പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെക്കുറിച്ച് അനുസ്മരണം എഴുതേണ്ടി വരുമ്പോള്‍ ഞാനനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകില്ല.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനെക്കുറിച്ച് അനുസ്മരണം എഴുതേണ്ടി വരുമ്പോള്‍ ഞാനനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകില്ല. വൈകാരികമായ വേലിയേറ്റത്തില്‍ മുങ്ങിപ്പൊങ്ങുന്നതുകൊണ്ട് ഓര്‍മകളെ കോര്‍ത്ത് എടുക്കാനോ അടുക്കിവെക്കാനോ കഴിയുന്നില്ല. കാരണം എന്റെ ജീവിതത്തിന് അസ്തിവാരം ഉണ്ടാക്കിത്തന്ന ഒരാളായിരുന്നു അദ്ദേഹം. വെറും ഇരുപത്തഞ്ചു പൈസയുടെ ഇന്‍ലന്റുകൊണ്ട് ഒരു മനുഷ്യന്റെ ജീവിതം മാറിപ്പോയ കഥ!!
പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ എറിയാട് ബ്ലോക്കിനടുത്തുള്ള തറവാടിനു തൊട്ടുചാരെ വീടുള്ള പരേതനായ എന്റെ അമ്മാവന്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞാക്കല്‍ അലിയാണ് അദ്ദേഹത്തിന്റെ മുമ്പില്‍ എന്നെ ഹാജരാക്കിയത്. തിരക്കുകള്‍ക്കിടയില്‍ രാത്രി തറവാട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.
'ചെക്കന്‍ വീടും കൂടും ഇല്ലാതെ കറങ്ങി നടപ്പാണ്' എന്ന് അലി മാമ അദ്ദേഹത്തോട് പറഞ്ഞിരിക്കണം.
ആ വീട്ടില്‍ ഞങ്ങള്‍ അന്ന് കുറച്ചു നേരം സംസാരിച്ചു. വായനയിലും ചിന്തയിലും സ്വയം മറന്ന് മുഴുകിയിരുന്ന നാളുകളായിരുന്നതിനാല്‍ ചെറിയ സംവാദ രൂപത്തിലായി കൂടിക്കാഴ്ച. പുതിയ കാലത്ത് ധാര്‍മികതയോ ഉയര്‍ന്ന മൂല്യങ്ങളോ സമൂഹത്തില്‍ കാണാനില്ലെന്നും അതിനാല്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാകാതെ ഒരു റിബലായി ജീവിക്കാ
നാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, അദ്ദേഹം എന്റെ സിനിസിസത്തോട് എതിരായിരുന്നു. ലോകത്ത് നന്മയും ധാര്‍മികതയും വളരെയധികം ഉണ്ടെന്നും അത് നമ്മള്‍ കാണാഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി എറിയാട് തന്നെയുള്ള ഒരാളുടെ കഥ പറഞ്ഞു. അയാള്‍ ആദ്യം വിവാഹം ചെയ്ത സ്ത്രീയെ പരിഗണിക്കാതെ പിന്നീട് ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കുകയും ഈ സ്ത്രീയെ അവഗണിക്കുകയും ചെയ്തു. പക്ഷേ, വാര്‍ധക്യത്തില്‍ നിരാലംബനായി കിടന്നപ്പോള്‍ പിന്നീട് വിവാഹം കഴിച്ച സ്ത്രീകള്‍ കടന്നുകളയുകയും ആദ്യത്തെ സ്ത്രീ അയാളെ ശുശ്രൂഷിക്കുകയും ചെയ്തു. പരിചയത്തിലുള്ള ഈ മനുഷ്യന്റെ കഥ ചൂണ്ടി പറഞ്ഞ ശേഷം പിന്നീടും ഇത്തരം കുറേ ഉദാഹരണങ്ങള്‍ പറഞ്ഞുതന്നു.
ജീവിതത്തിന്റെ ഒഴുക്കില്‍ ആ കൂടിക്കാഴ്ച ഞാന്‍ തല്‍ക്കാലം മറന്നുപോയി. പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒന്നു ര് മാസം കഴിഞ്ഞ് അദ്ദേഹത്തിന്റെ മകനായ ഡോ. ഷറഫുദ്ദീന്റെ കല്യാണം നടക്കുന്ന ഹാളില്‍ വെച്ചാണ്. എന്റെ വീടിനടുത്തു നിന്നാണ് ഷറഫുദ്ദീന്‍ വിവാഹം ചെയ്തത്. അതിനാല്‍ വധുഗൃഹത്തില്‍നിന്ന് ഞങ്ങള്‍ക്ക് വിവാഹക്ഷണമുണ്ടായിരുന്നു. ഞാന്‍ വിവാഹഹാളില്‍ അലക്ഷ്യമായി നടന്നുകൊണ്ടിരിക്കുമ്പോള്‍, തിരക്കുകളില്‍നിന്ന് അകന്ന് ഒരിടത്ത് നില്‍ക്കുന്നു അദ്ദേഹം. കണ്ടപാടെ പുഞ്ചിരിച്ചു.
