മീഡിയാ വണ്‍ പതിനാലാം രാവ് ഗ്രാന്റ് സീസണ് ആറിലെ മത്സരവേദിയിലൂടെ മാപ്പിളപ്പാട്ട് ഗായക താരനിരയിലേക്ക് ഒരു ഗായിക കൂടി പിറന്നുവീണിരിക്കയാണ്. ഏറനാട്ടിലെ കോല്‍ക്കളി പാരമ്പര്യമുള്ള കുടുംബാംഗമായ കരുവാരക്കുണ്ട് ഇരിങ്ങാട്ടിയിലെ സിത്താരയാണ് ഇശല്മാരിവില്ല് വിരിയിച്ച് മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കുഞ്ഞുനാള് തൊട്ട് ഗാനങ്ങള്‍ ആലപിച്ച മിടുക്കി ഗായിക നിരവധി തവണയാണ് സ്കൂള്‍ കലോത്സവങ്ങളിലും മറ്റു മത്സരവേദികളിലും വിജയങ്ങള്‍ നേടിയെടുത്തത്.
ഏതു ഗാനവും അനായാസേന പാടാനുള്ള കഴിവ് സിത്താരക്കുണ്ട്. ഒട്ടനവധി മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ സിത്താരയുടെ ശബ്ദത്തില്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. സിത്താരയുടെ വല്യുപ്പയുടെ സഹോദരന് കെ.ടി ഹുസൈന് അറിയപ്പെടുന്ന കോല്‍ക്കളി ഗുരുക്കളാണ്. അതുകൊണ്ടുതന്നെ തറവാട്ടുവീട്ടില്‍ എപ്പോഴും മാപ്പിള സംഗീതത്തിന്റെ സാമീപ്യമുണ്ടായിരുന്നു. കുടുംബത്തില്‍നിന്നും പൈതൃകമായി വന്ന ഇശല്‍ ഓളങ്ങളിലൂടെയാണ് സിത്താരയുടെ ഉള്ളകത്ത് സംഗീതാഭിരുചി മുളപൊട്ടിയത്.
നാലാം ക്ലാസ് മുതല്‍ ഒ.എം കരുവാരക്കുണ്ട് എഴുതി അനീസ് മാസ്റ്റര്‍ സംഗീതം ചെയ്ത മാപ്പിളപ്പാട്ടിലൂടെയാണ് സിത്താര സ്കൂള്‍ കലോത്സവങ്ങളില്‍ പാടിത്തുടങ്ങുന്നത്. എട്ടു വര്‍ഷക്കാലമായി നിരവധി കലോത്സവ മാപ്പിളപ്പാട്ടുകളാണ് സിത്താര ആലപിച്ച് സബ്ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ ഉന്നത വിജയം നേടിയത്.
മാപ്പിളപ്പാട്ട് രംഗത്ത് നിരവധി പ്രതിഭകളെ കലാകൈരളിക്ക് പരിചയപ്പെടുത്തിയ യുവ ഗായകനും രചയിതാവും സംഗീത സംവിധായകനുമായ അനീസ് മാസ്റ്ററാണ് സിത്താരയുടെ പരിശീലകനും അധ്യാപകനും. കര്‍ണാട്ടിക് മ്യൂസിക് അധ്യാപകനായ തൊടുപുഴ നിസാര്‍ മാസ്റ്ററുടെ ശിക്ഷണവും സിത്താരയ്ക്ക് പാട്ടുവഴിയില്‍ ഊര്‍ജമാണ്.
കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി ഗേള്‍സ് വിഭാഗത്തില്‍ ബദറുദ്ദീന്‍ പാറന്നൂര്‍ രചിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നെഞ്ചൂക്കിന്റെ ചരിത്രമായ മാപ്പിളപ്പാട്ട് പാടി സിത്താര ഒന്നാമതെത്തി. ഈ ഗാനം ചിട്ടപ്പെടുത്തിയതും പരിശീലിപ്പിച്ചതും അനീസ് മാസ്റ്റര്‍തന്നെയാണ്.
നിരവധി സ്റ്റേജുകളില്‍ ഇതിനോടകം പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സിത്താര ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
കരുവാരക്കുണ്ട് ദാറുന്നജാത്ത് യു.പി.ഹൈസ്കൂളിലും അടക്കാക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ സിത്താര ഇപ്പോള്‍ മമ്പാട് എം.ഇ.എസ് കോളേജിലാണ് പഠിക്കുന്നത്. സിത്താരയുടെ റിയാലിറ്റി ഷോ വിജയം വലിയ ആവേശത്തോടെയാണ് നാട്ടുകാര്‍ ആഘോഷിച്ചത്.
ഒ.എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറമ്പ്, ബദറുദ്ദീന്‍ പാറന്നൂര്‍, ഫസല്‍ കൊടുവള്ളി തുടങ്ങിയ പ്രശസ്ത രചയിതാക്കളുടെ വരികള്‍ സിത്താര ആലപിച്ചിട്ടുണ്ട്. അനീസ് കൂരാട് രചനയും സംഗീതവും നിര്‍വഹിച്ച ബീവി ഫാത്തിമയാണ് സിത്താരയുടെ ആദ്യ സംഗീത ആല്‍ബം. ഉപ്പ കെ.ടി സലീമും ഉമ്മ സഫീറയും പൂര്‍ണ പിന്തുണ നല്കി സിത്താരയോടൊപ്പമുണ്ട്.