ജങ്ക്ഫുഡ്‌സ് (പോഷകാംശം കുറഞ്ഞ ആഹാരം) ഇന്നൊരു ഫാഷനാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും ശരീരത്തിന് യാതൊരുവിധ ഗുണവും ചെയ്യാത്ത ഭക്ഷണമെന്നും ഇതിനെ വിളിക്കാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവ വളരെ കുറഞ്ഞ ഭക്ഷണമാണ് ജങ്ക്ഫുഡ്. ഇവയില്‍ അമിതമായ കൊഴുപ്പും, പഞ്ചസാര, ഉപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. പുകവലിയും, മദ്യപാനവും, ശരീരത്തെ ദോഷകരമായി
ജങ്ക്ഫുഡ്‌സ് (പോഷകാംശം കുറഞ്ഞ ആഹാരം) ഇന്നൊരു ഫാഷനാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കും ശരീരത്തിന് യാതൊരുവിധ ഗുണവും ചെയ്യാത്ത ഭക്ഷണമെന്നും ഇതിനെ വിളിക്കാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവ വളരെ കുറഞ്ഞ ഭക്ഷണമാണ് ജങ്ക്ഫുഡ്. ഇവയില്‍ അമിതമായ കൊഴുപ്പും, പഞ്ചസാര, ഉപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. പുകവലിയും, മദ്യപാനവും, ശരീരത്തെ ദോഷകരമായി ബാധിക്കുന്നതുപോലെത്തന്നെയാണ് ഇതും. സ്വാദ് മാത്രം ലക്ഷ്യമാക്കി നിര്‍മിക്കുന്ന ഇത്തരം ഭക്ഷണം ശീലമാക്കുന്നവരെ തേടി വരുന്ന രോഗങ്ങളെപ്പറ്റി അറിയുക.
ടൈപ്പ് - 2 പ്രമേഹം
40 വയസിനു താഴെ ഉള്ളവരില്‍ 80 ശതമാനം പേരും ഇന്ന് പ്രമേഹരോഗികളാണ്. ഏകദേശം 20 വര്‍ഷം മുമ്പുവരെ സമ്പന്നരുടേയും, വൃദ്ധന്മാരുടേയും ആരോഗ്യപ്രശ്‌നമായിരുന്നു പ്രമേഹം. ഇപ്പോള്‍, അത് സര്‍വസാധാരണമായി കാണുന്നതിന് പ്രധാന കാരണം ജങ്ക്ഫുഡാണ്. ഇത്തരം ഭക്ഷണത്തില്‍നിന്നും ഉണ്ടാകുന്ന ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ്, ശരീരത്തിലെ ഇന്‍സുലിന്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് അടിമകളായവരില്‍ സാധാരണയായി കാണപ്പെടുന്നു. എണ്ണയില്‍ വറുത്തതും മസാലകള്‍ ധാരാളമായി അടങ്ങിയതുമായ ഭക്ഷണം ആമാശയത്തിലെ ലോലമര്‍മത്തെ ബാധിക്കുകയും അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ദഹനത്തെ തകരാറിലാക്കും. മലബന്ധത്തിലേക്കും നയിക്കും.
ബുദ്ധിവൈകല്യങ്ങള്‍
ഒരാഴ്ച തുടര്‍ച്ചയായി ജങ്ക്ഫുഡ് അഥവാ തട്ടിക്കൂട്ട് ഭക്ഷണം കഴിച്ചാല്‍ ഓര്‍മശക്തി കുറയുകയും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുവാനുള്ള കഴിവിനെ തകരാറിലാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗങ്ങള്‍
അമിതമായ പൂരിതകൊഴുപ്പുകളും ട്രാന്‍സ് ഫാറ്റും ശരീരത്തിലെ മോശമായ കൊഴുപ്പ് വര്‍ധിപ്പിക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
വൃക്കസംബന്ധമായ രോഗങ്ങള്‍
വൃക്കസംബന്ധമായ രോഗങ്ങളില്‍ പ്രധാന വില്ലന്‍ അനിയന്ത്രിതമായ പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും തന്നെ. തട്ടിക്കൂട്ട് ഭക്ഷണങ്ങളില്‍ രുചി പകരാന്‍ ചേര്‍ക്കുന്ന കൊഴുപ്പിന്റെയും ഉപ്പിന്റെയും അളവ് അമിതമാണ്. രക്തത്തെ നിരന്തരമായി ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്ന വൃക്കകള്‍ക്ക് അധിക ജോലിയുണ്ടാക്കുകയാണ് ഇത്തരം ഭക്ഷണം.
