യാത്രകള്‍ എന്നും ജീവിതത്തിന് ഉണര്‍വും ഊര്‍ജവുമാണ്. പുതിയ വഴികള്‍, കാഴ്ചകള്‍, ആളുകള്‍, സംസ്കാരങ്ങള്‍, പുതുപുത്തന്‍ അറിവുകള്‍, അനുഭവങ്ങള്‍ അങ്ങനെ പലതും യാത്രയില്‍നിന്ന് കിട്ടും. അതുകൊണ്ടു തന്നെ യാത്രകളെ രസക്കാഴ്ചകളില്‍ തളച്ചിടാനല്ല. മറിച്ച്, മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങളെ, അവയുടെ പരിസരങ്ങളെ, ചരിത്ര വിസ്മയങ്ങളെ, പ്രകൃതിയെ... അടുത്തറിയുക എന്നതാണ് ഓരോ യാത്രയുടെയും ലക്ഷ്യം.
എന്റെ യാത്രകളില്‍ ആദ്യം മനസ്സില്‍ വരുന്നത് ഹിമാലയന്‍ യാത്രകളാണ്. ഹിമാലയം അത്ഭുത പ്രപഞ്ചമാണ്. സഞ്ചാരികളുടെ സ്വപ്നഭൂമി. പ്രപഞ്ചസൗന്ദര്യം മുഴുവന്‍ ആവാഹിച്ച ശില്പമെന്നോ ഒരു മുഴുനീള കാന്‍വാസ് എന്നോ പറയാം. അതിന്റെ മാസ്മരികതയിലൂടെ സഞ്ചരിക്കുമ്പോള്‍ അത്ഭുതവും സന്തോഷവുംകൊണ്ട് ഉള്ളം തുടിക്കും. സ്രഷ്ടാവിനോട് നന്ദി പറയും. അത്തരം യാത്രകളും കാഴ്ചകളും ജീവിതത്തിന് നിറം പകരും. പിന്നെയും പിന്നെയും ആ വഴികള്‍ നമ്മെ മാടിവിളിക്കും. വീണ്ടും പോവുകയും ചെയ്യും. അതാണ് ഹിമാലയന്‍ പ്രകൃതിയുടെ പ്രത്യേകത. അങ്ങനെ പലവട്ടം ആ മണ്ണിലൂടെ, പല ദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടായി.
പല നാടുകളിലായി പരന്നുകിടക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ഇടം. ആകാശവും ഭൂമിയും പര്‍വതനിരകളും കൈകോര്‍ക്കുന്ന പ്രകൃതിയുടെ ചേലൊത്ത നിര്‍മിതി. വിശപ്പിനെ, ആര്‍ഭാടങ്ങളെ, ലൗകിക മോഹങ്ങളെ... എല്ലാം തട്ടിത്തെറിപ്പിക്കുന്ന, ജീവിതത്തിന്റെ നിസ്സാരതകളെ ബോധ്യപ്പെടുത്തുന്ന ലോകമാണത്. മനുഷ്യന്നും കഴുതക്കും ഉറുമ്പിനും ഒരേ നീതിയുള്ള മണ്ണ്. മരണത്തിന്റെ കാര്യത്തില്‍ എല്ലാവരും തുല്യര്‍. ജീവന് പോയാല്‍ അവിടെ കിടന്നു പുഴുവരിക്കും. ഇതൊക്കെ അത്തരം യാത്രകളില്‍ നേരില്‍ കണ്ടിട്ടുണ്ട്. അത്ഭുതാദ്രികളുടെ കേദാരമായ ലഡാക്, ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിളിക്കുന്ന കാശ്മീര്‍, സുന്ദരഭൂമിയായ ഹിമാചല്‍, ദേവഭൂമിയെന്ന ഉത്തരാഖണ്ഡ്, സൂക് വാലി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഭൂട്ടാന് എന്നീ ഹിമാലയന്‍ പ്രദേശങ്ങള്‍ ഇതിനകം കാണാന്‍ ഭാഗ്യമുണ്ടായി. സാഹസികസഞ്ചാരങ്ങളും അല്ലാതെയുമുള്ള യാത്രകളായിരുന്നു അവയെല്ലാം.