''എനിക്ക് താങ്കളോട് കുറേ സംസാരിക്കണം എന്നുണ്ട്, ഫോണ്‍ നമ്പര്‍ ഒന്നു തരാമോ'' - ഞാന്‍ ചോദിച്ചു. ഇതിന് വല്ലാതെ വിസ്മയിപ്പിച്ച മറുപടിയാണ് കിട്ടിയത്.
''താങ്കളുടെ നമ്പര്‍ എനിക്ക് തരൂ, ഞാന്‍ വിളിക്കാം.''
ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ എന്റെ വീട്ടിലെ നമ്പര്‍ കൊടുത്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ''ഒരു ഇന്‍ലന്റില്‍ എനിക്ക് എല്ലാം തുറന്നെഴുതുക.''
പിറ്റേദിവസം തന്നെ ഞാന്‍ അദ്ദേഹത്തിന് ഇന്‍ലന്റില്‍ എന്റെ ചിന്തകളും സംഘര്‍ഷങ്ങളും എഴുതി പോസ്റ്റ് ചെയ്തു. കൂടെ എന്റെ അപ്പോള്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരവും, ഞാന്‍ എഡിറ്റ് ചെയ്തുകൊണ്ടിരുന്ന മാസികകളും അയച്ചു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു; ''സിദ്ദീഖ് ഹസന്‍ സാഹിബ് കോഴിക്കോട്ടു നിന്ന് വിളിച്ചിരുന്നു.'' കുറച്ചു ദിവസം കഴിഞ്ഞാണ് അത് അവര്‍ എന്നോട് പറഞ്ഞത്. ഉടന്‍ ഞാന്‍ കോളര്‍ ഐഡി നോക്കി അദ്ദേഹത്തിന്റെ നമ്പര്‍ എടുക്കുകയും വിളിക്കുകയും ചെയ്തു. അത് വീട്ടിലെ നമ്പര്‍ ആയിരുന്നു എന്നാണ് തോന്നുന്നത്. ഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ നിരന്തരമായ വിളികള്‍ക്കിടയില്‍ അത്ഭുതകരമായി ഒരു ദിവസം കണക്റ്റഡ് ആയി.
''ഉടന്‍ കോഴിക്കോട് ഹിറാ സെന്ററിലേക്കു വരിക, വസ്ത്രങ്ങള്‍ വേണ്ടത് എടുത്തുകൊള്ളൂ.''
അന്ന് കോഴിക്കോട്ടേക്ക് പോകാന്‍ എന്റെ കൈയില്‍ ബസ് കൂലിയില്ല. വീട്ടുകാരും ബന്ധുക്കളും മൊത്തം തഴഞ്ഞ അവസ്ഥ. പക്ഷേ, ഏതു സഹായത്തിനും തയാറായ കൂട്ടുകാരുണ്ട്. കൂട്ടുകാരില്‍നിന്ന് ബസ് കൂലി വാങ്ങി ഞാന്‍ കോഴിക്കോട്ടേക്ക് യാത്രയായി. വൈകുന്നേരം ഹിറാ സെന്ററിലെത്തി. വിശേഷങ്ങളും ചായയും ഒരുമിച്ച് പങ്കുവെച്ച ശേഷം അദ്ദേഹം അടുത്ത മുറിയിലിരിക്കുന്ന താപസനെ പോലെയുള്ള ഒരാളെ ചൂണ്ടിക്കാട്ടി. വെളുത്ത താടിയും ചുമലില്‍ തോര്‍ത്തും ഉള്ളയാള്‍. അത് അബ്ദുല്‍ അഹദ് തങ്ങള്‍ എന്ന വിശിഷ്ട വ്യക്തിയാണെന്നു പിന്നീട് അറിഞ്ഞു. അദ്ദേഹത്തോടൊപ്പം പോകാനും തൊഴിലില്‍ പ്രവേശിക്കാനും പറഞ്ഞു.
അദ്ദേഹം വളാഞ്ചേരി പൂക്കാട്ടിരി ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ (ഐ.ആര്‍.എസ്) ചെയര്‍മാനാണ്. അദ്ദേഹത്തോടൊപ്പം യാത്ര തിരിക്കുകയും പിറ്റേന്ന് ഐ.ആര്‍.എസില്‍ ഇംഗ്ലീഷ് അധ്യാപകനായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അമിത സ്വാതന്ത്ര്യത്തില്‍ ജീവിച്ച എന്നെ അവര്‍ക്കോ അവര്‍ക്ക് എന്നെയോ മനസ്സിലാക്കാന്‍ കഴിയാതിരുന്നതിനാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെനിന്ന് ഔട്ടായി. പക്ഷേ, പിന്നീട് അദ്ദേഹം മുന്‍കൈയെടുത്ത് പലയിടത്തും നിര്‍ത്തുകയും അവസാനം അവ്യവസ്ഥയുടെ ലോകത്തുനിന്ന് വ്യവസ്ഥയുടെ ലോകത്തേക്ക് കൊുവരികയും ചെയ്തു.
