ഒരിക്കല്‍ ഒരു വീട്ടില്‍ പോയി.... അവര്‍ ഭക്ഷണം എടുത്തുവെച്ചു... ആ വീട്ടിലെ നാലുവയസ്സുകാരന് ഒരു കഷണം വെള്ളപ്പവുമായി പുറത്തേക്ക് പോയി... തിരിച്ചുവന്ന അവനോട്, 'യ് ഏടേക്കാ പോയത്' എന്ന് കുട്ടിയുടെ അമ്മ ചോദിച്ചു. 'ഞാന്‍, ഉറുമ്പിന് വെള്ളപ്പം കൊടുക്കാന്‍ പോയതാ' എന്നായിരുന്നു അവന്റെ മറുപടി.. ആ വീടും വീട്ടുകാരും അങ്ങനെയാണ്... മീന്‍ കഴിക്കുമ്പോള്‍ മുള്ളും വെയിസ്റ്റും പൂച്ചകള്‍ക്ക് എന്നല്ല, തങ്ങള്‍ കഴിക്കുന്നത് പോലെ ഒരു പങ്ക് അവര്‍ക്കും എന്നതാണ് അവിടത്തെ സിസ്റ്റം... മുറ്റത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രമല്ല, ഭക്ഷണം കഴിക്കാനും പാത്രം അവര്‍ മാറ്റിവെച്ചിട്ടുണ്ട്... പങ്കുവെച്ച് കഴിക്കണം എന്ന് മക്കളെ വെറുതെ പറഞ്ഞ് ഉപദേശിക്കുകയല്ല, അതെങ്ങനെ വേണമെന്ന് മക്കളെ അനുഭവിപ്പിച്ചു കൊടുക്കുകയായിരുന്നു അവര്‍.
ഇത് പരിശീലിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അധ്യാപകരും മതപണ്ഡിതന്മാരും രാഷ്ട്രീയ സംഘടനാ നേതാക്കളും ചെയ്യേണ്ടത്... കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്താല്‍, വസ്ത്രം കൊടുത്താല്‍, ഫീസൊക്കെ കൊടുത്ത് പഠിപ്പിച്ചാല്‍ നല്ല അച്ഛനും അമ്മയും ആയി എന്ന് നമ്മള് ചിന്തിക്കുന്നു. സിലബസിലുള്ളതെല്ലാം പഠിപ്പിച്ചാല്‍ ഉത്തരവാദിത്വം തീര്‍ന്നു എന്ന് അധ്യാപകരും. അതുപോലെ തന്നെയാണ് പ്രസംഗിച്ച് നടക്കുന്നവരുടെ കാര്യവും. മറ്റുള്ളവരെ ഉപദേശിക്കല്‍ മാത്രമാണ് തങ്ങളുടെ പണിയെന്നാണ് ചിന്തിക്കുന്നത്. ഇതാണ് നമ്മുടെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനം എന്ന ബോധമാണ്, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നേതാക്കള്‍ക്കും പണ്ഡിതന്മാര്ക്കും ഒക്കെ വേണ്ടത്.
മകളെയും കൊണ്ട് 'ഇല'യില്‍ വന്നിരിക്കുകയാണ് അച്ഛനും അമ്മയും. മകള്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല.... അവളോടൊന്ന് സംസാരിക്കണം... അതാണ് അച്ഛന്റെയും അമ്മയുടെയും ആവശ്യം. അവളാവശ്യപ്പെടുന്നതെന്തും ഞങ്ങള്‍ നല്‍കിയിട്ടുണ്ട്.. അവള്‍ക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ രണ്ടാളും ജീവിച്ചത്... എന്നൊക്കെ ആ അച്ഛനും അമ്മയും കണ്ണീരോടെ പറയുന്നുണ്ട്. എന്നിട്ടും മകള്‍ വിവാഹം വേണ്ടെന്ന് പറയുന്നു. മകളോട് സംസാരിച്ചു, എന്റെ അച്ഛനും അമ്മയും ജീവിച്ച പോലെയാണ് വിവാഹജീവിതമെങ്കില് എനിക്ക് ആ ജീവിതത്തോട് വെറുപ്പാണ് എന്നായിരുന്നു ആ മകളുടെ മറുപടി. തങ്ങളൊരു മാതൃകാ മാതാപിതാക്കളാണെന്നായിരുന്നു അതുവരെ അവര്‍ വിശ്വസിച്ചിരുന്നത്. മകളുടെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുന്നു എന്നു വിശ്വസിച്ച് അവര്‍ ചെയ്തതെല്ലാം അവരുടെ ഇഷ്ടങ്ങളായിരുന്നു.. അതില്‍ പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.. അതിന്റെ പേരില്‍ മകളുടെ മുന്നില്‍ കലഹിച്ചു... ഇതൊന്നും അവര്‍ ചിന്തിച്ചതേയില്ല... തങ്ങളെന്താണ് തങ്ങളിലൂടെ മകള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതെന്ന് അവര്‍ ആലോചിച്ചില്ല...
