(പൂര്‍ണ്ണ ചന്ദ്രനുദിച്ചേ - 23)
മക്കക്കാര്‍ക്ക് ഈറ അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നിനും കൊള്ളാത്ത അബൂബസ്വീറിനെപ്പോലുള്ള ഒരാള്‍, അയാള്‍ക്ക് തോന്നിയതും അതിലപ്പുറവും നടപ്പാക്കുന്നു. ആ അടിമ സ്വതന്ത്രരായ മനുഷ്യരുടെ രക്തം ചിന്തുന്നു. ഇങ്ങനെയാണ് മക്കക്കാരുടെ സംസാരം. അബൂബസ്വീര്‍ എന്താണ് ചെയ്തത്? തനിക്ക് ശരിയെന്ന് തോന്നിയ ആദര്‍ശത്തില്‍ വിശ്വസിച്ചു. പിന്നെ അവരുടെ കൈകളില്‍ നിന്ന് ഊരിച്ചാടി. അവര്‍ കലിവന്ന് തുള്ളാതിരിക്കുമോ? മുഹമ്മദ് ശരിക്കും നമ്മളെ പരിഹസിക്കുകയാണ്. അബൂബസ്വീറിനെപ്പോലുള്ള തെണ്ടിയോട് അനുഭാവം കാണിക്കുകയാണ് മുഹമ്മദ്. അബൂബസ്വീറിനാണെങ്കില്‍ അഹങ്കാരം തലയില്‍ കയറിയ മട്ടാണ്. മക്കയില്‍നിന്ന് സിറിയയിലേക്ക് പോകുന്ന നമ്മുടെ കച്ചവട സംഘങ്ങളെ ഒറ്റക്ക് നേരിടാമെന്നാണ് അവന്റെ വിചാരം. ഖുറൈശികളുടെ കച്ചവടം തകിടം മറിക്കാമെന്നും അവരുടെ സുരക്ഷ അപകടപ്പെടുത്താമെന്നും അവന്‍ കണക്കുകൂട്ടുന്നു.
കാര്യം ഇവിടം കൊണ്ട് തീരുന്നുണ്ടോ? ഇല്ല. അടിമകളോട് സ്വീകരിക്കേണ്ട നയത്തില്‍ പുനരാലോചന നടക്കുന്നുണ്ടത്രെ മക്കയില്‍. അവരോടുള്ള പെരുമാറ്റം ഒന്നുകൂടി കടുപ്പിക്കണോ, അതോ മുഹമ്മദിന്റെ വലയില്‍ അവര്‍ വീഴാതിരിക്കാന്‍ അവരോട് അനുനയത്തിന്റെ ശൈലി സ്വീകരിക്കണോ? എന്നാല്‍ മക്കയിലെ മിക്ക പ്രമാണിമാരും ഇതങ്ങനെ ചിന്തിക്കേണ്ട വിഷയമായി കരുതുന്നതേയില്ല. അടിമകളോട് എങ്ങനെ പെരുമാറണം എന്ന് പണ്ടേക്കും പണ്ടേ എല്ലാവര്‍ക്കും അറിവുള്ളതല്ലേ? ആ നിലക്കങ്ങ് പെരുമാറിയാല്‍ മതി. അക്കാര്യത്തില്‍ വീണ്ടുവിചാരമൊന്നും വേണ്ടതില്ല. മക്കയിലെ പ്രമാണിമാര്‍ അണുഅളവ് വിട്ടുകൊടുക്കാത്തവരാണ്. അതവരുടെ പ്രകൃതത്തില്‍ ഊട്ടിയുറക്കപ്പെട്ടു പോയി. അതവരുടെ അഭിമാനപ്രശ്‌നം കൂടിയാണ്. അടിമകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഇളവ് ചെയ്യില്ല; പൊറുക്കുന്ന പ്രശ്‌നവുമില്ല.
ഖാലിദ് ബ്‌നുല്‍ വലീദ് പറഞ്ഞു.
''അടിമയുടെ പുറത്ത് ആയിരം ചമ്മട്ടി വീഴ്ത്തുന്നതിനെക്കാള്‍ ചിലപ്പോള്‍ ഫലപ്പെടുക നല്ലൊരു വാക്ക് പറയലായിരിക്കും.''