ശ്രദ്ധയും കരുതലും നല്‍കി എന്റെ ജീവിതത്തെ ശ്രേയസ്സിന്റെ പാതയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം. എന്റെ വിവാഹത്തിന്റെയും പിന്നില്‍ അദ്ദേഹത്തിന്റെ കൈകളുണ്ടായിരുന്നു.
ഞാനന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രായോഗികമായി തന്നെ എനിക്ക് മറുപടി തരുകയായിരുന്നില്ലേ അദ്ദേഹം! ലോകത്തുനിന്ന് നന്മയും വെളിച്ചവും അകന്നുപോയിട്ടില്ല. അത് നമ്മുടെ വീക്ഷണത്തിന്റെ മാത്രം പ്രശ്‌നമാണ്. ലോകം നിലനില്‍ക്കുന്നതുതന്നെ സിദ്ദീഖ് ഹസന്‍ സാഹിബിനെ പോലെയുള്ള പരശ്ശതം മനുഷ്യര്‍ ഭൂമിയില്‍ വന്നു
പിറന്നതുകൊണ്ടാണ്.
സല്‍ചരിതങ്ങളിലെയോ പുരാണങ്ങളിലെയോ സാത്വികനായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നത്. സംശുദ്ധമായ ജീവിതം നയിച്ചിരുന്നതിനാല്‍ അദ്ദേഹം ഒന്നിനെയും ഭയപ്പെട്ടില്ല. എല്ലാവരുടെയും വ്യക്തിത്വത്തിലെ നല്ല വശങ്ങള്‍ മാത്രം കാണുകയും അവര്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ട രീതിയിലുള്ള പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കിപ്പോരുകയും ചെയ്തു. പല അധികാര പദവികളില്‍ ഇരുന്നിരുന്നെങ്കിലും തന്റെ അധികാരത്തെ ദുര്‍ബലര്‍ക്കുള്ള സഹായവും സേവനവുമായിട്ടാണ് അദ്ദേഹം കണ്ടത്. പ്രതിഭകളെ കണ്ടെത്താനും അവരിലെ കഴിവുകള്‍ പുറത്തേക്ക് ഒഴുക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഒരാളുടെ പദവിയെയും അധികാരത്തെയും എങ്ങനെ സര്‍ഗാത്മകമായി ഉപയോഗിക്കാം എന്നുള്ള മാര്‍ഗനിര്‍ദേശം അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് പ്രശസ്തിക്കും പദവികള്‍ക്കും വേണ്ടി ആളുകള്‍ കടിപിടി കൂടുകയും കഴിവുള്ളവര്‍ തന്റെ സ്ഥാനത്തെ ഇല്ലാതാക്കുമോ എന്ന് പേടിക്കുകയും ചെയ്യുന്ന ഈ കാലത്ത്.
അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മകളും പരാമര്‍ശങ്ങളും ഈ ചെറിയ കുറിപ്പില്‍ ഒതുക്കാന്‍ കഴിയുകയില്ല. ഒരിക്കലും മറക്കാനാകാത്ത രണ്ടു കാര്യങ്ങള്‍ പറഞ്ഞ് ഇത് അവസാനിപ്പിക്കാം.
ആദ്യം ഞാന്‍ പറഞ്ഞിരുന്നതുപോലെ, ഐ.ആര്‍.എസില്‍നിന്നും പോരേണ്ടിവന്നതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ നടത്തിയ ഒരു ആനിമേഷന്‍ കമ്പനിയില്‍ ഞാന്‍ ഉണ്ടായിരുന്നു. തല്‍ക്കാലം ഭക്ഷണവും കിടപ്പും തരമാവാനുള്ള ഒരു ചെറിയ ഇടമായിരുന്നു അത്. കോഴിക്കോട് പ്രൈവറ്റ് ബസ്സ്റ്റാന്റിനരികില്‍ ആയിരുന്നു അത്. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. അപ്പോള്‍ ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഒരു കവിതാ പുസ്തകം എന്റെ കൈയില്‍ ഉണ്ടായിരുന്നു. അതില്‍ എന്റെ ഒരു കവിതയും ഉായിരുന്നു. അത് എന്താണെന്ന് അദ്ദേഹം ചോദിക്കുകയും ഞാന്‍ മറുപടി പറയുകയും ചെയ്തു. ഉടന്‍ അത് അദ്ദേഹത്തിന് കൊടുക്കാമോ എന്ന് ചോദിച്ചു. ഒരുപക്ഷേ, എനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിഞ്ഞ ഏക വസ്തു ആയിരിക്കും അത്. ഞാന്‍ ബഹുമാനത്തോടെ അദ്ദേഹത്തിനതു കൊടുത്തു. അദ്ദേഹം അതിന്റെ വില നോക്കി പണം നിര്‍ബന്ധമായി എന്നെ ഏല്‍പിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അറിയുന്നത്, കൊടുങ്ങല്ലൂരിലെ ദേവി ബുക്‌സ് എന്ന പ്രസിദ്ധീകരണാലയത്തില്‍നിന്നും അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങിയിരുന്നു എന്ന്. കവിതകളോട് അദ്ദേഹത്തിന് പ്രത്യേക മമതയുായിരുന്നു. സംഘടനയില്‍ സജീവ പ്രവര്‍ത്തകനാകുന്ന നാളില്‍ അദ്ദേഹം കവിതകളെഴുതുമായിരുന്നു. ആ ഓര്‍മകളുടെ ഒരു കണ്ണിയായിരിക്കാം എന്റെ കൈയിലെ പുസ്തകത്തിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.
