സ്‌നേഹംകൊണ്ട് മാത്രം നമുക്ക് ജീവിക്കാനാകുമോ?
ടി.മുഹമ്മദ് വേളം
2016 ജനുവരി
ജീവിതത്തിന്റെ ഏറ്റവും വലിയ രസം സ്‌നേഹമാണ്. തന്നോടും ജീവിതത്തോടുമുളള സ്‌നേഹത്തില്‍ തുടങ്ങി അന്യരിലേക്ക് വളര്‍ന്നു വികസിക്കുന്ന സ്‌നേഹരസങ്ങള്‍. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഒരാള്‍ക്ക് ജീവിതം അര്‍ഥവത്തായി അനുഭവപ്പെടുന്നത്. ഏറ്റവും വലിയ ശൂന്യത സ്‌നേഹശൂന്യതയാണ്. സ്‌നേഹമല്ലാത്ത മറ്റൊന്നുകൊണ്ടും ആ ശൂന്യതയെ നിറക്കാനാകില്ല. ഒരു കുഞ്ഞു മുതല്‍ മരണാസന്നന്‍ വരെ താന്‍
ജീവിതത്തിന്റെ ഏറ്റവും വലിയ രസം സ്‌നേഹമാണ്. തന്നോടും ജീവിതത്തോടുമുളള സ്‌നേഹത്തില്‍ തുടങ്ങി അന്യരിലേക്ക് വളര്‍ന്നു വികസിക്കുന്ന സ്‌നേഹരസങ്ങള്‍. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഒരാള്‍ക്ക് ജീവിതം അര്‍ഥവത്തായി അനുഭവപ്പെടുന്നത്. ഏറ്റവും വലിയ ശൂന്യത സ്‌നേഹശൂന്യതയാണ്. സ്‌നേഹമല്ലാത്ത മറ്റൊന്നുകൊണ്ടും ആ ശൂന്യതയെ നിറക്കാനാകില്ല. ഒരു കുഞ്ഞു മുതല്‍ മരണാസന്നന്‍ വരെ താന്‍ സ്‌നേഹിക്കപ്പെടണം എന്ന് കൊതിക്കുന്നവരാണ്. സ്്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവരും. മനുഷ്യജീവിതം തന്നെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ളതാണ്. സ്‌നേഹംകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ അസാധാരണകഥകള്‍ മനുഷ്യനെ ആവേശംകൊള്ളിക്കുന്ന ഓര്‍മയുടെ ശേഖരങ്ങളിലുണ്ട്. അത് പ്രണയത്തിന്റെതാകാം. മാതാവിനെ സ്‌നേഹിച്ച മകന്റെതാകാം. പലതുമാകാം. ജീവിതത്തിന്റെ അഖിലസാരമാണ് സ്‌നേഹമെന്ന് നിര്‍വചിച്ച കവികളുണ്ട്. പലതരം സ്‌നേഹബന്ധങ്ങളുടെ ആഖ്യാനങ്ങളിലൂടെ സ്‌നേഹത്തെ നിര്‍വചിക്കുകയാണ് സാഹിത്യം ചെയ്യുന്നത് എന്നു പറഞ്ഞ നിരൂപകരുണ്ട്. സ്‌നേഹത്തോളം മനുഷ്യനെ കീഴ്‌പ്പെടുത്താന്‍ കഴിയുന്ന മറ്റൊരു ആയുധവുമില്ല. അത്രത്തോളം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന മറ്റൊരു ആശയവുമില്ല. ഉത്സാഹത്തിന്റെ ഊര്‍ജസ്രോതസ്സാണത്. മഹാത്യാഗങ്ങളുടെ പ്രേരകശക്തി. മറ്റൊരാള്‍ എന്നിലൂടെ സംതൃപ്തനാകുന്നതാണ് എന്റെ സംതൃപ്തി. എനിക്ക് എന്നിലൂടെ തൃപ്തനാവാനാവില്ല. എന്റെ തൃപ്തി അന്യനിലാണ് ദൈവം പാത്തുവെച്ചിരിക്കുന്നത്. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം തെളിയുന്നതുപോലെ മറ്റൊരാളുടെ ഹൃദയത്തില്‍ ഞാനും എന്റെ ഹൃദയത്തില്‍ അയാളും പ്രതിബിംബിക്കുമ്പോഴാണ് ജീവിതം അര്‍ഥസമ്പന്നവും വര്‍ണമനോഹരവുമാകുന്നത്. എന്നെക്കൊണ്ടുമാത്രം എന്റെ ജീവിതത്തെ എനിക്ക് അര്‍ഥപൂര്‍ണമാക്കാനാവില്ല.
