റിൻഷ പറപ്പിക്കും
മുനീര്‍ മങ്കട
നവംബര്‍ 2023
കേരളത്തിലെ ആദ്യ വനിതാ ഡ്രോണ്‍ പൈലറ്റ് റിന്‍ഷ
ഇത് റിന്‍ഷ പട്ടാക്കല്‍. വിമാനം പറത്താതെ പൈലറ്റായ റിന്‍ഷ എന്ന ഡ്രോണ്‍ പൈലറ്റ്.
പട്ടം പറത്തുന്ന ലാഘവത്തോടെ ഡ്രോണ്‍ പറത്തുന്ന മലപ്പുറം വടക്കാങ്ങര സ്വദേശിനി റിന്‍ഷ പട്ടാക്കല്‍ കേന്ദ്രസര്‍ക്കാറിന്റെ വ്യോമ ഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ ലൈസന്‍സ് നേടി കേരളത്തിലെ ആദ്യ വനിതാ ഡ്രോണ്‍ പൈലറ്റ് എന്ന നേട്ടത്തിന് അര്‍ഹയായി.
സര്‍വെയിങ്ങില്‍ ഡ്രോണുകളുടെ ഉപയോഗ സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയ സിവില്‍ എന്‍ജിനീയറായ പിതാവ് അബ്ദുല്‍ റസാഖ് ആണ് ഈ കോഴ്സിന് ചേരാന്‍ റിന്‍ഷയെ പ്രേരിപ്പിച്ചത്.
അസാപ്പ് കേരളയുടെ ആദ്യ പരിശീലന ബാച്ചിലെ തന്നെ ഏക വനിതാ പഠിതാവായിരുന്നു റിന്‍ഷ.
ആകാശ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, ട്രാഫിക്, കാലാവസ്ഥാ നിരീക്ഷണം, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങള്‍ എന്നിങ്ങനെ ഔദ്യോഗികവും സിവില്‍ ആവശ്യങ്ങള്‍ക്കും ഡ്രോണുകളുടെ ഉപയോഗ സാധ്യതകള്‍ അനവധിയാണ്.
സര്‍വെയിങ്ങില്‍ ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയാണ് ഈ കോഴ്സില്‍ ചേര്‍ന്നതെന്ന് റിന്‍ഷ പറയുന്നു.
പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിങ് പ്രവേശനം കാത്തിരിക്കുന്ന സമയത്താണ് പരീക്ഷ എഴുതി കോഴ്സ് പൂര്‍ത്തിയാക്കിയത്. ഒരു മാസത്തെ കോഴ്സ് നിരന്തര പരിശീലനത്തിലൂടെ 16 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോണ്‍ പറത്തല്‍ പരിശീലന കേന്ദ്രമായ കാസര്‍കോട്ടെ അസാപ്പ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. അസാപ്പ് കേരളയുടെ പ്രഥമ ഡ്രോണ്‍ പറത്തല്‍ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവ് കൂടിയായിരുന്നു റിന്‍ഷ.
കഴിഞ്ഞ മെയില്‍ ഡി.ജി.സി.എ അംഗീകാരം ലഭിച്ച ഈ കോഴ്സില്‍ 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റിങ് കോഴ്സ് 16 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാം.
അഞ്ചു ദിവസത്തെ ഡി.ജി.സി.എ ലൈസന്‍സിംഗ് പ്രോഗ്രാമും ഈ കോഴ്സിന്റെ ഭാഗമായുണ്ട്. ഡ്രോണിന്റെ സുരക്ഷാ പരിശോധനകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതും പൈലറ്റ് തന്നെയാണ്.
ഡ്രോണുകള്‍ പറപ്പിക്കുന്നതിന് നിലവില്‍ ഇന്ത്യയില്‍ ഡി.ജി.സി.എ ഡ്രോണ്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉയരവും അകലവും ഒരേ പോലെ അളക്കാവുന്ന ത്രീഡി മാപ്പിങ് സിസ്റ്റം ആണ് ഇത്. മക്കരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കിയ റിന്‍ഷ ഇപ്പോള്‍ പാലക്കാട് എന്‍.എസ്.എസ് കോളേജില്‍ ബി.ടെക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് .
ആര്‍ക്കിടെക് അവസാന വര്‍ഷ വിദ്യാര്‍ഥി അജ്മല്‍ ഷാന്‍, ഏഴാം ക്ലാസ്സുകാരിയായ ലിന്‍ഷ, രണ്ടു വയസ്സുകാരി ഇശ എന്നിവര്‍ സഹോദരങ്ങളാണ്.
സിവില്‍ എഞ്ചിനീയറായ പിതാവ് അബ്ദുല്‍ റസാഖും മാതാവ് മുനീബയുമാണ് റിന്‍ഷയുടെ നേട്ടങ്ങളുടെ പ്രചോദനം.
l