അനുഷ്ഠാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ലോകമതമാണ് ഇസ്ലാം എന്ന് മൈക്കല്‍ വുള്‍ഫ് 'Thousand Road to Mecca' എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ഇസ്ലാമിലെ ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തെ പ്രവാചകന് മുഹമ്മദ് (സ) നിര്‍വചിക്കുന്നത്, 'സന്‍ആ മുതല്‍ ഹദറമൗത്ത് വരെ (ഇന്നത്തെ യമനിലെ രണ്ട് പട്ടണങ്ങള്‍. ഏകദേശം 400 കി.മീ. അകലം) ഒരു സ്ത്രീക്ക് തന്റെ
അനുഷ്ഠാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് ലോകമതമാണ് ഇസ്ലാം എന്ന് മൈക്കല്‍ വുള്‍ഫ് 'Thousand Road to Mecca' എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ഇസ്ലാമിലെ ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തെ പ്രവാചകന് മുഹമ്മദ് (സ) നിര്‍വചിക്കുന്നത്, 'സന്‍ആ മുതല്‍ ഹദറമൗത്ത് വരെ (ഇന്നത്തെ യമനിലെ രണ്ട് പട്ടണങ്ങള്‍. ഏകദേശം 400 കി.മീ. അകലം) ഒരു സ്ത്രീക്ക് തന്റെ ആടുകളെ ചെന്നായ പിടിക്കുമോ എന്നതൊഴിച്ച് ഭയമില്ലാതെ യാത്ര ചെയ്യാവുന്ന കാലം' എന്നാണ്. ഇസ്ലാമില്‍ യാത്ര നിസ്സാരമല്ല മറിച്ച്, പ്രായോഗികവും ജീവിതത്തോട് തന്നെ ഉപമിക്കപ്പെട്ടതുമാണ്. വര്‍ഷത്തിലൊരിക്കല്‍ മക്കയിലെ ഹജ്ജിനായുളള തീര്‍ഥാടനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ സംഗമമാണ്. സാധാരണക്കാരുടെയും മഹത്തായ തലമുറകളുടെയും യാത്രകളെ പുനരവതരിപ്പിക്കുകയാണ്. യാത്രകള്‍ക്ക് ഇസ്ലാമിക സംസ്കാരത്തില്‍ വികസിക്കാനുള്ള ഇടം കിട്ടിയിരുന്നു. ഒരു ശാരീരിക മാനസിക ആത്മീയ പരിശീലനമായിരുന്നു ആദിമമനുഷ്യന് മുതലുള്ള യാത്രകള്‍. 25 പ്രവാചകന്മാരെയേ ഖുര്‍ആന്‍ പരാമര്ശിക്കുന്നുള്ളൂവെങ്കില് അല്ലാഹു ഒരു ലക്ഷത്തോളം പ്രവാചകന്മാരെ ഓരോ സമുദായങ്ങളിലേക്ക്് നിയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ഇബ്രാഹിം, യുസുഫ്, മൂസ, യൂനുസ്, ഈസ, മുഹമ്മദ് എന്നിങ്ങനെ പല പ്രവാചകന്മാര്ക്കും നീണ്ട യാത്രകളുടെയും നാടുകടത്തലുകളുടെയും അനുഭവമുണ്ട്. തളരാതെ ജനങ്ങളെ നയിക്കാനായി അല്ലാഹു അവര്‍ക്ക് നല്കിയ പരിശീലനമായി ഇതിനെ വിശദീകരിക്കാവുന്നതാണ്.
