ആത്മവിശ്വാസവും പ്രചോദനവും നല്കുന്ന രണ്ട് സ്ത്രീ ജീവിതാനുഭവങ്ങള്‍
മുംബൈ ടാറ്റ തിയറ്ററില്‍ ലാഡ് ലി മീഡിയാ അവാര്‍ഡ് ദാന ചടങ്ങ്. മലയാളവിഭാഗത്തില്‍ കേരളത്തില്‍ പുരസ്കാരം നേടിയ ഏക ആള് ഞാനായിരുന്നു. ആ ചടങ്ങില്‍ വെച്ച് പരിചയപ്പെട്ടതില്‍ എന്നെ സ്വാധീനിച്ച രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഒരാള്‍ രാജസ്ഥാനിലെ സാമൂഹ്യ പ്രവര്‍ത്തക ഭന്‍വാരി ദേവി. മറ്റൊന്ന് ഞങ്ങളെ ഹോട്ടലില്‍നിന്ന് ചടങ്ങ് നടക്കുന്ന വേദിയിലേക്കെത്തിച്ച ഇന്നോവ ടാക്സി കാറിന്റെ ഡ്രൈവര്‍ സ്നേഹില്‍ ചവാന്. വ്യത്യസ്തമായ രണ്ട് അനുഭവങ്ങളും ജീവിതവുമാണ് അവരുടേത്. അവരുടെ ആത്മവിശ്വാസം എന്നിലുണ്ടാക്കിയ പ്രചോദനം ചെറുതല്ല. പലവിധ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുണ്ട്. അവരെ ഓരോരുത്തരേയും പഠിക്കുമ്പോഴാണ് യഥാര്‍ഥ സ്ത്രീയെ മനസ്സിലാവുക.
1985 മുതല്‍ രാജസ്ഥാന് സര്‍ക്കാരിന്റെ വിമന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീയാണ് ഭന്‍വാരി ദേവി. അക്കാലത്ത് രാജസ്ഥാനില്‍ ശൈശവ വിവാഹം നിലിനിന്നിരുന്നു. 1992-ല്‍ ഒമ്പത് മാസം പ്രായമുള്ള മകളെ വിവാഹം കഴിക്കാന്‍ രാം കരണ്‍ ഗുര്‍ജാര്‍ എന്ന പ്രമാണിയുടെ കുടുംബം തീരുമാനമെടുത്തതായി ഇവര്‍ അറിഞ്ഞു. ഇതിനെ ഭന്‍വാരി ദേവി തനിക്കാവും വിധം എതിര്‍ത്തു. എന്നാല്‍, അവിടുത്തെ ഉത്സവമായ അഖാ തീജിന്റെ ദിവസം രാം കരണ്‍ ഗുര്‍ജര്‍ തന്റെ കൈക്കുഞ്ഞിന്റെ വിവാഹം നടത്തി. താഴ്ന്ന ജാതിക്കാരി നടത്തിയ പ്രതിഷേധത്തില്‍ അവര്‍ വിറപൂണ്ടു. ഒരു സന്ധ്യാസമയത്ത് ഭര്‍ത്താവുമൊത്ത് വയലില്‍ ജോലി ചെയ്യുമ്പോള്‍ ഗുര്‍ജാര്‍ വിഭാഗത്തിലുള്ള അഞ്ച് പുരുഷന്മാര് ഭര്‍ത്താവിനെ വടികൊണ്ട് ആക്രമിച്ചു ബോധരഹിതനാക്കി തന്നെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് ഭന്‍വാരി ദേവി പറയുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും വലിയ കാര്യമുണ്ടായില്ല. പ്രാദേശിക പത്രങ്ങള്‍ ഭന്‍വാരി ദേവിയുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ)ക്ക് കൈമാറി. കുറ്റകൃത്യം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അഞ്ച് പ്രതികളും ഒടുവില്‍ അറസ്റ്റിലായി. ആക്രമണം, ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
1993 ഡിസംബറില്‍ അവര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് രാജസ്ഥാന് ഹൈക്കോടതി ജഡ്ജി എന്‍.എം ടിബ്രേവാള്‍ കണ്ടെത്തിയത് പ്രതികളിലൊരാളുടെ മകളുടെ വിവാഹം തടയാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് ഭന്‍വാരി ദേവി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ടുവെന്നായിരുന്നു. പിന്നീട് കേസ് സെഷന്‍സ് കോടതിയില്‍ വിചാരണക്കെത്തി. എന്നാല്‍, പ്രതികളെ എം.എല്‍.എയായ ധനരാജ് മീണ പിന്തുണച്ചുവെന്നാണ് അറിഞ്ഞത്. പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയത് പോലും എം.എല്‍.എയാണെന്ന് പറഞ്ഞുകേട്ടിരുന്നു. പിന്നീടാണ് വിചിത്രമായ കാരണം പറഞ്ഞ് സെഷന്‍സ് കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടത്. ഡോക്ടര്‍ വ്യാജമായി എഴുതിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. കോടതിയുടെ കണ്ടെത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു അക്കാലത്ത്. പ്രതികളാക്കപ്പെട്ടവരുടെ ബീജമല്ല തന്റെ വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. അതുപോലെ ഭര്‍ത്താവ് താന്‍ കൂട്ട ബലാല്‍സംഗത്തിനിരയായപ്പോള്‍ പ്രതികരിച്ചില്ലെന്നൊക്കെയുള്ള ന്യായങ്ങള്‍ കോടതി കണ്ടെത്തി. വനിതാ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്, വിധിക്കെതിരെ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, അന്ന് നല്കിയ അപ്പീല്‍ ഇപ്പോഴും രാജസ്ഥാന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചുരുക്കം ചില വനിതാ സംഘടനകള്‍ക്കല്ലാതെ സര്‍ക്കാരിനോ അഭിഭാഷകര്‍ക്കോ ആര്‍ക്കും തന്നെ താല്പര്യമില്ലാത്ത ഒരു കേസായി മാറി.
