്‍കുട്ടികളാണ്.
സുന്ദരിപ്പെണ്‍കുട്ടികള്‍ എന്നത് അയാളുടെ സങ്കല്‍പം. വാസ്തവത്തില്‍ ഇന്റര്‍നെറ്റ് സൗഹൃദമായാണ് രണ്ടും തുടങ്ങിയത്. രണ്ടുസ്ത്രീകളെയും ഖലീല്‍ ഒരിക്കലും നേരിട്ടു കണ്ടതല്ല.
ആദ്യം ഓണ്‍ലൈന്‍ കൂട്ടുകാരിയായി വന്നവള്‍ 'ഗാദ' എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ചാറ്റും മെയിലുമൊക്കെ തീക്ഷ്ണമായ ഒരു ഓണ്‍ലൈന്‍ പ്രണയമായി വളര്‍ന്നു.
അവര്‍ വിവാഹത്തെപ്പറ്റി പരസ്പരം പറഞ്ഞു. കുടുംബജീവിതത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും സൈബര്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. ഖലീലിന്റെ എല്ലാമായിക്കഴിഞ്ഞിരുന്നു ഗാദ.
അപ്പോഴാണ് പെട്ടെന്നൊരു നാള്‍ ഗാദ ബന്ധമൊഴിഞ്ഞത്. കാരണം പറഞ്ഞില്ല. ഖലീലിന്റെ മനസ്സ് തകര്‍ന്നു.
അവനറിയില്ലല്ലോ. ഗാദ ഒരു ചൂണ്ടയായിരുന്നെന്ന്. അവള്‍ എഫ്.ബി.ഐക്കുവേണ്ടി പണിയെടുക്കുന്ന ചാരപ്പെണ്ണായിരുന്നു. ഇരകളെ കണ്ടെത്തി കെണിയില്‍പ്പെടുത്തുന്ന 'ഇന്‍ഫോമന്റ്'. ഇരയുടെ ഹൃദയം തകര്‍ത്ത് അവനില്‍ ആത്മഹത്യാവിചാരം തുടങ്ങിവെച്ചതോടെ ഗാദയുടെ ജോലികഴിഞ്ഞു.
മോഹഭംഗം പിടിപെട്ട്, ആത്മഹത്യയെപ്പറ്റി ചിന്തിച്ചുതുടങ്ങിയ ഖലീലിന്റെ ജീവിതത്തിലേക്ക് രണ്ടാമത്തെ 'തേന്‍കുടം' എത്തി. പേര് ജന്നാ ബ്രൈഡ്.
(യുവാക്കളെ കെണിയില്‍പെടുത്താന്‍ വേണ്ടി എഫ്.ബി.ഐ അയക്കുന്ന സ്ത്രീകളത്രെ 'ഹണിപോട്ട്' അഥവാ 'തേന്‍കുടം'. ജന്നാബ്രൈഡും എഫ്.ബി.ഐ. ഏജന്റായിരുന്നു.)
19-കാരി സുന്നി മുസ്‌ലിമെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ജന്ന ഖലീലിന്റെ മുറിപ്പെട്ട മനസ്സ് തൊട്ടത്. മൃദുവായ സംസാരം. മധുരശബ്ദം. ഒരു സാന്ത്വനഗീതത്തിന്റെ തരളനാദം.
ഖലീല്‍ അത് പറയുകയും ചെയ്തു: 'നിന്റെ ശബ്ദം കൊള്ളാം.' ജന്ന തുടര്‍ന്ന് സംസാരിച്ചത് ജീവത്യാഗത്തിന്റെ മഹത്വത്തെപ്പറ്റി; ജിഹാദിനെപ്പറ്റി.
ആത്മഹത്യാ മുനമ്പില്‍ നിന്നുകൊണ്ട് ഖലീല്‍ ചെവികൊടുത്തു, ഹിംസയുടെ, ആത്മത്യാഗത്തിന്റെ, പുണ്യം നിറച്ച ഉപദേശങ്ങള്‍ക്ക്.
***
ദ ഇന്റര്‍സെപ്റ്റ് ഓണ്‍ലൈന്‍ മാധ്യമം കണ്ടെത്തിയത്, എഫ്.ബി.ഐയുടെ ഗൂഢതന്ത്രങ്ങളിലൊന്നാണ് ഖലീലിന്റെ തുടര്‍ന്നുള്ള ചെയ്തികള്‍ എന്നാണ് ലേഖകനായ ട്രെവര്‍ ആറോണ്‍സണ്‍ രേഖപ്പെടുത്തുന്നു:
പരിചയപ്പെട്ട ഏറെ വൈകാതെ ജന്ന ഖലീലിനോടു പറഞ്ഞു: ഞാന്‍ ജിഹാദിന്റെ മാര്‍ഗത്തിലാണ്. നിനക്കും വന്നുകൂടെ? ആയുധമെടുക്കാന്‍ ഭയമുണ്ടോ? സിറിയയിലേക്കുചെന്ന് വിശുദ്ധ യുദ്ധത്തിനു തയ്യാറാണോ?