ഖുര്‍ആനും ഹദീസും യാത്രയെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 'യാത്ര ചെയ്ത് ആരോഗ്യമുള്ളവരാകൂ' എന്ന് പറയുന്നു പ്രവാചകന് (സയ്യിദ് സാബിഖ്, ഫിഖ്ഹ്സുന്ന 4:140). അറേബ്യന്‍ സംസ്കാരത്തില്‍ യാത്രകള്‍ ആണ്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ അറേബ്യന്‍ മരുഭൂമികളില്‍ ഇന്നും നാടോടി സംഘങ്ങളുണ്ട്. സ്ഥലം, ഇടം എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ഇസ്ലാമിലും ദേശീയതക്കോ സ്ഥലങ്ങള്‍ക്കോ അത്ര പ്രാധാന്യമില്ല. ഭൂമി വിശാലമാണ്. അത് അല്ലാഹുവിന്റെതാണ്. മനുഷ്യര്‍ എവിടെ മരിച്ചാലും മറവ് ചെയ്യപ്പെട്ടാലും അതുകൊണ്ട് പ്രശ്നമില്ല. 'അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ, അവരുടെ ഹൃദയങ്ങള്‍ അങ്ങനെ അറിവ് നേടാനും അവരുടെ കാതുകള്‍ കേള്‍ക്കാനും പഠിക്കാനും' (22:46) 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ, ദൈവം എങ്ങനെയാണ് സൃഷ്ടിച്ചതെന്ന് അറിയാനും, അങ്ങനെ ഇനിയും ജീവജാലങ്ങളെ സൃഷ്ടിക്കും.'(29:20), 'ഭൂമിയിലൂടെ സഞ്ചരിക്കൂ, നിങ്ങള്‍ക്ക് മുന്നെയുള്ളവരുടെ അവസാനം എങ്ങനെ എന്നറിയാന്‍.'' (30:42), 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. അവിശ്വാസികളുടെ അവസാനമറിയാന്' (27:69) എന്നിങ്ങനെ നിരന്തരം കണ്ണും മനസ്സും തുറന്ന് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിരവധി വരികള്‍ ഖുര്‍ആനില്‍ കാണാം.
ഈ ലോകത്തും പരലോകത്തും നന്മയും അനുഗ്രഹങ്ങളും തേടുന്ന, ഈ ഭൂമിയിലെ തെറ്റുകളില്‍നിന്ന് സഹായിക്കാനും സംരക്ഷിക്കാനും തേടുന്ന പ്രാര്‍ഥനകളിലൂടെ പല രീതിയില്‍ അടുപ്പിക്കപ്പെട്ട ബന്ധമാണ് സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ളത്. നമസ്കാരവും ദിക്റും ശുക്റും കൊണ്ട് സമ്പന്നമാണത്. യാത്രകളുമായി ബന്ധപ്പെട്ടും പ്രാര്‍ഥനകളുണ്ട് എന്നത് ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ അതിനുള്ള പ്രധാന്യം കാണിക്കുന്നു.
വീട്ടില്‍നിന്ന്് പുറപ്പെടുമ്പോള്‍ യാത്രക്കാരന് ഇങ്ങനെ പറയുന്നത് സുന്നത്താണ്: ' അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു. എല്ലാം ഞാന്‍ അല്ലാഹുവില്‍ അര്‍പ്പിച്ചു. അല്ലാഹുവിനല്ലാതെ ശക്തിയും കഴിവുമില്ല. അല്ലാഹുവെ ഞാന്‍ വഴിതെറ്റുകയോ തെറ്റിക്കപ്പെടുകയോ വ്യതിചലിക്കുകയോ വ്യതിചലിക്കപ്പെടുകയോ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ഞാന്‍ അവിവേകം പ്രവര്‍ത്തിക്കുകയോ എന്നോട് അവിവേകം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷ തേടുന്നു.' (ഫിഖ്ഹുസ്സുന്ന: 4:144)
ഒരിക്കല്‍ പ്രവാചകന് മുഹമ്മദ് (സ) ഒരു യാത്രികനുവേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചു. 'അല്ലാഹുവേ ഇദ്ദേഹത്തിന്റെ യാത്രാദൂരം ചുരുക്കി കൊടുക്കേണമേ, യാത്ര എളുപ്പമാക്കേണമേ'. വീടു വിട്ടിറങ്ങുമ്പോള്‍ വീട്ടുകാര്‍ക്കായി ബാക്കിവെക്കുന്നതില്, യാത്രക്കൊരുങ്ങുമ്പോള്‍ അവരോടൊപ്പം നമസ്കരിക്കുന്ന രണ്ട് റക്അത്ത് നമസ്കാരത്തേക്കാള്‍ നല്ലതായി ഒന്നുമില്ല എന്നും പ്രവാചകന് പറഞ്ഞു. (4:142)
ഒറ്റക്കുള്ള യാത്രകള്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. വ്യാഴാഴ്ച യാത്ര തുടങ്ങുന്നത് നല്ലതാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. യാത്ര ചെയ്യാനായി വാഹനത്തിലോ മൃഗങ്ങളുടെ പുറത്തോ കയറുമ്പോള്‍ ദൈവത്തെ സ്തുതിക്കാന്‍ പറയുന്നു ഖുര്‍ആന്‍ (43:13-14).
യാത്രക്കിടയില്‍ പ്രവാചകന് ദൈവത്തെ സ്തുതിക്കുന്ന ഒരുപാട് വചനങ്ങള്‍ ഉരുവിട്ടിരുന്നു.
യാത്രക്കിടയില്‍ രാത്രിയായാല്‍ യാത്രക്കാരന്/ക്കാരി ഇങ്ങനെ പറയും: ' ഭൂമിയില്‍ എന്റെയും നിന്റെയും നാഥന് അല്ലാഹുവാണ്. നിന്റെയും നിന്നില്‍ ഉള്ളതിന്റെയും നിന്നില്‍ സൃഷ്്ടിക്കപ്പെട്ടതിന്റെയും നിന്റെ മീതേ ഇഴഞ്ഞുനടക്കുന്നതിന്റെയും ഉപദ്രവത്തില്‍ നിന്ന് ഞാന്‍ അല്ലാഹുവോട് അഭയം തേടുന്നു. സിംഹത്തില്‍ നിന്നും വലിയ സര്‍പ്പത്തില്‍ നിന്നും പാമ്പില്‍ നിന്നും തേളില് നിന്നും നാട്ടിലെ നിവാസികളില്‍ നിന്നും എല്ലാ ജനകനില്‍ നിന്നും ജാതനില്‍ നിന്നും ഞാന്‍ അല്ലാഹുവോട് ശരണം തേടുന്നു' (ഫിഖ്ഹുസ്സുന്ന 4: 146). ഒരു ഗ്രാമത്തില്‍ പ്രവേശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു. 'അല്ലാഹുവേ, ഇതില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചെയ്യേണമേ ഇതു മൂന്ന് പ്രാവശ്യം പറയുക. ഇതിലെ ഫലങ്ങള്‍ ഞങ്ങള്‍ക്ക് നീ ഭക്ഷിപ്പിച്ചു തരേണമേ. ഞങ്ങള്‍ക്ക് അവിടുത്തുകാരെയും അവിടുത്തെ സദ്്വൃത്തര്ക്ക് ഞങ്ങളെയും ഇഷ്്ടമാക്കേണമേ' (ഫിഖ്ഹുസ്സുന്ന 4:147). കയറ്റം കയറുമ്പോള്‍ 'അല്ലാഹു അക്ബര്‍' എന്നും ഇറങ്ങുമ്പോള്‍ 'സുബ്ഹാനല്ലാഹ്' എന്നും പറയണമെന്ന് പ്രവാചകന് പഠിപ്പിച്ചിരുന്നു.
സാംസ്കാരിക കൂടിച്ചേരലുകളെ പ്രോത്സാഹിപ്പിക്കുന്ന തുറന്ന മതമാണ് ഇസ്ലാം എന്നത്, അതിന്റെ മറ്റൊരു ഉള്‍ക്കാഴ്ചയുള്ള നാഗരിക സവിശേഷതയാണ്.
