സുജാത ഗില്‍ഡ:
ജാതിയെക്കുറിച്ച തീക്ഷ്ണമായ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന സുജാത ഗില്‍ഡ തൊഴില്‍ രംഗത്ത് വിപ്ലവകരമായ നടപടികളെടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്ന് സബ് വേ കണ്ടക്ടറിലേക്ക് മാറിയ തൊഴിലാളി വര്‍ഗ സ്‌നേഹി എന്ന് സുജാതയെ വിളിക്കാം. റീജിയണല്‍ എഞ്ചിനീയറിങ് കോളേജ് വാറങ്കലിലെ പഠനത്തിന് ശേഷം സുജാത ഐ.ഐ.ടി മദ്രാസില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിച്ചു. ഐ.എസ്.ആര്‍.ഒയുടെ പ്രൊജക്ടിലാണ് അസോസിയേറ്റ് ചെയ്തത്. ഇരുപത്താറാം വയസ്സില്‍ അമേരിക്കയിലേക്ക് പോയി. ബാങ്ക് ഓഫ് ന്യൂയോര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഡിസൈനറായി ജോലി തുടങ്ങി. 2009- ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് ലേ ഓഫ് ചെയ്തതിന് ശേഷം സുജാത തന്റെ തൊഴില്‍ മണ്ഡലം മാറ്റുകയായിരുന്നു. ചെറിയ പ്രായം മുതല്‍ തന്നെ സ്വാധീനിച്ച തൊഴിലാളി വര്‍ഗ ആശയങ്ങള്‍ ഒരു സാധാരണ തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു. അങ്ങനെ ന്യൂയോര്‍ക്ക് സിറ്റി സബ് വേയിലെ ആദ്യ വനിതാ കണ്ടക്ടറായി സുജാത മാറി. പുരുഷന്മാര്‍ മാത്രം തൊഴിലെടുക്കുന്ന മേഖലയിലേക്ക് കടന്നുകയറാനുള്ള അഭിനിവേശവും ഈ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് തന്നെ പ്രേരിപ്പിച്ചെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. സാമൂഹികമായ ഔന്നത്യം ഒരു പരിധിവരെ ലഭിക്കാന്‍ സാധിക്കുമായിരുന്ന തൊഴില്‍ മേഖല വിട്ടൊഴിഞ്ഞ് സാധാരണ തൊഴിലാളിയെപ്പോലെ ജീവിക്കാനുള്ള സുജാതയുടെ തീരുമാനം ഒരുപക്ഷെ അധികം മാതൃകകളില്ലാത്തതാണെന്ന് പറയേണ്ടിവരും.
'നിങ്ങള്‍ക്ക് നിങ്ങളുടെ ജാതിയെക്കുറിച്ച് മറ്റുള്ളവരോട് വേണമെങ്കില്‍ കള്ളം പറയാം. പക്ഷേ, ജാതിയെക്കുറിച്ച ചോദ്യം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല.'
'നിങ്ങള്‍ പറഞ്ഞതില്‍ അവര്‍ക്ക് വിശ്വാസം തോന്നിയില്ലെങ്കില്‍ അവര്‍ മറ്റു വഴികളിലൂടെ നിങ്ങളുടെ ജാതി കണ്ടെത്തും. നിങ്ങളുടെ സഹോദരന്‍ വിവാഹത്തിന് കുതിരയിലാണോ വന്നതെന്ന് അവര്‍ ചോദിക്കും.... സഹോദരന്റെ ഭാര്യ ചുവന്ന സാരിയാണോ വെള്ള സാരിയാണോ അണിഞ്ഞതെന്ന് ചോദിക്കും. സാരി ഏതു രീതിയിലാണ് അണിഞ്ഞതെന്ന് അവര്‍ ചോദിക്കും... നിങ്ങള്‍ ബീഫ് കഴിക്കുമോ എന്ന് ചോദിക്കും... നിങ്ങള്‍ ജാതിയെക്കുറിച്ച് കളവാണ് പറഞ്ഞതെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കഥ അവരോട് പറയാനാകില്ല... നിങ്ങളുടെ കുടുംബത്തിന്റെ കഥ പറയാനാകില്ല... കാരണം... നിങ്ങളുടെ ജീവിതം തന്നെയാണ് നിങ്ങളുടെ ജാതി... നിങ്ങളുടെ ജാതി തന്നെയാണ് നിങ്ങളുടെ ജീവിതം....'
