ഓര്‍മകളില്‍ ഉപ്പ
ടി.കെ സാജിദ
December 2021
നമ്മെ വിട്ട് പിരിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ ടി.കെ അബ്ദുല്ല സാഹിബിനെ മകള്‍ ഓര്‍ക്കുന്നു
പ്രിയപ്പെട്ട ഉപ്പയുടെ വേര്‍പാട് തീര്‍ത്ത മുറിവില്‍ പുരട്ടാന്‍ ഞാന്‍ ഓര്‍മകളുടെ മരുന്നു പൊതിയഴിക്കട്ടെ.. വീട്ടിലും തൊടിയിലും നിറഞ്ഞുനില്‍ക്കുന്ന നിറമുള്ള ഓര്‍മകള്‍... കാതില്‍ മുഴങ്ങി കേള്‍ക്കുന്ന പൊട്ടിച്ചിരി ... ഓര്‍മകള്‍ എന്നെ എന്റെ കുഞ്ഞുനാളുകളിലേക്ക് കൊണ്ടുപോവുകയാണ്.
ഓര്‍മവെച്ചതു മുതല്‍ ഞങ്ങള്‍ മാത്രമായിരുന്നില്ല എന്റെ വീട്ടിലെ അംഗങ്ങള്‍. അയല്‍പക്കത്തുള്ള കുട്ടികളും വലിയവരുമടങ്ങുന്ന ഒരുപാടുപേര്‍ വീട്ടില്‍ നിറഞ്ഞു നിന്നിരുന്നു. വെച്ചും വിളമ്പിയും ഉണ്ടും ഒത്തൊരുമയോടെ ഉല്ലസിച്ചിരുന്ന കാലം. നോമ്പുകാലങ്ങള്‍ എനിക്ക് ഏറ്റവും സന്തോഷകരമായിരുന്നു. എല്ലാ വീട്ടുകാരും ഒന്നിച്ചുചേര്‍ന്നുള്ള നോമ്പുതുറയും തറാവീഹ് നമസ്‌കാരങ്ങളും... നോമ്പ് പകുതിയോടെ ഉപ്പ ഒരു വലിയ ഭാണ്ഡകെട്ടും തലയിലേറ്റി വരും. അതഴിക്കുമ്പോഴുള്ള വസ്ത്രങ്ങളുടെ പുത്തന്‍മണം, നിറങ്ങളുടെ വിസ്മയം... അതെനിക്ക് വല്ലാത്തൊരു അനുഭൂതിയായിരുന്നു. വസ്ത്രങ്ങള്‍ ഓരോന്നായി ഉപ്പ തന്നെ അയല്‍വീടുകളിലെത്തിക്കാന്‍ വേണ്ടി എന്റെ കൈയില്‍ ഏല്‍പ്പിക്കും. ഞാനും കൂട്ടുകാരികളും ചേര്‍ന്ന് ഓരോ വീടുകളിലും ആ സമ്മാനപ്പൊതി എത്തിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന നിര്‍വൃതിയും സന്തോഷവും ജീവിതത്തില്‍ ഉപ്പ പകര്‍ന്നുതന്ന പരസ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും തേനുറവയായിരുന്നു. ഞാനും എന്റെ കൂട്ടുകാരികളും ഒരേ നിറത്തിലുള്ള ഉടുപ്പുകളണിഞ്ഞ് ആഘോഷിച്ചിരുന്ന സന്തോഷപ്പെരുന്നാളുകളും ഓണങ്ങളും....
ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്ന മാണിയേച്ചിയുടെ കൊച്ചുമകന്‍. അവന്റെ അഛന്‍ മരണപ്പെട്ടതിന് ശേഷം വാശി പിടിച്ച് കരഞ്ഞ് അമ്മയെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. ഇത് കണ്ട ഉപ്പ ഒരു ദിവസം അവനോട് പറഞ്ഞു: ''ഇങ്ങനെ കരയാനാണെങ്കില്‍ ഇനി ഇവിടെ വരേണ്ട'' എന്ന്. അത് കേട്ട ഉടനെ കരഞ്ഞുകൊണ്ട് തന്നെ അവന്‍ ചോദിച്ചു: ''ഞാന്‍ പിന്നെ എവിടെ പോകും...?'' ആ കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിനു മുമ്പില്‍ ഉപ്പ നിസ്സഹായനാവുന്നതും കണ്ണ് നിറയുന്നതും അവനെ തലോടുന്നതും കണ്ട് ഞങ്ങളെല്ലാവരും കരഞ്ഞുപോയി... ഉപ്പയുടെ അവസാന നാളുകളില്‍ വയ്യാതായപ്പോള്‍ ഇപ്പോള്‍ ആശാരിപ്പണിചെയ്യുന്ന അവനെ അടുത്തു വിളിപ്പിച്ച് കാല് കയറ്റി വെക്കാന്‍ ഒരു പലക (പീഠം) നിര്‍മിച്ച് തരാന്‍ പറഞ്ഞു. അവന്‍ ഒറ്റദിവസം കൊണ്ട് തന്നെ വളരെ ഭംഗിയോടെ അത് പണിത് കൊണ്ടുവന്നു. കാലില്‍ നീര് വരുന്നത്‌കൊണ്ട് അവന്‍ ഉണ്ടാക്കി കൊണ്ടു വന്ന പീഠത്തില്‍ കാല് വെച്ച് കൊണ്ടായിരുന്നു ഉപ്പ ഇരുന്നത്.
കുന്നിന്റെ ചെരുവിലുള്ള ഞങ്ങടെ വീടിന്റെ താഴ്ഭാഗത്ത് രണ്ടുമൂന്ന് വീടുകള്‍ക്കപ്പുറം പുഴയാണ്. പണ്ടൊക്കെ കര്‍ക്കടകത്തിലെ കനത്ത പേമാരിയില്‍ പുഴയോരത്തെ വീടുകളിലൊക്കെ വെള്ളം കേറുമായിരുന്നു. ജാതിമതഭേദമന്യേ പുഴക്കരയിലുള്ള വീട്ടുകാര്‍ക്കൊക്കെ ഞങ്ങളുടെ വീട്ടിലായിരുന്നു ഉപ്പ താമസമൊരുക്കിയിരുന്നത്. വെള്ളം താഴ്ന്നുപോകരുതേ എന്ന് പ്രാര്‍ഥിച്ചു പോയിരുന്ന കാലം. ഈ ഒത്തു ചേരലുകളില്‍നിന്നും ലഭിക്കുന്ന പല തമാശകളും ഉപ്പ പീന്നീട് പ്രസംഗങ്ങളില്‍ പറയാറുണ്ടായിരുന്നു. വീട്ടില്‍ ആദ്യമായി റേഡിയോ വാങ്ങിയ അവസരത്തില്‍ വിദേശത്ത് നിന്നും കേള്‍ക്കുന്ന ഇംഗ്ലീഷിലും അറബിയിലും മറ്റുമുള്ള വാര്‍ത്തകള്‍ അന്നൊക്കെ ആശ്ചര്യകരമായിരുന്നു. ഒരു ദിവസം മക്കത്തെ ബാങ്ക് കേട്ട ഞാന്‍ ഓടിച്ചെന്ന് കണ്ണച്ചന് കേള്‍പ്പിച്ചു കൊടുത്തു. ഒരു ഭാവ വ്യത്യാസവുമില്ലാതെ കണ്ണച്ചന്‍ പറഞ്ഞു; 'ബാങ്ക് അവിടെയും മലയാളത്തില്‍ തന്നെയാണല്ലേ' എന്ന്. ഇങ്ങനെ സാധാരണക്കാരുടെ സംഭാഷണങ്ങളില്‍ നിന്നെല്ലാം ഉപ്പ നര്‍മം കണ്ടെത്തിയിരുന്നു.