പക്ഷെ, സ്‌നേഹംകൊണ്ട് മാത്രം മനുഷ്യന് ജീവിക്കാനാകുമോ? സ്‌നേഹംകൊണ്ട് മാത്രം സ്‌നേഹത്തിനുപോലും നിലനില്‍ക്കാനാകുമോ? സ്‌നേഹത്തിന്റെ നിലനില്‍പ്പിന് സ്‌നേഹേതരമായ ഘടകങ്ങള്‍ കൂടി ആവശ്യമാണ്. പിണങ്ങിയ ദമ്പതികളോട് സംസാരിച്ചാല്‍, തെറ്റിപ്പിരിഞ്ഞ കൂട്ടുകാരെ പരിശോധിച്ചാല്‍ പലപ്പോഴും സ്‌നേഹക്കുറവല്ല അമിത സ്‌നേഹമാണ് പിണക്കത്തിനും പിരിയലിനും കാരണമെന്ന് കാണാനാവും. ഞാനിത്രയൊക്കെ സ്‌നേഹിച്ചിട്ട് ഞങ്ങളിത്ര വലിയ സ്‌നേഹത്തിലായിട്ട് ഇങ്ങനെയായല്ലോ എന്നതാണ് ബന്ധവിഛേദനങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പരാതി. സ്‌നേഹം കൊണ്ട് മാത്രം കണ്ണിപൊട്ടിയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനാവില്ല. തനിത്തങ്കം കൊണ്ട് ആഭരണങ്ങളുണ്ടാക്കിയാല്‍ അതിന് നിലനില്‍ക്കാനാവില്ല. അതില്‍ പ്രായോഗികതയുടെ ചെമ്പ് ചേരുമ്പോഴാണ് അത് ഉപയോഗമൂല്യമുള്ളതാകുന്നത്.
'മൂര്‍ഖന്‍ പാമ്പിനേയും സ്‌നേഹിക്കാം ഒരടി മാറിനിന്ന്' എന്നു പറഞ്ഞത് മലയാളത്തിലെ ലെജന്റ് വൈക്കം മുഹമ്മദ് ബഷീറാണ്. ജീവിതം മൂര്‍ഖന്‍ പാമ്പല്ല, സഹയാത്രികര്‍ വിഷസര്‍പ്പങ്ങളല്ല. എങ്കിലും, രണ്ടടി അകലം എന്തിനും ബാധകമാണ്.
രണ്ടടി മാറി നില്‍ക്കുമ്പോഴാണ് എന്തിനെയും ആരെയും അതിന്റെ പൂര്‍ണതയില്‍ നമുക്ക് അനുഭവിക്കാനാവുക. അവരെ അവരായി കാണാന്‍ കഴിയുക. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിത്വങ്ങള്‍ വകവെച്ചുകൊടുത്തുകൊണ്ട് മാത്രമെ സ്‌നേഹത്തിന് വളരാനാവൂ. അല്ലാത്ത സ്‌നേഹബന്ധങ്ങള്‍ സൂക്ഷ്മാര്‍ഥത്തില്‍ പരിശോധിച്ചാല്‍ അടിമത്തങ്ങളായിരിക്കും.