യാത്ര/പാത എന്നത് ഖുര്‍ആനിലുടനീളം അലങ്കാരമായി ഉപയോഗിച്ചിരിക്കുന്നു. ദൈവത്തിലേക്കുള്ള വഴിയില്‍ പ്രവാചകന്മാര് ആണ് വഴികാട്ടികള്‍. പ്രവാചകന് മുഹമ്മദ് പറഞ്ഞു: 'നീ ഭൂമിയില്‍ ഒരു യാത്രക്കാരനെ പോലെയോ അപരിചിതനായോ ജീവിക്കുക.' ഇസ്ലാമിന്റെ നിര്ബന്ധാനുഷ്ഠാനങ്ങളായ നമസ്കാരം, നോമ്പ്, വുദൂഅ് എന്നിവയില്‍ യാത്രികര്‍ക്ക് നമസ്കാരം ചുരുക്കാനും വ്രതമനുഷ്ഠിക്കാനും മണ്ണ് ഉപയോഗിച്ച് വുദൂ എടുക്കാനും ഇളവുകളുണ്ട്.
മരണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് തന്റെ മുന്നില്‍ സന്നിഹിതരായ മുസ്ലിംകളോട് പ്രവാചകന് മുഹമ്മദ് ഇസ്ലാമിന്റെ സന്ദേശം എത്താത്തവരില്‍ അതെത്തിച്ചുകൊടുക്കാന്‍ പറയുകയുണ്ടായി. അതേതുടര്ന്ന് അദ്ദേഹത്തിന്റ നിരവധി അനുയായികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വേഗത്തില്‍ യാത്ര ചെയ്യുകയുണ്ടായി. മറ്റു നാടുകളിലെ ജനങ്ങളുമായി അവരുടെ ഇടപെടലുകളും, ദേശവാസികള്‍ക്ക് അരിലുണ്ടായ മതിപ്പുമാണ് ഇസ്ലാമിനെ ലോകത്തെല്ലായിടത്തുമെത്തിച്ചത്.
ലോകത്തിലൂടെ സഞ്ചരിക്കാന്‍ ഖുര്‍ആന്‍ നിരന്തരം ജനങ്ങളോട് ആവശ്യപ്പെടുന്നു. അല്ലാഹുവിന്റെ മറ്റു സൃഷ്ടികളെക്കുറിച്ചറിയാനുതകുന്ന വഴി കൂടിയാണത്. കാലികളുടെ ഉപയോഗങ്ങള്‍ വിവരിക്കുന്ന ഖുര്‍ആന്‍, അവ യാത്രകളില്‍ സഹായമാവുമെന്നും പറയുന്നുണ്ട്.
ഇസ്ലാമിക സംസ്കാരത്തിന്റെയും പഠനത്തിന്റെയും യഥാര്‍ഥ പൈതൃകം നിലനിര്‍ത്തിയത് യാത്രകളാണ്. പുതുതായി ഒരു ഇസ്ലാമിക കാര്യം അറിഞ്ഞാല്‍, അത് ഉറപ്പുവരുത്തുന്നതിനായി പണ്ഡിതര്‍ ഒരുപാട് ദൂരം യാത്ര ചെയ്യുക പോലുമുണ്ടായി. ഖലീഫമാരുടെയും താബിഉകളുടെയും കാലത്ത്, ഇങ്ങനെ അറിവ് തേടിവരുന്ന യാത്രക്കാര്‍ക്കായി പ്രത്യേകം ഗേഹങ്ങള്‍ പണിതിരുന്നു. യാത്രാനുഭവങ്ങളില്ലാത്തവരുടെ പാണ്ഡിത്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇമാം ശാഫിഈ പറയുന്നു: 'കെട്ടികിടക്കുന്ന വെള്ളം നശിക്കും, ഒഴുകുന്നതേ പുതിയതാവൂ.' ഹദീസ് പണ്ഡിതരും ചിന്തകരുമായിരുന്ന ഇമാം ബുഖാരിയും അഹ്മദ് ബിന്‍ ഹമ്പലും ഇബ്നു ബത്തൂത്തയെക്കാള് യാത്ര ചെയ്തിരുന്നു.