എന്റെ ചെറുപ്പകാലങ്ങളില്‍ അധിക ദിവസങ്ങളിലും ഉപ്പ വീട്ടിലുണ്ടാവാറില്ല. പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള യാത്രകളിലായിരിക്കും. ദല്‍ഹി യാത്ര കഴിഞ്ഞ് വരുമ്പോള്‍ വീട്ടില്‍ ഒരാഘോഷമാണ്. അന്ന് ഇവിടെ കിട്ടാത്ത പലതും ഉപ്പ കൊണ്ടുവരാറുണ്ടായിരുന്നു. ഉപ്പ കൊണ്ടുവരുന്ന ചീര്‍പ്പ് ഇപ്പോഴും പലരുടെ കൈയിലും ഉണ്ടാവും. ഇഴയടുപ്പമുള്ള ചീര്‍പ്പിലൂടെ ബന്ധങ്ങളുടെ ഇഴ ചേര്‍ക്കാനാണ് ഉപ്പ ശ്രമിച്ചുകൊണ്ടിരുന്നത്. ഉപ്പയുടെ തറക്കണ്ടി കുടുംബക്കാരോടും ഉമ്മയുടെ കുടുംബമായ ഒതയോത്തുകാരോടും ഉപ്പ വളരെ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഉപ്പയുടെ ജ്യേഷ്ഠാനുജന്മാരെയും രണ്ട് പെങ്ങന്മാരെയും ഉപ്പ അതിരറ്റ് സ്‌നേഹിച്ചിരുന്നു. ഉപ്പയുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയുമായിരുന്നു ഞങ്ങള്‍ മക്കള്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഉപ്പയുടെ പകലുറക്കത്തിന് ഭംഗം വരാതിരിക്കാനായി വീട്ടിലെ കുഞ്ഞുമക്കള്‍ വരെ സ്വരം താഴ്ത്തിയാണ് സംസാരിച്ചിരുന്നത്. ഞങ്ങളുടെ ഉമ്മ ഉപ്പയുടെ ഓരോ സ്പന്ദനങ്ങളും ഇഷ്ടങ്ങളുമറിഞ്ഞാണ് ജീവിച്ചത്.
അവസാന നാളുകളിലെ ഉപ്പയുടെ ഭക്ഷണരീതി വളരെ വിചിത്രമായിരുന്നു. ഉഴുന്നുവട, സമൂസ, കരിമീന്‍ പൊരിച്ചത്, കല്ലുമ്മക്കായ പൊരിച്ചത്, പൊറോട്ട തുടങ്ങിയ യുവാക്കളുടെ ഭക്ഷണമായിരുന്നു ഉപ്പ കഴിച്ചിരുന്നത്. തൊണ്ണൂറ്റി നാലിലും തോറ്റു കൊടുക്കാത്ത മനക്കരുത്ത്. ഒരു രോഗിയുടെ ഭക്ഷണം ഉപ്പ മരണം വരെ കഴിച്ചിരുന്നില്ല. അവസാനമായി ഹോസ്പിറ്റലില്‍ പോകുമ്പോള്‍ എന്നോട് പറഞ്ഞു, ഞമ്മക്ക് ഹസീനയുടെ പൊറോട്ട കൊണ്ടുപോകണമെന്ന്. എന്റെ കൂട്ടുകാരി ഹസീന സ്‌നേഹത്തോടെ കൊടുത്തയക്കുന്ന പൊറോട്ട ഉപ്പാക്ക് വളരെ ഇഷ്ടമായിരുന്നു. മരണത്തിന്റെ മൂന്ന് നാളുകള്‍ക്ക് മുമ്പ് ആശുപത്രിയിലായിരിക്കെ, ഉപ്പ വളരെ ക്ഷീണിതനായിരുന്നു. വാക്കുകള്‍ കൊണ്ട് തീമഴ പെയ്യിച്ച ഉപ്പയുടെ സ്വരം വളരെ പതിഞ്ഞതായി. പതുക്കെ പറയുന്നതെന്താണെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചുകേട്ടു. ഉപ്പ പറഞ്ഞത് 'കുയ്യാന'യെയും മാവിന്‍ചുവട്ടില്‍ കാണുന്ന ഒരു തരംജീവിയായ 'മാക്കുക്കണ്ണനെ'യും കാണാനില്ലല്ലോ എന്നായിരുന്നു. ഈ അവസ്ഥയിലും ഉപ്പക്ക് മണ്ണിനോടും പ്രകൃതിയോടുമുള്ള സ്‌നേഹവും കരുതലും എന്നെ അത്ഭുതപ്പെടുത്തി.
