പറമ്പുകളില്‍ സുലഭമായി വളരുന്ന പപ്പായ വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. അധ്വാനമില്ലാതെ കിട്ടുന്നതുകൊണ്ടോ മറ്റോ പപ്പായയുടെ പ്രയോജനത്തെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്മാരല്ല. വിറ്റാമിന്‍ എ,ബി,സി എന്നിവക്കുപുറമേ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഡയറ്ററി ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. കലോറിയും കുറവാണ്- 100 ഗ്രാമില്‍ 35 ഗ്രാം മാത്രം. മാത്രമല്ല, പപ്പായയില്‍ അടങ്ങിയ പപ്പൈന്‍ എന്ന എന്‍സൈം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും ഉപാപചയ പ്രക്രിയയെ ഉത്തേജിപ്പിക്കുന്നതുമാണ്. ഭക്ഷണത്തിനു ശേഷമുണ്ടാകുന്ന എരിച്ചില്‍, പുകച്ചില്‍, വയറു വീര്‍ക്കല്‍ എന്നിവയെ അത് തടയുന്നു.
ശരീരത്തിലെ യൂറിക് ആസിഡ് ഒഴിവാക്കാനും ഗൗട്ട് പോലെയുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് പപ്പായ. പ്രത്യേകിച്ചും പച്ച പപ്പായ. ഇത് തൊലി കളഞ്ഞ് കഷണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡ് കുറക്കാന്‍ സഹായിക്കുന്നു. ഇത് സന്ധിവാതമുള്ളവര്‍ക്കും നല്ലതാണ്.
മറ്റു ഗുണങ്ങള്‍
- ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഒരു പരിധിവരെ ആസ്ത്മ രോഗം തടയുന്നു
- എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
- ഹൃദ്രോഗ സാധ്യത കുറക്കുന്നു
- അള്‍ഷിമേഴ്സ് രോഗത്തില്‍നിന്ന് രക്ഷ നല്കുന്നു
- കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു
- വിട്ടുമാറാത്ത അണുബാധ തടയുന്നു
- ശരീരഭാരം കുറക്കുന്നു
തൊലിപ്പുറമെയുള്ള പാടുകള്‍ക്ക് പ്രകൃതിദത്തമായ പരിഹാരമാണ് പപ്പായ. പപ്പൈന്‍ എന്‍സൈം ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെ പുറംതള്ളുന്നു. പപ്പായയില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മത്തിന്റെ തിളക്കവും നിറവും വര്‍ധിപ്പിക്കുന്നു. വിവിധ ത്വക് രോഗങ്ങള്‍, ബ്രെസ്റ്റ് കാന്‍സര്‍, പാന്‍ക്രിയാസ് കാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാന്‍ പപ്പായക്ക് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ദോഷവശങ്ങള്‍
പപ്പായയിലെ പാര്‍ശ്വഫലങ്ങളെ പറ്റി അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല. ഭ്രൂണത്തിന് അപകടം വരുത്തുന്നതിനാല്‍ ഗര്‍ഭിണികള്‍ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ലാറ്റക്സിന്റെ വര്‍ധിച്ച സാന്ദ്രത ഗര്‍ഭാശയത്തിന്റെ സങ്കോചത്തിന് കാരണമാവുകയും അകാല പ്രസവം സംഭവിക്കുകയും ചെയ്തേക്കാം. അതുപോലെതന്നെ പല ജനന വൈകല്യങ്ങള്‍ക്കും പപ്പായ കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പപ്പായയുടെ കുരു കഴിക്കുന്ന പുരുഷന്മാരില് ബീജാണുക്കളുടെ അളവ് കുറയാന്‍ കാരണമാവുകയും ബീജത്തിന്റെ സുഗമമായ ചലനത്തെ ബാധിക്കുകയും ചെയ്യുമത്രെ. പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനാല്‍ പ്രമേഹ രോഗികളില്‍ അത് വിപരീത ഫലം ഉളവാക്കിയേക്കും.
അതുപോലെ പപ്പൈന്‍ എന്ന എന്‍സൈം ശക്തമായ അലര്‍ജിക്ക് നിമിത്തമാകുന്നതുകൊണ്ട് തലകറക്കം, തലവേദന, മൂക്കടപ്പ്, ശ്വാസം മുട്ടല്‍, ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നിവക്കും സാധ്യതയുണ്ട്.