ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടറായിരുന്ന എം.ജമീല സര്‍വീസ്
അനുഭവങ്ങള്‍ പങ്കുവെക്കുന്നു
ബോയ്‌സ് ഹോമിനെക്കാള്‍ കൂടുതല്‍ രസകരവും കൗതുകകരവും എന്നാല്‍ പേടിപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ ഗേള്‍സ് ഹോമിലാണ് ഉണ്ടാകാറ്. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല വികൃതികളും സാഹസങ്ങളും ആരെങ്കിലുമൊക്കെയായി ഓരോ ദിവസവും ഉണ്ടാക്കികൊണ്ടിരിക്കും. പലപ്പോഴും അതിനൊക്കെ ബലിയാടാകുന്നത് പാവംപിടിച്ച കുട്ടികളോ ജീവനക്കാരോ ഒക്കെ ആയിരിക്കും.
പെണ്‍കുട്ടികളുടെ ഹോമിലായിരുന്നു ഞാന്‍ ആദ്യമായി ജോയിന്‍ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000 നിലവില്‍ വരുന്നതിന് മുമ്പാണ്. ഹോമില്‍ എന്നെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവം ജയിലിനകത്തെന്ന പോലെയുള്ള അവിടുത്തെ നമ്പര്‍ സിസ്റ്റമായിരുന്നു. അഞ്ച് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍. ചിലപ്പോള്‍ നാല് വയസ്സുള്ള കുട്ടികളും ഉണ്ടാകും. കുട്ടികളെ പേര് വിളിക്കുന്നതിന് പകരം നമ്പറിലാണ് വിളിക്കുക. കുട്ടികളും പരസ്പരം വിളിച്ചിരുന്നത് നമ്പര്‍ തന്നെയായിരുന്നു. ചില കുട്ടികള്‍ക്ക് നമ്പര്‍ ഇഷ്ടമുണ്ടായിരുന്നില്ല. കുട്ടികളുടെ പാവാടയിലും ബ്ലൗസിലും കമ്മീസിലും കൊച്ചുകുട്ടികളുടെ ഉടുപ്പില്‍ പോലും വെള്ളയോ കറുപ്പോ മഞ്ഞയോ പെയിന്റ്‌കൊണ്ട് നമ്പര്‍ എഴുതിയിട്ടുണ്ടാകും. അസംബ്ലിക്ക് നില്‍ക്കുമ്പോഴും സ്‌കൂളില്‍ പോകാന്‍ പുറത്തേക്ക് വിടുമ്പോഴും മാത്രമല്ല, എന്തിനും ഏതിനും പേരിന് പകരം നമ്പര്‍ ആയിരുന്നു വിളിച്ചിരുന്നത്. കുട്ടികളെ നമ്പര്‍ വിളിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല.
ഗേള്‍സ് ഹോമിന്റെ ബില്‍ഡിംഗ് സ്ട്രക്ചര്‍ പ്രത്യേക രീതിയില്‍ 'റ' ആകൃതിയിലാണ്. ഇരുമ്പ് ഗ്രില്‍ കടന്ന് അകത്തേക്ക് കയറുമ്പോള്‍ തന്നെ നടുമുറ്റവും സ്റ്റേജും കാണാം. വരാന്തയിലൂടെ നടന്നാല്‍ ഓരോ ഡോര്‍മിറ്ററിയിലേക്കും കയറാം. ഓരോന്നിനും ഓരോ പേരുകളുണ്ട്. ജവഹര്‍ ഹൗസ്, കമല ഹൗസ്, നെഹ്‌റു ഹൗസ്, തെരേസ ഹൗസ്, ശാന്ത ഹൗസ്, ബേബി ഹൗസ് എന്നിങ്ങനെ പത്തോളം ഡോര്‍മിറ്ററികളും, മുകളില്‍ മ്യൂസിക്, ഡാന്‍സ്, ടൈലറിംഗ്, സെറികള്‍ച്ചര്‍, എംബ്രോയിഡറി എന്നീ യൂണിറ്റുകൾ. കൂടാതെ നഴ്‌സിംഗ് അസിസ്റ്റന്റ് തങ്കേച്ചിയുടെ ഡിസ്പന്‍സറിയും. എല്ലായിടവും നല്ല വൃത്തിയോടെയും വെടിപ്പോടെയും അടിച്ചുവാരി തുടച്ചിട്ടുണ്ടാകും. ഇതെല്ലാം കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. എസ്റ്റേറ്റിന്റെ കുറെ ഭാഗങ്ങളില്‍ പട്ടുനൂല്‍ പുഴുക്കള്‍ക്ക് തിന്നാനായി മള്‍ബറി ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. രാവിലെ മേരിച്ചേച്ചി വന്നാല്‍ സ്‌ക്കൂളില്‍ പോകാത്ത കുട്ടികളെ മള്‍ബറി ഇലകള്‍ പറിക്കാന്‍ കൊണ്ടുപോകും. എസ്റ്റേറ്റില്‍ ജോലിക്ക് പോകാന്‍ കുട്ടികള്‍ക്ക് നല്ല താല്‍പര്യമാണ്. രണ്ട് മൂന്ന് മണി കഴിഞ്ഞേ പിന്നെ അകത്തേക്ക് കയറുകയുള്ളൂ. മാങ്ങ, പുളി, ചക്ക ഇതെല്ലാം വേണ്ടുവോളം പറിച്ചു തിന്നിട്ടായിരിക്കും തിരിച്ചുവരവ്. ഇടയ്ക്ക് ചിലര്‍ മേരിച്ചേച്ചിയുടെ കണ്ണ് വെട്ടിച്ച് ചാടി പോകാനും ശ്രമിക്കും.
