വഴിയോരത്തെ വായനപ്പുര
ബിശാറ മുജീബ്
2015 നവംബര്‍
എന്റെ ഒരു കൂട്ടുകാരി പറഞ്ഞതോര്‍മയുണ്ട്, അവള്‍ക്ക് ആര് വായിക്കാന്‍ പുസ്തകം കൊടുത്താലും അത് തിരിച്ചുകൊടുക്കാന്‍ ഇഷ്ടമേയല്ല എന്ന്. അതുകൊണ്ടായിരിക്കണം ലൈബ്രേറിയന്‍ പലപ്പോഴും അവള്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കാന്‍ മടിച്ചതും. വായന ഇഷ്ടപ്പെടുകയും അതിനുവേണ്ടി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ആരും തന്റെ പുസ്തകം മറ്റൊരാള്‍ക്ക് വായിക്കാന്‍ കൊടുക്കാന്‍ മടി കാണിക്കും. വായിച്ചതിനുശേഷം തിരിച്ച്
നാട്ടിലെ കുട്ടികള്‍ വായനയുടെ ലോകത്തുനിന്നും അന്യരാകുന്നുവെന്ന ഒരുകൂട്ടം യുവാക്കളുടെ ആധിയില്‍നിന്ന് പിറവിയെടുത്തത്.
എന്റെ ഒരു കൂട്ടുകാരി പറഞ്ഞതോര്‍മയുണ്ട്, അവള്‍ക്ക് ആര് വായിക്കാന്‍ പുസ്തകം കൊടുത്താലും അത് തിരിച്ചുകൊടുക്കാന്‍ ഇഷ്ടമേയല്ല എന്ന്. അതുകൊണ്ടായിരിക്കണം ലൈബ്രേറിയന്‍ പലപ്പോഴും അവള്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കാന്‍ മടിച്ചതും. വായന ഇഷ്ടപ്പെടുകയും അതിനുവേണ്ടി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ആരും തന്റെ പുസ്തകം മറ്റൊരാള്‍ക്ക് വായിക്കാന്‍ കൊടുക്കാന്‍ മടി കാണിക്കും. വായിച്ചതിനുശേഷം തിരിച്ച് തരുന്നവരാണെന്ന് ഉറപ്പില്ലാത്തതുകൊണ്ടായിരിക്കും ആ മടി. പുസ്്തകങ്ങള്‍ വായിക്കാന്‍ കിട്ടാത്തതുകാരണം വായിക്കാന്‍ കഴിയാത്തവര്‍ ഇന്നുമുണ്ട്. അതില്‍ വീട്ടമ്മമാരും കുട്ടികളുമാണ് മുന്നില്‍. സോഷ്യല്‍മീഡിയകളായ വാട്സ് ആപ്പും ട്വിറ്ററും ഫേസ്ബുക്കും വിളമ്പുന്ന അറിവുകള്‍ വലിയ വായില്‍ ഉരുട്ടിവിഴുങ്ങാന്‍ എല്ലാവര്ക്കും വലിയ താല്പര്യമാണെങ്കിലും വായന ഇഷ്്ടപ്പെടുന്നവര്ക്ക് ഇരുന്നും കിടന്നും പാതിയുറങ്ങിയും പുസ്തകത്താളുകളിലൂടെ കണ്ണോടിച്ച് വായിക്കുന്നത് തന്നെയാണ് പഥ്യം. അക്ഷരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ അതുകൊണ്ടാണ് ലൈബ്രറികള്‍ തേടിച്ചെല്ലുന്നത്. ഏത് ലൈബ്രറിയില്‍ ചെന്നാലും രജിസ്റ്ററും രജിസ്ട്രേഷന് ഫീയും പുസ്തകമെടുക്കുന്നതിന് കാലാവധിയും ഒക്കെയുണ്ടാകും. അതുകാണുമ്പോള്‍ സാധാരണക്കാരില്‍ ചിലരെങ്കിലും കരുതും; മതി, അങ്ങനെ മെനക്കെട്ട്് അങ്ങോട്ടുപോകേണ്ടെന്ന്. എപ്പോഴും പുറത്തേക്കു പോകുന്ന ആണുങ്ങള്‍ക്കും വിദ്യാര്‍ഥികളായ കുട്ടികള്‍ക്കും ഇതൊന്നും വലിയ പ്രശ്നമല്ല. എന്നാല്‍ തീര്‍ത്താല്‍ തീരാത്ത പണിയുള്ള വീട്ടമ്മമാര്‍ക്ക് ഇതല്പം പ്രയാസം തന്നെയാണ്. എന്നാല്‍ കൊതിയോടെ അക്ഷരങ്ങളെ കവിതകളായും കഥകളായും അനുഭവങ്ങളായും വായിച്ചാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ മാടി വിളിച്ചുകൊണ്ട് വഴിയോഴത്തുനില്ക്കുന്ന ഒരു ലൈബ്രറി നമുക്കു മുന്നിലുണ്ട്.