ശരിക്കും ഒരു മനുഷ്യന് രണ്ട് മുഖങ്ങളുണ്ട്. സ്നേഹം, കരുണ, ദയ ഇതൊക്കെയാണ് ഒരു ഭാഗത്ത്.. ദേഷ്യം, അസൂയ, കുശുമ്പ്, വൈരാഗ്യം എന്നിവയൊക്കെയാണ് മറുഭാഗത്ത്. അവയെല്ലാം പൂര്‍ണമായും ഇല്ലാതെയാക്കാന്‍ നമ്മളെക്കൊണ്ട് സാധിക്കില്ല.. പക്ഷേ, ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൂടെയുണ്ട് എന്നെങ്കിലും തിരിച്ചറിയണം. അതിനെയാണ് വിവേകം എന്ന് പറയുന്നത്. ജീവിതത്തിന്റെ നല്ല വശങ്ങളെ പരിപോഷിപ്പിച്ച് നിലനിര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ മോശം വശങ്ങൾക്ക് മേൽക്കൈ ഉണ്ടാവുകയില്ല.. നമ്മള് സമാധാനത്തില്‍ ഇരിക്കുമ്പോഴാണ് നമ്മുടെ ചിന്തകള്‍ പോലും കംഫര്ട്ടാവുകയുള്ളൂ... ഇങ്ങനെയാണ് കരുണയുള്ള മനുഷ്യരാവാന്‍ പരിശീലിക്കുക. വീട്ടില്‍ പ്രായമായവരെ കരുതലോടെ നോക്കുന്നത്, ചുറ്റുവട്ടത്തുള്ളവരെ പരിചരിക്കുന്നത്, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്, പാട്ടുകേള്‍ക്കുന്നത്, യാത്ര ചെയ്യുന്നത് എല്ലാം കുട്ടികള്‍ അനുഭവിക്കട്ടെ.
മതം സമാധാനമാകണം. നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യര്‍ക്ക് സമാധാനം കൊടുക്കാനാകുമ്പോഴാണ് ഒരാള്‍ മുസ്ലിമാകുന്നത്. അല്ലാതെ താടിവെച്ചാല്‍, മക്കനയിട്ടാല് ഒന്നുമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് മതമെന്ന് പറഞ്ഞാല്‍ പലപ്പോഴും ചിഹ്നങ്ങളാണ്. ഹിന്ദു പൊട്ടുതൊടുന്നു, മുസ്ലിം തട്ടമിടുന്നു, ക്രിസ്ത്യാനി മുട്ടുകുത്തി കുരിശ് വരയ്ക്കുന്നു.... അങ്ങനെയങ്ങനെ.. അല്ലാതെ എന്താണ് മതമെന്ന് കുട്ടികളെ അനുഭവിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല.
പങ്കുവെച്ച് കഴിക്കുന്ന, സ്നേഹിക്കാനറിയുന്ന ഒരു കുട്ടിക്ക് ഒരിക്കലും തെറ്റിലേക്ക് പോകാന്‍ കഴിയുകയില്ല. അതിനുമുമ്പ് അവന് തന്റെ പ്രിയപ്പെട്ടവരുടെ മുഖമൊന്ന് ഓര്‍ക്കും. താന്‍ ഒരു തെറ്റ് ചെയ്താല്‍ അവര്‍ വേദനിക്കുമല്ലോ എന്ന് ചിന്തിക്കും.. അങ്ങനെയെങ്കില്‍ ഇത്രയധികം കുട്ടിക്കുറ്റവാളികള്‍ നമുക്ക് ചുറ്റും ഉണ്ടാകുമായിരുന്നില്ല...