ഋഷികേശ്, ഹരിദ്വാര്‍
ആദ്യ ഹിമാലയന്‍ യാത്ര 2019-ല്‍ ഹരിദ്വാര്‍ ഋഷികേശിലേക്കായിരുന്നു. ഉത്തരാഖണ്ഡില്‍ ഒരു വലിയ പ്രളയം കഴിഞ്ഞ് ഗംഗാതടങ്ങള്‍ ചെളിയും അഴുക്കും നിറഞ്ഞുകിടന്ന ദിനങ്ങള്‍. തിമിര്‍ത്തൊഴുകുന്ന ഗംഗയും കൈവഴികളും ഘാട്ടുകളും ഗംഗാ ആരതിയും ക്ഷേത്രസമുച്ചയങ്ങളുമെല്ലാം കൗതുകങ്ങളായി. കാവിയുടുത്ത സന്യാസിമാരും ഭിക്ഷുക്കളും റിക്ഷ വലിക്കുന്ന വൃദ്ധന്മാരും അവിടെ ധാരാളമുണ്ട്. ഹിമാലയത്തില്‍നിന്ന് ഒഴുകിയെത്തുന്ന ചെറു നദികളായ ഭാഗീരഥിയും അളകനന്ദയും സംഗമിച്ച് ഹരിദ്വാറിലെത്തുമ്പോള്‍ ഗംഗയായി മാറുന്നു. മലമ്പാതകള്‍ കയറുമ്പോള്‍ പലയിടങ്ങളും ഇടിഞ്ഞു വീണ വന്മരങ്ങളും കൂറ്റന്‍ പാറകളും കണ്ടു. ചുമടുകളേന്തിയ കഴുതക്കൂട്ടങ്ങള്‍. തലക്കുമുകളില്‍ ഇടിഞ്ഞു വീഴാന്‍ പാകത്തില്‍ നിരത്തിലേക്ക് കൂര്‍ത്ത മുഖവുമായി നില്ക്കുന്ന പാറകള്‍, വീതികുറഞ്ഞ റോഡിനു താഴെ കിലോ മീറ്ററുകളോളം ആഴത്തില്‍ കൊക്കകള്‍. ഏത് നിരീശ്വരവാദിയും അപ്പോള്‍ അറിയാതെ ദൈവത്തെ വിളിച്ചുപോകും. ഗംഗയില്‍ ഇറങ്ങുമ്പോള്‍ തണുത്തുറഞ്ഞ ജലം വിരലുകള്‍ മുറിക്കുമോ എന്ന് തോന്നി. അത്രക്ക് ഒഴുക്കുണ്ട്. തീരത്തെ ഘാട്ടുകള്‍ക്ക് സമീപം കാവിയുടുത്ത പുരോഹിതര്‍... ഇതെല്ലാം ഇപ്പോഴും കാഴ്ചയില്‍ നിറയുന്നു.
ഹിമശൈലങ്ങളുടെ വിസ്മയ പ്രപഞ്ചം
2021 ഒക്ടോബറിലാണ് ലഡാക്കിലേക്കുള്ള യാത്ര. സിന്ധു, കാശ്മീര്‍ പ്രവിശ്യയിലുള്ള കേന്ദ്രഭരണ പ്രദേശമായ ലഡാക് സൗന്ദര്യങ്ങളുടെയും അത്ഭുതങ്ങളുടെയും ഭീതിയുടെയും സംഗമഭൂമിയാണ്. കൂറ്റന്‍ പര്‍വതനിരകളുടെ വിസ്മയ പ്രപഞ്ചം. ഹിമാലയന്‍ മണ്ണില്‍ വേറിട്ടൊരു ചന്തം ലഡാക്കിനുണ്ട്. മഞ്ഞുപര്വതങ്ങളും കൊടുമുടികളും താഴ്്വരകളും മരുഭൂമികളും മണല്‍ക്കൂമ്പാരങ്ങളും വളഞ്ഞുപുളഞ്ഞു പോകുന്ന മലമ്പാതകളും നദികളും തടാകങ്ങളും ചേര്‍ന്ന അത്ഭുത സുന്ദരഭൂമി.