ഏത് സ്‌നേഹബന്ധത്തിലും കാലുഷ്യങ്ങളുണ്ടാകുന്നത് ഒരാള്‍ പ്രതീക്ഷിച്ചപോലെ മറ്റെയാള്‍ പെരുമാറുന്നില്ല എന്ന വിചാരത്തില്‍ നിന്നാണ്. ചിലപ്പോഴെങ്കിലും സ്‌നേഹം സ്വാര്‍ഥതയുടെ വസ്ത്രമണിഞ്ഞ രൂപമാവാറുണ്ട്. സ്‌നേഹം ആരോഗ്യം കൈവരിക്കുന്നത് അതോടൊപ്പം മറ്റുചിലതുകൂടി ചേരുമ്പോഴാണ്. നിര്‍വികാരതയെ കൂടി ചേര്‍ത്തുകൊണ്ടേ സ്‌നേഹത്തെ ആരോഗ്യവത്താക്കാനാവൂ. പുതുതായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ തന്റെ ഗുരുവിനോട് ചോദിച്ചു: 'എനിക്ക് ഒരു നല്ല ദാമ്പത്യജീവിതം ലഭിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?' ഗുരു പറഞ്ഞു: 'നീ നിന്റെ ദാമ്പത്യത്തില്‍ അന്ധനും മൂകനും ബധിരനുമാവുക.' കാര്യം പിടികിട്ടാതെ ശിഷ്യന്‍ ഗുരുവിനോട് പൊരുളന്വേഷിച്ചു. ഗുരു വിശദീകരിച്ചു: 'എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന അന്ധനും എല്ലാം കേട്ടില്ലെന്ന് വെക്കുന്ന ബധിരനും എല്ലാറ്റിനോടും പ്രതികരിക്കാത്ത മൂകനുമാവുക. എങ്കില്‍ നിനക്ക് നല്ല ദാമ്പത്യം ലഭിക്കും.' സ്ത്രീ വളഞ്ഞ വാരിയെല്ലാണെന്ന് പ്രവാചകന്‍ പറഞ്ഞത് പ്രതീക പ്രധാനമായ പ്രസ്ഥാവനയാണ്. ഏതൊരാളെയും അവരുടെ പ്രകൃതത്തിനപ്പുറം വളക്കാനോ നിവര്‍ത്താനോ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. അത് ആണിനും ബാധകമായ സത്യമാണ്. പ്രവാചകന്‍ ഒരു സന്ദര്‍ഭത്തില്‍ ആണുങ്ങളെ അഭിമുഖീകരിച്ച് പെണ്ണിനെക്കുറിച്ച് പറഞ്ഞുവെന്ന് മാത്രം. വളഞ്ഞ വാരിയെല്ല് ഒരു വസ്തുത എന്നതിനേക്കാള്‍ ഉപമയാണ്.
ഞാന്‍ സ്‌നേഹിക്കുന്ന മക്കള്‍ ഞാന്‍ വിചാരിക്കുന്നപോലെ ആവണം എന്ന് ശഠിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളില്‍ ഏറിയ പങ്കും. അപ്പോള്‍ നിങ്ങള്‍ അവരെയല്ല സ്‌നേഹിക്കുന്നത് നിങ്ങളെത്തന്നെയാണ്. നിങ്ങളുടെ നീള്‍ച്ച (extension) യായി മാത്രം അവരെ കണക്കാക്കുകയാണ്. എന്നിട്ട് അതിനെ മക്കളോടുള്ള സ്‌നേഹം എന്ന് പേരിട്ട് നാം നമ്മളെത്തന്നെ ലാളിക്കുകയാണ്. അവരെ അവരായിക്കണ്ട് സ്‌നേഹിക്കുമ്പോഴേ അത് ശരിയായ സ്‌നേഹമാവുകയുള്ളൂ. നമ്മുടെ മക്കളെ ഒരിത്തിരി നിസ്സംഗരായി മാറിനിന്ന് നോക്കിയാലേ നമുക്കതിന് കഴിയൂ. ഖലീല്‍ ജിബ്രാന്റെ പ്രസ്താവന പ്രസിദ്ധമാണ്: 'നിങ്ങളുടെ മക്കള്‍ നിങ്ങളുടേതല്ല. അവര്‍ നിങ്ങളില്‍നിന്ന് വന്നവരല്ല. അവര്‍ നിങ്ങളിലൂടെ വന്നവരാണ്.' മാതാപിതാക്കള്‍ മക്കളുടെ ഉടമസ്ഥരല്ല. സ്വതന്ത്രവ്യക്തിത്വങ്ങളുടെ ജന്മത്തിന്റെ നിമിത്തങ്ങള്‍ മാത്രമാണ്. സ്വതന്ത്രവ്യക്തിത്വങ്ങളായി വളര്‍ന്ന് വികസിക്കാന്‍ അവരെ സഹായിക്കലാണ് മാതാപിതാക്കളുടെ ബാധ്യത. മക്കളെ തങ്ങളിലേക്ക് വെട്ടിച്ചുരുക്കാനല്ല അവരിലേക്ക് വികസിപ്പിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. അഥവാ, അവരിലെ അവരെ കണ്ടെത്താനും വളര്‍ത്താനും. അപ്പോഴാണ് നാം നമുക്കപ്പുറം അവരെ സ്‌നേഹിക്കുന്നു എന്ന് പറയാനാവുക.