ഇനി രണ്ടാമത്തെ സംഭവം ഞാന്‍ ജോലി ചെയ്യുന്ന മലര്‍വാടി ബാലമാസികയുമായി ബന്ധപ്പെട്ടാണ്. മലര്‍വാടിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ഞാന്‍ ചാര്‍ജ് എടുക്കുന്ന നാളുകളില്‍ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു. ഒരിക്കല്‍ അദ്ദേഹം ദല്‍ഹിയില്‍നിന്ന് വന്നപ്പോള്‍ ഒരു കൊല്ലത്തെ മലര്‍വാടി അദ്ദേഹത്തെ കാണിക്കാന്‍ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. അവ എല്ലാം അദ്ദേഹം വല്ലാത്ത താല്‍പര്യത്തോടെ വാങ്ങുകയും പെട്ടിയില്‍ അടുക്കിവെക്കുകയും ചെയ്തു. പിന്നീട് വെള്ളിമാടുകുന്നില്‍ വരുമ്പോഴും അവ കൃത്യമായി വാങ്ങിക്കൊണ്ടുപോകുമായിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അക്കാലത്തെ പറ്റിയുള്ള ഒരു പ്രമുഖ വ്യക്തിയുടെ അനുഭവ ക്കുറിപ്പില്‍നിന്നാണ് അറിയുന്നത്, മലര്‍വാടിക്ക് ബീജാവാപം ചെയ്തിരുന്നത് അദ്ദേഹമാണന്ന്. 1980-ല്‍ കുട്ടികള്‍ക്ക് ഒരു പ്രസിദ്ധീകരണം എന്ന ചിന്തയില്‍ അദ്ദേഹം ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ഇ.വി അബ്ദു സാഹിബ്, ടി.കെ ഉബൈദ് സാഹിബ്, വി.എ കബീര്‍ സാഹിബ്, വി.എസ് സലീം മുതലായവരുമായി ഒത്തുചേര്‍ന്ന് അതിനെ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു. താന്‍ ചെയ്ത കാര്യങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് അദ്ദേഹത്തിന് ഒരു നിമിഷം പോലും ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. നിസ്വാര്‍ഥതയുടെയും വിശുദ്ധിയുടെയും പ്രതീകമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സ്‌നേഹത്തിന്റെ ഒരിറ്റ് കണ്ണീരോടെ ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
--------------------------------------------------------------------------------------------------------
'മനുഷ്യരെ, മനുഷ്യരാക്കാന്‍ സിദ്ധിയുള്ള മഹാ മനുഷ്യന്‍'
-നജീബ് കുറ്റിപ്പുറം-
'മോനേ...
ആ മാങ്ങ പറിക്കരുതായിരുന്നു..'
നാല് ചുവട് മുന്നോട്ട് വെച്ചതിന് ശേഷമാണ് അയാള്‍ അങ്ങനെ പറഞ്ഞത്.
ഒരുമിച്ച് ഒരു ഇടവഴിയിലൂടെ നടന്ന് പോകുമ്പോഴാണ് വഴിയിലേക്ക് തൂങ്ങി നിന്നിരുന്ന മറ്റാരുടെയോ മാവിന്‍ കൊമ്പിലെ മാങ്ങ ഞാന്‍ പറിച്ചെടുത്തത്. എന്നോടൊപ്പമുണ്ടായിരുന്ന ഹൈദര്‍ ഹാജിയാണ് ഗുണകാംക്ഷയോടെ അത് പറിക്കരുതെന്ന് എന്നോട് പറഞ്ഞത്.
പിന്നീടങ്ങോട്ട് ആ മനുഷ്യനെ ശ്രദ്ധിക്കുക പതിവായിരുന്നു. മനുഷ്യരോടുള്ള പെരുമാറ്റം, ചിരി, കരുതല്‍ എല്ലാം മാതൃകാപരമായിരുന്നു.
വെറും രണ്ടാം ക്ലാസ് വിദ്യാഭ്യാസം.
ലോറി ഡ്രൈവര്‍.
