ഔചിത്യബോധത്തോടെ പെരുമാറുക!
സഈദ് മുത്തനൂര്‍
2016 ജനുവരി
അയല്‍വാസികളായ രണ്ടുപേര്‍ ഒരാള്‍ മുസ്ലിം അപരന് കൃസ്ത്യാനി. ഇരുവരും ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച ചെയ്യുക പതിവാണ്. മുസ്ലിം ഒരു ഭക്തനും ആരാധനാ കാര്യങ്ങളില്‍ വ്യാപൃതനുമായിരുന്നു. സംവാദങ്ങള്‍ക്കിടയില്‍ മുസ്ലിം സഹോദരന് ഇസ്ലാമിന്റെ മഹത്വവും മേന്മയും എടുത്തുപറയും. അങ്ങനെ കൂട്ടുകാരനായ കൃസ്ത്യന്‍ യുവാവ് ഇസ്ലാമില്‍ ആകൃഷ്ടനായി. കുറച്ച് ദിവസത്തിനിടയില്‍ അയാള്‍ ഇസ്ലാം സ്വീകരിച്ചു. ഒരു പുലര്കാലവേളയില്
അയല്‍വാസികളായ രണ്ടുപേര്‍ ഒരാള്‍ മുസ്ലിം അപരന് കൃസ്ത്യാനി. ഇരുവരും ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച ചെയ്യുക പതിവാണ്. മുസ്ലിം ഒരു ഭക്തനും ആരാധനാ കാര്യങ്ങളില്‍ വ്യാപൃതനുമായിരുന്നു. സംവാദങ്ങള്‍ക്കിടയില്‍ മുസ്ലിം സഹോദരന് ഇസ്ലാമിന്റെ മഹത്വവും മേന്മയും എടുത്തുപറയും. അങ്ങനെ കൂട്ടുകാരനായ കൃസ്ത്യന്‍ യുവാവ് ഇസ്ലാമില്‍ ആകൃഷ്ടനായി. കുറച്ച് ദിവസത്തിനിടയില്‍ അയാള്‍ ഇസ്ലാം സ്വീകരിച്ചു. ഒരു പുലര്കാലവേളയില് മുസ്ലിം തന്റെ നവമുസ്ലിം സഹോദരന്റെ വീട്ടിലെത്തി വാതിലില്‍മുട്ടി. അല്പം ഭയത്തോടെയാണ് സുഹൃത്ത് വാതിലിനടുത്തെത്തിയത്. അയാള്‍ ചോദിച്ചു. 'ആരാ?' പുറത്ത് നിന്ന് ശബ്ദം ഉയര്‍ന്നു. ഞാന്‍ ഇന്നയാളാണ് കുറച്ച് ദിവസം മുമ്പ് താങ്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിത്തരുകയും ആ വെളിച്ചത്തിലേക്ക് താങ്കളെ ആനയിക്കുകയും ചെയ്തയാള്‍.