ജീവിതസ്‌നേഹം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മൂല്യമാണ്. ആത്മഹത്യയെ നിഷിദ്ധമാക്കിയ മതമാണ് ഇസ്‌ലാം. ജീവിതത്തെ പ്രസാദാത്മകമായി അഭിമുഖീകരിക്കാനാണ് അത് അനുശീലിപ്പിക്കുന്നത്. നല്ല ഇഹലോകവും നല്ല മറുലോകവും ഖുര്‍ആനിലെ സുപ്രധാനമായ പ്രാര്‍ഥനാമന്ത്രമാണ്. പക്ഷെ, ജീവിതത്തോടുള്ള കെട്ടുപിണഞ്ഞ ബന്ധത്തെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതാസ്വാദനത്തിന്റെ വാതിലുകളൊന്നും അടച്ചുകളയാത്ത ആദര്‍ശമാണ് ഇസ്‌ലാം. ജീവിതത്തിന്റെ അലങ്കാരങ്ങളെ നിഷിദ്ധമാക്കിയ പൗരോഹിത്യത്തോട് അതിന് ആരാണ് നിങ്ങള്‍ക്കധികാരം തന്നതെന്ന് മുഖത്തടിച്ച് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ഇസ്‌ലാമിലെ വിരക്തി ജീവിത നിഷേധമല്ല. ഒപ്പം ജീവിതവിരക്തി (സുഹ്ദ്) ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു സുപ്രധാന മൂല്യമാണ്. ജീവിതവിരക്തി ജീവിതത്തിന്റെ സൗഭാഗ്യങ്ങളില്‍നിന്നും സൗന്ദര്യങ്ങളില്‍നിന്നുമുള്ള പലായനമല്ല. ജീവിതം ആസ്വദിച്ചുകൊണ്ടുതന്നെ അതിനോടു പുലര്‍ത്തുന്ന മനോഭാവമാണ്. ഒരാള്‍ അലി (റ) നോട് ചോദിച്ചു: 'ആയിരം ദീനാറിന്റെ ഉടമ വിരക്തനാവുമോ?' അദ്ദേഹം പറഞ്ഞു : 'ആയിരം ദീനാറിന്റെ ഉടമ വിരക്തനാവും. അവന്‍ അതിന്റെ അടിമയാവുമ്പോഴാണ് വിരക്തനല്ലാതാവുന്നത്.' അഹ്മദുബ്‌നു ഹമ്പല്‍ (റ) പറയുന്നു.' പണം ഉള്ളയാളും വിരക്തനാവും. പക്ഷേ, പണം ലഭിക്കുക എന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ കാര്യമാണെന്നും അതു നഷ്ടപ്പെടുക എന്നത് എറ്റവും വലിയ നഷ്ടമാണെന്നും കരുതുമ്പോഴാണ് ഒരാള്‍ വിരക്തനല്ലാതാവുന്നത്. ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി പറയുന്നു.' നിങ്ങള്‍ പണം കീശയില്‍ സൂക്ഷിക്കുക, ഹൃദയത്തില്‍ സൂക്ഷിക്കരുത്.' ആസക്തിയുടെയും വിരക്തിയുടെയും അടിസ്ഥാനം ദാരിദ്ര്യമോ സമ്പന്നതയോ അല്ല, സമ്പന്നനും ആസക്തനോ വിരക്തനോ ആവാം. ദരിദ്രനും ആസക്തനോ വിരക്തനോ ആവാം. വിരക്തി സമ്പത്തിനോടും ജീവിതത്തിനോടുമുള്ള മാനസികാവസ്ഥയാണ്. അല്ലെങ്കില്‍ നിലപാടാണ്. വിരക്തി ജീവിതാസ്വാദനത്തെ തടയുന്ന മൂല്യമല്ല. ജീവിതാസ്വാദനത്തെ സഹായിക്കുന്ന ഗുണമാണ്. ഇസ്‌ലാം വിരക്തി പഠിപ്പിക്കുന്നത് ജീവിതാനന്ദങ്ങളെ നിഷേധിക്കാന്‍ വേണ്ടിയല്ല. അതിനെ കൂടുതല്‍ ആനന്ദകരമാക്കാനും പരിപക്വമാക്കാനും വേണ്ടിയാണ്. ഇസ്്‌ലാമിലെ വിരക്തന്‍ ജീവിതത്തില്‍നിന്നും ഒളിച്ചോടുന്ന പരിവ്രാജകനല്ല. ജീവിതത്തിന്റെ കൈപ്പും മധുരവും അനുഭവിക്കുന്ന പച്ച മനുഷ്യനാണ്. വിരക്തിയുടെ ഘടകത്തെ ചേര്‍ത്തു മാത്രമേ ജീവിതത്തെ നമുക്ക് ശരിയായ രീതിയില്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. വിരക്തി ജീവിതത്തിലെ എല്ലാറ്റിനോടുമുള്ള ഒരടി അകലം പാലിക്കുന്ന മനോഭാവമാണ്. ഈ അകലമാണ് ജീവിത്തില്‍ എല്ലാറ്റിനെയും ആസ്വാദ്യകരമാക്കുന്നത്, അപ്പോള്‍ ജീവിതാസ്വാദനത്തെ തടയാനല്ല കൂടുതല്‍ ആസ്വാദകരമായ ജീവിതത്തിനുവേണ്ടിയാണ് ഇസ്‌ലാം വിരക്തി പഠിപ്പിച്ചത്. ഇസ്‌ലാമിലെ വിരക്തി ജീവിതാനന്ദത്തിന്റെ എതിര്‍വാക്കല്ല, ആസക്തിയുടെ എതിര്‍പദമാണ്. ജീവിതത്തില്‍നിന്ന് ഒരടി മാറി നില്‍ക്കുമ്പോള്‍ ജീവിതം നമുക്ക് മനോഹരമായി അനുഭവപ്പെടും. ആരെയും ഒരിത്തിരി മാറിനിന്ന് നോക്കിക്കണ്ടാല്‍ അവരുടെ മഹത്വവും സൗന്ദര്യവും നമുക്ക് ബോധ്യമാകും. സ്വന്തം ഭാര്യക്ക് സൗന്ദര്യമുണ്ടാകണമെങ്കില്‍ അയല്‍ക്കാരന്റെ ജനലിലൂടെ നോക്കണം എന്നു പറയാറുണ്ടല്ലോ. ഇത് അക്കരപ്പച്ച മനസ്സിന്റെ മാത്രം വിഷയമല്ല. ഇത്തിരി ദൂരം മാറിനിന്ന് നോക്കുന്നതിന്റെ സൗന്ദര്യം കൂടിയാണ്. അതിവൈകാരികത ആസക്തിയുടെ ഭാഗമാണ്. അതിവൈകാരികത ശരിയായ അനുഭൂതികളെ കലുഷമാക്കുകയും തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്. 