ക്ഷീണവും ഹോര്‍മോണ്‍ വ്യതിയാനവും
അമിതമായ കൊഴുപ്പ് വിശപ്പിനെ നിയന്ത്രിക്കുകയും തൃപ്തിയുടെ അനുഭവം നല്‍കുകയും ചെയ്യുന്നു. ഇതു പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കാതിരിക്കാനുള്ള പ്രേരണയുണ്ടാക്കും. പോഷണം കുറഞ്ഞ് തളര്‍ച്ച അനുഭവപ്പെടും. പോഷക ദൗര്‍ലഭ്യം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോള്‍ വിഷാദരോഗം ഉറപ്പിക്കാം.
കരള്‍ രോഗങ്ങള്‍
മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങള്‍ പോലെ തന്നെയാണ് പുതുതലമുറക്ക് ഭക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ എന്ന ആരോഗ്യപ്രശ്‌നവും.
കാന്‍സര്‍
ജങ്ക്ഫുഡ്, ഭക്ഷണത്തിലെ നാരുകളുടെ അഭാവം, അമിതമായ കൊഴുപ്പു മസാലകള്‍, പഞ്ചസാര എന്നിവ ഉദരസംബന്ധമായ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലേക്ക് നയിക്കും. ദൈനംദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഇന്ധനമാണ് ഭക്ഷണം. ശരീരത്തിനുവേണ്ട ഊര്‍ജം ഉല്‍പ്പാദിപ്പിക്കേണ്ട ഇന്ധനം. എന്നാല്‍ ഇന്ധനമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഭക്ഷണമാണ് ജങ്ക്ഫുഡ്. അപ്രകാരം ഉപയോഗിച്ചുതീര്‍ക്കാത്ത ഇന്ധനമാകട്ടെ പൊണ്ണത്തടിക്കു കാരണമാകുന്നു. ചോക്ലേറ്റ്, എണ്ണപ്പലഹാരങ്ങള്‍ തുടങ്ങിയവ മുഖക്കുരു ഉണ്ടാക്കും. അതുപോലെത്തന്നെ, അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണവും മുഖക്കുരുവിന് കാരണമാകുന്നു. പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ വായിലെ പല്ലിന്റെ ഇനാമല്‍ നശിക്കുകയും ചെയ്യുന്നു. സോഡിയം അധികമായാല്‍ എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു. ജങ്ക്ഫുഡിലെ കൊഴുപ്പ് ശരീരത്തിലെ മോശമായ കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുന്നു. കൂടാതെ നല്ല കൊളസ്‌ട്രോളിനെ കുറക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിനിലവാരം (ഐ.ക്യൂ) കുറയുന്നതിനു കാരണമാകുന്നു.
പരിഹാരം
വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ അടങ്ങിയ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മാംസ്യം, മുട്ട, പാല്‍, മാംസം എന്നിവ കഴിക്കുകയാണ് വേണ്ടത്.
എണ്ണയില്‍ വറുത്ത ഭക്ഷണം ഒഴിവാക്കുക. ചക്ക, മാങ്ങ, പപ്പായ, പേരക്ക, ചാമ്പക്ക തുടങ്ങിയ നമ്മുടെ കൃഷിയിടങ്ങളില്‍ ഉണ്ടാകുന്ന പഴങ്ങള്‍ സമൃദ്ധമായി കഴിക്കുക. എണ്ണ, ഉപ്പ്, പഞ്ചസാര, മസാലകള്‍, മാംസം എന്നിവ അമിതമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.