ഏതാണ്ട് 7000ത്തോളം പേര്‍ക്കുള്ള സൗകര്യമേ നമ്മുടെ ജയിലുകളിലുള്ളൂ. എന്നാല്‍ 10000ത്തില്പരം ആളുകളാണ് ആ ജയിലുകളിലുള്ളത്. അത്ര തന്നെ ആളുകള്‍ പരോളിലും ജാമ്യത്തിലും ഒക്കെയായി പുറത്തും ഉണ്ട്. 18 വയസ്സു മുതല്‍ പ്രായമുള്ളവരുണ്ട് ആ കൂട്ടത്തില്‍. 25 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായി മറ്റൊരു ജയില്‍ സിസ്റ്റമാണ് ഉണ്ടാകേണ്ടത്. സത്യത്തില്‍ എന്തിനാണ് ജയില്‍ ? ഒരു മനുഷ്യന് താന്‍ ചെയ്ത തെറ്റുകളില്‍ നിന്നുള്ള മാറിനടത്തമാണ് ജയിലുകളില്‍ സംഭവിക്കുന്നത് എന്നാണ് പൊതു ധാരണ. എന്നാല്‍, കേരളത്തെ മുഴുവൻ ക്രിമിനലുകളുടെ നെറ്റ്വര്‍ക്കിന്റെ ഭാഗമാക്കുകയാണ് പലരും ജയിലുകളിലൂടെ... ഉത്തരവാദപ്പെട്ടവര്‍ക്ക് ആ ബോധം ഉണ്ടാകാത്തിടത്തോളം കാലം ഇതുതന്നെ ജയിലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കും.
എട്ടാം ക്ലാസ്സ് മുതല്‍ മയക്കുമരുന്നിന് അടിമയായ ഒരു കുട്ടി. ചികിത്സ കഴിഞ്ഞു, പിന്നീടാണ് 'ഇല'യില്‍ വരുന്നത്. ഒരു പതിനെട്ടുകാരന്. ഈ ചെറിയ പ്രായത്തിനിടയില്‍ മയക്കുമരുന്നിനൊപ്പം തന്നെ പല സ്ത്രീകളുമായും അവന് ലൈംഗികബന്ധം ഉണ്ടായിട്ടുണ്ട്. തനിക്കെങ്ങാന്‍ എയ്ഡ്സ് വരുമോ എന്നാണ് ഇപ്പോള്‍ അവന്റെ പേടി. പക്ഷേ, എന്നിട്ടും എല്ലാവരും തന്നെപ്പോലെ ആകണം എന്നാണ് അവന് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇതുതന്നെയാണ് ഇത്തരം മനുഷ്യന്മാരില് എല്ലാവരുടെയും മനസ്സിലും. താന്‍ നശിച്ചു... എന്നിട്ട് ഇപ്പോള്‍ തനിക്കെന്ത് പറ്റി? അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ക്കും ഈ വഴി തെരഞ്ഞെടുക്കുന്നതില്‍ എന്താണ് കുഴപ്പം എന്നാണ് അവര്‍ ചിന്തിക്കുന്നത് പോലും.
എല്ലാ കുട്ടികളെയും മനുഷ്യശരീരത്തിന്റെ അനാട്ടമി പഠിപ്പിക്കണം... എന്താണ് നമ്മുടെ ശരീരത്തില്‍ നടക്കുന്നത് എന്ന് ഓരോരുത്തരും അറിയണം. നമ്മുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം, ഒരു ഫാക്ടറി പോലെയാണ്. അതിന്റെ വാല്യു നമ്മള് തിരിച്ചറിയണം... അതുകൊണ്ടാണ് പ്രവാചകന് മൂന്നിലൊന്ന് ആഹാരം, മൂന്നിലൊന്ന് വായു, മൂന്നിലൊന്ന് വെള്ളം എന്ന ചിട്ട പിന്തുടര്ന്നത്.