ഇന്ത്യന്‍ ജാതിവ്യവസ്ഥ എങ്ങനെയാണ് താഴ്ന്ന ജാതിക്കാരെ വേട്ടയാടുന്നതെന്ന് തീവ്രതയോടെ പറയുന്ന പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് സുജാത ഗില്‍ഡ. ആന്ധ്രയിലെ കാക്കിന്ദ സ്വദേശിയായ സുജാത ഗില്‍ഡ അമേരിക്കന്‍ പ്രവാസിയായാണ് തന്റെ സര്‍ഗജീവിതം നയിക്കുന്നത്.
ആനകള്‍ക്കിടയിലെ ഉറുമ്പ്... (ANTS AMONG ELEPHANTS) എന്ന അവരുടെ ആദ്യ പുസ്തകം ഉയര്‍ത്തിയിരിക്കുന്ന ചര്‍ച്ചകള്‍ അവരുടെ ചിന്തകള്‍ക്കുള്ള ആഴത്തിന്റെ നിദര്‍ശനമാണ്... ഒരു ദലിത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള സുജാത തന്റെയും കുടുംബത്തിന്റെയും ജീവിതാനുഭങ്ങളിലൂടെ ഇന്ത്യന്‍ ജാതിവ്യവസ്ഥയെ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തില്‍. ജാതി അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, പിന്നാക്ക വിഭാഗങ്ങളുടെ വലിയ തോതിലുള്ള പിന്തുണയുണ്ടായിരുന്നിട്ടും എങ്ങനെയാണ് രാഷ്ട്രീയ മേധാവിത്വം നേടാനാവാതെ പിന്നാക്കം പോയതെന്ന് കൂടി തന്റെ പുസ്തകത്തിലൂടെ അവര്‍ പറഞ്ഞുവെക്കുന്നുണ്ട്. തെലുങ്കാന സായുധ വിപ്ലവത്തിലും (1946- 51) സി.പി.ഐ വാര്‍ ഗ്രൂപ്പിലെ നക്‌സലൈറ്റ് മൂവ്‌മെന്റിലും പ്രധാന പങ്കുവഹിച്ച കെ.ജി സത്യമൂര്‍ത്തിയുടെ മരുമകളാണ് സുജാത ഗില്‍ഡ. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെയും മറ്റു നക്‌സലൈറ്റ് ഗ്രൂപ്പുകളുടെയും കേന്ദ്രമായിരുന്ന വാറങ്കല്‍ റീജിയണല്‍ എഞ്ചിനീയറിംഗ് കോളജില്‍ സുജാതയും നക്‌സല്‍ അനുഭാവിയായി പ്രവര്‍ത്തിച്ചു.
പഠനത്തിന്റെ രണ്ടാം വര്‍ഷം സുജാത ജാതിവിരുദ്ധ സമരത്തിന്റ ഭാഗമായി മാറുന്നുണ്ട്. സവര്‍ണനായ ഒരു പ്രൊഫസര്‍ ദലിത് വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പിക്കുന്നതിനെതിരെയായിരുന്നു സമരം. അതില്‍ പങ്കാളിയായ ഏക വിദ്യാര്‍ഥിയും സുജാത തന്നെയായിരുന്നു. പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടുകയായിരുന്നു അധികൃതര്‍. മറ്റു വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കൊപ്പം സുജാതയും പോലീസ് പിടിയിലായി. മൂന്നു മാസം ജയില്‍വാസം. പോലീസിന്റെ ക്രൂരമായ ഭേദ്യം ചെയ്യല്‍ സുജാതയെ ക്ഷയരോഗിയാക്കി. ഇന്ത്യയില്‍ ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സുജാത പരിശോധിക്കുന്നത്. വിദ്യാഭ്യാസമോ തൊഴിലോ സമ്പത്തോ പ്രവാസമോ ഒന്നും താഴ്ന്ന ജാതിക്കാര്‍ക്ക് സാമൂഹിക മാറ്റം നല്‍കുന്നില്ലെന്ന തിരിച്ചറിവിലേക്കാണ് സുജാതയെ തന്റെ പഠനങ്ങള്‍ എത്തിച്ചത്. വിദ്യാഭ്യാസം നേടിയ ദലിത് കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് സുജാത. എന്നിട്ടും തനിക്കും കുടുംബത്തിനും ജാതിവിവേചനം അനുഭവിക്കേണ്ടി വരുന്നതായി അവര്‍ തിരിച്ചറിയുന്നു.
ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ അധ്യാപികയായിരുന്നു സുജാതയുടെ അമ്മ മഞ്ജുള. യൂനിവേഴ്‌സിറ്റിയിലെ ബ്രാഹ്‌മണരായ അധ്യാപകരാല്‍ വിവേചനം നേരിട്ടിരുന്നു അവര്‍. ജോലി വിലയിരുത്തലുകളില്‍ അമ്മക്ക് മാത്രം ചെറിയ ഗ്രേഡുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. അവരുടെ പ്രകടനമല്ല, ജാതിയാണ് ആ ബ്രാഹ്‌മണ പ്രൊഫസര്‍മാരെ സ്വാധീനിച്ചതെന്ന് സുജാത പറയുന്നു.
യൂനിവേഴ്‌സിറ്റി അധ്യാപികയായിട്ടും തൊട്ടുകൂടാത്തവളായാണ് സുജാതയുടെ അമ്മയെ അക്കാദമിക സമൂഹം പോലും പരിഗണിച്ചിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല സ്ഥാപനങ്ങളിലും അവര്‍ക്ക് അധ്യാപക ജോലി ലഭിച്ചിരുന്നില്ല.
സുജാതയുടെ അമ്മാവന്‍ കോളേജിലായിരിക്കെ നേരിട്ട വിവേചനവും അവരുടെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ദലിതര്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച സുജാതയുടെ അനുഭവപാഠങ്ങളിലേക്കാണ് ഇതൊക്കെയും ചെന്നുതറച്ചത്.
മതപരിവര്‍ത്തനം ദലിതരെ ജാതിവിവേചനത്തില്‍നിന്ന് രക്ഷപ്പെടുത്തില്ലെന്ന നിരീക്ഷണവും സുജാത തന്റെ പുസ്തകത്തിലൂടെയും മറ്റു എഴുത്തുകളിലൂടെയും പങ്കുവെക്കുന്നുണ്ട്. സുജാതയുടെ കുടുംബം തന്നെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായവരായിരുന്നു. എന്നാല്‍, ആ മതപരിവര്‍ത്തനം തലമുറകള്‍ക്ക് ശേഷവും തങ്ങളുടെ സാമൂഹിക അവസ്ഥയെ മാറ്റിയില്ലെന്നും മാറിയെത്തുന്ന മതങ്ങളില്‍ പോലും തങ്ങള്‍ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കപ്പെടുന്നതെന്നും സുജാത പറയുന്നു. പാരമ്പര്യമായി ക്രിസ്ത്യാനികളായവരുടെ സഭകളും ദലിത് ക്രിസ്ത്യാനികളെ സ്വീകരിക്കുന്ന സഭകളും തമ്മില്‍ സവര്‍ണ - അവര്‍ണ വേര്‍തിരിവുണ്ടെന്ന് സുജാത വിലയിരുത്തുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും തന്റെ ജാതി തന്നെ പിന്തുടര്‍ന്നിരുന്നതായും അമേരിക്കയില്‍ ഇന്ത്യക്കാരെ കണ്ടുമുട്ടുമ്പോള്‍ ആദ്യ ഘട്ട വര്‍ത്തമാനങ്ങളില്‍ തന്നെ ജാതിയെക്കുറിച്ച ചോദ്യങ്ങള്‍ വരുമായിരുന്നെന്നും സുജാത പറയുന്നു. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ എല്ലാ പടവുകളും ജാതി കീഴടക്കിയെന്നും, എത്ര തുടച്ചുനീക്കിയാലും മാറ്റാനാകാത്തതാണ് പിന്നാക്കക്കാര്‍ നേരിടുന്ന ജാതി വിവേചനമെന്നും സുജാത സാക്ഷ്യപ്പെടുത്തുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്.