അബൂസുഫ്‌യാനാണ് മറുപടി പറഞ്ഞത്.
''ഖാലിദ്, ദീര്‍ഘക്കാഴ്ചയുള്ള സംസാരമാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്.''
ഇക്‌രിമക്ക് പിടിച്ചില്ല.
''ഈ അടിമക്കൂട്ടങ്ങള്‍ക്ക് ഒരു വിലയും നിങ്ങള്‍ കാണരുത്. സംഭവങ്ങളില്‍ ഈ നികൃഷ്ടര്‍ക്ക് ഒന്നുമേ ചെയ്യാനില്ല. ഇവരൊട്ട് സംഭവങ്ങളെ നിയന്ത്രിക്കാനും പോകുന്നില്ല.''
ഹിന്ദ് തലകുടഞ്ഞു. അവള്‍ വളരെ അസ്വസ്ഥയായിരുന്നു.
''മുഹമ്മദ് ഒരു അത്ഭുതം തന്നെ. മുഹമ്മദ് ഹുദൈബിയാ സന്ധി വ്യവസ്ഥകള്‍ പാലിക്കുന്നു, എന്നാല്‍ പാലിക്കുന്നുമില്ല.''
ഖാലിദ് വിയോജിച്ചു.
''മുഹമ്മദിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മക്കയില്‍നിന്ന് ഒളിച്ചോടി മദീനയില്‍ എത്തുന്നവരെ അദ്ദേഹം സ്വീകരിക്കുന്നില്ലല്ലോ. സന്ധിവ്യവസ്ഥ പ്രകാരം അവരെ നമുക്ക് തന്നെ തിരിച്ചുതരികയും ചെയ്യുന്നു. പിന്നെ, അദ്ദേഹം എന്താണ് ചെയ്യേണ്ടത്? ഒളിച്ചോടിവന്നവരെ ഇരുമ്പുചങ്ങലകള്‍ അണിയിച്ച് വലിച്ചിഴച്ച് കൊണ്ട് വന്ന് തരണം എന്ന് പറയാന്‍ പറ്റുമോ? അങ്ങനെ ആവശ്യപ്പെടുന്നത് നമുക്ക് മാനക്കേടല്ലേ?''
മക്കയിലെ സാധാരണ ജനം അബൂബസ്വീറിന്റെ കാര്യത്തില്‍ ആശ്വാസത്തിലാണ്. ഉള്ളാലെ അവര്‍ക്ക് സന്തോഷം പെരുക്കുന്നുമുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന സാധാരണ മനുഷ്യര്‍ മനം നിറഞ്ഞ് സന്തോഷിക്കുമല്ലോ. പ്രമാണിമാരുടെ അഹങ്കാര മസ്തകങ്ങളില്‍ ആഞ്ഞടിക്കുകയും അവരെ വെല്ലുവിളിക്കുകയും അവരുടെ അധികാര ബലങ്ങളെ പരിഹസിക്കുകയുമാണല്ലോ തങ്ങളെപ്പോലെ അടിമയായ ഒരാള്‍. അബൂബസ്വീര്‍ ഉണ്ടാക്കുന്ന പുകിലുകള്‍ ഓരോ ദിവസവും മക്കയില്‍ ചര്‍ച്ചയാണ്. മക്കയില്‍നിന്ന് ഇന്നയിന്ന അടിമ അബൂബസ്വീറിനോടൊപ്പം ചേരാന്‍ തീര പ്രദേശമായ 'ഈസ്വി'ലേക്ക് ഒളിച്ചോടി എന്ന വാര്‍ത്ത കേള്‍ക്കാത്ത ഒരു ദിവസവും മക്കയില്‍ കടന്നുപോകുന്നില്ല എന്നായി.
കേള്‍ക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ പ്രമാണിമാര്‍ അന്തിച്ചുനില്‍ക്കെ ഒരു ദിവസം ഒരാള്‍ ഒട്ടകപ്പുറത്ത് വന്നിറങ്ങി. അയാള്‍ അട്ടഹസിക്കുക തന്നെയായിരുന്നു.