'ഇടക്ക് കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം' എന്നു കവി ചോദിച്ചപോലെ ഒരിത്തിരി നിസ്സംഗത ചേര്‍ക്കാതെ സ്‌നേഹത്തെ നമുക്ക് ഉപയോഗയോഗ്യമായ ജീവിതോല്‍പന്നമാക്കാന്‍ കഴിയില്ല. ഒരുപാട് സ്‌നേഹത്തോടെയും ഒരിത്തിരി നിസ്സംഗതയോടെയും ജീവിതത്തെ നോക്കിക്കണ്ടാല്‍ ജീവിതം നമുക്ക് മനോഹരമായി അനുഭവപ്പെടും. ജീവിതയാത്രയില്‍ ഹൃസ്വമായും ദീര്‍ഘമായും നമ്മളോടൊപ്പം യാത്രചെയ്യുന്നവരോടുള്ള മനോഭാവത്തിലും ഇത് പ്രസക്തമാണ്. സ്‌നേഹിക്കുമ്പോഴും കുറച്ചകലെ നിന്ന് അവരെ വീക്ഷിച്ചു നോക്കുക. നമ്മള്‍ ഇതുവരെ കാണാത്ത ഒരുപാട് സൗന്ദര്യങ്ങള്‍ അവരില്‍ കാണാന്‍ കഴിയും. ആസക്തരല്ല, ജീവിതം ആസ്വദിക്കുന്നത്. ശരിയായ അളവില്‍ വിരക്തി ഉള്ളവരാണ്. ആസക്തന്റെ ഏറ്റവും വലിയ അനുഭവം ആസക്തി തന്നെയാണ്. ജീവിതത്തിന്റെ സൂക്ഷ്മമായ അനുഭൂതികളൊന്നും അറിയാതെ പോകുന്ന നിര്‍ഭാഗ്യവാനാണവന്‍. വെട്ടിപ്പിടിക്കാന്‍ തീരുമാനിച്ചവന്‍ വെട്ടിപ്പിടിച്ചതുപോലും അനുഭവിക്കാത്തവനായിരിക്കും. ഭൗതികാസക്തന്‍ ഭൗതിക ജീവിതത്തില്‍ തന്നെ നഷ്്ടം ഏറ്റുവാങ്ങുന്നവനാണ്. ആസക്തി ലുബ്ധിലേക്കും ലുബ്ധ് ആസ്വാദനരാഹിത്യത്തിലേക്കും മനുഷ്യനെ എത്തിക്കുന്നു. ജീവിതത്തിന്റെ ആസ്വാദനം നുരഞ്ഞുപൊന്തുന്ന ലഹരിയിലോ ശമിക്കാത്ത കാമത്തിലോ എണ്ണിത്തീരാത്ത പണത്തിലോ അല്ല; അത് ഹൃദയത്തിന്റെ സൂക്ഷ്മ തന്ത്രികളിലാണ്. കടലിലൂടെ വെട്ടിപ്പിടിക്കാന്‍ പോകുന്നവര്‍ കടലിലെ കാഴ്ച കാണാറില്ല. വിരക്തിയില്ലാത്ത സ്‌നേഹം ആസക്തിയായിരിക്കും. ആസക്തന്‍ സ്‌നേഹത്തിന്റെ ആനന്ദങ്ങള്‍ ഒരിക്കലും ശരിയായി അനുഭവിക്കാത്തവനാണ്. സ്‌നേഹം അവന് അനുഭൂതി എന്നതിനെക്കാള്‍ ശിക്ഷയായിരിക്കും. ജീവിതത്തെ കുറിച്ചു തന്നെയുള്ള പരാതികളുടെ ഉറവിടമായിരിക്കും. പലഹാരത്തില്‍ ഉപ്പ് ചേര്‍ക്കുന്നതുപോല, സ്വര്‍ണാഭരണത്തില്‍ ചെമ്പ് ചേര്‍ക്കുന്നപോലെ ജീവിതത്തില്‍ പാകത്തിന് വിരക്തിയും നിര്‍വികാരതയും ചേര്‍ത്തുമാത്രമേ നമുക്കതിനെ ആസ്വാദ്യകരവും മനോഹരവുമാക്കാന്‍ കഴിയൂ.