അമ്മാവന്റെ നക്‌സല്‍ ജീവിതത്തിലൂടെ കടന്നുപോകുന്ന സുജാത മാര്‍ക്‌സിസവും ദലിത് രാഷ്ട്രീയവും തമ്മിലെ വൈരുധ്യങ്ങളാണ് പിന്നീട് വിശദമായി പരിശോധിക്കുന്നത്. പരസ്പരം സമവായത്തിലെത്താത്ത ദര്‍ശനങ്ങളാണ് മാര്‍ക്‌സും അംബേദ്കറും മുന്നോട്ടുവെച്ചതെന്നും ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതെ, വര്‍ഗമെന്ന് പാശ്ചാത്യന്‍ മൂശയിലേക്ക് പ്രശ്‌നങ്ങളെ മാറ്റിയെടുക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വലിയ വീഴ്ചയെന്നും അവര്‍ നിരീക്ഷിക്കുന്നുണ്ട്.
ജാതിയെ വര്‍ഗത്തിന്റെ മറുഭാഗത്ത് ഒറ്റയടിക്ക് പ്രതിഷ്ഠിക്കാന്‍ സാധിക്കില്ല. ജാതീയത അതിന്റെ ശ്രേണീവ്യവസ്ഥയെ നിരന്തരം നിലനിര്‍ത്തിക്കൊണ്ടിരിക്കും. ദലിതരെ തന്നെ ജാതിവിഷയത്തില്‍ ഒരുമിപ്പിക്കുന്നതിന് പരിമിതിയുണ്ട്. ജാതിയെ ഉന്മൂലനം ചെയ്യാതെ വിപ്ലവം യാഥാര്‍ഥ്യമാകില്ലെന്നും അല്ലെങ്കില്‍ ഒരു വിപ്ലവത്തിന്റെ സഹായമില്ലാതെ ജാതി ഉന്മൂലനം യാഥാര്‍ഥ്യമാകില്ലെന്നും ആദ്യകാല പ്രബന്ധങ്ങളില്‍ സുജാത വ്യക്തമാക്കുന്നുണ്ട്.
'ആനകള്‍ക്കിടയിലെ ഉറുമ്പുകള്‍' എന്ന തന്റെ പുസ്തകത്തില്‍ എങ്ങനെയാണ് ജാതി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. പിന്നാക്ക വിഭാഗക്കാരായിരുന്നു കൂടുതലും പാര്‍ട്ടിക്കൊപ്പം... എന്നാല്‍, കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍നിന്ന് എസ്.കെ പാട്ടീലിനെ ആന്ധ്രയിലേക്കയക്കുകയും മുന്നാക്ക വിഭാഗക്കാരെയും മധ്യവര്‍ഗക്കാരെയും പണമെറിഞ്ഞും മറ്റും സ്വാധീനിക്കുകയും ചെയ്തതോടെ പ്രതീക്ഷിച്ചത്ര സീറ്റുകള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നേടാനായില്ല. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും ഇതേ രീതി ആവര്‍ത്തിച്ചു...
കമ്യൂണിസ്റ്റുകള്‍ സീറ്റുകള്‍ നേടിയാല്‍ അത് പിന്നാക്ക വിഭാഗക്കാരുടെ നേട്ടമായി മാറുമെന്ന പ്രചാരണമാണ് കോണ്‍ഗ്രസിന് തുണയായതെന്ന് സുജാത വിലയിരുത്തുന്നു. ജനപ്രിയ നടപടികളുമായി ഭരണവര്‍ഗം മുന്നോട്ടുപോയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു. കമ്യൂണിസ്റ്റ് നേതാക്കള്‍ അവരുടെ ജീവിതത്തില്‍ ജാതിയെ എങ്ങനെ പരിപാലിച്ചു എന്നും സുജാത പറയുന്നുണ്ട്. അവരുടെ ഭാഷയും അനുഭവങ്ങളുടെ തീവ്രതയും വായനക്കാരെ കണ്ണീരണിയിക്കും. എത്ര തന്നെ എഴുതിയാലും തീരാത്ത യാഥാര്‍ഥ്യമായി ഇന്ത്യയിലെ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നു എന്ന വസ്തുതയാണ് സുജാത ഗില്‍ഡയുടെ ജീവിതവും എഴുത്തും നമുക്ക് നല്‍കുന്നത്.
l