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നിന്ന് എളമരത്തേക്ക് പോകുന്ന റോഡില്‍ വേറിട്ടൊരു വായനപ്പുരയുണ്ട്. കവുങ്ങിന് തടികൊണ്ടുള്ള സുരക്ഷാവലയങ്ങള്ക്കുള്ളില് നിന്നുകൊണ്ട് മാടിവിളിക്കുകയാണ് പുസ്തകങ്ങള്‍. അതിന്റെ മുന്നില്‍ സ്ഥാപിച്ച ബോഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'നിര്‍മാണം: ഗ്രാമവാസികള്‍, പരിപാലനം: ഗ്രാമവാസികള്‍' ഇവിടെ ലൈബ്രേറിയനില്ല. വെറുമൊരു വിശ്വാസത്തിന്റെ ബലത്തില്‍ വഴിയെപോകുന്ന ആര്‍ക്കും ഏതു പുസ്തകവുമെടുക്കാം. അതുപോലെ തിരിച്ചുവെക്കുകയും ചെയ്യാം.
വന്ന വഴി
കഴിഞ്ഞവര്‍ഷം ഈ നാട്ടിന്‍പുറത്തെ ഒരു ചെറുപ്പക്കാരന് 'യുവ'തലമുറക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വെറുതെ മനസ്സില്‍ കണക്കുകൂട്ടി. ബി.എസ്.സി ബോട്ടണി കഴിഞ്ഞ ആളായതിനാല്‍ ആദ്യം ചിന്ത പോയ വഴി വെറുതെയാക്കിയില്ല. പക്ഷെ അത് നാട്ടുകാരറിഞ്ഞത്, 'നിയാസ് റോഡരികിന് മൊഞ്ച് പിടിപ്പിച്ചത് കണ്ടോ' എന്ന അടക്കം പറച്ചിലുകള്‍ക്കും സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമാണ്. തലയുയര്‍ത്തി നില്ക്കുന്ന മരങ്ങളും ചെടികളും അതൊക്കെ ഇപ്പോഴും സമ്മതിക്കുന്നുണ്ട്. 'പ്രകൃതി മിത്ര അവാര്‍ഡ് 2015'' വാഴക്കാട് പഞ്ചായത്ത് സമ്മാനിച്ചത് നിയാസിനാണ്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറ്റുന്ന പുതിയ പദ്ധതികളെക്കുറിച്ച അവന്റെ ആലോചനകള്‍ക്കിടയിലാണ് സുഹൃത്തുക്കളുമായി ആലോചിച്ച് അവര്‍ക്ക് വായിക്കാനവസരം ഉണ്ടാക്കിക്കൊടുക്കാമെന്ന് തീരുമാനിച്ചത്. വഴിയോര ലൈബ്രറി നിലവില്‍ യൂറോപ്പിലെ ചില നാടുകളില്‍ മാത്രമുളള ഒരു രീതിയാണെങ്കിലും അത് 'നന്മകളാല് സമൃദ്ധമെന്ന്' കവി പാടിയ നാട്ടിന്‍പുറത്ത് നടപ്പാക്കാന്‍ എളുപ്പമായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പിന്നീട് ഇത് എളുപ്പത്തില്‍ എങ്ങനെയാവാമെന്ന അന്വേഷണത്തില്‍ ഫേസ്ബുക് കൂട്ടുകാരും ചില പ്രസാധകരും നാട്ടുകാരും കൂടി ചേര്‍ന്നപ്പോള്‍ പൂര്‍ണരൂപമായി.