കറുത്ത ഒരു മനുഷ്യന്‍..! അദ്ദേഹത്തിന്റെ വെളുത്ത ഹൃദയം കാണാനും അറിയാനും പിന്‍പറ്റാനുമുളള ശ്രമത്തിലായി പിന്നീടുള്ള ദിനങ്ങള്‍. ക്രമേണ ഞങ്ങളിലെ സൗഹൃദത്തിന് ഊടും പാവും കൂടിക്കൂടി വന്നു. ഹാജി സഞ്ചരിച്ച വഴികളൊക്കെ എനിക്ക് വെളിച്ചം വിതറുന്നതായിരുന്നു. അദ്ദേഹത്തിന്റെ ദിനചര്യകളും ശൈലിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ആയിടക്കാണ് കുറ്റിപ്പുറത്ത് ഖുര്‍ആന്‍ ക്ലാസിന് പോകുന്നത് പതിവാക്കിയത്. ഒരിക്കല്‍ വളാഞ്ചേരി അബ്ദുര്‍റഹ്മാന്‍ സാഹിബ് പറഞ്ഞു; 'നജീബിനെ സിദ്ധീഖ് ഹസന്‍ സാഹിബ് കാണണം എന്നറിയിച്ചിട്ടുണ്ട്.'
തെല്ലൊരാശങ്കയോടെയാണ് അത് കേട്ടത്.
എന്തിനായിരിക്കും?
ഒരു ദിവസം കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിനടുത്തുളള ഓടിട്ട കെട്ടിടത്തിലേക്ക് കയറിച്ചെന്നു. തീക്ഷ്ണമായ ആ കണ്ണുകളാണ് ആദ്യം കണ്ടത്.
ഒന്ന് പുഞ്ചിരിച്ചു; കൈ പിടിച്ചു.
കരുതലിന്റെ, നിര്‍ഭയത്വത്തിന്റെ, സ്‌നേഹത്തിന്റെ, സുരക്ഷിതബോധത്തിന്റെയൊക്കെ ചൂട് കായാന്‍ ആ കൈകളില്‍നിന്ന് സാധിച്ചിട്ടുള്ള നിമിഷങ്ങള്‍...
പ്രത്യേകിച്ച് ചെറുപ്പത്തിലേ അനാഥനായ ഒരു ബാലന് ആ കരങ്ങളുടെ ചൂട് അരക്ഷിതാവസ്ഥയില്‍നിന്നുള്ള മോചനമായിരുന്നു.
ആദ്യ നോട്ടത്തില്‍.. സ്പര്‍ശനത്തില്‍.. ഒരു മനുഷ്യന്‍ ഇത്രയും സ്വാധീനിക്കപ്പെടുക എന്നത് ആശ്ചര്യത്തോടെ തന്നെയാണ് അനുഭവിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂര്‍ സമയം എന്റെ ജീവിതം മുഴുവന്‍ പകര്‍ത്തിയെഴുതുകയായിരുന്നു.
എന്തിനായിരിക്കും അദ്ദേഹം ഒന്നിനും കഴിയാത്ത എന്നിലേക്ക് ഇത്രയും സമയം ചെലവഴിച്ചത്? തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു പയ്യന് വേണ്ടി സമയം ചെലവഴിച്ച ആ മനുഷ്യന്‍ ആരാണ്? കരഞ്ഞ് കലങ്ങിയ മുഖവുമായിട്ടാണ് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഇറങ്ങിപ്പോന്നത്. എന്തിനായിരിക്കും ഇങ്ങനെ തേങ്ങിത്തേങ്ങി കരഞ്ഞ് പോയത്?
മനസ്സിലൊരുപാട് ചോദ്യങ്ങളാണ്.
പിന്നീടങ്ങോട്ട് ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് മാതൃകായോഗ്യനായ ഒരാളെ കിട്ടിയ ആനന്ദവും സന്തോഷവും അതിരുകളില്ലാതെ വന്നുചേര്‍ന്നിരുന്നു. പലപ്പോഴും ചില തീരുമാനങ്ങള്‍ എടുത്ത് കല്‍പിക്കലും അനുസരിപ്പിക്കലും ആയിരുന്നു പതിവ്. 'നജീബേ.. നീ ഐ.ആര്‍.ഡബ്ല്യുവില്‍ പരിശീലനത്തിന് തയാറാവണം. ഖാജാ ശിഹാബുദ്ദീനുമായി സഹകരിക്കണം.' ഒരാജ്ഞാപിക്കലാണ്.
ഖാജാ സാഹിബിനെ കണ്ട് സേവന സംഘമായ ഐ.ആര്‍.ഡബ്ല്യുവില്‍ ചേരാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് മഹാനായ സ്വാദിഖ് മൗലവിയെ പരിചയപ്പെടുന്നത്. ഇതുപോലെ സാമീപ്യം കൊണ്ട് തന്നെ സ്വാധീനിച്ച മനുഷ്യന്‍. ദീര്‍ഘനേരം ഇരുന്ന് സംസാരിച്ചു. പിന്നീടുള്ള യാത്രയിലൊക്കെ വെളിച്ചം വാരി വിതറുന്ന വഴികള്‍ തുറന്നിട്ടിരിക്കുന്നതായാണ് അനുഭവപ്പെടുന്നത്.
ഒരിക്കല്‍ ഇതുപോലെ ഒരു കല്‍പന വന്നു;
'നജീബ്, പ്രായം ചെന്ന കുറേ മനുഷ്യര്‍ വീടുകളില്‍ കഴിയുന്നുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച മനുഷ്യര്‍.. നീ അവരെയൊക്കെ പോയി കാണണം'. വാണിമേലിലെ മൂസാ സാഹിബ്, കുറ്റിയാടിയിലെ ഇ.ജെ, ചേളന്നൂരിലെ അബൂബക്കര്‍ സാഹിബ്, കോഴിക്കോട് സി.പി.എം, അബുല്‍ ജലാല്‍ മൗലവി, മലപ്പുറത്തെ അബു സാഹിബ്, കായംകുളത്തെ യൂനുസ് മൗലവി, മാള മൗലവി അങ്ങനെ ധാരാളം മനുഷ്യര്‍. മനുഷ്യരെന്ന് പറഞ്ഞാല്‍ പോരാ, അസാധാരണ മനുഷ്യരെന്നാണ് എനിക്ക് അവരെക്കുറിച്ച് പറയാനാവുക.
സ്വന്തം ജീവിതത്തിലേക്കാവശ്യമായ ഭൗതികമായ പലതും വെണ്ടെന്നുവെച്ചതോ, ഉപേക്ഷിച്ചതോ എന്നറിയില്ല. എങ്കിലും ഉള്ളു നിറയെ പവിഴവും മുത്തും കരുതിവെച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്...
വാണിമേല്‍ മൂസാ സാഹിബിനെ കാണാന്‍ ചെന്നത് ഏതാണ്ട് ഉച്ചതിരിഞ്ഞ സമയത്താണ്. സാധാരണ യാത്രകളില്‍ കൂടെ സൗഹൃദങ്ങളുണ്ടാവുക പതിവാണ്. അഞ്ചോ ആറോ പേരടങ്ങുന്ന ആളുകള്‍ കയറിച്ചെന്നതും കരിമ്പല പിടിച്ച ഒരു തോര്‍ത്തുടുത്ത്, കറുത്ത് മെലിഞ്ഞ മൂസാ സാഹിബ് പുഴയില്‍നിന്ന് കയറിവരുമ്പോഴാണ് കാണുന്നത്. അത്യാവശ്യത്തിന് മാത്രം പരിചയപ്പെടുത്തിയിട്ട് ആ കൊച്ച് കൂരയിലേക്ക് തലയിട്ട് വീട്ടുകാരോട് ഭക്ഷണം വിളമ്പാനാണ് ആവശ്യപ്പെടുന്നത്. ഈ സമയത്ത് ഇത്ര ആളുകള്‍ക്ക് ഭക്ഷണം വിളമ്പാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി വേണ്ടെന്ന് പറഞ്ഞിട്ടും വകവെക്കാതെ ഉളളത് വിളമ്പി കഴിച്ച് പോരുമ്പോള്‍ നാം ജീവിതത്തില്‍ പാഠമാക്കേണ്ട പലതും അനുഭവിപ്പിച്ചാണ് അദ്ദേഹം യാത്രയാക്കിയത്.
സിദ്ദീഖ് ഹസന്‍ സാഹിബ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട മഹാന്മാരായ, വിനയാന്വിതരായ ആ മനുഷ്യരില്‍നിന്ന് വാക്കുകളേക്കാള്‍ പ്രധാനമായ പലതും അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ യാത്രക്ക് ശേഷം ഒരു കാര്യം ഉറപ്പിച്ചിരുന്നു; നാം സ്വയം പാകപ്പെടണം. നമ്മില്‍ നിന്ന് എത്ര മോശപ്പെട്ട മനുഷ്യര്‍ക്കും നല്‍കേണ്ടത് സ്‌നേഹത്തിന്റെ സ്പര്‍ശമാണ്.
ജീവിതാനുഭവങ്ങളൊക്കെയും മുന്നോട്ടുളള പ്രയാണത്തില്‍ പാഠങ്ങളാണ്. അതുകൊണ്ടാണല്ലോ നന്മയും തിന്മയും നാഥനില്‍നിന്ന് എന്ന് പറയുന്നത്.... പിന്നീടങ്ങോട്ടുള്ള ഓരോ ചുവടുകളിലും എനിക്ക് അനാഥനാകേണ്ടിവന്നിട്ടില്ല. പെട്ടെന്നൊന്നും ആരെയും ഉള്‍ക്കൊള്ളുന്ന പ്രകൃതക്കാരനല്ലാത്തതുകൊണ്ട് തന്നെ കണ്ണുംപൂട്ടി അദ്ദേഹത്തെ അനുസരിക്കുന്നത് ശീലമായി.
'തനിമ' കലാ-സാംസ്‌കാരിക വേദിയുടെ ചുമതലയിലിരിക്കുമ്പോഴാണ് കുറച്ച് കുട്ടികളെ മീഡിയാ പ്രവര്‍ത്തനത്തിന് പ്രാപ്തരാക്കണം എന്ന് നിര്‍ദേശിക്കുന്നത്, കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് നിര്‍ദേശിക്കുന്നത്.