നൈറ്റ് ഡ്യൂട്ടിയില്‍ സ്റ്റേജില്‍ മേശയും കസേരയും ഇട്ട് ഇരുന്നാല്‍ എല്ലാ ഡോര്‍മിറ്ററിയിലേക്കും ശ്രദ്ധ കിട്ടും. രാത്രി ഡ്യൂട്ടിയെ മനോഹരമാക്കുകയും സംഭവബഹുലമാക്കുകയും ചെയ്യുന്ന ഒട്ടനവധി കാര്യങ്ങള്‍ സ്ഥാപനത്തിനകത്ത് ഉണ്ടാകും. കുട്ടികള്‍ ഉറക്കം പിടിക്കുന്നത് വരെ ഡ്യൂട്ടിക്കാര്‍ എന്തെങ്കിലും വായിക്കുകയോ എഴുതുകയോ സംസാരിക്കുകയോ ചെയ്യും. ഡോര്‍മിറ്ററികളിലെ ലൈറ്റുകള്‍ അണയ്ക്കാറില്ല. ഒമ്പത് മണിക്ക് എല്ലാ ഡോര്‍മിറ്ററികളും പുറത്തുനിന്ന് അടച്ചു പൂട്ടിയിടും. എല്ലാവരും ഉറങ്ങിക്കഴിഞ്ഞോ, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ഡ്യൂട്ടിക്കാര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഡോര്‍മിറ്ററിയില്‍ കയറി പരിശോധിക്കും. എല്ലാവരും ഉറങ്ങിക്കഴിയുമ്പോഴേക്കും രണ്ടുമണിയെങ്കിലും കഴിഞ്ഞിരിക്കും. ഡ്യൂട്ടിക്കാര്‍ ഉറങ്ങാന്‍ പോകുമ്പോഴായിരിക്കും ചിലപ്പോള്‍ ഡോര്‍മിറ്ററികളില്‍നിന്നും 'ടീച്ചറേ' എന്നുള്ള വിളിയും കരച്ചിലും കേള്‍ക്കുക. ചെന്നു നോക്കിയാല്‍ ഉറക്കത്തില്‍ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ആരെങ്കിലും ഉച്ചത്തില്‍ കരയുന്നതാകും. അതല്ലെങ്കില്‍ പുതിയ കുട്ടികളുമായി പാതിരാത്രിയില്‍ പോലീസുകാരെത്തും. അവരുടെ പരിശോധനയും അഡ്മിഷന്‍ കാര്യങ്ങളും കഴിഞ്ഞ് പോലീസുകാര്‍ പോകുമ്പോഴേക്കും നേരം വെളുക്കാറായിട്ടുണ്ടാകും.
