ലോഗിന്‍ ചെയ്യാം ഓണ്‍ലൈന്‍ വിദ്യകളിലേക്ക്
പഠിക്കാന്‍ എന്തൊക്കെ വേണം എന്ന ചോദ്യത്തിന് മുമ്പൊക്കെ പറഞ്ഞിരുന്നത് അതിനുള്ള മനസ്സും സ്ലേറ്റും പുസ്തകങ്ങളും എന്നാണ്. ഇപ്പോള്‍ വേണ്ടത് ഒരു മൊബൈല്‍ ഐപാഡായാലും മതി. നെറ്റ് നിര്‍ബന്ധം.
പോത്തുപോലെ കിടന്നുറങ്ങാതെ എണീക്ക്; സ്കൂളില്‍ പോകണ്ടേ?
ഇത് കേട്ടപ്പോള്‍ നിങ്ങള്‍ക്കെന്ത് മനസ്സിലായി? സ്കൂളുകള്‍ ഓണ്‍ലൈന്‍ കാലം വിട്ട് ഓഫ്ലൈനിലേക്ക് മാറുന്നു എന്നും, ഒന്നര വര്‍ഷത്തിനുശേഷം സ്കൂള്‍ വളപ്പുകള്‍ സജീവമാകാന്‍ പോകുന്നുവെന്നും എന്നാല്‍ ഓണ്‍ലൈന്‍ ശീലം കാരണം മൂന്നാം ക്ലാസുകാരന് റിസ്വാന് എട്ടുമണിക്ക് എഴുന്നേല്ക്കാന് കഴിയുന്നില്ലെന്നും അതില്‍ ക്ഷമകെട്ട് ഉമ്മ അവനെ വിളിച്ചുണര്ത്തിക്കൊണ്ടിരിക്കുകയാണെന്നും 'പോത്ത്' പ്രയോഗമുള്ളതിനാല്‍ ഇത് മൂന്നാമത്തെ വിളിയാകാനാണ് സാധ്യത എന്നുമല്ലേ?
അതൊക്കെ ശരിയാണ്.
പക്ഷേ, റിസ്വാന് പാതി ഉറക്കത്തില്‍ തോന്നിയത്, ഒരുപാവം ജന്തുവിനോട് ഇത്ര അന്യായം കാണിക്കാമോ എന്നാണ്. സൃഷ്ടികളില്‍ വെച്ച് കരുത്തിന്റെ ജീവരൂപമാണ് പോത്ത്. അറിഞ്ഞേടത്തോളം കാലത്തേ എഴുന്നേല്ക്കാറുണ്ട് ആ ജന്തു. ചുരുങ്ങിയത്, ഇന്നലെ കണ്ട കാര്‍ട്ടൂണിലെ പോത്ത് നാലുമണിക്ക് ഉണര്‍ന്നാണ് ശത്രുവായ കുറുക്കനെ തേടി ഇറങ്ങിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നൊന്ന് ഇല്ലായിരുന്നെങ്കില്‍ ധൈര്യമായി ഉമ്മയുടെ മൊബൈല്‍ ഫോണ്‍ എടുക്കാനും ശങ്കയോ ആശങ്കയോ ഇല്ലാതെ അതില്‍ കാര്‍ട്ടൂണ്‍ യഥേഷ്ടം കാണാനും കഴിയില്ലായിരുന്നു. ഓണ്‍ലൈന്‍ വിദ്യക്ക് റിസ്വാന്റെ വക 'തംസപ്പ്.'
അപ്പോള്‍ ചോദ്യം ഇതാണ്: വിദ്യാഭ്യാസം ഓണ്‍ലൈനാണോ ഓഫ് ലൈനാണോ നല്ലത്? ഓണ്‍ലൈന്‍ രീതി കൊണ്ടുവന്ന വിപ്ലവത്തെപ്പറ്റി അല്പം പറയട്ടെ.