അനന്തമായ നീലാകാശവും താഴെ വെണ്മപുതഞ്ഞ അനേകായിരം പര്‍വത നിരകളും കെട്ടുപിണഞ്ഞു നില്ക്കുന്നു. ഇത്ര രസമുള്ള, മനസ്സ് നിറഞ്ഞ കാഴ്ച വേറെയില്ല. വെണ്മയുടെയും നീലിമയുടെയും മനോഹാരിത, അതിന്റെ മാസ്മരികത വിവരിക്കാന്‍ പറ്റില്ല. മഞ്ഞുകൂമ്പാരങ്ങളും നീലാകാശവും മാത്രമാണോ ഈ പ്രപഞ്ചത്തിലുള്ളതെന്നു തോന്നും. ആ ഹിമശൈലങ്ങളുടെ ചേലും ചന്തവും കാണേണ്ടത് തന്നെ. തുടരെ തുടരെ ഇരമ്പുന്ന യുദ്ധവിമാനങ്ങളുടെ പാച്ചില്‍ ഉറക്കം കെടുത്തിയ രാത്രികള്‍ കൂടിയായിരുന്നു ലഡാക്കിലേത്. ലെ, ലഡാക്കിലെ താഴ് വരകള്‍ ഇന്ത്യയുടെ പഴക്കൂടകളാണ്. മഞ്ഞ, ഇളംപച്ച, പിങ്ക്, ഓറഞ്ച്, കടുംചുവപ്പ് തുടങ്ങിയ നിറമുള്ള ആപ്പിളുകളുടെ തോട്ടങ്ങള്‍ ഒരുപാടുണ്ട്. മരത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചെടുത്തു കഴിക്കുമ്പോള്‍ വായില്‍ പാല്‍മധുരം നിറയും. അതിന്റെ രുചിയും വേറെയാണ്. നമുക്കിവിടെ കിട്ടുന്ന ആപ്പിളുമായി അവ താരതമ്യപെടുത്താന്‍ പറ്റില്ല. ഒക്ടോബറില്‍ ആപ്പിള്‍ സീസണ് കഴിയും. ഏറെക്കാലം ഫ്രീസറില്‍ വെച്ച ചോരയും നീരും വാര്‍ന്ന ആപ്പിളാണ് നമുക്ക് കിട്ടുന്നത്. ഏതായാലും ആ യാത്രക്ക് ശേഷം നാട്ടില്‍ നിന്ന് ഞാന്‍ ആപ്പിള്‍ വാങ്ങിയിട്ടില്ല. ആപ്രികോട്ട്, ഓറഞ്ച്, നാരകം, മാതളം... തുടങ്ങിയ പഴങ്ങളും ധാരാളമുണ്ടവിടെ.
18,360 അടി ഉയരെയുള്ള ഗേറ്റ് വേ ഓഫ് നുബ്ര എന്നറിയപ്പെടുന്ന ഖര്‍ദുങ് ലാ പാസ്സ് ലോകത്തിലെ ഏറ്റവും മുകളിലുള്ള മോട്ടോറബിള്‍ പോയിന്റ് ആണ്. ഓക്സിജന്‍ കുറഞ്ഞയിടം. കൊടും തണുപ്പില്‍ കിടുകിടാ വിറക്കും. അത് കടന്ന് വേണം ലേയില്‍ നിന്നും 152 കി.