മുന്നൂറോളം കുട്ടികള്‍. അതില്‍ കൂടുതലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മനുഷ്യക്കടത്തിലൂടെയും തീവണ്ടികള്‍ മാറിക്കയറി കൂട്ടംതെറ്റിയും എത്തിപ്പെടുന്ന കൗമാരക്കാര്‍... ഇവിടെ എത്തിപ്പെടുന്ന ഓരോ പെണ്‍കുട്ടിക്കും പറയാന്‍ നൂറ് നൂറ് കാര്യങ്ങളുണ്ടാകും. മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതിന്റെ നോവുകളുടെ കഥ... വെന്തുനീറുന്ന മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ ഒരു നല്ല കേള്‍വിക്കാരെ തെരയുന്നവര്‍... പറഞ്ഞാല്‍ തീരാത്തത്രയും കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ വിറയ്ക്കുന്ന ശബ്ദത്തോടെ പറയുമ്പോള്‍ അവരില്‍നിന്നും ഉതിരുന്ന ചുടുനിശ്വാസത്തില്‍ കേള്‍വിക്കാരന്റെ ഹൃദയവും ചുട്ടുപൊള്ളും.
മാസത്തിലൊരു ഞായറാഴ്ചയാണ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും പരേഡ്. അന്നേ ദിവസം എല്ലാരും അവരവരുടെ സാധനങ്ങള്‍ പെട്ടിയടക്കം സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കണം. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കൈയില്‍ ഓരോ കുട്ടിക്കും കൊടുത്തിട്ടുള്ള സാധനങ്ങള്‍ എഴുതിയ രജിസ്റ്റര്‍ ഉണ്ട്; സൂപ്രണ്ടിന്റെ കൈയില്‍ ഒരു വടിയും.
ശാന്തി ഹൗസിലെ ഭവാനിയുടെ സാധനങ്ങള്‍ സൂപ്രണ്ടുമാര്‍ പരിശോധിച്ചു തുടങ്ങി. എന്നാല്‍, അവളുടെ നമ്പര്‍ ആയ 2222 ഒന്നിലും രേഖപ്പെടുത്തിയതായി കണ്ടില്ല. പകരം ഈര്‍ക്കിളില്‍ പെയിന്റ് മുക്കി നേരിയ അക്ഷരത്തില്‍ അവളുടെ പേര് ആര്‍ക്കും പെട്ടെന്ന് കാണാന്‍ പറ്റാത്ത സ്ഥലത്ത് എഴുതിട്ടുണ്ടായിരുന്നു. പാവാടയുടെ ഫ്‌ളീറ്റ്‌സിന് മറവില്‍ ബ്‌ളൗസിന്റെ സൈഡ് കട്ടിങ്ങിന്റെ ഭാഗത്ത്. സൂപ്രണ്ടിന് നല്ല ദേഷ്യം വന്നു; പ്രത്യേകിച്ച് ഡെപ്യൂട്ടി സൂപ്രണ്ടിന്. അവര്‍ ഭവാനിയുടെ നമ്പര്‍ വിളിച്ചു അടുത്തേക്ക് വരാന്‍ പറഞ്ഞു. എന്നാല്‍, അവള്‍ നിന്നിടത്ത്‌നിന്ന് അനങ്ങിയതേയില്ല. സൂപ്രണ്ട് അവളുടെ ഡ്രസ്സുകള്‍ ഡ്യൂട്ടിക്കാരുടെ കൈയില്‍ കൊടുക്കാന്‍ നോക്കി അവളുടെ നമ്പര്‍ ഇടാന്‍ പറഞ്ഞു. എന്നാല്‍ ഉടനെതന്നെ അവള്‍ സാധനങ്ങളെല്ലാം സൂപ്രണ്ടിന്റെ കൈയില്‍നിന്ന് തട്ടിമാറ്റി മൈതാനത്തേക്ക് കരഞ്ഞുകൊണ്ട് ഓടി.
എനിക്ക് നമ്പര്‍ വേണ്ട, പേര് മതി. എന്റെ പേര് ഭവാനീന്നാ... 2222 അല്ല. എന്നെ പേര് വിളിക്കുന്നതാണിഷ്ടം. 2222 എനിക്ക് വേണ്ട. അവള്‍ മൈതാനത്തിരുന്ന് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അപ്പോഴും അവളുടെ ഡ്രസ്സും പുസ്തകങ്ങളും അവള്‍ മാറോട് ചേര്‍ത്തുപിടിച്ചിരുന്നു.
