ചൂണ്ടുവിരലിലെ മഷി തിരുത്തല്‍ ശക്തികള്‍ക്കാവട്ടെ
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നേം തുള്ളിയാല്‍ ചട്ടിയില്‍' ഈ പഴമൊഴി വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കാറുള്ളത് സ്ത്രീകളെ കുറിച്ചാണ്. അബലയാണ്, വല്ലാതെ കളിച്ചിട്ടൊന്നും കാര്യമില്ലായെന്ന സൂചനയും മുന്നറിയിപ്പുമൊക്കെയാണിതിനു പിന്നില്‍. പക്ഷേ ഈ താക്കീതും മുന്നറിയിപ്പും അവഗണിച്ചു മുന്നേറിയ പെണ്ണ് ചരിത്രം സൃഷ്ടിക്കുന്നതും നടപ്പുരീതികളെ മാറ്റിയെഴുതുന്നതും നാം കാണുകയാണ്. സ്ത്രീകളുടെ സംഘശക്തിക്കുമുമ്പില്‍
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നേം തുള്ളിയാല്‍ ചട്ടിയില്‍' ഈ പഴമൊഴി വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കാറുള്ളത് സ്ത്രീകളെ കുറിച്ചാണ്. അബലയാണ്, വല്ലാതെ കളിച്ചിട്ടൊന്നും കാര്യമില്ലായെന്ന സൂചനയും മുന്നറിയിപ്പുമൊക്കെയാണിതിനു പിന്നില്‍. പക്ഷേ ഈ താക്കീതും മുന്നറിയിപ്പും അവഗണിച്ചു മുന്നേറിയ പെണ്ണ് ചരിത്രം സൃഷ്ടിക്കുന്നതും നടപ്പുരീതികളെ മാറ്റിയെഴുതുന്നതും നാം കാണുകയാണ്. സ്ത്രീകളുടെ സംഘശക്തിക്കുമുമ്പില്‍ അധികാര അധീശത്വശക്തികള്‍ മുട്ടുമടക്കുന്ന കാഴ്ച കേരളത്തിലങ്ങോളമുള്ള തോട്ടം തൊഴില്‍ മേഖലകളില്‍ കാണുകയുണ്ടായി. സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തി സ്ത്രീകളായി മാറുന്നതാണ് ലോകത്തിന്റെ മുന്നിലെ കാഴ്ച. ചെറുതും വലുതുമായ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ അനുയായികളില്‍ മാത്രമല്ല, നേതൃനിരയിലും സ്ത്രീകളാണ്.
സ്ത്രീശക്തിയുടെ കരുത്തും ആര്‍ജവവും തെളിയിക്കാനുള്ള ഒരു അവസരം കൂടി സംജാതമായിരിക്കുകയാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ഗ്രാമസഭകളിലേക്കും പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് സംജാതമായിരിക്കുകയാണ്. വോട്ടുചെയ്യാനുള്ള പ്രായം തികഞ്ഞവരില്‍ പുരുഷന്മാരെക്കാള് സ്ത്രീകളാണ് സംസ്ഥാനത്തുള്ളത്. അതുപോലെ തന്നെ പഞ്ചായത്തുകളില്‍ മത്സരിക്കാനുള്ളവരില്‍ പകുതിയും സ്ത്രീകള്‍ തന്നെ. അന്‍പതു ശതമാനം സംവരണബലത്തില് തദ്ദേശഭരണം ലഭിക്കാന്‍ പോകുന്നത് സ്ത്രീകള്‍ക്കാണ്.
വിപുലമായ അധികാരങ്ങളാണ് പഞ്ചായത്തീരാജ് ആക്ടിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തോട് ഏറ്റവും അടുത്തുനില്ക്കുന്നവയുടെ നിയമ നടത്തിപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ പഞ്ചായത്ത് കോര്‍പ്പറേഷനുകളിലെ മെമ്പര്‍മാര്‍ എന്ന നിലയിലെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി തന്നെ 50 ശതമാനം സ്ത്രീ സംവരണം സാധ്യമായിട്ടുണ്ട്. കാര്യക്ഷമമായി നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്കിയവരും അല്ലാത്തവരും ഉണ്ടായിട്ടുണ്ട്. അത് എന്തുതന്നെയായാലും മുന്നണിസംവിധാനങ്ങള്ക്കകത്തും രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നിടത്തും സ്ത്രീകള്‍ എത്തുന്നു എന്നത് അഭിമാനാര്‍ഹമായ കാര്യമാണ്.
