പൊരുതുന്ന പെണ്ണ്

പി.കെ സലാം
മാർച്ച് 2024
2024 ജൂണ്‍ 20 എത്തിയാല്‍ സഞ്ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസര്‍ ജയിലിലായിട്ട് വര്‍ഷം അഞ്ചു പൂര്‍ത്തിയാകും. 1990-ല്‍ നടന്ന സംഭവത്തിലാണ് 2012-ല്‍ കേസ് നടപടി ആരംഭിച്ച് 2019-ല്‍ ജീവപര്യന്തം ശിക്ഷിക്കുന്നത്. ഇന്ത്യന്‍ നിയമവാഴ്ചയെ ആകെ കൊഞ്ഞനം കുത്തുന്ന കേസുകെട്ടുകളുമായി കോടതികള്‍ക്കും അഭിഭാഷകര്‍ക്കും ഇടയില്‍ ഓടുകയാണ് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട്. അവരുടെ സംസാരത്തില്‍ നിന്ന്.

സഞ്ജീവ് ഭട്ട് ജയിലിന് പുറത്ത് വരാതിരിക്കേണ്ടത് അമിത് ഷായുടെയും മോദിയുടെയും ആവശ്യമാണ്. സഞ്ജീവ് ഭട്ടിനെ പുറം ലോകം കാണിക്കാതിരിക്കാന്‍ അമിത് ഷായും സംഘവും ചെലവഴിക്കുന്നത് കോടികളാണെന്ന് ഒട്ടും വിശ്രമമില്ലാതെ നിയമ പോരാട്ടം തുടരുന്ന ശ്വേതാ സഞ്ജീവ് ഭട്ട് പറയുന്നു. ഏറ്റവും ഒടുവില്‍ അവര്‍ കേരളത്തിലെത്തിയത് ഫ്രറ്റേണിറ്റിയുടെ ഡിഗ്‌നിറ്റി പരിപാടിയില്‍ പങ്കെടുക്കാനാണ്. ബോംബെ ഐ.ഐ.ടിയില്‍ നിന്ന് എം.ടെക് നേടി 1988-ല്‍ ഐ.പി.എസിലെത്തിയ കാശ്മീരി പണ്ഡിറ്റ് ആയ പോലീസ് ഓഫീസര്‍ക്കാണ് ഈ ഗതിയെങ്കില്‍ സാധാരണക്കാരുടെ ഗതിയെന്താണെന്ന് ശ്വേത ചോദിക്കുന്നു. 2002-ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ചിത്രം ആകെ മാറി. രാജ്യത്തെ തന്നെ നാണക്കേടിലാക്കിയ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കാളിത്തത്തിന് ജീവിക്കുന്ന ഏക തെളിവാണ് സഞ്ജീവ് ഭട്ട് എന്നതുകൊണ്ടു തന്നെയാണ് തീര്‍ത്തും അന്യായമായി അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിയമപ്രക്രിയ നീണ്ടുപോവുകയാണ്. സഞ്ജീവ് ഭട്ട് പുറത്തുവരാതിരിക്കാന്‍ വലിയ നിരയെയാണ് അമിത് ഷാ ഒരുക്കിയിരിക്കുന്നത്. ദിവസം ഒരു ലക്ഷം രൂപ വാങ്ങുന്ന രണ്ട് അഭിഭാഷകര്‍, 25,000 രൂപ വാങ്ങുന്ന രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിവര്‍ നിരന്തരം കേസ് കൈകാര്യം ചെയ്യുകയാണ്. ഇപ്പോള്‍ രണ്ട് കേസേയുള്ളൂ. പക്ഷേ, ഏത് സമയത്തും കേസുകള്‍ എടുക്കാം. 20 വര്‍ഷം മുമ്പ് എന്നെ തല്ലിയെന്ന് പറഞ്ഞ് ഒരാള്‍ പോലീസില്‍ പരാതി നല്‍കുന്നു. സാക്ഷിയില്ല, തെളിവില്ല. പക്ഷേ, സര്‍ക്കാര്‍ ആ പരാതി ഏറ്റെടുക്കുകയാണ്. പരാതി നല്‍കിയ ആള്‍ പിന്‍വലിക്കാന്‍ തയ്യാറായാലും സര്‍ക്കാര്‍ വിടില്ല എന്നതാണ് സ്ഥിതി.
കോടതിയില്‍ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. പണവും അധികാരവും സൗകര്യവുമുള്ള വലിയ ടീമിനോട് പൊരുതുകയാണ്. പോരാട്ടം ശക്തമായി തുടരുക തന്നെ ചെയ്യും. നേരിട്ടുള്ള പങ്കിന് തെളിവില്ലാത്ത കസ്റ്റഡി മരണ കേസില്‍ പരമാവധി ശിക്ഷയാണ് സുപ്രീം കോടതി വിധിച്ചത്. നിരന്തരം കേസുമായി കോടതിയിലെത്തുന്നുവെന്ന് കോടതിക്ക് തന്നെ പരാതി. ഇങ്ങനെ നിരന്തരം സമീപിക്കേണ്ടി വരുന്നത് നീതി കിട്ടാത്തതിനാലാണ്.

അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിട്ടായിരുന്നു സഞ്ജീവ് ഭട്ടിന്റെ ആദ്യ നിയമനം. 1990-ല്‍ എല്‍.കെ അദ്വാനിയുടെ രാമജന്മഭൂമി രഥയാത്രയെ യു.പിയുടെ അതിര്‍ത്തിയില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞു. ഇതിന്റെ പേരില്‍ ജാംനഗറില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായ കലാപം. തന്റെ പരിധിയില്‍ വരാത്ത സ്ഥലത്തായിരുന്നിട്ടും സഞ്ജീവ് ഭട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ക്രമസമാധാനം സംരക്ഷിക്കാനായി ജാംനഗറിലേക്ക് പോയി. നൂറ്റമ്പതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരാള്‍ 12 ദിവസങ്ങള്‍ക്ക് ശേഷം വൃക്കരോഗം മൂലം മരിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ പോലീസ് മര്‍ദിച്ചതുകൊണ്ടാണ് മരിച്ചതെന്ന് സ്ഥലത്തെ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബന്ധുക്കള്‍ പരാതി നല്‍കുന്നു. സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ പരാതി കൊടുപ്പിച്ചത്. ആറ് പോലീസുകാര്‍ക്കും സഞ്ജീവ് ഭട്ടിനും എതിരെ കേസ് എടുത്തെങ്കിലും പോലീസ് അതു മുന്നോട്ടുകൊണ്ടുപോയില്ല. ലോക്കല്‍ പോലീസ് മാത്രം കൈകാര്യം ചെയ്ത കേസില്‍ സഞ്ജീവ് ഭട്ടിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. 

എന്നാല്‍, 2011-ല്‍ ഗോധ്ര തീവണ്ടി തീവെപ്പ് കേസിനെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷനു മുമ്പില്‍ സ്ഞ്ജീവ് ഭട്ട് ഹാജരായതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. പഴയ കേസുകള്‍ കുത്തിപ്പൊക്കി സഞ്ജീവിനെതിരെ നടപടി ആരംഭിച്ചു. ആദ്യത്തെ കേസില്‍ അറസ്റ്റ് ചെയ്തുവെങ്കിലും സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കി. തൊട്ടുപിന്നാലെ ജാംനഗര്‍ കസ്റ്റഡി മരണ കേസ് എടുത്തു. തുടക്കം മുതല്‍ എല്ലാം പ്രത്യേക രീതിയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ ലഭ്യമാക്കിയില്ല. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതിനും വിട്ടയച്ചതിനും മരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയതിനും ഒന്നും രേഖയില്ല. 300 പേര്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും 30 പേരെയാണ് പ്രോസിക്യൂഷന്‍ വിചാരണക്കെത്തിച്ചത്. ഇവരെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതിഭാഗം വക്കീലിന് അവസരം നല്‍കിയില്ല. പ്രതിഭാഗത്തുനിന്ന് സാക്ഷികളെ ഹാജരാക്കാനും അനുവദിച്ചില്ല. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നിട്ടും മാന്യമായ, നിഷ്പക്ഷമായ വിചാരണ ഉറപ്പുവരുത്തിയില്ല-ശ്വേതാ ഭട്ട് പറയുന്നു.

സിവില്‍ സര്‍വീസ് മോഹവുമായി നടക്കുമ്പോഴാണ് സഞ്ജീവ് ഭട്ടിനെ ശ്വേത പരിചയപ്പെടുന്നത്. അതോടെ ജീവിതം ആകെ മാറുകയായിരുന്നു. സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിച്ച് നിശ്ചയദാര്‍ഢ്യവും ധൈര്യവുമുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ജീവിത പങ്കാളിയായി. കുറച്ചുകാലമായി ജീവിതം കടുത്ത പരീക്ഷണത്തിലാണ്. കടുത്ത ഭീഷണിയിലാണ്. വീടിന്റെ ഒരു ഭാഗം പോലും അവര്‍ നിയമവിരുദ്ധമെന്ന് പറഞ്ഞ് പൊളിച്ചുകളഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണമില്ലെന്ന അവസ്ഥയാണ്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട സാഹചര്യമായിട്ടും ഐ.പി.എസ് ഓഫീസര്‍മാരുടെ സംഘടനയില്‍നിന്ന് പിന്തുണ ലഭിച്ചില്ല. ചിലരൊക്കെ സ്വകാര്യമായി പിന്തുണക്കും. പരസ്യമായി വരില്ല. അദ്ദേഹം ധീരനാണ്. സംഭവവികാസങ്ങളില്‍ നിരാശയുണ്ട്. ഏറ്റവും വലിയ ഭീതി കുടുംബവുമായി ബന്ധപ്പെട്ടാണ്. പക്ഷേ, ഈ സാഹചര്യത്തിലും ശ്വേതയുടെ വാക്കുകളില്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യമുണ്ട്.

''ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ദുഃഖം നിറഞ്ഞ ഹൃദയത്തോടെയാണ്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരിന് കീഴിലുള്ള നമ്മുടെ നീതിന്യായ വ്യവസ്ഥകളുടെ അട്ടിമറിക്കെതിരെ പോരാടാനുള്ള കഠിനമായ നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസാരിക്കുന്നത്. ഇത് നിശ്ശബ്ദമായി പോരാടാന്‍ കഴിയാത്ത ഒരു യുദ്ധമാണ്, ഇതിന് നമ്മുടെ കൂട്ടായ ധൈര്യവും അചഞ്ചലമായ പ്രതിബദ്ധതയും ആവശ്യമാണ്. 'തനിക്ക് അനീതിയുണ്ടായിട്ടും തന്റെ ഭര്‍ത്താവിന്റെ ആത്മാവ് തകര്‍ന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ അഴിമതിയുടെയും വര്‍ഗീയ കലാപത്തിന്റെയും ഇരുണ്ട അടിത്തട്ടുകള്‍ തുറന്നുകാട്ടാന്‍ വേണ്ടി ശക്തരായ ഭരണകൂടത്തെ  വെല്ലുവിളിക്കാന്‍ ഭട്ട് ധൈര്യപ്പെട്ടു. ധീരതയാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചവര്‍ക്ക് അദ്ദേഹം വലിയ ഭീഷണിയായി.

ഞാന്‍ നിങ്ങളുടെ മുന്നില്‍ പ്രത്യാശയുടെ സന്ദേശവുമായി നില്‍ക്കുന്നു. എന്റെ ഭര്‍ത്താവിനെ മോചിപ്പിക്കുക എന്നതല്ല ഇന്നത്തെ കാര്യം. അന്യായമായി തടങ്കലിലിട്ട മുഴുവന്‍ പേരെയും മോചിപ്പിക്കുകയെന്നതാണ്.''

'2012-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ ഞാന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി. ഇന്നും കോണ്‍ഗ്രസ് ആശയക്കാരി തന്നെയാണ്.' 2024-ലെ തെരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ അമിത ആത്മവിശ്വാസം പൊള്ളയാണെന്ന് ശ്വേത പറയുന്നു.
ഇന്‍ഡ്യ മുന്നണിയെ എഴുതിത്തള്ളാനായിട്ടില്ല. മഹാരാഷ്ട്ര, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റാണ് ബി.ജെ.പിക്ക് കിട്ടിയത്. അവിടെയെല്ലാം കടുത്ത മത്സരത്തിന് സാധ്യത തെളിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലായാലും ബീഹാറിലായാലും രാഷ്ട്രീയ കാലുമാറ്റം ഇന്‍ഡ്യ മുന്നണിക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാക്കുന്നത്. രാഹുല്‍ ഗാന്ധി നടന്നും ഓടിയും പ്രവര്‍ത്തിക്കുന്നുണ്ട്. ചെല്ലുന്നിടത്തെല്ലാം ആവേശം സൃഷ്ടിക്കുന്നുമുണ്ട്. പക്ഷേ, അത് വോട്ടാക്കി മാറ്റാനുള്ള സംവിധാനം വേണ്ടത്ര ഇല്ല. അത് പ്രാദേശികമായാണ് ഉണ്ടാവേണ്ടത്. സംഘടനാ സംവിധാനത്തിന്റെ ബലഹീനതയാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇന്‍ഡ്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും നേതാക്കളുമെല്ലാം 2024-ലെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ട്. ഇനി തെരഞ്ഞെടുപ്പില്ല. ഒന്നുകില്‍ ബി.ജെ.പിക്ക് കീഴടങ്ങണം. അല്ലെങ്കില്‍ ജയിലില്‍ പോകണം എന്ന അവസ്ഥയാണ്. രാമക്ഷേത്രത്തെ കൊണ്ടൊന്നും കാര്യമില്ല. രാമക്ഷേത്രം കഴിഞ്ഞ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. യു.പിയില്‍ സ്വാധീനമുണ്ടായേക്കും. അതിലപ്പുറമില്ല. അതേ സമയം മോദി സര്‍ക്കാര്‍ പോകണമെന്ന് ജനം പൊതുവെ ആഗ്രഹിക്കുന്നു- അവര്‍ പറഞ്ഞു

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media