ചെറുപ്പത്തിലേ നാടകവും സിനിമയുമൊക്കെ വലിയ ആവേശമായിരുന്ന എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര ക്യാമ്പ്, ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള ചിത്രരചനകള്‍, ചേന്ദമംഗല്ലൂരിലെ മള്‍ട്ടിമീഡിയാ കോളേജ്, 'വധു' ടെലിഫിലിം, ഏഷ്യാനെറ്റ് ചാനലിലെ ഹൃദയപൂര്‍വം ടെലിഫിലിം, തിരുപ്പിറവി ഡോക്യുമെന്ററി ഇന്ത്യാവിഷനില്‍, എരിഞ്ഞടങ്ങും മുമ്പ്/ മൊയ്തുമൗലവി- ചിരുത മുലകുടി ബന്ധത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി, കെ.ടിയോടൊപ്പം, ജീവന്‍ ടി.വിയിലെ റമദാന്‍ പ്രോഗ്രാം അങ്ങനെ ധാരാളം പറയാനുണ്ട്. വലിപ്പമോ ചെറുപ്പമോ ഇല്ല, ഒരാളില്‍ എന്തെങ്കിലും ഒരു സാധ്യത കാണുന്നതും ഉടനെ തിരികത്തിച്ചുവിടുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഏതൊരു നേതാവിനും മാതൃകയാക്കാവുന്നതുമാണ്.
വളരെ നല്ല നിലയില്‍ തന്നെ ഒരു മള്‍ട്ടിമീഡിയാ കോളേജിലെ ചുമതലയില്‍ ഇരിക്കുമ്പോഴാണ് ഒരു ദിവസം വിളിക്കുന്നത്; 'എന്റെ കൂടെ വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വരണം.'
കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. ആ സമയത്ത് ഒരു മീഡിയാ ആനിമേഷന്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിരുന്നു. അതുകൊണ്ട് അത് നിലനിര്‍ത്താന്‍ കോളേജിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. യാത്രകള്‍ക്കും കുടുംബകാര്യങ്ങള്‍ ഭംഗിയായി നിലനിര്‍ത്താനും അത് സഹായകമായി. പിന്നീടങ്ങോട്ടുള്ള യാത്രകളും കണ്ടുമുട്ടിയ മനുഷ്യരും ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ നനവുള്ളതാക്കാന്‍ സഹായിച്ചു. സ്വയം കീറിമുറിച്ച് പരിശോധിക്കേണ്ട ആവശ്യകതകളും പ്രപഞ്ച സ്രഷ്ടാവിനോടുള്ള സമര്‍പ്പണത്തിന്റെ അനിവാര്യതകളും അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
എന്റെ ശരിയില്‍ നില്‍ക്കുമ്പോഴും അപ്പുറത്തിരിക്കുന്നവരുടെ ശരിയെ മാനിക്കാന്‍ പഠിപ്പിച്ചു. ഏതു പാമരനെയും ചേര്‍ത്തു നിര്‍ത്താനും കൈവിടാതിരിക്കാനും കാണിച്ചുതന്നു. കുറ്റമറ്റത് ദൈവം മാത്രമാണെന്നും ബാക്കിയെല്ലാം കുറ്റമുള്ളതാവാന്‍ സാധ്യത ഉള്ളതാണെന്നും പറഞ്ഞു തന്നു. നിലപാടുകള്‍ ധീരമായി അനുഭവിപ്പിച്ചു. എത്ര വലിയ സമ്പന്നനും അദ്ദേഹത്തെ ചെവി യോര്‍ത്തിരുന്നു. അവര്‍ക്ക് സമ്പത്ത് നല്ല വഴിയില്‍ ചെലവാക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു.
ഒരുമിച്ചുള്ള യാത്രകളില്‍ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും മാതൃകായോഗ്യമായിരുന്നു. സാഹചര്യം കണക്കിലെടുത്ത് പൂര്‍ണമായും ദൈവത്തില്‍ സമര്‍പ്പിക്കാന്‍ ഈ മനുഷ്യന് വല്ലാത്തൊരു ശക്തിയാണ്.
അസുഖം ബാധിച്ചു തുടങ്ങിയ കാലം മുതല്‍ കൂടെ തന്നെ നില്‍ക്കാന്‍ എനിക്ക് സമയം കണ്ടെത്താന്‍ കഴിഞ്ഞത് വെറുതെ ആയിരുന്നില്ല. എന്നിലെ നന്മ തിരിച്ചറിയാനും തെറ്റ് തിരുത്താനും ആ മനുഷ്യന്റെ സാമീപ്യം ഏറെ വലുതായിരുന്നു. അസുഖം രൂക്ഷമായപ്പോള്‍ ആദ്യം ഹൈദറാബാദിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ വെച്ച് എന്നെക്കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യിപ്പിക്കുമായിരുന്നു. ഷറഫുവും ഞാനും മാറിമാറി ഖുര്‍ആന്‍ വായിക്കും.
