മനസ്സും ശരീരവും ശുദ്ധമാക്കാന്‍, ആത്മാവിന്റെ ആത്മീയദാഹമകറ്റാനുള്ള വ്രതശുദ്ധി നിറഞ്ഞ നാളുകളിലാണ് നാമുള്ളത്.
പരിശുദ്ധമായ അല്ലാഹുവിന്റെ ഭവനങ്ങളില്‍ താമസിച്ചുകൊണ്ട്, ആരാധനയിലും പ്രാര്‍ഥനയിലും മുഴുകിയിരുന്ന്, ആത്മശുദ്ധി വരുത്താന്‍ സാഹചര്യങ്ങള്‍ അനുവദിക്കാതെയിരിക്കുമ്പോള് വീടകങ്ങള്‍ നമുക്ക് പ്രാര്‍ഥനാനിര്‍ഭരമാക്കാം. അങ്ങനെയൊരു കാലവും കോവിഡ് നമുക്ക് അനുഭവിപ്പിച്ചിട്ടുണ്ട്.
കേവലം പള്ളിയില്‍ സമയം ചെലവഴിക്കലല്ല ഇഅ്തികാഫ്. അനുഷ്ഠിച്ചവര്‍ വര്‍ഷം തോറും തിരികെ പോകാനാഗ്രഹിക്കുന്ന, വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന, അനിര്‍വചനീയമായ അനുഭൂതി തന്നെയാണത്. തൊഴിലിന്റെയും പഠനത്തിന്റെയും തിരക്കുകള്‍ക്കിടയിലും ഇഅ്തികാഫ് ഇരിക്കാന്‍ സമയം കണ്ടെത്തുന്ന നിരവധി സഹോദരിമാരുണ്ട്, നമുക്കിടയില്‍. കുഞ്ഞുനാളിലേ ഉമ്മയുടെ കൈപിടിച്ച് അല്ലാഹുവിന്റെ ഭവനത്തില്‍ ഇഅ്തികാഫ് ഇരിക്കാന്‍ പോയതാണ് ആദില. ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവും എല്ലാം ദൈവ വിളിയിലേക്ക് സമ്മേളിച്ചെത്തുകയാണ്. അവസാന രാവില്‍ പള്ളികള്‍ ഭക്തിയുടെ ഇടമായി മാറ്റിയവര്‍ ഒരുപാടുണ്ട്.
പന്ത്രണ്ടാം വയസ്സിലാണ് കാപ്പാട് സ്വദേശിനിയായ ആദില വിശുദ്ധ റമദാനില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ആരംഭിച്ചത്. അന്ന് മാതാപിതാക്കളോടൊപ്പം ഒരു കൗതുകത്തിന് പള്ളിയിലേക്ക് എത്തിയതായിരുന്നുവെങ്കില്, ഇഅ്തികാഫിന്റെ ഉദ്ദേശ്യങ്ങളും അത് നല്കുന്ന അനുഭൂതിയുമാണ് ആദിലയെ പിന്നീട് പള്ളിയിലെത്തിച്ചത്.
അല്ലാഹുവിന്റെ സന്നിധിയില്‍ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച്, ദീര്‍ഘമായ പ്രാര്‍ഥനകളും നമസ്കാരവും കൊണ്ട് നിറച്ച ദിനരാത്രങ്ങള്‍. ഓരോ വേദനകളും പ്രയാസങ്ങളും തെറ്റുകളും എണ്ണിയെണ്ണി നാഥനോട് പറഞ്ഞുകൊണ്ടുള്ള രാത്രികള്‍. ഓരോ ദിവസം ചെല്ലുംതോറും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുന്നതായി ബോധ്യപ്പെടുന്ന നിമിഷങ്ങള്‍. അല്ലാഹുവിനോടുള്ള സംസാരമാണ് പിന്നെ ലഹരി. മറ്റൊന്നും ചിന്തയില്‍ പോലും വരാത്തവിധം അവനോട് അടുക്കുന്ന ആ ദിവസങ്ങള്‍ അത്ഭുതമാണിന്നും ആദിലക്ക്.
ഇസ്ലാമിക അന്തരീക്ഷത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചതുകൊണ്ടാണ് പഠനകാലത്തും ഇഅ്തികാഫിരിക്കാന്‍ പ്രയാസം നേരിടാതിരുന്നതെന്ന് ആദില പറയുന്നു.
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുകൊണ്ടു തന്നെ ഇഅ്തികാഫിന് സമാനമായ ദിനങ്ങള്‍ സൃഷ്ടിക്കാനായത് അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ നേടിയെടുത്ത ആത്മീയമായ ഉണര്‍വ് ഒന്നുകൊണ്ടു മാത്രമാണെന്ന് ആദില പറയുന്നു.
അല്ലാഹുവിനോടും ഖുര്‍ആനിനോടും അതു വഴി തന്നോടു തന്നെയും കൂടുതല്‍ അടുക്കാന്‍ ഇഅ്തികാഫിനേക്കാള്‍ മികച്ച മറ്റൊരു സമര്‍പ്പണമില്ല എന്നാണ് ഇഅ്തികാഫിന്റെ അനുഭവങ്ങള്‍ ആദിലയെ പഠിപ്പിക്കുന്നത്.
ഈ പ്രതിസന്ധിയുടെ ദിനങ്ങള്‍ വീടുകള്‍ ഭക്തിസാന്ദ്രമാക്കി, അല്ലാഹുവിലേക്ക് അടുത്ത്, അവനോട് സമാധാനത്തിനായി തേടിക്കൊണ്ട് നമുക്ക് ചെലവഴിക്കാം എന്ന പ്രാര്‍ഥനയിലാണ് ആദില. അവനോടല്ലാതെ മറ്റാരോട് തേടാനാണ്.