മീറ്റര്‍ ദൂരെയുള്ള, ഏറ്റവും സുന്ദരമായ താഴ് വരയായ നുബ്രയിലെത്താന്‍. കൊക്കകളും ഇടുങ്ങിയ റോഡുകളും പിന്നിടണം. പേടിപ്പെടുത്തുന്ന, കൊടും തണുപ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന പ്രകൃതി. സവിശേഷ പ്രകൃതിയുള്ള സിയാച്ചിന്‍ മലനിരകളും ഹുണ്ടര്‍ മരുഭൂമിയും എല്ലാം വിസ്മയങ്ങളാണ്. ഓരോ മലഞ്ചെരുവിലും പട്ടാളക്യാമ്പുകളും നിരനിരയായ പട്ടാളവണ്ടികളും ബങ്കറുകളും കാണാം. നിരത്തിലും വെളിമ്പ്രദേശങ്ങളിലും ഫ്ളാസ്കും തോക്കുമായി നില്ക്കുന്ന ജവാന്മാര്. അവരുടെ കരുതല്‍ നമ്മുടെ യാത്രയിലുടനീളമുണ്ട്. എപ്പോഴും ജാഗരൂകരാണവര്‍. മൈനസ് പതിനാറ് ഡിഗ്രിയിലും തിരയടിച്ചുകൊണ്ടിരിക്കുന്ന പാങ്കോങ് ആണ് അത്ഭുതപ്പെടുത്തിയ ലഡാക് കാഴ്ചകളില്‍ ഒന്ന്. 13,900 അടി ഉയരത്തിലുള്ള പാങ്കോങ്ങിനു 134 കി.മീ നീളമുണ്ട്. പാങ്കോങ് ഇന്ത്യയുടേതും ചൈനയുടേതുമാണ്. ആ ജലനീലിമയുടെ വിന്യാസങ്ങള്‍ കണ്ണഞ്ചിപ്പിക്കും. ജലപ്പരപ്പില്‍ ഒഴുകുന്ന സീഗള്‍ പക്ഷികളാണ് കൊതിപ്പിക്കുന്ന മറ്റൊരു കാഴ്ച. ഈ തടാകം മെയ് മുതല്‍ സെപ്റ്റംബര്‍ വരെ തിരയിളക്കി അങ്ങനെ നില്ക്കും. പിന്നെ ഉറഞ്ഞപാളിയായി നീലനിറങ്ങളില്‍ വേറൊരു ചേലുമായി നില്ക്കും. പാങ്കോങ്ങിലേക്കുള്ള യാത്രയില്‍ യാക്കിന് കൂട്ടങ്ങളെ കാണാം. പുഴയോരത്തു കൂടിയുള്ള ആ യാത്ര ആരെയും മോഹിപ്പിക്കും. അതോടൊപ്പം പേടിപ്പെടുത്തുകയും ചെയ്യും.
കൂറ്റന്‍ പര്‍വതങ്ങള്‍ക്കൊപ്പം താഴ് വരകളും മരുഭൂമികളും കാണും. കടും നിറമുള്ള പൂക്കളും പച്ചക്കറികളും നിറഞ്ഞ, പച്ചമനുഷ്യരും പട്ടാളക്കാരും നീലിച്ച ജലവുമായി ഒഴുകുന്ന പുഴകളുമെല്ലാം ചേര്‍ന്ന പ്രകൃതി. മഞ്ഞുപുതഞ്ഞ മലകളും മരുഭൂമികളം ബാക്ട്രിയന്‍ ഒട്ടകങ്ങളും താഴ് വരകളും നമ്മെ വല്ലാതെ കൊതിപ്പിക്കും. മുകളില്‍ മിന്നിപ്പായുന്ന വിമാനങ്ങള്‍. പലവര്‍ണമുള്ള സുന്ദരന്‍ ഉരുളന്‍ കല്ലുകള്‍. പച്ചയും നീലയും മഞ്ഞയും പിങ്കും വയലറ്റും കറുപ്പും വെള്ളയും നിറമുള്ള പരസ്പരം തൊട്ടു നില്ക്കുന്ന ശിലകള്‍. ഇവിടുത്തെ കല്ലുകള്‍ക്കും ഓരോ മണല്തരിക്കും കാന്തിക ശക്തിയുണ്ടത്രേ. അതുകൊണ്ട് അവ ഉരുണ്ട് വീഴാതെ നില്ക്കുന്നു. അത്യത്ഭുത കാഴ്ച.