യാത്ര അറബിഭാഷയില്‍
അറബിഭാഷയിലും ഖുര്‍ആനിലും യാത്രയെ സൂചിപ്പിക്കുന്ന ഒരുപാട് പദങ്ങളുണ്ട്. ജീവിതമാര്‍ഗം തേടിയുള്ള യാത്രയാണ് 'സഫറ'. യാത്രികന് എന്നര്‍ഥമുള്ള മുസാഫിര്‍ എന്ന പദം അതില്‍ നിന്നുരുത്തിരിഞ്ഞതാണ്. പിന്നീട് പല ഭാഷകളും ഈ വാക്ക് കടംകൊള്ളുകയുണ്ടായി. സഫാരി സ്യൂട്ട് അത്തരമൊന്നാണ്. സഞ്ചാരതൃഷ്ണ എന്ന് ഏറെക്കുറെ അര്‍ഥമുള്ള 'സിയാഹത്ത്' എന്ന പദം സൂഫികളുടെ ഫിലോസഫിക് യാത്രകളെ സൂചിപ്പിക്കുന്നു. അറിവ് തേടിയുള്ള യാത്രയായിരുന്നു പണ്ട് 'രിഹ്ല' എങ്കില്‍ ഇന്ന് വിനോദത്തിനു വേണ്ടിയുള്ള യാത്ര എന്നര്ഥത്തിലാണ് ഈ പദമുപയോഗിക്കുന്നത്. കണ്ണും മനസ്സും തുറന്നുള്ള യാത്രയാണ് 'സയ്റ'. വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് 'റകബ' എന്നു പറയുന്നു. അറബി ഭാഷയിലും സംസ്കാരത്തിലും യാത്രക്കുള്ള സ്ഥാനം ഈ പദസമ്പത്ത് വ്യക്തമാക്കുന്നു.
ഹിജ്റ പലായനമാണ്
സമ്പത്തുള്ളവര്‍ നിശ്ചിത ശതമാനം പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുക എന്ന സകാത്ത് സമ്പ്രദായം ഇസ്ലാമിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങളില്‍ പെട്ടതും നിര്‍ബന്ധവും പ്രാധാന്യമേറിയതുമാണ്. സകാത്തിന്റെ എട്ട് അവകാശികളിലൊരുവിഭാഗമാണ് ഇബ്നുസബീല്‍ അഥവാ പാതയുടെ പുത്രനെന്ന യാത്രികന്. സ്വന്തം നാട്ടില്‍ സമ്പത്തുള്ളവരാണെങ്കില്‍ പോലും അവരും സകാത്തിനവകാശികളാണ്. യാത്രയിലാണെന്നതും പൈസ കുറവായിരിക്കും എന്നതുമാവാം അതിനു വിശദീകരണം. ഇസ്ലാമില്‍ യാത്രക്കാര്‍ അത്രയധികം പരിഗണിക്കപ്പെട്ടിരിക്കുന്നു.
പ്രവാചകന്റെ കാലത്തിനു കുറച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരുപാട് തത്വചിന്തകരും ശാസ്ത്രജ്ഞരും ഇസ്ലാമിക സമൂഹത്തിന് തിളക്കം നല്കി. അറബിഭാഷയെ അത് സമ്പുഷ്ടമാക്കുകയും മറ്റുലോകഭാഷകള്ക്കുമേല് ആധിപത്യവും പ്രാധാന്യവും കൈവരികയുമുണ്ടായി. 15-ാം നൂറ്റാണ്ടുവരെ ഇത് തുടര്‍ന്നു. മുസ്ലിം പണ്ഡിതര്‍ ലോകമാകെ യാത്ര ചെയ്തു. നിരവധി യൂറോപ്യന്‍, അമേരിക്കന്‍ നാവികര്‍ക്ക് അറബിയും പേര്‍ഷ്യനും അറിയാമായിരുന്നു. അവര്‍ക്ക് വിവര്ത്തകരുമുണ്ടായിരുന്നു. ഇന്ത്യന്‍ തീരത്തണയുമ്പോള്‍ വാസ്കോഡഗാമ സാമൂതിരി രാജാവിന് അറബിയില്‍ കത്തയച്ചിരുന്നു.