ഓരോ ഡോര്‍മിറ്ററിയിലെയും കുട്ടികളുടെ പരിശോധന കഴിഞ്ഞപ്പോഴേക്കും സമയം ആറ് മണി കഴിഞ്ഞു. നാലും അഞ്ചും വയസ്സുള്ള ബേബി ഹൗസിലെയും ആറും ഏഴും വയസ്സുള്ള ഇന്ദിരാ ഹൗസിലെയും കുട്ടികളുടെ സാധനങ്ങള്‍ ആയമാരാണ് സൂക്ഷിച്ചുവെക്കുന്നത്. എട്ടു മുതല്‍ 10 വയസ്സു വരെയുള്ള ശാന്തി ഹൗസിലെ കുട്ടികളുടെ എല്ലാ മേല്‍നോട്ടവും 16 വയസ്സിന് മുകളിലുള്ള കുട്ടികളെയാണ് ലീഡറായി തെരഞ്ഞെടുത്ത് ചുമതലകള്‍ ഏല്‍പിക്കുന്നത്. അവരെ സഹായിക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള അസിസ്റ്റന്റ് ലീഡറെയും തെരഞ്ഞെടുക്കും. തെരേസ ഹൗസില്‍ പന്ത്രണ്ട് വയസ്സു മുതലുള്ള മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളാണ്. അവരുടെ ലീഡര്‍ തമിഴ്‌നാട്ടുകാരിയായ പതിനാറ് വയസ്സുള്ള മഞ്ജുളയായിരുന്നു. ഡോര്‍മിറ്ററിയിലെ കുട്ടികളുടെ എല്ലാ കാര്യങ്ങളും അവള്‍ നന്നായി ശ്രദ്ധിക്കുമെങ്കിലും സ്വന്തം കാര്യം അവള്‍ ഒട്ടും തന്നെ ശ്രദ്ധിച്ചിരുന്നില്ല.
തെരേസ ഹൗസിലേക്ക് സൂപ്രണ്ടുമാര്‍ പരിശോധനക്ക് വന്നപ്പോള്‍ മഞ്ജുളക്ക് ആകപ്പാടെ ഒരു വെപ്രാളം. കുട്ടികളുടെ സാധനങ്ങള്‍ സൂക്ഷിച്ചുവെച്ച ഇരുമ്പ് ട്രങ്കുകള്‍ പരിശോധനക്ക് വേണ്ടി സൂപ്രണ്ടിന് മുന്നില്‍ തുറന്നുവെച്ചു. അവള്‍ മാറിനിന്നു. എല്ലാം പരിശോധിച്ചു അവസാനം സൂപ്രണ്ടുമാര്‍ തെരേസ ഹൗസ് വിട്ട് പോകാനൊരുങ്ങി.
'ഒരു പെട്ടികൂടി ഉണ്ട് സാറേ'- പിന്നില്‍ നിന്നും കാവേരി ഉറക്കെ പറഞ്ഞു.
ഒന്നൂല്യ സാറേ കാവേരി പൊള്ള് പറയാണ്.
മഞ്ജുളയോട് ഇരുമ്പ് പെട്ടിയുടെ താക്കോല്‍ സൂപ്രണ്ട് ചോദിച്ചിട്ട് കൊടുക്കാനും കൂട്ടാക്കിയില്ല. അവള്‍ കൂടുതല്‍ വയലന്റായി. കാവേരി, പുറത്തേക്ക് പോയി ഒരു കമ്പിക്കഷണം കൊണ്ടുവന്ന് ഇതോണ്ട് തൊറക്കാന്‍ പറ്റും എന്ന് പറഞ്ഞു.
പെട്ടി നിറയെ, സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ നോട്ടുബുക്കുകള്‍, അണ്ടര്‍ ഗാര്‍മെന്റ്‌സ്, പേന, പെന്‍സില്‍, ഒരു കുപ്പിയില്‍ പുളി, കുറച്ച് കപ്പല്‍മുളക്, ഉപ്പ്, പഞ്ചസാര, ശര്‍ക്കര, ഒരു മുറി തേങ്ങ...
പിടിക്കപ്പെട്ട കള്ളനെപോലെ മഞ്ജു നിന്നു പരുങ്ങി.
'അടുക്കളയിലെ സാധനങ്ങളൊന്നും ഞാനെടുത്തതല്ല സാറന്മാരേ. എനിക്ക് അടുക്കളയില്‍ പണിക്ക് പോകുന്നവര്‍ കൊണ്ടുതരുന്നതാണ്.' മഞ്ജുള അങ്കലാപ്പോടെ പറഞ്ഞു.