''മക്കക്കാരേ, നിങ്ങളുടെ കച്ചവട ഉരുപ്പടികള്‍ മുഴുവന്‍ പോയി. നിങ്ങളുടെ ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. നിങ്ങളുടെ ധനം കവര്‍ച്ച ചെയ്യപ്പെട്ടു. മക്കക്കാരേ, അബൂബസ്വീറും അവന്റെ സംഘവും സിറിയയിലേക്ക് പോകുന്ന നിങ്ങളുടെ കച്ചവട സംഘങ്ങളെ കൊള്ള ചെയ്യുകയാണ്.''
ജനം അമ്പരന്ന് തലകറങ്ങി. കോപത്താല്‍ കച്ചവടത്തില്‍ മുതല്‍മുടക്കിയവരുടെ മുഖങ്ങള്‍ ആളിക്കത്തി. വിറപൂണ്ട സ്വരത്തില്‍ ഒരാള്‍ അലറി:
''സൈന്യത്തെ കൂട്ടി ഇപ്പോള്‍ തന്നെ പോവണം.''
ഖാലിദിന് ചിരിയാണ് വന്നത്.
''അടങ്ങ് ഇക്‌രിമാ, അടങ്ങ്. അല്‍പം മുമ്പ് നിങ്ങള്‍ പറഞ്ഞത് മറന്നുപോയോ? അബൂബസ്വീറിനെപ്പറ്റി എന്താ പറഞ്ഞത്, തെണ്ടി എന്ന്, അല്ലേ? ആ തെണ്ടിയെ നേരിടാനാണോ സൈന്യം?'' ഇക് രിമക്ക് കാര്യം പിടികിട്ടി. താന്‍ അല്‍പം മുമ്പ് പറഞ്ഞതില്‍ കേറിപ്പിടിക്കുകയാണ് ഖാലിദ്.
''ഖാലിദേ, നിങ്ങള്‍ എന്നെ പരിഹസിക്കുകയാണോ?''
''ഇക് രിമ, ഇത്തരം വിഷയങ്ങളില്‍ സൈന്യത്തെ അയച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. അപ്പുറത്ത് ഒരു സൈന്യമുണ്ടെങ്കിലല്ലേ അവരോട് യുദ്ധം ചെയ്യാന്‍ പറ്റൂ. അവിടെ സംഘടിതമായ ഒരു സൈന്യം തന്നെയില്ല. അബൂബസ്വീറും സംഘവും മലമുകളിലും ഗുഹകളിലുമായി ഒളിച്ചിരിക്കുകയാണ്. അവര്‍ ഒറ്റയും തെറ്റയുമായി പ്രാപ്പിടിയനെപ്പോലെ ചാടി വീഴുകയാണ് ചെയ്യുക. ഏത് സൈന്യത്തിന്റെയും കുതികാല്‍ വെട്ടും അവര്‍.''
ഇക് രിമ കാല്‍പാദങ്ങള്‍ തറയില്‍ ഇളക്കിച്ചവിട്ടി.
''പിന്നെ നമ്മള്‍ എന്ത് ചെയ്യും? ഈ നിസ്സാരനായ അടിമക്ക് മുമ്പില്‍ കീഴടങ്ങുകയോ?''
''എന്റെ നിര്‍ദേശം നിങ്ങള്‍ക്ക് സ്വീകാര്യമല്ലല്ലോ.''
''ഈ ഒന്നിനും കൊള്ളാത്തവന് സമ്മാനങ്ങളുമായി പോകണമെന്നാണോ നിങ്ങള്‍ പറയുന്നത്?''
ഖാലിദ് ചിരിച്ചു.
''പരിഹാരം ഒന്നേയുള്ളൂ.''
''എന്താണത്?''
''ജനങ്ങള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നുകൊടുക്കുക. ഇഷ്ടമുള്ളവര്‍ നമ്മുടെ കൂടെ നില്‍ക്കട്ടെ. അല്ലാത്തവര്‍ മുഹമ്മദിന്റെ അടുത്തേക്ക് പൊയ്‌ക്കോട്ടെ. ഇഷ്ടമുള്ളത് ജനം സ്വീകരിക്കട്ടെ. അതവരുടെ പവിത്രമായ അവകാശമല്ലേ.''