വിനോദയാത്രക്കിടയിലും ക്ലാസെടുക്കാമെന്ന് ഓണ്‍ലൈനില്‍ കണ്ടെത്തിയ അധ്യാപകരുണ്ട്. രാവിലെ കുട്ടികള്‍ക്ക് തിരക്കിട്ട് ഭക്ഷണമൊരുക്കേണ്ട അധ്വാനം ഇല്ലെന്ന ആശ്വാസം അമ്മമാര്‍ക്ക്. യൂനിഫോമിനും മറ്റും വല്ലാതെ ചെലവിടേണ്ടെന്ന ലാഭം പിതാക്കള്‍ക്ക്.
പക്ഷേ, ഏറ്റവുമധികം പ്രയോജനം കുട്ടികള്‍ക്കു തന്നെയാണ്.
റിസ്വാന്റെ കാര്യമെടുക്കുക. ഒരു മൊബൈല്‍ ഫോണ്‍ കൈ കൊണ്ടുതൊടാന്‍ പത്തു പന്ത്രണ്ട് കൊല്ലമെങ്കിലും കഴിയണമല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഓണ്‍ലൈന്‍ വന്ന് പ്രൈമറി ക്ലാസുകാര്‍ക്കും അത് കൊടുത്തത്.
മൊബൈല്‍ ഫോണും ഫസ്റ്റ് ഇന്റര്‍നെറ്റ് കണക്ഷനും മൂന്നാം ക്ലാസുകാരന്റെ മൗലികാവകാശമായത് ചെറിയ വിപ്ലവമല്ല.
പഠിക്കാന്‍ എന്തൊക്കെ വേണം എന്ന ചോദ്യത്തിന് മുമ്പൊക്കെ പറഞ്ഞിരുന്നത് അതിനുള്ള മനസ്സും സ്ലേറ്റും പുസ്തകങ്ങളും എന്നാണ്. ഇപ്പോള്‍ വേണ്ടത് ഒരു മൊബൈല്‍ ഐപാഡായാലും മതി. നെറ്റ് നിര്‍ബന്ധം.
ഇതിന്റെ സൗകര്യം ചെറുതല്ല. ഒന്നാമത്, കിടക്കയില്‍ വെച്ചും ക്ലാസ് അറ്റന്‍ഡ് ചെയ്യാം. ക്ലാസ് നടക്കുമ്പോള്‍ നമുക്ക് മറ്റു ഇടപാടുകള്‍ നടത്താമെന്ന ഗുണവുമുണ്ട്.
കണക്ക് ക്ലാസ് നടക്കുകയാണെന്ന് കരുതുക. ടീച്ചര്‍ വരുന്നു. ഹാജറെടുക്കുന്നു. മതി. ഇനി മൊബൈല്‍ 'മ്യൂട്ടാ'ക്കി ഭക്ഷണം കഴിക്കാം. അല്ലെങ്കില്‍ കഥാ പുസ്തകം വായിക്കാം. കുറച്ച് പിടിപാടുണ്ടെങ്കില് മൊബൈലില്‍ തന്നെ കളികള്‍ കളിക്കാം; അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ കാണാം.
ടീച്ചര്‍ ചോദ്യം ചോദിക്കുന്നുണ്ടോ എന്ന് ഇടക്ക് ശ്രദ്ധിക്കുന്നത് നല്ലതാണ്. അതിനെക്കാള്‍ നല്ലതാണ്, കളിക്കിടയില്‍ ഇത്തിരി സമയം ഇടവേളയെടുത്ത്, അണ്‍മ്യൂട്ട് ചെയ്ത്, ടീച്ചറോട് ചെറിയ ചോദ്യം അങ്ങോട്ട് ചോദിക്കല്‍. അത് കഴിഞ്ഞാല്‍ ക്ലാസ് തീരുംവരെ കളിയില്‍ മുഴുകാം.
ചോദ്യം തനി വിഡ്ഢിത്തമാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ രീതി കൊണ്ടുവന്ന മറ്റൊരു വിപ്ലവം, ഭക്ഷണത്തോട് താല്പര്യമില്ലാതിരുന്ന കുട്ടികള്‍ പോലും നന്നായി ഭക്ഷണം കഴിക്കുന്നു എന്നതാണ്. ഓരോ ദിവസവും എത്ര മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നു എന്നതനുസരിച്ച് കുട്ടികളുടെ പോഷണവും അഭിവൃദ്ധിപ്പെടുന്നുണ്ട്.