ആരാണ് നിനക്ക് ഇതെല്ലാം കൊണ്ടുതരുന്നത്..? അത് പറഞ്ഞില്ലേല്‍ നല്ല അടി കിട്ടും.
എത്ര അടി കിട്ടിയാലും എന്നെ കൊന്നാലും ഞാന്‍ പറയൂല. ആരോടും പറയില്ലെന്ന് സത്യം ചെയ്തിട്ടാ അവരെനിക്ക് കൊണ്ട് തന്നത്.
മഞ്ജുവിനെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ സൂപ്രണ്ട് കിച്ചണിലേക്ക് പോയി.
അടുക്കളയില്‍ സഹായിക്കാന്‍ പോകുന്ന കുട്ടികള്‍ കുക്കുമാര്‍ കാണാതെ മുളക്, പുളി, ഉപ്പ്, പഞ്ചസാര, ചെറുനാരങ്ങ തുടങ്ങിയ സാധനങ്ങള്‍ പോക്കറ്റില്‍ തിരുകി ആരും കാണാതെ ഡോര്‍മിറ്ററിയിലെ പെട്ടിയില്‍ സൂക്ഷിച്ചുവെക്കും. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ കൂടിയിരുന്ന് നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് അവ നുണഞ്ഞിരിക്കും. ചിലപ്പോള്‍ നാരങ്ങവെള്ളം കലക്കും. ചില മിടുക്കികള്‍ ഉറങ്ങാതെ തക്കം പാര്‍ത്ത് കിടക്കും. എല്ലാം റെഡിയായി എന്ന് കണ്ടാല്‍ പതുക്കെ എഴുന്നേറ്റ് ഡ്യൂട്ടിക്കാരോട് പറഞ്ഞു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അതില്‍ പങ്കാളികളാകും. എന്നാല്‍, ഈവക കാര്യങ്ങളൊന്നും തന്നെ ഡ്യൂട്ടിക്കാര്‍ക്കോ സൂപ്രണ്ടിനോ അറിയില്ല എന്നാണ് കുട്ടികളുടെ വിശ്വാസം. ചിലതെല്ലാം കുട്ടികളുടെ പ്രായത്തിന്റെ സവിശേഷതകളായി കരുതി വിട്ടുകളയും. എന്നാല്‍, രാത്രിയില്‍ നടത്തുന്ന ചില വേണ്ടാതീനങ്ങള്‍ക്ക് നല്ല പണിഷ്‌മെന്റും കൊടുക്കാറുണ്ട്.
സ്ഥാപനത്തിന്റെ പിറക് വശം കാട് നിറഞ്ഞതാണ്. കള്ളന്മാര്‍ക്ക് ഒളിഞ്ഞിരിക്കാന്‍ പറ്റിയ ഇടം. പത്ത് മണി കഴിഞ്ഞാല്‍ ജനലിന് തട്ടലും മുട്ടലും കല്ലേറും ഉണ്ടാകും. ഓരോ മണിക്കൂര്‍ ഇടവിട്ട് സ്ഥാപനത്തിന് പുറത്ത് വാച്ചര്‍മാര്‍ റോന്ത് ചുറ്റണം. രാത്രിയില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മണിയടിക്കാന്‍ വാച്ച്മാന്‍ വിട്ടുപോയാല്‍ വാച്ച്മാന് സസ്‌പെന്‍ഷന്‍ കിട്ടിയെന്നിരിക്കും.