ഖലീല്‍ പറഞ്ഞു: ഞാന്‍ സിറിയയിലേക്ക് പോകാന്‍ ഒരുങ്ങിയതായിരുന്നു. എന്റെ പക്കല്‍ എ.കെ.47 തോക്കുണ്ട്.
രണ്ടും കള്ളമായിരുന്നു. ജന്നയില്‍ മതിപ്പുണ്ടാക്കാന്‍ പറഞ്ഞതാണ് രണ്ടും.
2016 ഫെബ്രുവരി 2ന് അവര്‍ തമ്മില്‍ നടത്തിയ ഒരു 15 മിനിറ്റ് ഫോണ്‍ സംഭാഷണം ട്രെവര്‍ ആറോണ്‍ പിന്നീട് പകര്‍ത്തി; അത് ഇങ്ങനെ:
ഖലീല്‍: അതെ, എനിക്ക് മടുത്തു. ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുകയാണ് ഞാന്‍.
ജന്ന: പറച്ചിലേ ഉള്ളൂ, അല്ലേ? എന്തെങ്കിലും പ്ലാനുണ്ടോ?
ഖലീല്‍: ഒരു കയര്‍ വാങ്ങിയിട്ടുണ്ട്. വലിയ പ്രയാസമൊന്നുമില്ലല്ലോ.
ജന്ന: പ്രയാസമില്ലെന്നോ? സ്വന്തം ജീവനെടുക്കുന്നത് എളുപ്പമാകുമോ ഖലീല്‍?
ഖലീല്‍ ആത്മഹത്യചെയ്യാന്‍ ഉറപ്പിച്ചിരുന്നോ അതോ വെറുതെ പറഞ്ഞതാണോ എന്ന് വ്യക്തമല്ല. പക്ഷേ സംഭാഷണത്തിന്റെ ദിശ പെട്ടെന്ന് മാറ്റുന്നു ജന്ന: സ്വയം നശിപ്പിക്കുന്നതിനു പകരം ശത്രുക്കളെ നശിപ്പിക്കുന്നതല്ലേ ബുദ്ധി.?
ജന്ന: നിനക്ക് മെച്ചമെന്ന് തോന്നുന്നതെന്താണ്? സ്വയം നശിക്കുന്നതോ അന്യനെ നശിപ്പിക്കുന്നതോ?
ഖലീല്‍: എന്നുവെച്ചാല്‍?
ജന്ന: നീ ഉദ്ദേശിക്കുന്നത് സ്വയം വെറുതെ മരിക്കാനോ അതോ മറ്റാരെയെങ്കിലും കൊല്ലാനോ?
ഖലീല്‍: വേറൊരാളെ ഹനിക്കുന്നത് എനിക്കിഷ്ടമല്ല. സ്വയം ഹത്യയാണ് എളുപ്പം. പിന്നീട് കുഴപ്പമില്ലതാനും.
പക്ഷേ ഈ സംഭാഷണം നടന്ന് രണ്ടു മാസമായപ്പോഴേക്കും എഫ്.ബി.ഐ ഏജന്റുമാര്‍ ഖലീലിന്റെ വീടും ജോലിസ്ഥലവും റെയ്ഡ് ചെയ്തു. ജന്നയോടു പറഞ്ഞ എ.കെ.47 തോക്കിനുവേണ്ടി പരതി. അത് കിട്ടിയില്ല. എങ്ങനെ കിട്ടാന്‍! ജന്നക്കു മുമ്പില്‍ ആളാകാന്‍ വേണ്ടി ഇറക്കിയ അസത്യമായിരുന്നല്ലോ അത്.
പക്ഷേ, ഒരു സാധാരണ തോക്ക് അധികൃതര്‍ കണ്ടെടുത്തു. ഡെട്രോയിറ്റില്‍ പിസ്സ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ഖലീലിന്. അതിനിടക്ക് ഉണ്ടാകാവുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ രക്ഷാആയുധമെന്ന നിലക്ക് വാങ്ങിയതായിരുന്നു അത്.