''തലയില്‍ ആള്‍പാര്‍പ്പുള്ള ഒരാളും ഇത് സമ്മതിച്ചു കൊടുക്കില്ല. അത് നാണം കെട്ട തോല്‍വിയായിരിക്കും. അങ്ങനെ കീഴടങ്ങുന്നത് നമ്മുടെ ദൗര്‍ബല്യമല്ലേ. നിങ്ങള്‍ പറഞ്ഞ കാര്യം നടപ്പാക്കിയാല്‍ ആയിരങ്ങള്‍ യസ്‌രിബിന് നേരെ ഓടും.''
ഖാലിദ് വീണ്ടും ചിരിച്ചു.
''യസ്‌രിബിലേക്ക് ഓടാന്‍ കൊതിക്കുന്ന ഈ ആയിരങ്ങളെ വെച്ച് നിങ്ങള്‍ക്കെങ്ങനെ സമാധാനപരമായി ഇരിക്കാന്‍ കഴിയും? കിട്ടുന്ന അവസരത്തില്‍ അവര്‍ നിങ്ങള്‍ക്കിട്ട് കൊട്ടില്ലേ?''
ഇക് രിമ കൈകൂട്ടിത്തിരുമ്മി.
''ഞാനാകെ അങ്കലാപ്പിലാണ്. ഒരു വഴിയും മുന്നില്‍ തെളിയുന്നില്ല.''
''വഴി വ്യക്തമാണ്, ഇക് രിമാ. താങ്കളുടെ അഹന്ത അത് കാണാന്‍ വിസമ്മതിക്കുകയാണ്.''
''നമുക്ക് അഹന്തയല്ലേ ഇനി ആകെ ബാക്കിയുള്ളൂ.''
''ബുദ്ധിയും വിവേകവും കൂടി ബാക്കിയുണ്ട് ഇക് രിമാ. വേണമെന്ന് വെച്ചാല്‍ ഇക്കാര്യവും നല്ല നിലയില്‍ കൈകാര്യം ചെയ്യാം. ഞാന്‍ യുദ്ധത്തിന് നേതൃത്വം നല്‍കുമ്പോള്‍, എന്റെ അഹന്തകള്‍ക്കോ വികാരങ്ങള്‍ക്കോ ഒരു സ്ഥാനവും കൊടുക്കില്ല. അവക്കടിപ്പെട്ട് എന്തെങ്കിലും ചെയ്താല്‍ പരാജയം ഉറപ്പ്. ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്. മുഹമ്മദിനൊപ്പം ചേരാന്‍ ആഗ്രഹമുള്ളവര്‍ പൊയ്‌ക്കൊള്ളൂ എന്ന് അനുവാദം കൊടുത്താല്‍ കുറച്ച് പേരേ പോകൂ. പോകാനാഗ്രഹിക്കുന്നവര്‍ക്ക് നാം വിലങ്ങ് നിന്നാലേ, ഒളിച്ചോടുന്നവരുടെ എണ്ണം കൂടും. ഇക് രിമാ, മനസ്സിന്റെ കളികളെക്കുറിച്ച് നിങ്ങളെക്കാള്‍ കൂടുതലറിയാം എനിക്ക്. ഇതൊന്നും കീഴടങ്ങലോ പരാജയമോ അല്ല. സാധ്യമാവുന്ന മികച്ച നേട്ടം കൊയ്യാന്‍ യുക്തി പ്രയോഗിക്കുന്നു എന്ന് കൂട്ടിയാല്‍ മതി.''
ഇക് രിമക്കത് ബോധിച്ചു.
''എങ്കില്‍ നമുക്ക് അബൂസുഫ്‌യാനുമായി ഒന്ന് ആലോചിക്കാം.''