ഹിജ്റ, ഹജ്ജ്, റിഹ്ല
ഹിജ്റ
പലായനവും തീര്‍ത്ഥാടനവും യാത്രകളും ഇസ്ലാം മതത്തോളം പഴക്കമുള്ളതാണ്. 'Golden Roads - Migration, Pilgrimage and Travel in Medieval and Modern Islam' (2005) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇയാന്‍ റിച്ചാഡ് നെറ്റന്‍ പറയുന്നു. എ.ഡി 622-ല്‍ പ്രവാചകന് മക്കയില്‍നിന്ന് മദീനയിലേക്ക് തന്റെ പ്രശസ്ത ആര്ക്കിടൈപല് ഹിജ്റ (പലായനം) നടത്തുകയുണ്ടായി, മുസ്ലിം ചാന്ദ്രകലണ്ടറിലെ ആദ്യവര്‍ഷമായി അത്. എഡി. 632-ലെ പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ് മക്കയിലെ വിശുദ്ധ കഅ്ബയിലേക്കുള്ള ഭാവി തീര്‍ഥാടനങ്ങളുടെ മാതൃകയായി. ഒരുപാട് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ പ്രവാചകന് അനുയായികളോട് ചൈനയില്‍ പോയിട്ടായാലും അറിവ് നേടണം എന്ന് ഉപദേശിക്കുന്നുണ്ട്.
ഇസ്ലാമിനു മുമ്പ്് അറബികളുടെ രാഷ്ട്രീയഘടകങ്ങള്‍ ഗോത്രങ്ങളായിരുന്നു. പിതാമഹനാലോ പ്രപിതാമഹനാലോ വഴി ബന്ധപ്പെട്ടിരിക്കുന്ന ജനവിഭാഗമാണ് ഗോത്രം. രക്തബന്ധമാണ് അവരെ കൂട്ടിച്ചേര്‍ക്കുന്നത്. കുടുംബം കൊണ്ടും വംശം കൊണ്ടും ഒരുമിക്കപ്പെട്ട അവര്‍ക്ക് ഗോത്രപരത ഒരുമയുടെയും ഐക്യത്തിന്റെയും ശക്തിയുടെയും വികാരം പകര്ന്നുനല്കി. അവരുടെ ഗോത്രത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും പ്രതിരോധശക്തിയുടെയും സ്രോതസ്സായിരുന്നു ആ വികാരം. ഇന്ന് ഒരു രാജ്യത്തെ പൗരന്മാര്ക്കുണ്ടാവുന്ന ദേശീയതക്കും ദേശഭക്തിക്കും സമമാണിത്. അതനുസരിച്ച് ഇത്തരം കൂട്ടങ്ങള്‍ അയല്ഗോത്രങ്ങളില്നിന്നും പൂര്‍ണമായും വേറിട്ടും ഒറ്റപ്പെട്ടതുമാവേണ്ടതാണ്.