നവമുസലിം സഹോദരന് അപ്പോള്‍ ആശങ്കയോടെ ചോദിച്ചു. ഈ രാത്രിയില്‍ എന്തൊരാവശ്യത്തിനാണ് താങ്കള്‍ വന്നത്. മറുപടി. വേഗം വുദു (അംഗശുദ്ധി എടുത്ത് വസ്ത്രം മാറി വാ. പ്രഭാത (സുബ്ഹി) നമസ്കാരത്തിന് പള്ളിയില്‍ പോകാം. തന്റെ ജീവിതത്തില്‍ ആദ്യമായി വുദു എടുത്ത് അയാള്‍ പുറത്തിറങ്ങി. സുഹൃത്തിന്റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. രാത്രി അപ്പോഴും പ്രഭാതത്തെ തൊട്ടുണര്ത്തിയിട്ടില്ലായിരുന്നു. അവര്‍ പള്ളിയിലെത്തി രാത്രിയിലെ ഐഛിക നമസ്കാരം നിര്‍വഹിച്ചു. പിന്നീട് പ്രഭാത നമസ്കാര സമയമായി. ഇരുവരും സുബ്ഹി നമസ്കരിച്ചു. പ്രഭാതവേളയിലെ പ്രാര്‍ത്ഥനകളും മറ്റുമായി കുറച്ചുസമയം കൂടി പള്ളിയില്‍ കഴിച്ചുകൂട്ടി. കൂട്ടുകാരന് പോകാനായി എഴുന്നേറ്റു. അപ്പോള്‍ സുഹൃത്ത് ചോദിച്ചു: എങ്ങോട്ടാ?! ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നു നമസ്കാരം കഴിഞ്ഞല്ലൊ ഇനിയെന്താ?! കുറച്ച് നേരം കൂടി ഇരിക്കാം. പ്രാര്‍ത്ഥനകളും മറ്റും ഉരുവിട്ട് ദൈവ സ്മരണയില്‍ മുഴുകാം. സൂര്യന് ഉദിച്ചുയരട്ടെ.
''വളരെ നല്ലത്'' നവമുസ്ലിം പ്രതികരിച്ചു. അയാള്‍ പള്ളിയില്‍ തന്നെ കൂടി. അങ്ങനെ സൂര്യന് പ്രകാശം പരത്തിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് പോകാനൊരുങ്ങവെ, കൂട്ടുകാരന് ഒരു ഖുര്‍ആന്‍ പ്രതിയെടുത്ത് അതില്‍ നിന്ന് ഏതാനും ഭാഗം പാരായണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഖുര്‍ആന്‍ നമുക്ക് വേണ്ടി ശിപാര്‍ശചെയ്യും എന്നും വിശദീകരിച്ചു. പിന്നെ ഇന്ന് നോമ്പെടുക്കുക. സുന്നത്ത് നോമ്പിന്റെ പുണ്യം അറിയാമല്ലൊ.
മെല്ലെ മെല്ലെ സമയം ഉച്ചയോടടുത്തു. ഇനി ളുഹ്റ് (മധ്യാഹ്ന) നമസ്കാരം നിര്‍വഹിക്കാന്‍ സമയമായി. അത് നിര്വഹിക്കാനൊരുങ്ങാമെന്നായി സുഹൃത്ത്. അങ്ങനെ ളുഹ്റ് പള്ളിയില്‍ നിന്ന് തന്നെ നിര്‍വഹിച്ചു. അസ്വര്‍ (സായാഹ്ന) നമസ്കാരം വളരെ പ്രാധാന്യമുള്ളതാണ് അത് ജമാഅത്തായി നിര്‍വഹിച്ചിട്ടാകാം മറ്റു കാര്യങ്ങള്‍. വൈകാതെ അസ്വര്‍ നമസ്കാരവും വന്നണഞ്ഞു. അത് കഴിഞ്ഞ ഉടനെ സുഹൃത്ത് ചെന്നു പറഞ്ഞു. അസ്തമയശോഭ അടുക്കാന്‍ പോകയാണ്. അന്നേരത്തെ നമസ്കാരം കൂടി പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാം. മഗ്രിബ് നിര്‍വഹിച്ച് കഴിഞ്ഞ ഉടനെ വീട്ടിലെത്തി നോമ്പുതുറന്നു ഭക്ഷണം കഴിക്കാമെന്നു കരുതി എണീറ്റ സുഹൃത്തിനെ അയല്‍വാസിയായ പാരമ്പര്യമുസ്ലിം പിടിച്ചിരുത്തി. ഇനി ഒരു മണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ ഇശാ (നിശാ) നമസ്കാരം നിര്‍വഹിച്ച് നമുക്കൊരുമിച്ച് മടങ്ങാം. അങ്ങനെ ആ പാവം നവാഗത മുസ്ലിം ഇശാ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോയി!