പഴയ എസ്.ടി.ഡി ബൂത്തൊന്ന് മിനുക്കി തട്ടുവെച്ച് ഷെല്‍ഫാക്കി മാറ്റി. ആശംസകള്‍ക്ക് പുറമെ പലരും പുസ്തകങ്ങള്‍കൂടി നല്‍കിയതോടെ തുടക്കം ഉഷാറായി. ചിലര്‍ 'ഇവര്‍ക്ക് വേറെ
പണിയൊന്നുമില്ലേ' എന്ന് ആശങ്കപ്പെടാതെയുമില്ല. എങ്കിലും നിയാസും കൂട്ടുകാരും ആവേശം കൈവിടാതെ പുസ്തകങ്ങള്‍ ഒരുക്കൂട്ടുന്നത് തുടര്‍ന്നു. ഉദ്ഘാടനം, തളര്‍ച്ചയിലും ഉയര്‍ച്ച കണ്ടെത്തിയ ഷബ്ന പൊന്നാട് തന്നെ നിര്‍വഹിക്കണമെന്ന് അവര്‍ ആദ്യമെ കണക്ക് കൂട്ടിയിരുന്നു. ഈ സംരംഭം നിയാസിന്റെ വലിയ സ്വപ്നമായിരുന്നെങ്കിലും പ്രിയ മിത്രങ്ങളായ ശിറാസ്, സലാം എന്നിവരുടെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമം ഇതിനു പിന്നിലുണ്ട്.
പിന്നീട് നിയാസ് വിദേശത്തേക്ക് പോയെങ്കിലും നാട്ടുകാര്‍ ഒരു മെയ്യായി വായനശാല ഏറ്റെടുത്തതോടെ, അറിവു തേടിയെത്തുന്നവര്‍ക്ക് അതിരുകളില്ലാതായി. ഇപ്പോള്‍ അടുത്ത
പഞ്ചായത്തുകളില്‍ നിന്നു പോലും ഈ അക്ഷരപ്പുരയില്‍ അംഗങ്ങളാവുന്നതറിഞ്ഞ് സന്തോഷിക്കുകയാണ് ഈ യുവാവ്.
ആയിരത്തിലധികം പുസ്തകങ്ങള്‍ ഇപ്പോള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്. തുടക്കത്തില്‍ പത്ത് രൂപ രജിസ്ട്രേഷന് ഫീയായിരുന്നത്് വായനക്കാര്‍ തന്നെ 20 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. 340 അംഗങ്ങള്‍ നിലവിലെ രജിസ്റ്ററിലുണ്ട്. വീട്ടില്‍ കൊണ്ടുപോയ പുസ്തകങ്ങള്‍ വീട്ടുകാരെല്ലാം വായിച്ചതിനു ശേഷമാണ് മിക്കവരും തിരിച്ചുവെക്കുന്നത്. കുട്ടികള്‍ സ്കൂള്‍ വിട്ടുവരുമ്പോഴും സ്ത്രീകള്‍ പുറത്തുപോകുമ്പോഴുമെല്ലാം തിരിച്ചുവരുന്നത് കൈയിലോരോ പുസ്തകവുമായിട്ടായിരിക്കും.
വായന സംസ്കാരമാകുന്നു
റോഡിനിരുവശവും ചെടികളും മരങ്ങളും വളരുന്നപോലെ പുസ്തകപ്പുരയുടെ പിന്നില്‍ പച്ചക്കറിത്തോട്ടവും നാട്ടുകാര്‍ ഒരുക്കി. കുടിവെള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്. സാംസ്കാരിക ദിനങ്ങളോടനുബന്ധിച്ച് കുട്ടികള്‍ക്ക് ക്വിസ് മത്സരങ്ങളും മറ്റു പരിപാടികളും നടത്തിവരുന്നു. അഗതിമന്ദിരത്തിലേക്ക് ഓണത്തിന് ഭക്ഷണം നല്‍കിയതിലൂടെ കാഴ്ചയില്ലാത്തവരുടെ കണ്ണുകളില്‍ ഈ വായനക്കൂട്ടം വെളിച്ചമേകി.
സംസാര ശേഷിയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് സ്പീച്ച് തെറാപ്പി സൗജന്യമായി നല്കാന് ഈ കൂട്ടായ്മ മുന്നോട്ടു വന്നെങ്കിലും സ്വന്തമായി കെട്ടിടമില്ലാത്തത് വിലങ്ങു തടിയായി. ശ്രവണ വൈകല്യമുളള കുട്ടികളെ കണ്ടെത്തി പരിഹാരം നല്കാന് ഈ രംഗത്തുളളവര്‍ സൗജന്യ സേവനവും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, ആരുടെയും കൈപിടിക്കാനില്ലാതെ, ജീവിതത്തില്‍ കൈയ്യെത്താ ദൂരം താണ്ടിയ നാട്ടുകാരനായ ശിഹാബ് ഐ.എ.എസില്‍ പ്രചോദിതരായി കുട്ടികള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ പരിശീലനം നല്കാന് ഈ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. ഇതിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ തല്പരര് മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
വലിയ വായനക്കാരി
അംഗങ്ങളുടെ വായനവിവരം അറിയാനായി രജിസ്റ്റര്‍ മറിച്ചുകൊണ്ടിരുന്നപ്പോഴാണ് വായിക്കാനെടുത്ത പുസ്തകങ്ങളുടെ പേരുവിവരമെഴുതി നിറഞ്ഞു നില്ക്കുന്ന ഒരു പേജ് കണ്ടത്. റസീല അറക്കല്‍ എന്നാണ് ആ വായനക്കാരിയുടെ പേര്. നാല്പത് വയസ്സായ എസ്.എസ്.എല്‍.സിക്കാരിയായ ഒരു സാധാരണ വീട്ടമ്മയാണിവര്‍. രാവിലെ പത്തുമണിയാവുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞിരിക്കും. പിന്നെ റസീലയുടെ സമയം വായനക്കുളളതാണ്. സഹോദരന്റെ മകള്‍ കോളെജ് ലൈബ്രറിയില്‍ നിന്നെടുത്തുതരുന്ന പുസ്തകങ്ങള്‍ മാത്രമായിരുന്നു ഏക ആശ്രയം. വഴിയോര ലൈബ്രറി വന്നതിനുശേഷം ദാഹമടക്കാന്‍ വെളളം കിട്ടിയ അവസ്ഥയായി റസീലക്ക്. 'ഒരു ബുദ്ധിമുട്ടുമില്ലാതെ പുസ്തകങ്ങളെടുക്കാനാവുന്നു എന്നതിനാല്‍ സാധാരണ പുസ്തകാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം. ഇവിടെയുള്ളതെല്ലാം നല്ല പുസ്തകങ്ങളാണ്. 75 ശതമാനം ഇപ്പോള്‍ തന്നെ വായിച്ചുകഴിഞ്ഞു. ഇനിയും പുതിയ പുസ്തകങ്ങള്‍ വേണം. വിവര്‍ത്തനങ്ങളും മലയാളത്തിലെ പുതിയ സാഹിത്യങ്ങളും വായിക്കണമെന്നുണ്ട്.' റസീലയുടെ വാക്കുകള്‍.
കാലുറപ്പിക്കാന്‍
അടുത്ത റിപ്പബ്ലിക് ദിനത്തില്‍ ഒന്നാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാനൊരുങ്ങുന്ന ഈ വലിയ കുഞ്ഞു ലൈബ്രറിക്ക് സ്വന്തമായി ഒരു കെട്ടിടം ഒരുക്കാനുള്ള വഴി തേടുകയാണ് ഇതിന്റെ നടത്തിപ്പുകാര്‍. കൂടാതെ വിപുലമായ ചില സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തും വഴിയോരത്ത് വിലകൊടുത്താല്‍ കിട്ടും. എന്നാല്‍ വില കൊടുത്താല്‍ പോലും ചിലപ്പോള്‍ വഴിയോരത്ത് നിന്ന് കിട്ടാത്തതാണ് പുസ്തകങ്ങള്‍. അതും പ്രാപ്തമായ നിര്‍വൃതിയിലാണ് ചീടിക്കുഴി നിവാസികള്‍.