ഉത്തരാഖണ്ഡ്
ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന്റെ നെറുകയിലുള്ള ഉത്തരകാശിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. 2022-ല്‍. മറ്റൊരു ഹിമാലയന്‍ പ്രവിശ്യ. ഗംഗയുടെ തീരത്തെ ഹരിദ്വാര്‍, ഋഷികേശ് ക്ഷേത്രനഗരങ്ങള്‍ കടന്ന് ഡെറാഡൂണ്‍ നഗരത്തിലൂടെ റെയ്താല്‍ എന്ന ബേസ് ക്യാമ്പിലെത്തി, കിടങ്ങുകളും കാടുകളും താണ്ടി, വനപുഷ്പങ്ങളും മഞ്ഞുമലകളും കടന്ന്, ദയാറാ ബുഗ്യാല്‍ എന്ന, ഉത്തരകാശിയിലെ ഏറ്റവും മുകള്‍ത്തട്ടിലുള്ള പുല്‍മേട്ടിലേക്ക് ഒരാഴ്ച നീണ്ട സഞ്ചാരം. നീലമലകളുടെ ഭംഗി ഇത്രയേറെ ആസ്വദിച്ച ഇടം വേറെയില്ല. മേഘങ്ങളെ മുത്തമിടുന്ന നിരനിരയായ പര്‍വതനിരകളുടെ ശ്രേണി, അവ ചുറ്റും നിറഞ്ഞ പ്രകൃതിയാണ് ദയാറാ ബുഗ്യാല്‍. ഹിമാലയത്തിലെ അതിവിശിഷ്ടവും അപൂര്‍വവുമായ പുല്‍മേടുകളില്‍ ഒന്ന്. കാട്ടുപൂവരശുകളും പൈന്മരങ്ങളും കാട്ടരുവികളും ഔഷധച്ചെടികളുമുള്ള പാതകള്‍. മലഞ്ചെരിവുകളിലും പുല്‍പ്പരപ്പിലും മഞ്ഞിനുമുകളിലും ടെന്റുകളില്‍ ഉറങ്ങിയ രാവുകള്‍. ഉറഞ്ഞുപോയ പുഴകളെ മറികടന്നിരുന്നു. അരയോളം മഞ്ഞുപുതഞ്ഞ കുറ്റിക്കാട്ടിലൂടെ താഴെക്കിറങ്ങുമ്പോള്‍ സുന്ദരമായ ബര്‍സു തടാകവും താഴ് വരകളും കരിങ്കല്‍ വീടുകളും ഗ്രാമങ്ങളും ധാന്യങ്ങള്‍ വിളയുന്ന കൃഷിയിടങ്ങളും കണ്ടു. വൈക്കോല്‍ കൂനകളും കഴുതക്കൂട്ടങ്ങളും കാന്നുകാലികളും ഈ താഴ് വരയുടെ മുതല്ക്കൂട്ടുകളാണ്.
കേദാര്കന്തയിലെ കൊടുമുടിയില്‍
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കേദാര്കന്തയിലേക്കുള്ള യാത്ര. ഒരിക്കലും പ്രതീക്ഷിക്കാതെയുള്ള ഒരു സഞ്ചാരം. ഹിമാചല്‍ പ്രദേശിലെ റൂപിന്പാസ്സ് ട്രെക്കിങ്ങിന് പോയതാണ്. ഹിമാചലിലെ ബാവട്ടയില് എത്തുമ്പോള്‍ കനത്ത മഴ. കൂടെ അവലാഞ്ചിയെക്കുറിച്ചുള്ള വാര്‍ത്തയും. റൂപിന്പാസ്സ് പോകേണ്ട വഴിയുള്‍പ്പെടെയുള്ള പ്രദേശം മലയിടിച്ചിലില്‍ തകര്‍ന്നു. മഴയും കൂടി. പ്രദേശവാസികളും ഗൈഡുകളും തിരികെ പോകാന്‍ പറഞ്ഞു. അങ്ങനെ നേരെ ഞങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് വിട്ടു. ദിവസങ്ങള്‍ താണ്ടി മഞ്ഞുമൂടിയ കേദാര്‍കന്ത എന്ന കൊടുമുടിയുടെ മുകളില്‍ എത്തി. ഈസ്റ്റര്‍ തലേന്ന് രാത്രി പന്ത്രണ്ടു മണിക്ക് തുടങ്ങിയ മഞ്ഞുമലകയറ്റം. മഞ്ഞുമൂടിയ കീഴ്ക്കാം തൂക്കായ ചെരിവുകള്‍ കടന്ന് പാറകള്‍ക്ക് മുകളിലൂടെയുള്ള അതിസാഹസികമായ ആ നടപ്പിനൊടുവില്‍ കേദാര്കന്തയുടെ മുകളിലെത്തി സൂര്യോദയം കണ്ടു. പുലര് വെളിച്ചത്തില്‍ വെണ്മയുടെ പ്രഭാപൂരമായി നിന്ന കേദാര്കന്തയും ചുറ്റുവട്ടവും. ഹിമസാനുസൗന്ദര്യത്തിന്റെ മറ്റൊരു ദൃശ്യം. എങ്ങോട്ട് തിരിഞ്ഞാലും മഞ്ഞിന് കൂമ്പാരങ്ങള്‍. മഞ്ഞലകള്‍. അകലെ മഞ്ഞു തൊപ്പിയിട്ട നീലമലകള്‍, വെള്ളിമേഘങ്ങള്‍. താഴെ താഴ് വാരങ്ങള്‍. അവയുടെ പച്ചപ്പ്. അവ കാണുമ്പോള്‍ ഉള്ളില്‍ ആയിരം സന്തോഷത്തിരകള്‍. സാങ്ക്രിയിലെ ആപ്പിള്‍ തോട്ടങ്ങള്‍ അന്ന് ഇലകൊഴിച്ചു പൂവിട്ടുനില്‍ക്കുന്ന കാലമായിരുന്നു. ആപ്പിള്‍ ചെടികള്‍ക്ക് ചാണകം വിതറുന്ന സുമിതയും കൈക്കുഞ്ഞും, അതുപോലെ ഒരുപാട് ഗ്രാമീണരും ആ യാത്രയില്‍ നിറഞ്ഞു. റോഡോഡെന്ട്രോണിന്റെ ചോരപ്പൂവുകള്‍ അലങ്കരിച്ച ഗ്രാമ വഴികള്‍, കടുക് പാടങ്ങള്‍, പൈന്‍ മരക്കാടുകള്‍, പുഴകള്‍, പൂക്കള്‍ എല്ലാം ഈ യാത്രയിലും നിറഞ്ഞുനിന്നു.
വടക്കു കിഴക്കിന്റെ വിസ്മയങ്ങള്‍
സെവന് സിസ്റ്റേഴ്സ് എന്ന നോര്‍ത്ത് ഈസ്റ്റ് യാത്രകളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ആസ്സാമും നാഗാലാന്‍ഡും മണിപ്പൂരും ത്രിപുരയും കണ്ടു. ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെട്ട സമയമായതിനാല്‍ എല്ലായിടത്തും പോകാന്‍ പറ്റിയില്ല. പതിനഞ്ചു ദിവസത്തെ യാത്ര. എനിക്കേറ്റവും ഇഷ്ടപ്പെട്ട, ഒരുപാട് യാത്രാനുഭവങ്ങള്‍ തന്ന ഇടമാണ് നോര്‍ത്ത് ഈസ്റ്റ്. നേരും നെറിയുമുള്ള മനുഷ്യരും പച്ചപ്പും കൃഷിയുമുള്ള നാട്. പട്ടാളക്കാരുടെ കാവലിനിടയില്‍ വീര്‍പ്പുമുട്ടി ജീവിക്കുമ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ മുഴുകി ജീവിതത്തെ ചേര്‍ത്തുപിടിക്കുന്ന സാമാന്യ ജനങ്ങളാണ് അവിടെയുള്ളത്. സമ്പദ്ഘടനയുടെ നെടുംതൂണുകളായ അവിടത്തെ മാര്‍ക്കറ്റുകള്‍, അവ നോക്കിനടത്തുന്ന കരുത്തരായ സ്ത്രീകള്‍. നെല്‍പ്പാടങ്ങള്‍, മുളങ്കൂട്ടങ്ങള്‍, മുളവീടുകള്‍, കശാപ്പുശാലകള്‍, ഗോത്ര ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ എല്ലാം നമുക്ക് ആത്മവിശ്വാസം നല്‍കും. നമ്മുടെ നാട്ടില്‍നിന്ന് പോയ പല കൃഷിക്കാഴ്ച്ചകളും അവിടെ ഉണ്ട്.