ഉപ്പ നല്ലൊരുകൃഷിക്കാരനായിരുന്നു. എന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ ഉപ്പയുടെ ീരരൗുമശേീി: എമൃാലൃ എന്നായിരുന്നു കൊടുത്തിരുന്നത്. എന്നെ അറിയുന്ന ഒരു മാഷ് അത് തിരുത്തി ടീച്ചര്‍ എന്നോ അല്ലെങ്കില്‍ ജേണലിസ്റ്റ്് എന്നോ കൊടുക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ ആ കര്‍ഷകന്‍ എന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. മണ്ണിനെയും മഴയെയും മരങ്ങളെയും സ്‌നേഹിച്ച ഉപ്പ അവശതയിലും പഴയ കവിതകളിലെ വരികള്‍ ഓര്‍ത്തെടുത്ത് ചൊല്ലാറുണ്ടായിരുന്നു. വിശപ്പിനെക്കുറിച്ചുള്ള എന്റെ ഒരു കുഞ്ഞുകവിത ഉപ്പാക്ക് ഏറെ ഇഷ്ടമായിരുന്നു. അതിവിടെ കുറിക്കട്ടെ.
'നിന്റെ വിളിയില്ലയെങ്കില്‍ മധു നുകരാന്‍ കിളി വരില്ല.
അരി കവരാന്‍ 'മധു' വരില്ല.'
ഈ വരികള്‍ എപ്പോഴും ചൊല്ലിക്കുമായിരുന്നു.
അവസാന നാളുകളില്‍ ഉപ്പ പറഞ്ഞിരുന്നത് മുഴുവന്‍ സ്വര്‍ഗത്തെ കുറിച്ചായിരുന്നു. ഉന്നതമായ ആ പൂങ്കാവനത്തിന്റെ വര്‍ണ്ണനകള്‍ക്കിടയിലൂം മുറ്റത്തെ പൂക്കളെക്കുറിച്ചും അത് പരിപാലിക്കുന്നതിനെപറ്റിയും പറയാറുണ്ടായിരുന്നു.
പ്രിയപ്പെട്ട ഉപ്പാ....
ഒടുവില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി മാലാഖമാരുടെ കരങ്ങളിലേറി അങ്ങ് പടിയിറങ്ങിയപ്പോള്‍... വിതുമ്പിയത് ഞങ്ങള്‍ മാത്രമല്ല അങ്ങയെ സ്‌നേഹിച്ച ആയിരങ്ങളായിരുന്നു. കോളേജിന്റെ മുറ്റത്തെ ജന സാഗരങ്ങള്‍ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു.
ഉപ്പാ. അങ്ങയുടെ ഇരുചിറകുകളുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ അങ്ങയുടെ അത്തര്‍ കുപ്പി കൈയിലെടുത്തിട്ടുണ്ട്.. ഉപ്പാക്ക് പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാനായി.. അതിന്റെ മണം നാടെങ്ങും പരത്താന്‍ മക്കളെയും മരുമക്കളെയും പേരമക്കളെയും നാഥന്‍ അനുഗ്രഹിക്കട്ടെ... അങ്ങ് മോഹിച്ച മോഹിപ്പിച്ച സ്വര്‍ഗ്ഗപ്പൂങ്കാവനത്തിലേക്ക് ഞങ്ങളെയെല്ലാവരെയും എത്തിക്കാന്‍ നാഥന്‍ തുണക്കട്ടെ... നിലാവിന്റെ കുളിരായും കത്തുന്ന സൂര്യനായും ജ്വലിച്ചുനിന്ന അങ്ങയുടെ നന്മകള്‍ മഴ തോര്‍ന്നിട്ടും മരം പെയ്യുന്നതുപോലെ പെയ്തു കൊണ്ടേയിരിക്കട്ടെ...