ഹൈസ്‌കൂളില്‍ പോകുന്ന കുട്ടികളെ രാവിലെ നാല് മണിക്ക് വിളിച്ചുണര്‍ത്തും. മുളകും മല്ലിയും ഇടിച്ചു പൊടിച്ച് അരയ്ക്കണം. തേങ്ങ ചിരവി അരയ്ക്കണം. ഇതെല്ലാം ചെയ്യുന്നതും നോക്കി ഡ്യൂട്ടിക്കാര്‍ അടുത്ത് തന്നെയുണ്ടാവണം. ഇല്ലെങ്കില്‍ തേങ്ങ പകുതിയും തിന്നു തീര്‍ക്കും, അല്ലെങ്കില്‍ ഡോര്‍മിറ്ററികളിലേക്ക് കൊണ്ടുപോകും. മുളക് ജനല്‍ വഴി പുറത്തേക്കെറിയും. അരവ് കുറഞ്ഞുപോയാല്‍ കുക്കുമാര്‍ക്ക് കലിയിളകും. കറി തികയാതെ വന്നാല്‍ കുട്ടികള്‍ സൂപ്രണ്ടിനോട് പരാതി പറയും. അതിനാല്‍, ഇതെല്ലാം ശ്രദ്ധയോടെ നോക്കാന്‍ ഡ്യൂട്ടിക്കാരില്‍ ഒരാള്‍ നാല് മണി മുതലേ അരവ് സ്ഥലത്തുണ്ടാകും. അല്‍പം കനിവുള്ള കുക്കുമാരാണെങ്കില്‍ കുറച്ച് കട്ടന്‍ചായ അരവിന് വരുന്ന കുട്ടികള്‍ക്ക് കൊടുക്കും. മുളകരച്ചു കഴിഞ്ഞാല്‍ ഒഴിഞ്ഞ എണ്ണയുടെ കവര്‍ പൊളിച്ച് കൈയില്‍ തേച്ച് ഓരോരുത്തരായി കൈ ഊതിക്കൊണ്ട് ഡോര്‍മിറ്ററിയിലേക്ക് പോകും. ചിലര്‍ വീണ്ടും കിടന്നുറങ്ങും. ചിലര്‍ അലക്കാനും കുളിക്കാനും പോകും. ചില കുട്ടികള്‍ക്ക് അസംബ്ലിയില്‍നിന്നും പ്രയറില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ കൂടിയാണ് ഇടിക്കലും അരയ്ക്കലും.
ബേബി ഹൗസിലെയും ഇന്ദിരാ ഹൗസിലെയും കുട്ടികളെ ആയമാര്‍ എണ്ണ തേപ്പിച്ച് കുളിപ്പിച്ച് ഡോര്‍മിറ്ററി വരാന്തയില്‍ ഇരുത്തി മുടി ചീകിക്കൊടുക്കുന്നു. ആയയെ സഹായിക്കാന്‍ കാവേരിയും ഭവാനിയും ഉണ്ട്. ഓമനത്തമുള്ള അവരെ കൊഞ്ചിക്കാന്‍ ചിലപ്പോള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ പിടിവലിതന്നെ നടക്കും. ചില മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് ആശ്വാസവും സന്തോഷവും ഈ കുഞ്ഞുങ്ങളായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ചേച്ചിമാരും. അവര്‍ കൊച്ചു കുട്ടികളെ സമയം കിട്ടുമ്പോഴെല്ലാം കളിപ്പിക്കുകയും ഓമനിക്കുകയും ചെയ്യും. അമ്മയുടെ പോലുള്ള സ്‌നേഹവാത്സല്യങ്ങള്‍ അവര്‍ക്ക് കിട്ടുമ്പോള്‍ അവരുടെ കുഞ്ഞു മുഖങ്ങള്‍ സന്തോഷംകൊണ്ട് തെളിയും.
അമ്മമാര്‍ മാത്രമുള്ളവരും, അഛന്‍മാര്‍ മാത്രമുള്ള കുട്ടികളെയും കാണാനെത്തുമ്പോള്‍ ആരും കാണാന്‍ വരാനില്ലാത്ത കുഞ്ഞുമുഖങ്ങള്‍ വിവര്‍ണമാകും. അവര്‍ ഗ്രില്ലിന്റെ വിടവിലൂടെ കാണാന്‍ വന്നവരുടെ സ്‌നേഹപ്രകടനങ്ങള്‍ നോക്കിനില്‍ക്കും. ചിലര്‍ മാറിനിന്ന് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങും.
ഒരുപാട് വേദനകള്‍ സഹിച്ചാണ് പലരും ഈ സ്ഥാപനത്തിന്റെ അകത്തളങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നത്. കരഞ്ഞും പട്ടിണികിടന്നും ആദ്യത്തെ ദിവസങ്ങളില്‍ അവര്‍ പ്രതിരോധിച്ചുനോക്കും. രക്ഷയില്ലെന്ന് കണ്ട് ഇവിടം സ്വീകരിക്കുന്നു. ഇവിടെ അവര്‍ക്ക് പല ജീവിതങ്ങളെ പഠിക്കാന്‍ കിട്ടുന്നു. അവരെക്കാള്‍ വേദന അനുഭവിച്ചവര്‍ ഇവിടെയുണ്ടെന്ന സത്യം മനസ്സിലാക്കുമ്പോള്‍ അവരുടെ വേദനകള്‍ അവര്‍ മറന്നുപോകുന്നു.
l