ഈറ്റപ്പനമ്പുകളില് നെല്ലുണക്കുന്ന മുറ്റങ്ങളും പാതയോരങ്ങളും മുളവേലികളും മുളയുടെ പാത്രങ്ങളും വീട്ടുപകരണങ്ങളും അവിടെക്കാണാം. വൃത്തിയും വെടിപ്പുമുള്ള, പൂച്ചെടികള്‍ ധാരാളമുള്ള കൊച്ചുകൊച്ചു വീട്ടുമുറ്റങ്ങള്‍. സംസ്കാരത്തെ കൈവിടാത്ത ഗോത്രജനതയാണ് വടക്കുകിഴക്കിന്റെ സമ്പത്ത്. നാഗാലാന്‍ഡിലെ സൂക് വാലി മുളങ്കുന്നുകളുടെ പറുദീസയാണ്. കുഞ്ഞന്‍ മുളകള്‍ കൊണ്ടുള്ള മൊട്ടക്കുന്നുകളും താഴ് വാരങ്ങളും. കൊടുംകാട്ടിലൂടെ കുത്തനെ കയറി സൂക് വാലിയിലെത്തുമ്പോള്‍ ആകെയൊരു ഉന്മേഷം വരും. അത്ര മനോഹരമാണവിടം. ഞൊറിവുള്ള പച്ചക്കുന്നുകള്‍. മേഘങ്ങള്‍ തത്തിക്കളിക്കുന്ന, കിടുകിടെ വിറക്കുന്ന ആ പ്രകൃതിയില്‍ പുലര്‍ച്ചെ മുളഞ്ചെടികളെല്ലാം മഞ്ഞുകൊണ്ട് ആഭരണമിട്ട് നില്ക്കുന്ന കാഴ്ച എത്ര വര്‍ണിച്ചാലും മതിവരില്ല. 2023-ലെ ന്യൂ ഇയര്‍ സൂക് വാലിയിലായിരുന്നു. പല നാടുകളില്‍ നിന്നും എത്തിയ ഒരുപാട് പേര് അന്ന് ക്യാമ്പ് ഫയറിനു ചുറ്റും കൂടി. നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഉത്സവവേദിയായ കിഗ്വേമ, കൊഹിമ, മണിപ്പൂരിലെ ലോക്താക് തടാകം, ഗോത്രവര്‍ഗ്ഗങ്ങള്‍ ധാരാളമുള്ള ചുരചന്ദ്പൂരിലെ മാര്‍ക്കറ്റില്‍ പഴംതുണി വില്ക്കുന്നവരും വാങ്ങുന്നവരും ധാരാളമുണ്ട്. ഭാരത ജനതയുടെ ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചകള്‍ ഇതില്‍പ്പരം എവിടുന്ന് കാണാന്‍. മണിപ്പൂരിലെ ഇമാകൈത്തലും ഗാരിയന് മാര്‍ക്കറ്റും സ്ത്രീകള്‍ നിയന്ത്രിക്കുന്ന കച്ചവടകേന്ദ്രങ്ങളാണ്. നമ്മുടെ നാട്ടില്‍ കണ്ടുകിട്ടാത്ത കാച്ചില് വര്‍ഗങ്ങള്‍, കിഴങ്ങുവിളകള്‍, പച്ചക്കറിയിനങ്ങള്‍ തുടങ്ങി അന്യംനില്‍ക്കുന്ന അനേകം കാര്‍ഷിക വിളകളും വിത്തുകളും അവിടെക്കാണാം. കൃഷി സംസ്കാരവും ജീവിതവുമായി കാണുന്നവരാണവര്‍. അഭിമാനം തോന്നും അവിടുത്തെ ഓരോ കാഴ്ചകളും. 2023 ജനുവരിയിലാണ് വടക്കുകിഴക്കിലേക്ക് പോയത്. ഇന്ന് അവിടെ അവസ്ഥ മാറിയിട്ടുണ്ട്. അതില്‍ ഒരുപാട് സങ്കടമുണ്ട്.
(തുടരും)