പുസ്തകവായനയിലുള്ള താല്പര്യവും ഇതേ തോതില്‍ വര്‍ധിക്കുന്നുണ്ടത്രെ. ക്ലാസിന്റെ വിഷയമൊഴിച്ച് മറ്റെന്തും കുട്ടികള്‍ വായിക്കുന്നു എന്നാണ് അറിയുന്നത്. ഭൂമിശാസ്ത്ര ക്ലാസില്‍ 'ഇരിക്കു'മ്പോള്‍ വേതാള കഥകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്ത മിടുക്കിയെ അറിയാം. ഇംഗ്ലീഷ് ക്ലാസില്‍ 'ഇരുന്ന്' മങ്ങാട്ടച്ചന്റെയും കുഞ്ഞായന്‍ മുസ്ലിയാരുടെയും വീരകൃത്യങ്ങള്‍ മനസ്സിലാക്കിയ മിടുക്കനുമുണ്ട്. മറ്റൊരു വിദ്യാര്‍ഥിയുടെ അഭിപ്രായത്തില്‍, ക്ലാസുകള്‍ പെട്ടെന്ന് ഓഫ്ലൈനിലേക്ക് മാറിയിരുന്നില്ലെങ്കില്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ വര്‍ഷാവസാനത്തോടെ തീര്‍ക്കുമായിരുന്നത്രെ.
ഓണ്‍ലൈന്‍ രീതികൊണ്ടുണ്ടായ മറ്റൊരു ഗുണത്തെപ്പറ്റിയും പറയണം. അത് കുട്ടികളില്‍ നുണപറയുന്ന ശീലം കുറക്കാന്‍ സഹായിക്കുന്നുണ്ട്.
ഓഫ്ലൈന് രീതി ഓര്‍ത്തുനോക്കുക. ബാബു ഒരു ദിവസം ക്ലാസില്‍ എത്തിയില്ല. ഹോം വര്‍ക്ക് ചെയ്യാത്തതിനാല്‍ അവന് വീട്ടില്‍ അസുഖം അഭിനയിച്ച് കിടക്കേണ്ടി വന്നതാണ്.
ഓണ്‍ലൈന്‍ രീതിയില്‍ ഇതിന്റെ ആവശ്യമില്ല. ക്ലാസ് നടക്കുമ്പോള്‍ ടീച്ചറും കുട്ടികളും സ്ക്രീനില്‍ പ്രസന്റ്. ഹോം വര്‍ക്ക് (ഉണ്ടെങ്കില്‍) ചെയ്തോ എന്ന് ടീച്ചര്‍ ചോദിക്കുന്നു.
അന്നേരം ഒരു അത്ഭുതം സംഭവിക്കുന്നു. ഹോം വര്‍ക്ക് ചെയ്യാത്തവന്റെ 'നെറ്റ്' പെട്ടെന്ന് കട്ടാകുന്നു. നെറ്റല്ലേ, ആര്‍ക്ക് എന്ത് ചെയ്യാനാകും? ഹോം വര്കിനെപ്പറ്റിയുള്ള ചര്‍ച്ച കഴിയുമ്പോള്‍ 'നെറ്റ്' അത്ഭുതകരമായി തിരിച്ചുവരും. കാരണം, ഹാജര്‍ ഉറപ്പിക്കണമല്ലോ. 'നെറ്റി'ന്റെ ഈ അത്ഭുത വിദ്യകള്‍ കാരണം നുണപറയാത്ത ഒരു തലമുറയാണ് വാര്‍ന്ന് വരുന്നത്.
'മൊബൈല്‍ പോസിറ്റിവാ'യ തലമുറക്ക് ഇനി സ്കൂള്‍ അടക്കലും തുറക്കലുമില്ല. ഓണ്‍ലൈനും ഓഫ്ലൈനും മാത്രം. ഓണ്‍ലൈനിന്റെ ഗുണങ്ങളില്‍ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഈ പട്ടികയിലേക്ക് രക്ഷിതാക്കളില്‍നിന്നും കുട്ടികളില്‍നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ വിവരം ക്ഷണിക്കുന്നു.