ജനത്തിനും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഖുറൈശി പ്രമാണിക്കൂട്ടത്തെ കിടുകിടാ വിറപ്പിക്കാന്‍ ഈ അടിമക്ക് എവിടെനിന്ന് കിട്ടി ഇത്ര ശക്തി? അവന്‍ ഈസ്വ് പ്രദേശത്ത് തമ്പടിച്ച് ഇപ്പോള്‍ ഖുറൈശികളുടെ അന്നം മുട്ടിക്കുകയാണ്. വ്യാപാര പ്രമുഖരുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ക്കുകയാണ്. അബൂബസ്വീര്‍ നബിയല്ല. എന്നിട്ടും വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്നു. പ്രമാണിമാര്‍ക്ക് അതിനെ നേരിടാനാവുന്നില്ല. അവനെ പാഠം പഠിപ്പിക്കാനാവുന്നില്ല. അവന്റെ കൂടെ ഇപ്പോള്‍ എഴുപത് പേരുണ്ടെന്നാണ് കേള്‍വി. കൊട്ടും കുരവയുമായി വരുന്ന സൈന്യത്തെക്കാള്‍ പ്രശ്‌നക്കാരായി മാറിയിരിക്കുന്നു ഈ സംഘം. എല്ലാറ്റിനും കാരണക്കാരന്‍ മുഹമ്മദാണ്. മുഹമ്മദ് ഒരുക്കിയ മണ്ണിലാണ് ഈ ധിക്കാരികള്‍ പച്ചപിടിക്കുന്നത്. അവര്‍ പ്രമാണിമാരുടെ ഉറക്കം കെടുത്തുന്നു.
ഇക് രിമയും ഖാലിദും അബൂസുഫ്‌യാനുമായി സന്ധിച്ചപ്പോള്‍ ഖാലിദ് പറഞ്ഞു:
''പരിഹാരം മുഹമ്മദിന്റെയോ അബൂബൂബസ്വീറിന്റെയൊ അടുത്തല്ല.''
ഇക് രിമ ചോദിച്ചു:
''പിന്നെ ആരുടെ അടുത്താണ്?'
''നമ്മുടെ അടുത്ത് തന്നെ.''
''അതെങ്ങനെ?''
''അതിനുള്ള ധീരത വേണം.''
''എനിക്ക് മനസ്സിലാവുന്നില്ല. ധിക്കാരികളെ പാഠം പഠിപ്പിക്കാന്‍ സൈന്യത്തെ അയക്കണമെന്ന നിര്‍ദേശം നിങ്ങള്‍ക്ക് സ്വീകാര്യവുമല്ല.''
ഖാലിദ് മുരടനക്കി.
''ഹുദൈബിയയില്‍ വെച്ച് മുഹമ്മദുമായി ഉണ്ടാക്കിയ സന്ധിയിലെ ഒരു വ്യവസ്ഥ നമുക്കങ്ങ് വേണ്ടെന്ന് വെച്ചുകൂടേ?''
''ഏത് വ്യവസ്ഥ?''
''നിങ്ങള്‍ മുഹമ്മദിനോട് പറയണം. മക്കയിലെ യജമാനന്മാരുടെ അനുവാദമില്ലാതെ മദീനയിലേക്ക് ഓടിപ്പോന്നവരെ ഞങ്ങള്‍ക്ക് വേണ്ട. അബൂബസ്വീറിനെയും അയാള്‍ക്കൊപ്പമുള്ളവരെയും മുഹമ്മദ് തന്നെ എടുത്തോട്ടെ. നമുക്കാണെങ്കില്‍ സിറിയയിലേക്കുള്ള കച്ചവടപ്പാതയിലെ അപകടം ഒഴിഞ്ഞുകിട്ടും. അതിനുശേഷം അവരിലാരെങ്കിലും കച്ചവട സംഘത്തെ ആക്രമിച്ചാല്‍ മുഹമ്മദിനോട് നമുക്ക് കാരണം ചോദിക്കാനുമാവും.''
അബൂസുഫ്‌യാന്‍ ചിന്തയിലാണ്ടു.
''ഖാലിദ് താങ്കള്‍ പറഞ്ഞതാണ് പരിഹാരം.''
അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് ഒച്ചവെക്കാന്‍ തുടങ്ങി.