ഇനിയാണ് കഥ ആരംഭിക്കുന്നത്. അല്ല, നമ്മുടെ പ്രബോധകരുടെ ഔചിത്യ ബോധമില്ലായ്മയുടെ ദുരന്ത നാടകം തുടങ്ങുന്നത്. പിറ്റേന്ന് പ്രഭാതവേളയില്‍ മുസ്ലിം സഹോദരന് തന്റെ അയല്‍ക്കാരനായ മുസ്ലിം സുഹൃത്തിനെ തേടി ചെന്നു. വാതിലില്‍ മുട്ടി. ആരാ?! ഞാന്‍ അയല്‍വാസിയായ സുഹൃത്ത് ഇന്നയാള്! വുദു എടുത്ത് വസ്ത്രം മാറി വാ. പള്ളിയില്‍ പോവാം സുബ്ഹി സമയമായി.
സുഹൃത്തേ! ഞാന്‍ ഇന്നലെ രാത്രി പള്ളിയില്‍ നിന്ന് വന്നതില്‍ പിന്നെ എന്റെ കഴുത്തില്‍ നിന്ന് ഇസ്ലാം എന്ന വടം വലിച്ചെറിഞ്ഞു താങ്കള്‍ പോയി എന്നെക്കാള്‍ പാവപ്പെട്ട മറ്റാരെയെങ്കിലും കൂട്ടി ദുന്യാവില് വേറെ പണിയൊന്നുമില്ലാത്ത ആളെ നോക്ക്. ഞാന്‍ ദരിദ്രന്, അന്നന്നത്തെ അപ്പത്തിനു വകയില്ലാത്തവന്. എനിക്ക്് നിസ്കാരവും പ്രാര്‍ത്ഥനയും മാത്രമല്ല, കുടുംബത്തിന്റെ കാര്യവും കൂടി നോക്കാനുണ്ട്.
ഇമാം ജഅ്ഫര്‍ സാദിഖ് തന്റെ അനുചരന്മാരോട് സംഭവം വിവരിച്ച് കൊണ്ട് പറഞ്ഞു. ഇത്തരം കടുംപിടുത്തക്കാരും തീവ്രവാദികളുമാണ് മതത്തിന് വിലങ്ങുതടി. ആദ്യം അയാള്‍ ഒരാളെ കൊണ്ടുവന്നു. നവാഗതനായ അദ്ദേഹത്തെ അതികഠിനമായ ആരാധനക്ക് വിധേയമാക്കിയതിനാല്‍ അദ്ദേഹം മതം വിട്ടകലുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഔചിത്യബോധം വേണം. നിങ്ങളുടെ തീവ്രതയും കാഠിന്യവും കാരണം ആളുകള്‍ പകക്കാന് ഇടവരരുത്. ഒരാളുടെ കഴിവും കഴിവുകേടും മനസ്സിലാക്കി വേണം ഇസ്ലാമിക പ്രബോധനകര് അയാളോട് സംവദിക്കാന്‍. അപ്പോഴേ ജനങ്ങള്‍ കൂടെക്കൂടെ ഇസ്ലാമിനോട് അടുത്ത് വരികയുള്ളൂ. വല്ലാതെ ഭാരം അടിച്ചേല്‍പ്പിച്ചാല്‍ അവര്‍ അകന്നകന്ന് പോവുകയെയുള്ളൂ.
അമവി ഭരണകൂടം തകര്‍ന്നത് അതുകൊണ്ടാണല്ലൊ?! സദ്സ്വഭാവം, പരസ്പര സ്നേഹം പരക്ഷേമതല്‍പരത എന്നിവ ഉള്‍കൊണ്ട് വേണം ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍. സദുദ്ദേശ്യത്തോടെ സമീപിച്ചു ജനഹൃദയങ്ങളെ കീഴടക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. ഇമാം ജഅ്ഫര്‍ സാദിഖ് വ്യക്തമാക്കി.