സ്നേഹംകൊണ്ട് ഒരുമിക്കാം
മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന നിഴലുകള്‍ വിട്ടുമാറാത്തിടത്തു നിന്നുകൊണ്ടു തന്നെയാണ് നാം ആരാധനകളും ആഘോഷങ്ങളും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നത്.
മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന നിഴലുകള്‍ വിട്ടുമാറാത്തിടത്തു നിന്നുകൊണ്ടു തന്നെയാണ് നാം ആരാധനകളും ആഘോഷങ്ങളും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നത്. ദൈവത്തെ അറിഞ്ഞ് ദൈവിക സന്ദേശങ്ങളെ സ്വാംശീകരിച്ചാണ് എല്ലാ മതക്കാരും അവരവരുടെ രീതിയനുസരിച്ച് ആരാധനകളും ആഘോഷങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
ദൈവത്തിലേക്കെത്താനുള്ള വഴികളാണ് സുകൃതങ്ങളായി നാം ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. സ്നേഹത്തിന്റെയും കരുണയുടെയും വികാരങ്ങളാണ് മനുഷ്യമനസ്സിലേക്ക് മതവിശ്വാസങ്ങളിലൂടെ പ്രസരിപ്പിക്കപ്പെടുന്നത്. ആഘോഷവേളകളിലെ മധുരക്കൈമാറ്റവും സന്ദര്‍ശനങ്ങളും ഇതിന്റെ ഭാഗം തന്നെ. ത്യാഗത്തിന്റെ നോമ്പ് പൂര്‍ണത പ്രാപിക്കണമെങ്കില്‍ പെരുന്നാളിന് ഫിത്വ്റ് സകാത്ത് കൊടുത്തേ പറ്റൂ എന്ന നിബന്ധന വെച്ചതും അതുകൊണ്ടു തന്നെ. സമസൃഷ്ടി അറിവിലൂടെയല്ലാതെ ദൈവത്തിലേക്കെത്താനാവില്ലെന്നാണ് അതിന്റെ പൊരുള്‍. പെരുന്നാള്‍ ദിനത്തില്‍ ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ തിരിച്ചുവരാന്‍ ആജ്ഞാപിക്കപ്പെട്ടതും സ്നേഹത്തണലുകള്‍ ചുറ്റും വീശട്ടേയെന്നുദ്ദേശിച്ചുകൊണ്ടാണ്.
സ്നേഹമൂറുന്ന മാനവിക മൂല്യങ്ങളിലാണ് മതങ്ങളുടെ നന്മ; അതാണ് ദൈവികതയും. പക്ഷേ പുറമെയുള്ള കളിചിരിക്കപ്പുറം പരസ്പരം വൈരവും വെറുപ്പും പരത്തുന്ന ദുശ്ശക്തികള്‍ മതപേരില് ചുറ്റിലും വ്യാപിക്കുകയാണ്. പരസ്പര സംശയത്തിന്റെ നിഴലാട്ടങ്ങളാണ് എവിടെയും എത്തിനോക്കുന്നത്. ബാല്യ-കൗമാര കളിചിരിപോലും സംശയിക്കപ്പെടുന്ന അവസ്ഥയിലാണ് നാമുള്ളത്. മനസ്സുകള്‍ അകന്നുപോകുന്ന ഗുരുതര അവസ്ഥയെ ഇന്ന് നാം പോരാടുന്ന വൈറസ് പോലെത്തന്നെ കണ്ടു പരിഹരിക്കാന്‍ നമുക്കാവട്ടെ.