''മുഹമ്മദ് തന്റെ കൗശലം കൊണ്ട് നിങ്ങളുടെ ഓരോരോ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്, കൂട്ടരേ. ഹുദൈബിയ സന്ധികൊണ്ട് നേട്ടം കൊയ്യുന്നത് മുഹമ്മദ് മാത്രമാണ്. അതിലെനിക്കിപ്പോള്‍ ഒരു സംശയവുമില്ല. ഈ സന്ധികൊണ്ട് നിങ്ങള്‍ എന്തുനേടി? ധിക്കാരികള്‍ക്കും കലാപകാരികള്‍ക്കും പ്രചോദനമാവുകയാണ് ഈ സന്ധി. ഭൂരിപക്ഷം അടിമകളും ഒരു ദിവസം മദീനയിലേക്ക് ഓടിപ്പോയാലും നിങ്ങള്‍ അമ്പരക്കേണ്ടതില്ല. തലയില്‍ കൈവെച്ച് ദുഃഖിച്ചിരിക്കാനാണ് നിങ്ങളുടെ യോഗം. സന്ധിവ്യവസ്ഥ പ്രകാരം, അടുത്ത വര്‍ഷം മുഹമ്മദും കൂട്ടരും കഅ്ബാലയത്തില്‍ വരും. നിങ്ങളുടെ കണ്‍മുമ്പിലൂടെ അവര്‍ കടന്നുപോകും. അവര്‍ക്ക് വേണ്ടി നിങ്ങള്‍ മലമുകളിലേക്ക് മാറിനില്‍ക്കും. അവര്‍ അവരുടെ ആരാധനകളൊക്കെ വിശുദ്ധ ഗേഹത്തിന്റെ തിരുമുറ്റത്ത് നിര്‍വഹിക്കും. ഇതാ പറഞ്ഞത്, സന്ധി മൊത്തം മുഹമ്മദിന്റെ വിജയ പ്രഖ്യാപനമാണ്; നമ്മുടെ മഹാദുരന്തവും.''
അബൂസുഫ്‌യാന്‍ ഏറെ അസ്വസ്ഥനായി കാണപ്പെട്ടു.
''ഇതല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും?''
''വാളെടുക്കൂ കൂട്ടരേ, അബൂബസ്വീറിനെയും സംഘത്തെയും അരിഞ്ഞ് വീഴ്ത്തൂ. വാളല്ലാതെ മറ്റൊരു പരിഹാരമില്ല.''
ഖാലിദ് അതിനോട് തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്.
''കഴിഞ്ഞത് കഴിഞ്ഞു. കരഞ്ഞുവിളിച്ചിട്ടൊന്നും കാര്യമില്ല.... നമുക്ക് മുഹമ്മദിന് എഴുതാം.''
ഹിന്ദ് കോപത്തോടെ ചാടിയെണീറ്റു.
''എന്താ വെച്ചാ ചെയ്‌തോ. സകലതും കുളം തോണ്ടിയില്ലേ.''
അവള്‍ മുറിയില്‍നിന്ന് പുറത്തേക്ക് പോയി.
ഒളിച്ചോടി വന്നവര്‍ക്ക് മദീനയില്‍ അഭയം നല്‍കുന്നതിന് തങ്ങള്‍ എതിരല്ല എന്ന ഖുറൈശികളുടെ കത്ത് കിട്ടിയപ്പോള്‍ റസൂല്‍ പുഞ്ചിരിയോടെ ഉമറുബ്‌നുല്‍ ഖത്താബിന്റെ നേരെ നോക്കി. ഹുദൈബിയാ സന്ധിയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നല്ലോ ഉമര്‍. സന്ധിവ്യവസ്ഥകള്‍ മുസ് ലിംകള്‍ക്ക് അപമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നല്‍. ഇന്നിതാ കാലം റസൂലിന്റെ നിലപാടിനെ ശരിവെച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഹുദൈബിയാ സന്ധിയെക്കുറിച്ച് വന്ന പരാമര്‍ശം അക്ഷരംപ്രതി സത്യമായി പുലര്‍ന്നിരിക്കുന്നു. ''സുവ്യക്ത വിജയം.''
റസൂല്‍ ഉടനെ അബൂബസ്വീറിനെയും സംഘത്തെയും മദീനയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ആളെ അയച്ചു. റസൂലിന്റെ സന്ദേശം കിട്ടിയപ്പോള്‍ അബൂബസ്വീര്‍ മന്ത്രിച്ചു: ''കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു അല്ലാഹുവിന്റെ ദൂതരേ... ഇതാണ് മോചന മാര്‍ഗം. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് സത്യമായി പുലര്‍ന്നിരിക്കുന്നു.''
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി