ചരിത്രത്തില്‍ നിന്ന് ചീന്തിയെടുത്ത ചോര പൊടിയുന്ന ഏടാണ് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മലബാര്‍ മാപ്പിളമാരുടേത്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും 1800-കളില്‍ തന്നെ കുറെപേരെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക് നാടുകടത്തിയിരുന്നു. ക്രിമിനല്‍ കുറ്റങ്ങളിലേര്പ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരും, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം എന്ന 'കുറ്റ'ത്തിന് 'ശിക്ഷ' ലഭിച്ചവരും അവരിലുണ്ടായിരുന്നു. ഈ ചരിത്രം പൊതുവിലും, നാടുകടത്തപ്പെട്ട
ചരിത്രത്തില്‍ നിന്ന് ചീന്തിയെടുത്ത ചോര പൊടിയുന്ന ഏടാണ് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മലബാര്‍ മാപ്പിളമാരുടേത്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും 1800-കളില്‍ തന്നെ കുറെപേരെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക് നാടുകടത്തിയിരുന്നു. ക്രിമിനല്‍ കുറ്റങ്ങളിലേര്പ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരും, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരം എന്ന 'കുറ്റ'ത്തിന് 'ശിക്ഷ' ലഭിച്ചവരും അവരിലുണ്ടായിരുന്നു. ഈ ചരിത്രം പൊതുവിലും, നാടുകടത്തപ്പെട്ട മലബാര്‍ മാപ്പിളമാരെ കുറിച്ച് പ്രത്യേകമായും ചില പഠനങ്ങളൊക്കെ പരിമിതമാണെങ്കിലും നടന്നിട്ടുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്ക് ഇനിയും ഇത് വിധേയമാക്കേണ്ടതുണ്ട്.
എന്നാല്‍, 1921-22 കാലത്ത് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളപുരുഷന്മാരുടെ കുടുംബങ്ങളെക്കുറിച്ച്, വിശേഷിച്ചും സ്ത്രീകളെ സംബന്ധിച്ച് കാര്യമായ ഒരു പഠനവും ഇതുവരെ നടന്നതായി അറിഞ്ഞിട്ടില്ല. നാടുകടത്തപ്പെട്ടവരുടെ ഭാര്യമാര്‍, മാതാക്കള്‍, പെണ്മക്കള്, സഹോദരിമാര്‍... ഈ പെണ് ജീവിതങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ, മലബാര്‍ മുസ്ലിം ചരിത്രത്തിലെ സവിശേഷമായൊരു അധ്യായമാണ്. പിതാവ്/ഭര്‍ത്താവ്/സഹോദരന്മാര്/മകന്... ആണുങ്ങള് ആന്തമാനിലായപ്പോള് സ്വദേശത്തെ സ്ത്രീകളുടെ ജീവിതം. പിന്നീട് ആശങ്കയും ഭീതിയും പ്രതീക്ഷയും നിറഞ്ഞ ആന്തമാന്‍ യാത്ര.
അപരിചിത്വത്തിന്റെ ഇരുട്ടില്‍ ബ്രീട്ടീഷ് പട്ടാളത്തിനുകീഴില്‍ പുതിയൊരു ജീവിതം ഉണ്ടാക്കിയെടുക്കുകയായിരുന്നു 1920-കളില്‍ ആന്തമാനിലെത്തിയ മാപ്പിളസ്ത്രീകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ആ 'കാലാപാനി'യില്‍ മലബാര്‍ മുസ്ലിം സ്ത്രീകളുടെ വിയര്‍പ്പും കണ്ണീരും ചോരയും കലര്‍ന്നിട്ടുണ്ട്. കടല്‍ കടന്ന് എങ്ങുമെത്താതെ പോയ അവരുടെ നിലവിളികള്‍ ആന്തമാന്‍ കാടുകളില്‍ തങ്ങിനില്ക്കുന്നുണ്ട്. പുരുഷന്മാര് നാടുകടത്തപ്പെട്ടപ്പോര് അനാഥരും വിധവകളുമായി ആ സ്ത്രീകള്‍ ജീവിച്ചു. അന്നത്തിന് വഴിമുട്ടിയപ്പോള്‍ പട്ടിണി കിടന്നു. നാടുകടത്തപ്പെട്ടവരുടെ സ്വത്തിനുമേല്‍, ശേഷിച്ച കുടുംബക്കാരുടെ കണ്ണും കൈയും പതിഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍നിന്നും ചിലര്‍ പടിയിറക്കപ്പെട്ടു. പിന്നീട് സ്വന്തം നാട്ടില്‍നിന്നും പടിയിറങ്ങി. കപ്പലില്‍ ആന്തമാനിലേക്കുള്ള യാത്ര. കടല്‍ കടത്തപ്പെട്ട് അവിടെയെത്തിയവര്‍ക്ക്, നാട്ടില്‍ നിന്ന് പറിച്ചെറിയപ്പെട്ടതിന്റെ വേദനക്ക് പുറമേ ദാരിദ്ര്യവും പട്ടിണിയും പീഢനങ്ങളും പലതും സഹിക്കേണ്ടിവന്നു. പക്ഷേ, അവര്‍ തളര്‍ന്നു വീണില്ല. പൊരുതി നിന്നു. പുതിയൊരു ജീവിതം പണിതുയര്‍ത്താന്‍ പാടുപെട്ടു. അതിലവര്‍ വിജയിക്കുക തന്നെ ചെയ്തു. ഇന്ന് ആന്തമാനിലെ മാപ്പിള മുസ്ലിം ജീവിതം ആ വിജയത്തെ അടയാളപ്പെടുത്തുന്നു. ഈയിടെ തലശ്ശേരി പാനൂരിലെ സുഹൃത്തുക്കള്‍ക്കൊപ്പം ആന്തമാനിലേക്ക് നടത്തിയ യാത്രയില്‍ പഴയതലമുറയിലെ ഏതാനും മലയാളി മുസ്ലിം സ്ത്രീകളെ കണ്ട് സംസാരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഒന്നാം തലമുറയിലെ ആയിഷ, രണ്ടാം തലമുറയിലെ വീട്ടിക്കാടന്‍ ഫാത്വിമ, വിംബര്‍ലി ഗഞ്ചിലുള്ള പാട്ടശ്ശേരി മറിയ, വി.കെ നബീസ, മൂന്നാം തലമുറക്കാരായ പി.കെ സൈനബ, മറിയ തുടങ്ങിയവരൊക്കെ പഴയ അനുഭവങ്ങളും പുതിയ ജീവിതവും സുദീര്‍ഘമായി സംസാരിച്ചു. ആന്തമാനിലെ മാപ്പിള സ്ത്രീ ജീവിതം സവിശേഷ പഠനത്തിന് വിധേയമാക്കുന്നതിന്റെ തുടക്കമെന്നോണം, വീട്ടിക്കാടന്‍ ഫാത്തിമയുടെ സംസാരം ഇവിടെ പകര്‍ത്തുന്നു.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടെ വീട്ടിക്കാടന്‍ കുടുംബത്തിലെ അംഗമായി ആന്തമാനിലാണ് ഞാന്‍ ജനിച്ചത്. എന്റെ വാപ്പാന്റെ വാപ്പ ഉണ്ണീന്‍ ഹാജി ബ്രിട്ടീഷ് ഭരണകാലത്ത് ശിക്ഷ കിട്ടിയാണ് ആന്തമാനില്‍ വന്നത്. എന്റെ വാപ്പാന്റെ പേര് ആലി അഹ്മദ്. ചന്തക്കു പോകുമ്പാഴാണ് വല്ലിപ്പാനെ ബ്രിട്ടീഷുകാര്‍ പിടിക്കുന്നത്. വല്ലിപ്പ തെറ്റൊന്നും ചെയ്തിരുന്നില്ലത്രെ! കൂടെയുള്ളവര്‍ എന്തൊക്കെയോ ചെയ്തിരുന്നു. അവരെ പിടിച്ചപ്പോള്‍ വല്ല്യുപ്പയും അതില്‍ പെട്ടു. അവരെ ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. അവിടെ എത്രദിവസം വെച്ചുവെന്നറിയില്ല. അവിടന്നാണ് ആന്തമാനിലേക്ക് നാടുകടത്തിയത്. ബെല്ലാരി ജയിലില്‍ അധികനാളുകളൊന്നും തടവിലിടാറുണ്ടായിരുന്നില്ല. പിന്നീടൊരിക്കലും കലാപമുണ്ടാക്കാതിരിക്കാനാണ് ഇങ്ങോട്ടുകൊണ്ടുവന്നത്. ഇവിടെ കുറച്ചുകാലം സെല്ലുലാര്‍ ജയിലിലിടും, പിന്നെ പുറത്ത് വിടും. ജയിലില്‍ നിന്ന് പുറത്ത് വിട്ടാലും ഈ ആന്തമാന്‍ ദ്വീപില്‍ നിന്ന് എവിടെ പോകാന്‍, ചുറ്റും കടലല്ലേ! വല്ലിപ്പയും ഉമ്മയും ഉപ്പയുമൊക്കെ പറഞ്ഞിട്ടാണ് 1920 കളിലെ കഥകളൊക്കെ ഞാന്‍ അറിഞ്ഞത്. എന്റെ ഉമ്മ ഫാത്വിമ അച്ചിപ്രക്കാരിയായിരുന്നു. അച്ചിപ്ര കുഞ്ഞലവിയായിരുന്നു ഉമ്മാന്റെ ഉപ്പ. അവരും കേരളത്തില്‍ നിന്ന് ഇങ്ങോട്ട് വന്നതാണ്.
വല്ലിമ്മയും ബാക്കിയുള്ളവരുമൊക്കെ ആന്തമാനിലേക്ക് വരുന്നത് എങ്ങനെയാണ്?
ശിക്ഷകാലം എത്ര വര്‍ഷമായിരുന്നുവെന്ന് എനിക്കറിയില്ല. ശിക്ഷകഴിഞ്ഞിട്ടാണ് വല്ലിപ്പ എന്റെ വാപ്പായെ ആന്തമാനിലേക്ക് കൊണ്ടുവന്നത്. വാപ്പാക്ക് അന്ന് പതിനഞ്ച് വയസ്സായിരുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്നു വല്ലിപ്പാക്ക്. ഒരു ഭാര്യയില്‍ എന്റെ വാപ്പ, മറ്റേ ഭാര്യയില്‍ രണ്ട് ആണും മൂന്ന് പെണ്ണും. എന്റെ വാപ്പാന്റെ ഉമ്മയെ ഞങ്ങള്‍ കണ്ടിട്ടില്ല. വല്ലിമ്മ കരുവാരക്കുണ്ടുകാരിയായിരുന്നു. എന്റെ രണ്ട് അമ്മായിമാര് - വാപ്പായുടെ പെങ്ങന്മാര് - ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട്. മണ്ണാര്‍ക്കാട്ടെ ഫാത്വിമയും റൈറ്റ് മ്യൂവിലെ ഇത്തീമുണ്ണിയും. വല്ല്യഅമ്മായി ആയിഷയെ ആന്തമാനില്‍ നിന്ന് കല്ല്യാണം കഴിച്ചത് മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിക്കുത്തിലേക്കാണ്. ആന്തമാനില്‍ ജപ്പാന്‍കാര്‍ വന്നപ്പോള്‍ 'സബര്‍ദസ്തി' കല്ല്യാണം കഴിച്ചതാണ്.
അതെന്തിനാണ് നിര്‍ബന്ധിത (സബര്‍ദസ്തി) കല്ല്യാണം നടത്തുന്നത്?
മാപ്പിള (ഭര്‍ത്താവ്) ഇല്ലാത്ത പെണ്‍കുട്ടികളെ ജപ്പാന്‍കാര്‍ പിടിച്ചുകൊണ്ടുപോയി കൊല്ലുമെന്ന് പേടിച്ചിരുന്നു. ഇതുകണ്ട്, രാത്രിക്കുരാത്രി അമ്മായിയുടെ കല്ല്യാണം നടത്തുകയായിരുന്നു. മഞ്ചേരിയിലെ കുരിക്കള്‍ കുടുംബത്തിലേക്കാണ് അവരെ കല്ല്യാണം കഴിച്ചത്. വാപ്പാക്കും ഉമ്മാക്കും ഞങ്ങള്‍ പന്ത്രണ്ടു മക്കളുണ്ട്. ആറ് ആണും, ആറ് പെണ്ണും.
വല്ലിപ്പക്ക് അന്തമാനില്‍ എന്തായിരുന്നു ജോലി?
തേങ്ങ വെട്ടലായിരുന്നു ആദ്യം. തെങ്ങില്‍ കയറി തേങ്ങയിടും, ചകിരികൊണ്ട് ചൂടിക്കയറുണ്ടാക്കും. പിന്നെ കൃഷി തുടങ്ങി. ഇവിടെ ആന്തമാനിലെ മണ്ണാര്‍ക്കാട്ടാണ് കൃഷിഭൂമിയുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെ കാട് വെട്ടി 'ആബാദാക്കി' എടുത്തതാണ് വല്ലിപ്പയും മറ്റും. കാട് വെട്ടിത്തെളിച്ച് കൈവശമാക്കുന്നതിനാണ് 'ആബാദാക്കുക' എന്നുപറയുന്നത്.
നിങ്ങളുടെ ജനനം, വയസ്സ്?
എനിക്കിപ്പോള്‍ 76 വയസ്സായി; അപ്പോള്‍ ഏതാണ്ട് 1939 ലാകണം ജനിച്ചത്. കേരളത്തിലെ മണ്ണാര്‍ക്കാടിന്റെ അതേപേരില്‍ ഇവിടെ ആന്തമാനിലും ഒരു മണ്ണാര്‍ക്കാടുണ്ട്. ഞാന്‍ ജനിച്ചുവളര്‍ന്നത് അവിടെയാണ.് കാലിക്കറ്റ്, മലപ്പുറം, മണ്ണാര്‍ക്കാട് തുടങ്ങിയ പേരുള്ള സ്ഥലങ്ങള്‍ ഇവിടെയുമുണ്ട്. അങ്ങനെ പേരിട്ടുകൊണ്ടുകൂടിയാണ് നാടിനോടുള്ള ബന്ധം ഞങ്ങളുടെ വാപ്പമാര് നിലനിര്‍ത്തിയത്.
കുട്ടിക്കാലമൊക്കെ ഓര്‍മയുണ്ടോ, ബ്രിട്ടീഷ് ഭരണമായിരുന്നല്ലോ അന്ന്?
കുറച്ചൊക്കെ ഓര്‍മ്മയുണ്ട്, പിന്നെ വാപ്പയൊക്കെ പറഞ്ഞുകേട്ട കാര്യങ്ങളുമുണ്ട്. ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നല്ലോ ആന്തമാന്‍. ഇന്ത്യയുടെ പല ഭാഗത്തുനിന്നും പലതരം കുറ്റവാളികളെ നാടുകടത്താനാണ് അവര്‍ ആന്തമാന്‍ ഉപയോഗിച്ചിരുന്നത്. ഇടക്ക് ജപ്പാന്‍കാര്‍ ഇവിടെ വന്നു, പിടിച്ചടക്കി. അപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടുപോയി. ജപ്പാന് യുദ്ധം ചെയ്ത് പിടിച്ചതാണ്. ജപ്പാന് പട്ടാളം വരുമ്പോള്‍ വാപ്പ ഞങ്ങളെയെടുത്ത് ഓടി ഒളിക്കുമായിരുന്നു. ഭൂമിക്കടിയില്‍ മൂര്‍ച്ച (കുഴി) ഉണ്ടാക്കി അതിനകത്താണ് ഒളിച്ചിരുന്നത്. ആ കുഴിയുടെ മുകളില്‍ പലകയിട്ട് മൂടും. പുല്ലും മണ്ണുമൊക്കെ പലകയുടെ മുകളില്‍ ഇടും. അപ്പോള്‍ ജപ്പാന് പട്ടാളക്കാര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകില്ലല്ലോ. വീടിന്റെ ഉള്ളിലൊന്നും നില്ക്കാന് പറ്റില്ലായിരുന്നു. ഇടിവാള്‍ മിന്നുന്നപോലെയാണ് മെഷീന് ഗണ്ണില്‍ നിന്നും തീ തുപ്പിയിരുന്നത്. വീടിനൊക്കെ വെടിവെക്കും. മരം കൊണ്ടുണ്ടാക്കിയ വീടല്ലേ, വെടികൊണ്ട് ചിലപ്പോള്‍ അത് കത്തും. ഇവിടെ പൊതുവെ മരം കൊണ്ടാണ് വീടുണ്ടാക്കിയിരുന്നത്. ഇപ്പോഴും കാണാം ഇവിടെ മരം കൊണ്ടുണ്ടാക്കിയ പഴയ വീടുകള്‍. വിമാനത്തിന്റെ ഒച്ച കേള്‍ക്കുമ്പോഴേക്ക് ആളുകളൊക്കെ വീട്ടില്‍നിന്ന് ഇറങ്ങിയോടും, കുഴിയില്‍പോയി ഒളിച്ചിരിക്കും. മൂന്നുകൊല്ലമാണ് ജപ്പാന് ഇവിടെയുണ്ടായിരുന്നത്. വല്ലാത്ത ളുല്‍മ് (അക്രമം) ആയിരുന്നു അവര്‍ ചെയ്തത്. പശ്ണി (പട്ടിണി) നിറഞ്ഞ കാലമായിരുന്നു. പട്ടിണി കിടക്കാന്‍ പറ്റാതെ താളിന്റെ ഇലപറിച്ചുകൊണ്ടുവന്ന് പുഴുങ്ങിത്തിന്നിട്ടുണ്ട്. ഒരു സമയത്ത് ഉപ്പുപോലും കിട്ടാനില്ലായിരുന്നു. ഉള്ള നെല്ലും അരിയും പോലും തിന്നാന്‍ കഴിയില്ല. നെല്ലോ, അരിയോ കണ്ടാല്‍ ജപ്പാന്‍കാര്‍ എടുത്തോണ്ട് പോകും. തിന്നാന്‍ പോലും അവരെ പേടിക്കേണ്ടിയിരുന്നു. വെക്കുന്നതും (ഭക്ഷണമുണ്ടാക്കുക), തിന്നുന്നതുമൊന്നും അവര്‍ കാണാന്‍ പാടില്ല. നെല്ല് കുത്തി, അരിയാക്കി ടിന്നില്‍ നിറക്കും. ആ ടിന്ന് മണ്ണിനടിയില്‍ വെച്ച് മൂടി, മുകളില്‍ പലക വെച്ച് മണ്ണിടും, ജപ്പാന്‍കാര്‍ കാണാതിരിക്കാന്‍ വേണ്ടി.
നേരം വെളുക്കുമ്പോള്‍ വീട്ടിന്റെ മുന്നില്‍ ഫഖീറന്മാര് വന്നിരിക്കും, ഇത്തിരി കഞ്ഞിവെള്ളം കിട്ടാന്‍. എട്ട് മണിക്കുശേഷമേ ജപ്പാര്കാര് പരിശോധിക്കാന്‍ വരൂ. ഫഖീറന്മാര് അതിന് മുമ്പാണ് വരിക. പട്ടിണി സഹിക്കാന്‍ കഴിയാതെയാണ് അവര്‍ വരുന്നത്. ഉമ്മ വലിയ പാത്രത്തില്‍ ഇത്തിരി അരിയിട്ട് തിളപ്പിച്ച് അവര്‍ക്കൊക്കെ കൊടുക്കും. കഞ്ഞിയെന്നൊന്നും പറയാന്‍ പറ്റില്ല, അരിയിട്ട് തിളപ്പിച്ചവെള്ളം. ഫഖീറന്മാര് വന്നിരിക്കുന്നതോ, കഞ്ഞിവെള്ളം കൊടുക്കുന്നതോ ജപ്പാന്‍കാര്‍ കാണാന്‍ പാടില്ലായിരുന്നു.
ഫഖീറന്മാര് മലയാളികളായിരുന്നോ?
എല്ലാവരുമുണ്ടായിരുന്നു. പഞ്ചാബി, ബര്‍മക്കാര്‍... അങ്ങനെ നാനാജാതിക്കാരുമുണ്ടാകും. നെല്ല് കൃഷിചെയ്യാനായി ഞാറുണ്ടാക്കും. നട്ടുകഴിഞ്ഞ് ബാക്കിയുള്ള ഞാറ് മറ്റാര്‍ക്കും കൊടുക്കാന്‍ പാടില്ല. കണ്ടാല്‍ പിടിക്കും. ഒരിക്കല്‍ വാപ്പ ബാക്കി വന്ന ഞാര്‍ ഒരാള്‍ക്ക് കൊടുത്തു. ഒരു പാവം മനുഷ്യന്. അയാള്‍ അതുകൊണ്ടുപോകുമ്പോള് ജപ്പാന് പട്ടാളം കണ്ടു. അയാളെ ജപ്പാന് ഭാഷയില്‍ തെറിവിളിച്ചു, അടിച്ചു. നിലത്തുവീണ അയാളെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിക്കൊന്നു.
നിങ്ങള്‍ക്ക് ജപ്പാന് ഭാഷ അറിയാമോ?
ജപ്പാന് ഭാഷ കുറെയൊക്കെ അറിയുമായിരുന്നു, ഇപ്പോള്‍ മറന്നുപോയി. വാപ്പ ജപ്പാന്കാരോടൊപ്പം കഴിഞ്ഞിരുന്നു. അവരുടെ പണിയൊക്കെ ചെയ്ത്, കൂടെനിന്നു. ഉള്ളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പണിയെടുത്ത് ജീവിക്കാന്‍ അവരുടെ കൂടെ നില്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. വല്ല്യ വല്ല്യ ജപ്പാന് ഓഫീസര്‍മാരുണ്ടാകും. അവരുടെ കൂടെ, സാധനങ്ങളൊക്കെ എടുത്ത് നടക്കുമായിരുന്നു വാപ്പ. ഇവരുടെ ഉപ്പായും എളാപ്പമാരുമൊക്കെ അതുതന്നെയാ ചെയ്തിരുന്നത്. അപ്പോള്‍ അവര്‍ ഉപദ്രവിക്കില്ല. 'തയ്ച്ചു' എന്നു പറയുന്ന വലിയൊരു ആപീസറുണ്ടാകും. അയാളുടെ കൂടെയായിരുന്നു ഇവര്‍ നടന്നിരുന്നത്. ശമ്പളമൊന്നും കിട്ടില്ല. പക്ഷെ, ളുല്‍മ് ചെയ്യില്ല.
ജപ്പാന്‍കാരുടെ കൂടെ സ്ത്രീകളൊന്നും വന്നിരുന്നില്ലേ?
സ്ത്രീകളൊന്നും വന്നിട്ടില്ലായിരുന്നു. ജപ്പാന്‍കാര്‍ ആന്തമാനില്‍ വന്നപ്പോള്‍ ഉടനെത്തന്നെ മൂന്ന് ഹിന്ദുസ്ഥാനി മുസ്ലികളെ കൊല്ലുകയുണ്ടായി. ജപ്പാന്‍കാര്‍ ആരെയൊ അന്വേഷിച്ചു ഒരു മുസ്ലിം വീട്ടില്‍ കയറി. അവര്‍ സ്ത്രീകളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്തു. വീട്ടിലെ ഒരു ചെറുപ്പക്കാരന് അവരെ വെടിവെച്ചു. ഒരു ജപ്പാന്കാരന് മരിച്ചു. ആ ചെറുപ്പക്കാരന് ഓടി രക്ഷപ്പെട്ടു. അയാളെ പിടിച്ചുകൊണ്ടുവന്ന് പരസ്യമായാണ് കൊന്നത.് വേറെ രണ്ടാളെയും കൊന്നു. അവരുടെ ഖബ്റുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്, ഒരു ഓര്‍മക്കായി. ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ എല്ലാവരെയും കൊണ്ടുപോയി. ചങ്ങലക്കിട്ടാണ് അവരെ നിര്‍ത്തിയിരുന്നത്. ശിക്ഷകൊടുക്കുന്നത് എല്ലാവരും കാണണം എന്നതായിരുന്നു നിയമം. ആരും ഇനി ഇത്തരത്തിലൊന്നും ചെയ്യാതിരിക്കാന്‍, പേടിപ്പിച്ച് നിര്‍ത്താനായിരുന്നു ഇത്. അവനെ പിടികിട്ടിയില്ലെങ്കില്‍ കുടുംബക്കാരെയൊക്കെ കൊല്ലുമായിരുന്നു. ആണുങ്ങളില്ലാത്ത പെണ്ണുങ്ങളെയൊക്കെ കൊല്ലും, കല്ല്യാണം കഴിക്കാത്ത ആണുങ്ങളെയും കൊല്ലും. ഇതായിരുന്നു ഇവിടെ ജപ്പാന്‍കാരുടെ രീതി. മൂന്നുകൊല്ലം ജപ്പാന്‍കാര്‍ ഇവിടെ അക്രമം ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായിട്ടാണല്ലോ അവര്‍ ഇന്ത്യയുടെ ഭാഗമായ ആന്തമാന്‍ പിടിക്കുന്നത്. ഇന്ത്യ ബ്രിട്ടന്റെ കൂടെയായിരുന്നല്ലോ അന്ന്. അതുകൊണ്ടാണ് അവര്‍ ആന്തമാന്‍ പിടിച്ചത്. ഇന്ത്യക്കാര്‍ ബ്രിട്ടനെ സഹായിക്കുമോ എന്ന് ജപ്പാന് സംശയമായിരുന്നു. അതായിരുന്നു ളുല്‍മിന്റെ ഒരു കാരണം. മൂന്നു കൊല്ലം കഴിഞ്ഞ് ജപ്പാന്‍കാര്‍ ഇവിടെനിന്ന് പോവുകയും ബ്രിട്ടീഷുകാര്‍ തിരികെ വരികയും ചെയ്തു.
നിങ്ങളുടെ കുട്ടിക്കാലം, പഠനം?
അന്നൊക്കെ എന്ത് പഠനം! ഒന്‍പതാമത്തെ വയസ്സില്‍ എന്നെ നിക്കാഹ് കഴിച്ചിട്ടുണ്ട്. അതാണാ കാലം. ഞാന്‍ കുറച്ച് ദീനീകാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്നത്തെപ്പോലെ മദ്റസയൊന്നും ഇല്ല. അന്നത്തെ രീതിയിലുള്ള ഓത്തുപളളി. മണ്ണാര്‍ക്കാടുള്ള ഓത്തുപളളിയില്‍ പഠിച്ചു. മൂന്നാം ക്ലാസ്സുവരെ സ്കൂളിലും പോയി. ഉപ്പാണീ മാസ്റ്ററും മുഹമ്മദ് മുസ്ലിയാരുമാണ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്. ഉപ്പാണീ മാസ്റ്ററുടെ വാപ്പ അഹ്മദ്കുട്ടി ഹാജി ശിക്ഷ കിട്ടി ആന്തമാനില്‍ വന്നതാണ്. മലയാള ഭാഷയൊന്നും അന്ന് പഠിപ്പിച്ചിരുന്നില്ല. മുഹമ്മദ് മുസ്ലിയാരുടെ ഭാര്യയും കുടുംബവുമൊക്കെ നാട്ടില്‍ തന്നെയായിരുന്നു. അദ്ദേഹം ഇവിടെനിന്നും ഒരു കല്ല്യാണം കഴിച്ചു. ഒരു പെണ്‍കുട്ടിയെ, ഭര്‍ത്താവില്ലാത്തതിനാല്‍ ജപ്പാന്‍കാര്‍ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിച്ച് 'സബര്‍ദസ്തി' കല്ല്യാണം കഴിപ്പിച്ചതാണ്. എന്നെ ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിച്ചത് മുഹമ്മദ് മുസ്ലിയാരാണ്.
ഒന്‍പതാം വയസ്സില്‍ നാലകത്ത് കുടുംബത്തിലേക്ക് എന്നെ കല്ല്യാണം കഴിച്ചു. അബൂബകര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാലകത്ത് കുഞ്ഞാണി ഹാജിയുടെ മകനായിരുന്നു അദ്ദേഹം. കേരളത്തില്‍, പെരിന്തല്മണ്ണയിലുണ്ടല്ലോ നാലകത്ത് കുടുംബം. അതില്പെട്ടവരായിരുന്നു കുഞ്ഞാണി ഹാജി. ശിക്ഷ കിട്ടിത്തന്നെയാണ് അവരും ആന്തമാനില്‍ വന്നത്. വൈകാതെ ആ ബന്ധം ഒഴിവായി. വഹാബി-സുന്നി തര്‍ക്കത്തിലാണ് ബന്ധം പിരിഞ്ഞത്. എന്റെ വാപ്പ വഹാബിയായിരുന്നു. കല്ല്യാണം കഴിച്ചയാള്‍ സുന്നിയും. വാപ്പ പ്രബോധനം പത്രമൊക്കെ വായിച്ചിരുന്നു. എനിക്കും അത് വായിക്കാന്‍ തന്നു. ഞാന്‍ പ്രബോധനം ഭര്‍ത്താവിന്റെ വീട്ടില്‍കൊണ്ടുപോയി വായിച്ചു. അതവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഭര്‍ത്താവിന്റെ ജേഷ്ഠന്മാരും വാപ്പയും ഉമ്മയുമൊക്കെ പ്രശ്നമുണ്ടാക്കി. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്നെ അടിച്ചു. കൈയിലെ വളയൊക്കെ പൊട്ടി. മുറിയായി, ചോര വന്നു. എന്റെ വല്ലിപ്പ എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. 'നിങ്ങള്‍ക്ക് തല്ലാനും കൊല്ലാനും തന്നതല്ല ഇവളെ, ചെറിയ കുട്ടിയാണ്. നിര്‍ബന്ധിച്ച് കെട്ടിച്ചതാണ്. നിങ്ങള്‍ക്ക് തല്ലണമെങ്കില്‍ ഞാനൊരു എരുമയെ കൊണ്ടുവന്ന് തരാ'മെന്നൊക്കെ പറഞ്ഞാണ് വല്ലിപ്പ എന്നെ കൂട്ടികൊണ്ടുവന്നത്. അങ്ങനെ മൊഴി വാങ്ങിച്ചു.
രണ്ടാമതും കല്ല്യാണം നടന്നു; അബ്ദുല്ല എന്നായിരുന്നു പേര്. അദ്ദേഹം ആദ്യമൊരു പെണ്ണ് കെട്ടിയിരുന്നു. അമ്മോശനും മരുമകനും തമ്മില്‍ തെരക്കായി (വഴക്കുണ്ടായി) ആ ബന്ധം ഒഴിവാകുകയായിരുന്നു. എന്നിട്ടാണ് എന്നെ കെട്ടിയത്. ആദ്യ പെണ്ണിനെ ഒഴിവാക്കേണ്ടിവന്നതില്‍ അവളുടെ വീട്ടുകാരോടുള്ള വാശിക്കാണ് ഉടന്‍ തന്നെ എന്നെ കല്ല്യാണം കഴിച്ചു. എന്നോട് ചോദിച്ചൊന്നുമില്ല. പിടിച്ചങ്ങ് കെട്ടിക്കുകയായിരുന്നു. ഒന്‍പതു മാസമേ അവിടെ നിന്നുള്ളൂ.
പിന്നീട് പുവകുണ്ടില് കുടുംബത്തിലേക്ക് കല്ല്യാണം കഴിച്ചു; പുവകുണ്ടില് മായിന്‍ ഹാജിയുടെ മകന് മുഹമ്മദ്. അതില്‍ മൂന്ന് മക്കള്‍. അദ്ദേഹം വയറുവേദന വന്ന് മരിച്ചു. രോഗം പിടിച്ചെടുക്കാനുള്ള ഡോക്ടര്‍മാരൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോഴാണല്ലോ കാന്‍സറൊക്കെ മനസ്സിലാകുന്നത്. 'കുട്ടികളുടെ വാപ്പാ'ക്ക് ഗവണ്മെന്റ് ജോലിയുണ്ടായിരുന്നു, പ്യൂണ്‍. 40 രൂപയായിരുന്നു ശമ്പളം. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുജന് പി.കെ മമ്മു കല്ല്യാണം കഴിച്ചു. അതില്‍ നാലു മക്കളുണ്ട്. സാഹിറ, ശംസുദ്ദീന്‍, മുസ്തഫ, സുഹ്റ. അദ്ദേഹത്തിന് വേറൊരു ഭാര്യയും കുട്ടിയും നിലവിലുണ്ടായിരുന്നു അപ്പോള്‍. പി.കെ ഇബ്രാഹിം മൗലവി ആന്തമാനില്‍ വന്ന സമയമായിരുന്നു അത്. മൂന്ന് ചെറിയ കുട്ടികള്‍. എനിക്ക് ചെറിയ പ്രായം. ഈ കുട്ടികളെ എങ്ങനെ നോക്കിവളര്ത്തും. 'ആരാണ് ഇവരെ ഏറ്റെടുക്കുക' എന്ന് ഇബ്റാഹിം മൗലവി കുടുംബക്കാരോട് ചോദിച്ചു. എല്ലാവര്ക്കും പിടിപ്പത് പായാരം (പ്രയാസം) ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചെറിയ കുടുംബവും പ്രയാസം കുറവുമുള്ള ആളായിരുന്നു അനുജന്. അദ്ദേഹം കല്ല്യാണം കഴിക്കുകയാണുണ്ടായത്. എനിക്ക് മൊത്തം നാല് കല്ല്യാണങ്ങള്‍. അന്ന് അങ്ങനെയൊക്കെ നടക്കും.
കേരളത്തില്‍ നിന്ന് നാടുകടത്തപ്പെട്ട പുരുഷന്മാര് പലവിധത്തില്‍ പീഢനങ്ങളും പ്രയാസങ്ങളുമനുഭവിച്ചു. ബെല്ലാരി ജയിലിലും പോര്‍ട്ട് ബ്ലെയറിലെ സെല്ലുലര്‍ ജയിലിലും തടവ് ശിക്ഷ, ശിക്ഷാകാലത്ത് ജയിലിനുപുറത്ത് കഷ്ടപ്പാടുകള്‍, കുടുംബത്തെ പിരിഞ്ഞുള്ള ജീവിതം... അങ്ങനെ പലതും. അന്തമാനില്‍ വന്ന മാപ്പിള സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു?
1921-ല്‍ ശിക്ഷകിട്ടി ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ കുടുംബത്തിലെ പെണ്ണുങ്ങളും കുട്ടികളും പലതരത്തിലുള്ള പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. ആണുങ്ങളെ നാടുകടത്തിയപ്പോള്‍ നാട്ടില്‍ ബാക്കിയായത് ഭാര്യയും മക്കളുമായിരുന്നു. അവരില്‍ ചിലരെയൊക്കെ നാട്ടിലുള്ള കുടുംബക്കാര് സംരക്ഷിച്ചു. എന്നാല്‍ മറ്റുചിലരെ കുടുംബക്കാര് ശ്രദ്ധിച്ചില്ല. ഭര്‍ത്താവ്/വാപ്പ ജയിലിലായതോടെ കുടുംബം അവരെ കൈയൊഴിഞ്ഞു. ചിലരുടെ സ്വത്തും ബാക്കിയുള്ളവര്‍ കൈയിലാക്കിയിട്ടുണ്ട്. യതീം മക്കളെപ്പോലെ കഴിയേണ്ടിവന്നു കുറേ കുട്ടികള്‍ക്ക്. നാട്ടില്‍ പട്ടിണിയും കഷ്ടപ്പാടും. എങ്ങനെയൊക്കെയാണ് അവര്‍ അന്ന് ജീവിച്ചതെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ഒരു തുണയില്ല, പറമ്പില്‍ നിന്ന് വരുമാനമില്ല. കുറച്ചു സ്ത്രീകളൊക്കെ കൃഷിപ്പണിക്ക്, ഞാറ് പറിക്കാനും കൊയ്യാനും മെതിക്കാനും നടാനുമൊക്കെ പോയി പട്ടിണി മാറ്റിയിരുന്നു. പിന്നീട് കുടുംബത്തെ ആന്തമാനിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചു. അങ്ങനെയാണ്, സ്ത്രീകളും കുട്ടികളുമൊക്കെ കേരളത്തില്‍നിന്ന് ഇവിടെയെത്തിയത്. മദ്രാസില്‍ നിന്ന് കപ്പലിലാണ് ആന്തമാനിലേക്കുള്ള യാത്ര. നാടും വീടും കുടുംബക്കാരെയുമൊക്കെ വിട്ട് 1920-കളില്‍ മലബാറിലെ സ്ത്രീകളും കുട്ടികളുമൊക്കെ ഇവിടെ വന്ന് ജീവിക്കുക! ഇവിടെ വന്നിട്ടും പലതരം പ്രയാസങ്ങള്‍. പെണ്ണുങ്ങളും കൃഷിപ്പണിക്ക് പോകുമായിരുന്നു. ചവിട്ടുരലില് നെല്ല് കുത്തി അരിയാക്കും. കാലുകൊണ്ട് ചവിട്ടി നെല്ല് അരിയാക്കുന്ന ഉരലായിരുന്നു ചവിട്ടുരല്. കേരളത്തില്‍ അതുണ്ടായിരിക്കണം. അതുകൊണ്ടാണല്ലോ അവര്‍ ഇവിടെ വന്നപ്പോ അതുണ്ടാക്കിയത്. കൊത്തമ്പാലിയും (മല്ലി) മുളകുമൊക്കെ കിട്ടുമായിരുന്നു.
അന്ന് വീട്ടില്‍ സംസാരിച്ചിരുന്നത് മലയാളമായിരുന്നോ?
അതെ, എന്റെ വീട്ടില്‍ മലയാളം മാത്രമാണ് സംസാരിച്ചിരുന്നത്. മണ്ണാര്‍ക്കാടുനിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് കല്ല്യാണം കഴിച്ചുകൊണ്ടുവന്നശേഷമാണ് ഞാന്‍ ഹിന്ദി പഠിച്ചത്. ഇവിടെയൊക്കെ പല ഭാഷക്കാരും ജാതിക്കാരും ഉണ്ടായിരുന്നു. സ്റ്റുവര്ട്ട്ഗഞ്ചില് മാപ്പിളമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിബര്ലിഗഞ്ചിലും മാപ്പിളമാരായിരുന്നു കൂടുതല്‍. അതുകൊണ്ട് വീട്ടിലും നാട്ടിലുമൊക്കെ മലയാളം തന്നെ പറഞ്ഞു. 1920 -കളിലെ മലബാറിലെ മലയാളമാണ് ഞങ്ങളൊക്കെ സംസാരിച്ചിരുന്നത്. ആ മലയാളമേ ഇപ്പോഴും ഞങ്ങള്ക്കറിയൂ. മലയാളം പഠിക്കുകയോ, വായിച്ച് ഭാഷ വളര്‍ത്തുകയോ ചെയ്യാത്തതുകൊണ്ട് ആ പഴയ മലയാളം അങ്ങനെത്തന്നെ ബാക്കിയായി. വിദ്യാഭ്യാസം ഉണ്ടെങ്കിലല്ലേ ഭാഷ വളരൂ. പിന്നെ ഹിന്ദി, ഉര്‍ദു ഭാഷകള്‍ സംസാരിച്ചുപഠിച്ചു.
ബര്‍മീസ്-പഞ്ചാബി സ്ത്രീകളും ഇവിടെ ഉണ്ടായിരുന്നു. ബര്‍മീസ്-പഞ്ചാബിക്കുട്ടികളും ഞങ്ങളും ഒന്നിച്ചാണ് സ്കൂളില്‍ പഠിച്ചിരുന്നത്. ഞങ്ങള്‍ക്ക് അവരില്‍പ്പെട്ട കൂട്ടുകാരികളുണ്ടായിരുന്നു. ബര്‍മക്കാര്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. അവരിലൂടെ ബര്‍മീസ് ഭാഷയും, ജപ്പാന്‍കാര്‍ വന്നപ്പോള്‍ കുറച്ച് ജപ്പാന് വാക്കുകളുമൊക്കെ പഠിച്ചു. ബര്‍മീസ് ഭാഷ കുറച്ചൊക്കെ പറയുമായിരുന്നു. ബര്‍മക്കാര്‍ പോയതോടെ പിന്നീടത് സംസാരിക്കാതായി. കുറെയൊക്കെ മറന്നുപോവുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ പേരക്കുട്ടികളൊക്കെ ഹിന്ദിയാണ് സംസാരിക്കുന്നത്. അവര്‍ക്ക് മലയാളം വളരെ കുറച്ചേ അറിയൂ. മലയാളം പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവാന്‍ പ്രയാസമാണ്. അതുകൊണ്ട് അവരിങ്ങോട്ട് ഹിന്ദി പറയും. ഞങ്ങള്‍ അങ്ങോട്ടും ഹിന്ദി പറയും. അങ്ങനെ പതുക്കെ മാപ്പിള മുസ്ലിംകളുടെ ഇപ്പോഴത്തെ സംസാര ഭാഷ ഹിന്ദിയായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളം എഴുതാനോ വായിക്കാനോ ഒന്നും എനിക്ക് ശരിക്കറിയില്ല. പഴയ മലയാളത്തില്‍ സംസാരിക്കും. അതിലും കുറേ ഹിന്ദി-ഉര്‍ദു വാക്കുകള്‍ കയറിവരും.