- സ്കൂള്‍ നടത്തിപ്പ്, പ്രാദേശിക റോഡ് വികസനം, കുടിവെള്ളം, മദ്യഷാപ്പിനുള്ള അനുമതി, മാലിന്യ നിര്‍മാര്‍ജനം, ആരോഗ്യം തുടങ്ങി ജീവല്‍പ്രധാനമായ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന സഭകളില്‍ എത്താന്‍ കഴിയുക വഴി സ്ത്രീകള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. നാടിന്റെ പ്രശ്നമെന്നതിനെക്കാള്‍ അയല്‍ക്കാരുടെയും ഓരോ കുടുംബത്തിന്റെയും പ്രശ്നമെന്ന നിലയില്‍ വൈകാരികമായ പ്രതിബദ്ധത പുലര്‍ത്താന്‍ പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്നങ്ങളോട് കഴിയും. കുടിവെള്ള ലഭ്യതക്കുറവിന്റെയും മദ്യസുലഭ്യതയുടെയും കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍ സ്ത്രീകളാണ്. അഴിമതിയുടെ കാര്യത്തിലും പുരുഷന്മാരുടെ അത്ര പോരില്ല സ്ത്രീകള്‍. അതുകൊണ്ടു തന്നെ ഓരോ പ്രദേശത്തിന്റെയും സമഗ്രസംഭാവനകള്‍ക്ക് കാര്യക്ഷമമായ പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്കാവും. വളര്‍ച്ച പ്രാപിക്കുന്ന ജനാധിപത്യത്തിന് എന്തുകൊണ്ടും മുതല്‍ക്കൂട്ടാണ് ഈ സ്ത്രീ മുന്നേറ്റം. ഇത് അധികാരത്തിലേക്കു വരുന്നവരുടെ കാര്യം.
വോട്ടര്‍മാര്‍ എന്ന നിലയില്‍ അതിനെക്കാള്‍ വലിയ ഉത്തരവാദിത്വമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവരിലും ഉള്ളത്. നാടുനീളെ അഴിമതിയും സ്വജനപക്ഷപാതിത്വവും വര്‍ഗീയതയും അരാജകത്വവും കെടുതികളും വര്‍ധിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ മറന്ന പാരമ്പര്യ പാര്‍ട്ടി പ്രതിനിധികളെ ഇനിയും നാം തെരഞ്ഞെടുക്കണോയെന്ന വലിയ ആത്മ പരിശോധന നടത്തേണ്ടവരാണവര്. ചൂണ്ടുവിരലില്‍ പതിക്കുന്ന മഷിയടയാളം വളരെ വിലപ്പെട്ടതാണ്. നമ്മുടെ ഭക്ഷണവും ആരോഗ്യവും മനസ്സും പരിസരവും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന് വളം വെച്ചുകൊടുത്ത നിലവിലെ അധികാരപ്പാര്ട്ടികള്ക്കെതിരെ മാനുഷിക മൂല്യങ്ങള്‍ക്കും ജീവനും വിലകല്പിക്കുന്നവരുടെ ജനകീയ, രാഷ്ട്രീയ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്. അത്തരം കൂട്ടായ്മകള്‍ നാടിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിട്ടുമുണ്ട്. അത്തരക്കാരെ വിജയിപ്പിച്ചെടുത്ത് രാഷ്ട്രീയ പ്രതിബദ്ധത കാണിക്കാനുള്ള പക്വത നമ്മുടെ സ്ത്രീകള്‍ ഉള്‍പ്പെടെയുളള വോട്ടര്മാര്ക്കുണ്ടാവേണ്ടതുണ്ട്..