കേസില്‍ നീതി ലഭിച്ചില്ലെന്ന് പറയപ്പെടുമ്പോഴും ആ കേസ് വഴി തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാനും രാജസ്ഥാനിലെ ശൈശവ വിവാഹങ്ങള്‍ക്ക് അറുതി വരുത്താനും സാധിച്ചു. ഭന്‍വാരി ദേവിയുടെ കേസിനെ തുടര്‍ന്ന് വിശാഖ എന്ന വനിതാ അവകാശ ഗ്രൂപ്പ് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ലിംഗവിവേചനത്തിനെതിരെയും ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെയും മറ്റും സമര്‍പ്പിക്കപ്പെട്ട കേസില്‍ സുപ്രീംകോടതി വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ കേസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഗവണ്മെന്റ്, പാസ്സാക്കിയ നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 (Sexual Harassment of Women at Workplace (Prevention, Prohibition and Redressal ) Act 2013. ഇന്നിപ്പോള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയം, സ്പോര്‍ട്സ് കോപ്ലക്സ്, സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റ്, സംഘടന, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലി ചെയ്യുന്നതും ജോലി ആവശ്യാര്‍ഥം എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ലൈംഗിക സ്വഭാവമുള്ള ശാരീരിക നീക്കങ്ങളും സ്പര്‍ശനങ്ങളും ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവൃത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമത്തില്‍ പറയുന്നു.
ക്രൂരമായ ബലാല്സംഗത്തിനിരയായിട്ടും ജീവിതത്തില്‍ പകച്ചു നില്‍ക്കാതെ നിയമയുദ്ധം നയിച്ചും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചും 72-ാം വയസ്സിലും ഭന്‍വാരി ദേവി സജീവമാകുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ ഇത്തിരി റിസ്ക് ഏറ്റെടുത്തിരിക്കുകയാണ് മുബൈയിലെ ടാക്സി ഡ്രൈവര്‍ സ്നേഹില്‍. അച്ഛനും അമ്മയും മൂന്ന് പെണ്മക്കളുമുള്ള കുടുബത്തിലാണ് ജനനം. അച്ഛന് ടാക്സി ഡ്രൈവറായിരുന്നു. മക്കളെ കാര്യമായി പഠിപ്പിക്കാന്‍ സാധിച്ചില്ല. പെണ്മക്കളെ വിവാഹം ചെയ്തയച്ചെങ്കിലും സ്നേഹിലിന് ഒരു പെണ്‍കുട്ടിയെ സമ്മാനിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. അച്ഛനും മരണപ്പെട്ടു. സഹോദരിമാര്‍ വിവാഹിതരായി പോയതോടെ അമ്മയെയും പൊടിക്കുഞ്ഞായ തന്റെ മകളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ പെണ്‍കുട്ടിയില്‍ വന്നുചേര്‍ന്നു. അവളൊട്ടും മടിച്ചില്ല. മുബൈയിലെ ടാക്സി ഡ്രൈവറായി അച്ഛന് ചെയ്ത ജോലി ഏറ്റെടുത്തു. വണ്ടി ഓടിക്കലല്ലാതെ മറ്റ് തൊഴിലുകളറിയില്ല. കൂടാതെ അഛന്റെ തൊഴിലിനോട് അതിയായ സ്നേഹവും. അങ്ങനെ അവളൊരു നല്ല ഡ്രൈവറായി മാറി. മുംബൈ നഗരത്തില്‍ ചീറിപ്പായുന്ന അവളുടെ വണ്ടി അവളുടെ സുരക്ഷിത ഇടമാണ്. ചില മോശം അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ ആത്മധൈര്യംകൊണ്ട് നേരിട്ടുവെന്നാണ് അവള് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി ടൂറിസ്റ്റുകളെ പിക് ചെയ്യുകയും അവരെ മുബൈ കണ്ട് മടക്കികൊണ്ടുപോകുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. മുംബൈയില്‍ തന്നെ നാല്പതോളം ടാക്സി ഡ്രൈവര്‍മാര്‍ സ്ത്രീകളുണ്ട്. അവരുടെ സംഘടനയില്‍ അംഗത്വവും എടുത്തിട്ടുണ്ട്. തന്റെ കുടുംബം പുലര്‍ത്തേണ്ട ബാധ്യത സ്വയം ഏറ്റെടുത്തപ്പോള്‍ അവള്‍ക്ക് മുന്നില്‍ ധൈര്യം മാത്രമായിരുന്നു കൈമുതല്‍. അതിലവള് വിജയിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. 14 വര്‍ഷമായി മുംബൈ നഗരത്തില്‍ വാഹനമോടിക്കുന്നു. ഡ്രൈവിംഗ് പാഷനാണെന്നാണ് സ്നേഹില്‍ പറയുന്നത്. സ്വന്തമായി വണ്ടിയും വാങ്ങി മകളെയും പഠിപ്പിച്ച് കുടുംബം പുലര്‍ത്താന്‍ അവള്‍ക്ക് മുന്നില്‍ മറ്റൊന്നും തടസ്സമാകുന്നില്ല. പോസിറ്റീവായി ചിന്തിക്കുകയും ആത്മധൈര്യം സംഭരിക്കുകയും ചെയ്താല്‍ പ്രതിസന്ധികളെ മറികടക്കാനാകുമെന്നാണ് ഈ 31 കാരി പറയുന്നത്.