പിന്നീടങ്ങോട്ട് തിരുവനന്തപുരത്തും, പ്രകൃതി ചികിത്സാലയത്തിലും, നാലു മാസക്കാലം ആയുര്‍വേദ ചികിത്സയിലും സാധ്യമാകുംവിധം കൂടെത്തന്നെ നിന്നു. ഒരിക്കല്‍ മാത്രം അദ്ദേഹത്തോട് ഒരു കല്‍പനപോലെ അങ്ങോട്ട് പറഞ്ഞു; 'കുറ്റിപ്പുറത്ത് നമ്മുടെ വീട്ടിലേക്ക് പോണം. കുറച്ച് ദിവസം അവിടെ താമസിക്കണം.' അനുവദിക്കുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
'നീ തീരുമാനിച്ചോളൂ!'
ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ കുറ്റിപ്പുറത്ത് നീണ്ട ദിവസങ്ങള്‍ ചെലവഴിച്ചു. രാവിലെ പുഴയില്‍ പോയി വെയില്‍ കായും, കുളിക്കും. പുഴയുടെ തീരങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറി പൊട്ടിച്ചു കൊണ്ടുവരും. വീട്ടില്‍ ദിനേന അദ്ദേഹത്തെ കാണാന്‍ ആളുകള്‍ വരും. ഉമ്മയും നസീമയും മക്കളും സ്‌നേഹത്തോടെ എന്നോടൊപ്പം നിന്നു. ഒരുമിച്ചിരുന്ന് പാട്ടുകള്‍ കേള്‍ക്കും, സിനിമ കാണും. മക്കളുടെ വിവാഹം, പഠനം എല്ലാ തീരുമാനങ്ങളും എടുത്തിരുന്നതിന്റെ അവസാനവാക്ക് അവിടെ നിന്നായിരുന്നു. തീരെ അവശനായി കിടക്കുമ്പോഴാണ് കുറ്റിപ്പുറത്ത് മോളുടെ നികാഹിന് പങ്കെടുക്കാന്‍ വന്നത്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കുടുംബവും മക്കളും സഹോദരങ്ങളും വരുന്ന ദിവസങ്ങളില്‍ അടുക്കള കൈകാര്യം ചെയ്യുന്നത് അവരായിരിക്കും. ഷമി കൊടുങ്ങല്ലൂര്‍ വിഭവവും ഫസലുവിന്റെ ഭാര്യ കോഴിക്കോടന്‍ വിഭവങ്ങളും ഒരുക്കും.
എനിക്ക് കരുത്തായിരുന്നു.
രക്ഷിതാവായിരുന്നു.
വഴികാട്ടിയായിരുന്നു.
ഗുരുവായിരുന്നു.
മോശത്തരങ്ങളെ തിരിച്ചറിയാനുള്ള വെളിച്ചമായിരുന്നു.
ഒരിക്കല്‍ സിദ്ദീഖ് ഹസന്‍ സാഹിബിനോട് ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചു; 'എന്തിനായിരുന്നു അന്ന് നിങ്ങള്‍ എന്നെ വിളിച്ചത്? എങ്ങനെയാണ് നിങ്ങള്‍ എന്നെ അറിയുക?' വീണ്ടും തീക്ഷ്ണമായ നോട്ടം. ഒന്ന് പുഞ്ചിരിച്ചു.
പിന്നീട് ഇങ്ങനെ പറഞ്ഞു:
'എ.എ മലയാളി എനിക്ക് കത്തയച്ചിരുന്നു. എന്റെ ഒരു കുട്ടി നിങ്ങളുടെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായിട്ടുണ്ട്. നിങ്ങള്‍ നേരിട്ട് അവനെ കാണണം, സംസാരിക്കണം. മലയാളി എനിക്ക് വേണ്ടപ്പെട്ട ഒരാളാണ്.' ഇത്രയും പറഞ്ഞു നിര്‍ത്തി.
ശരിയാണ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ തൊഴിലാളി സംഘടനകള്‍ക്ക് നേതൃത്വം നല്‍കി, ഇ.എം.എസിനോടൊപ്പം കമ്യൂണിസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച, പിന്നീട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ ജീവിതാവസാനം...
എന്നെപ്പോലുള്ള ലക്ഷ്യമില്ലാത്ത കുട്ടികള്‍ക്ക് വഴികാട്ടിക്കൊണ്ടിരിക്കുകയായിരുന്നു ആ മനുഷ്യന്‍. പാലക്കാടായിരുന്നു മലയാളി താമസിച്ചിരുന്നത്. ആത്മാക്കള്‍ ഒരുമിച്ചുചേരുന്നിടത്ത് അനാഥബാല്യത്തില്‍ എന്റെ കൈപിടിച്ച ആ കൈകളില്‍ എനിക്ക് പിടിക്കണം. അന്ത്യമില്ലാത്ത ജീവിതം സമാധാനത്തോടെ നയിക്കാന്‍ സഹായിക്കണം നാഥാ...
അവസാന കാലത്ത് സിദ്ദീഖ് ഹസന്‍ സാഹിബ് എനിക്കും കുടുംബത്തിനും എഴുതിവെച്ച ഒരു കത്തു് കൈയില്‍. അത് നിധിപോലെ ഞങ്ങള്‍ സൂക്ഷിച്ചുവെക്കും.