മലബാറിലെ അതേ രൂപത്തിലാണ് ഞങ്ങള്‍ ഭക്ഷണമൊക്കെ ഉണ്ടാക്കിയിരുന്നത്. ഞങ്ങളുടെ ഉമ്മമാര്‍ക്ക് അതല്ലേ അറിയൂ, അവരത് ഞങ്ങള്‍ക്കും പഠിപ്പിച്ചു. 1920-കളിലെ, കേരളത്തിലെ ഒറിജിനല്‍ മലബാര്‍ ഭക്ഷണം. ഇപ്പോള്‍ അതൊക്കെ കുറേ മാറിപ്പോയി. ഹിന്ദിക്കാരുടെ ഭക്ഷണമാണ് ഇപ്പോള്‍ കൂടുതല്‍. ചപ്പാത്തിയും മറ്റുമാണ് കുട്ടികള്‍ക്കൊക്കെ ഇഷ്്ടം. അന്നത്തെ ഭക്ഷണത്തിന്റെ രുചി വേറെത്തന്നെയായിരുന്നു. അമ്മിയും കുട്ടിയും, കുന്താണി, ഉലക്ക എല്ലാം ഇവിടെയുണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ അതൊന്നും കണ്ടിട്ടേയുണ്ടാകില്ല.
നാട്ടിലേക്ക്, കേരളത്തിലെ മണ്ണാര്‍ക്കാട്ടേക്ക് ഇതുവരെ വന്നിട്ടില്ലേ?
ഇല്ല, ഞങ്ങളുടെ നാട് ഇതുതന്നെയായി. ഞങ്ങള്‍ ജനിച്ചുവളര്‍ന്നത് ഇവിടെ, ആന്തമാനിലല്ലേ! ഞങ്ങളുടെ വാപ്പ കുടുംബത്തെ കാണാന്‍ നാട്ടില്‍ പോയിട്ടില്ല, പിന്നെ ഞങ്ങള്‍ എങ്ങിനെ പോകാന്‍! വാപ്പയുടെ നാട് ഞാന്‍ കണ്ടിട്ടില്ല. ഒന്നു രണ്ടു പ്രാവശ്യം വാപ്പ നാട്ടില്‍ പോയിരുന്നു; ചികിത്സക്കുവേണ്ടി. വല്ലിപ്പാക്ക് കുറേ സ്വത്തുണ്ടായിരുന്നു നാട്ടില്‍. ശിക്ഷകിട്ടി വല്ലിപ്പ ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടതോടെ ആ സ്വത്തെല്ലാം കുടുബക്കാര്‍ കൈയടക്കി. വല്ലിപ്പാക്ക് പിന്നെ ഒന്നും കിട്ടിയില്ല. വല്ലിപ്പാന്റെ മക്കള്‍, അതായത് എന്റെ വാപ്പയും പെങ്ങന്മാരുമൊക്കെ അമ്മാവന്റെ വീട്ടിലേക്ക് പോകേണ്ടിവന്നു. അമ്മായി-അമ്മാവന്റെ ഭാര്യ-അവരാണ് വാപ്പയെ നോക്കിയിരുന്നത്. ശിക്ഷ കഴിഞ്ഞ് വല്ലിപ്പ നാട്ടില്‍ പോയപ്പോള്‍ സ്വത്തൊക്കെ മറ്റുള്ളവരുടെ കൈയിലായിരുന്നു. സ്വത്ത് തിരിച്ചുകൊടുക്കേണ്ടി വന്നെങ്കിലോ എന്ന് പേടിച്ച് കുടുംബക്കാര് വല്ലിപ്പയെ വേണ്ടവിധം സ്വീകരിച്ചില്ല. ആന്തമാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ വല്ലിപ്പയോടുള്ള പെരുമാറ്റം അത്ര നന്നായിരുന്നില്ല. വല്ല്യുപ്പക്ക് മനസ്സ് മടുത്തു. എന്റെ വാപ്പാനെയും ബാക്കി മക്കളെയും കൂട്ടി വല്ലിപ്പ ആന്തമാനിലേക്ക് തിരിച്ചുപോന്നു.
ഇവിടേക്ക് വന്നവരാരും പിന്നെ നാട്ടിലേക്ക് തിരിച്ച് പോയിരുന്നില്ലേ അന്ന്?
കുറച്ചാളുകളൊക്കെ തിരിച്ചു പോയിക്കാണും. കുറേ പേര് ഇവിടെത്തന്നെ നിന്നു. നാട്ടില്‍ പോവുക അത്ര എളുപ്പമായിരുന്നില്ല. യാത്രാ പ്രയാസമുണ്ടായിരുന്നു. പിന്നെ നാട്ടില്‍ ചെല്ലുമ്പോള്‍ കുറേപേര്ക്കുണ്ടായ ദുരനുഭവങ്ങള്‍. ഇവിടെ കൃഷിഭൂമിയും മറ്റു സൗകര്യങ്ങളുമൊക്കെ കിട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ അവസ്ഥയൊക്കെ മാറിത്തുടങ്ങി. നാട്ടിലേതിനേക്കാള്‍ ജീവിക്കാന്‍ സുഖം ഇവിടെയാണെന്ന് വന്നു. കുടുംബവും കുട്ടികളുമൊക്കെ ഇവിടെ എത്തിയിരുന്നല്ലോ. ഇങ്ങനെ പല കാരണങ്ങളാല്‍ പലരും ആന്തമാനില്‍ തന്നെ തുടര്‍ന്നു. അങ്ങനെ മലബാര്‍ മാപ്പിളമാര്‍ ഇവിടുത്തുകാരായി. ഞങ്ങളൊക്കെ ഇവിടെത്തന്നെ ജീവിച്ചുതീരുന്നു!
sadarvzkd@gmail.com
9446881645