***
കേസ് തുടങ്ങാനിരിക്കെ, ഖലീലിന്റെ സംഭാഷണങ്ങളെപ്പറ്റി എഫ്.ബി.ഐ ഒന്നും പുറത്തുവിടുന്നില്ല. പക്ഷേ, ഖലീലിന്റെ അഭിഭാഷകര്‍ പറയുന്നു: ഖലീലിനെ ചൂഷണം ചെയ്ത് അക്രമത്തിലേക്ക് വഴിതെറ്റിച്ചത് സര്‍ക്കാര്‍ ഏജന്‍സിയാണ്.
അറസ്റ്റിനുശേഷം ഖലീല്‍ മനശ്ശാസ്ത്രജ്ഞനോടു പറഞ്ഞത് ഒരിക്കലും എന്നെ ഒരു പെണ്‍കുട്ടിയും, ഞാന്‍ ഒരു പെണ്‍കുട്ടിയെയും സ്പര്‍ശിച്ചിട്ടില്ല.
നിരപരാധികള്‍ക്കുവേണ്ടി ചതിക്കുഴികള്‍ ഇന്ന് ഏറെയാണ്. പ്രത്യേകിച്ച് യുവജനങ്ങള്‍ക്കുവേണ്ടി. തെരുവുകളിലും ഓഫീസുകളിലും പഠനസ്ഥലങ്ങളിലും മാത്രമല്ല, അതിവികസിതമായ സൈബര്‍ ലോകത്തും.
ഐസിസ്/ ഐ.എസ് പോലുള്ള ഭീകര സംഘങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത് കൂടുതലും ഇന്റര്‍നെറ്റ് -മൊബൈല്‍ മാധ്യമങ്ങളിലൂടെയാണെന്ന പഠനങ്ങള്‍ പറയുന്നു. മറ്റൊരു ചതിയിലും വീഴാത്ത സുമനസ്സുകള്‍ പോലും മതത്തിന്റെ വിലാസം പറയുന്നതോടെ കെണിയിലേക്ക് ആവേശപൂര്‍വ്വം ഓടിക്കയറുകയാണ്.
ജൂതന്മാരെ കൂട്ടക്കൊല ചെയ്ത നാസിഭീകരന്മാര്‍ പിന്നീട് മറ്റൊരു തന്ത്രത്തിലൂടെ മുസ്‌ലിംകളെ ഭീകരവൃത്തിയിലേക്ക് ആകര്‍ഷിച്ചതായി ചില ചരിത്രകാരന്മാര്‍ അവകാശപ്പെട്ടിട്ടുണ്ട്. സയണിസ്റ്റ് വിരുദ്ധര്‍ നാസി-മുസ്‌ലിം കൂട്ടുമുന്നണിയാണെന്ന് വാദിക്കുന്നവര്‍ ഇത്തരം ചരിത്രകാരന്മാരെ ഉയര്‍ത്തിക്കാട്ടാറുമുണ്ട്.
പ്രചാരണ പ്രധാനമായ ഇത്തരം പുസ്തകങ്ങളിലൊന്നാണ് ഗ്ലെന്‍ ഇന്‍ഫീല്‍ഡിന്റെ ടസീൃ്വലി്യ:ഒശഹേലൃ' െഇീാാമിറീ. 1981-ല്‍ ഇറങ്ങിയ പുസ്തകത്തിലെ ഒരു ഭാഗം ഭീകരപ്രസ്ഥാനങ്ങളുടെ ഗൂഢതന്ത്രങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ഹിറ്റ്‌ലറുടെ വലംകൈയായിരുന്ന സ്‌കോര്‍സെനി, മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ഈജിപ്തിലെത്തിയത്രെ. മുന്‍ നാസി പട്ടാളക്കാരെ അവിടെ നവമുസ്‌ലിംകളായി പരിചയപ്പെടുത്തി. എന്നിട്ട് അവരെ ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ വല വീശിപ്പിടിക്കാന്‍ തുടങ്ങി.
ഇത് സത്യമായാലും അല്ലെങ്കിലും, ശുദ്ധഗതിക്കാരായ മതവിശ്വാസികളെ കെണിയില്‍ പെടുത്താനുള്ള ഗൂഢതന്ത്രങ്ങളെപ്പറ്റി അത് സൂചന നല്‍കുന്നുണ്ട്. അതുതന്നെ പാഠമാകണം.
കാരണം കെണികള്‍ തുറന്നു കിടപ്പുണ്ട് എന്നതൊരു സത്യമാണ്. അവയില്‍ ആരൊക്കെയോ ചെന്ന് ചാടുന്നു എന്നതും.