പക്ഷേ അറേബ്യന്‍ പെനിസുലയില്‍ ഇത് സാധ്യമല്ലായിരുന്നു. ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായുള്ള യാത്രകളും നിരന്തരചലനങ്ങളും അവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാക്കി. അങ്ങനെ അധിനിവേശങ്ങളും യുദ്ധങ്ങളും അപകടങ്ങളും ഉടമ്പടികളും സഖ്യങ്ങളുമുണ്ടായി. കാലക്രമത്തില്‍ അടിമകളും വേലക്കാരും നുഴഞ്ഞുകയറ്റക്കാരും ചേരുകയാല്‍, ഗോത്രങ്ങളെ കുടുംബത്തില്‍ മാത്രം ഒതുക്കാന്‍ പറ്റാതായി.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനം-ഹിജ്റ എ.ഡി 622-ലായിരുന്നു മക്കാനിവാസികളുണ്ടാക്കിയ പ്രയാസങ്ങള്‍ കടുത്തതു കാരണമായിരുന്നു പ്രവാചകനും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തത്. വ്യത്യസ്ത ഗോത്രങ്ങളും ഗണങ്ങളും ഇസ്ലാം ആശ്ലേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അത്തരമൊരു ഭിന്നവിഭാഗത്തിന്റെ നേതാവും തലവനുമായി പ്രവാചകന്. മതത്തിന്റെയും സാഹോദര്യത്തിന്റെയും നൂലുകളാല്‍ അദ്ദേഹം അവരെ ഒരുമിപ്പിച്ചു. പ്രവാചകന് മദീനയിലെത്തുമ്പോള്‍ തന്നെ അവിടെയുള്ള ഔസ്, ഖസ്റജ് ഗോത്രങ്ങളില്‍ ഇസ്ലാമാശ്ലേഷിച്ചവരുണ്ടായിരുന്നു. മറ്റു ദേശങ്ങളില്‍നിന്നും അവിടെ ആളുകളുണ്ടായിരുന്നു. പ്രവാചകന്റെ അനുചരരില്‍ അധികവും കച്ചവടക്കാരായിരുന്നു. മദീനാവാസികളെ പ്രവാചകന് സഹായികള്‍ എന്നര്‍ഥമുള്ള അന്‍സ്വാറുകള്‍ എന്നു വിളിച്ചു. മറ്റുള്ളവരെ പലായനം ചെയ്തവര്‍ എന്ന മുഹാജിറുകള്‍ ആക്കുകയും ചെയ്തു. ഗോത്രാടിസ്ഥാനത്തിലല്ലാതെ മതാടിസ്ഥാനത്തില്‍ ഒരുമിക്കപ്പെട്ടു എന്നതായിരുന്നു ഹിജ്റയുണ്ടാക്കിയ ആദ്യത്തെ വലിയ മാറ്റമെന്ന് ഇയാന്‍ നെറ്റന്‍ പറയുന്നു. മറ്റൊരു പണ്ഡിതനായ യാഖൂത്ത്, ബദുക്കള്‍ മരുഭൂമി വിട്ട് പട്ടണങ്ങളില്‍ അധിവസിക്കുന്നതാണ് ഹിജ്റ എന്ന് പറയുന്നുണ്ട്.
അഭയാര്‍ഥിത്വം എന്നതാണ് ഈ പ്രയോഗങ്ങളിലെല്ലാം സാധാരണമായിട്ടുള്ളത്. അത് മരുഭൂമിയിലെ അപകടങ്ങളില്‍ നിന്നായാലും പ്രകൃതിദുരന്തങ്ങളില്‍ നിന്നായാലും അവിശ്വാസത്തിന്റെ അപകടങ്ങൡ നിന്നായാലും യുദ്ധത്തില്‍ നിന്നായാലും. ശിര്‍ക്കിന്റെ നാട്ടില്‍നിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കുള്ള യാത്രയാണ് ഹിജ്റ. ലോകാവസാനം വരെ പാലിക്കേണ്ട ഒരു കടമയുമാണ് സമുദായത്തിനത്. ഹിജ്റ പ്രവാചര്യയുടെ ഭാഗമാണ് എന്നതിന് തെളിവ് പ്രവാചകന്റെ തന്റെ വചനമാണ്.
'പശ്ചാത്താപം (ആത്മനിര്വേദം) അവസാനിക്കുന്നതുവരെ ഹിജ്റ അവസാനിക്കുകയില്ല; സൂര്യന് പടിഞ്ഞാറുദിക്കാതെ പശ്ചാത്താപം അവസാനിക്കുകയുമില്ല.'