ഓരോ മനുഷ്യനും വൃത്തിയുള്ള പാത്രങ്ങളാകണം. വൃത്തിയില്ലാത്ത പാത്രത്തില്‍നിന്ന് നമുക്ക് ഭക്ഷണം കഴിക്കാന്‍ തോന്നില്ല. വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം... അതുപോലെയാകണം നമ്മള്... നമ്മള് നല്കുന്ന ഉപദേശം വൃത്തിയുള്ള ഭക്ഷണമായിരിക്കും, പക്ഷേ, അത് വിളമ്പുന്നത് നമ്മളിലൂടെയാണ്.... അപ്പോള്‍ നമ്മൾ വൃത്തിയുള്ള പാത്രങ്ങളാകണം...എങ്കിലേ നമ്മളുദ്ദേശിക്കുന്നത് കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്കാന് സാധിക്കൂ.... ജീവിതം അനുഭവിപ്പിക്കാനും അനുഭവിക്കാനും പരസ്പരാശ്രിതര്‍ എന്ന നിലയില്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
രണ്ട് ഗവണ്മെന്റ് പദ്ധതികളാണ് 'ഇല'യില്‍ നടക്കുന്നത്. കാവലും ഹോപ്പും. പല കാരണങ്ങളാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയ കുട്ടികളെ 18 വയസ്സിന് മുമ്പ് കണ്ടെത്തി അവരെക്കൊണ്ട് പരീക്ഷ എഴുതിക്കുന്ന പദ്ധതിയാണ് ഹോപ്പ്. നിയമങ്ങളുമായി പൊരുത്തപ്പെടാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ളതാണ് കാവല്‍ പദ്ധതി. പ്രതിസന്ധിയിലായിപ്പോകുന്ന മിക്ക കുട്ടികളുടെയും പ്രധാന പ്രശ്നം സ്വസ്ഥത ഇല്ലാത്ത കുടുംബാന്തരീക്ഷമാണ്.
അവരോട് ആദ്യമൊന്ന് സമാധാനമായി ഉറങ്ങാനാണ് പറയുക... നല്ല ഭക്ഷണവും കൊടുക്കും.... പിന്നെ ഒന്നിച്ച് പുറത്തുപോകുന്നു... കൂടെ വരുന്നോന്ന് ചോദിക്കും... അവര്‍ കൂടെ പോരും... ഹോം കെയറിനായിരിക്കും ആ യാത്ര.... രോഗീ പരിചരണം കാണുന്ന കുട്ടികള്‍ അവര്‍ പോലും അറിയാതെ, ആരും ഒന്നും പറയാതെ തന്നെ സ്വന്തത്തെ തിരിച്ചറിയുന്നു. സഹജീവികളോട് ബാധ്യതയും ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ ക്രമേണ പാകപ്പെടുന്നു.
അവരെ ഉപദേശിക്കാന്‍ നില്‍ക്കാറില്ല... അവരുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും... തോളില്‍ കൈയിട്ട് നടക്കും... അവരെ പരിഗണിക്കും... ബഹുമാനം നല്‍കും... അവരൊരു കുറ്റം ചെയ്ത് വന്നവരാണ്, ക്രിമിനലുകളാണ് എന്ന തോന്നല്‍ അവരിലുണ്ടാകാത്ത വിധത്തില്‍ ചേര്‍ത്തുനിര്‍ത്തും. അത് അവര്‍ക്ക് സന്തോഷം നല്‍കും. അവര്‍ക്കതൊരു പോസിറ്റീവ് എനര്‍ജി നല്‍കും. ആ കുട്ടികളുടെ വീടുകളില്‍ പോകും... രക്ഷിതാക്കളുമായി സംസാരിക്കും.. വീട്ടില്‍നിന്ന് വരുന്ന ദിവസം ഭക്ഷണം കൊണ്ടുവരാന്‍ പറയും... ഒരുപിടി ചോറ് അധികമെടുക്കാന്‍ പറയും... ഇവിടെയെത്തിയാല്‍ പങ്കുവെച്ച് കഴിക്കാനുള്ളതാണ് അതെന്ന് അവര്‍ക്കറിയാം... അവര്‍ സ്നേഹമെന്തെന്ന് അറിഞ്ഞുതുടങ്ങും... സമാധാനമെന്തെന്ന് തിരിച്ചറിയുന്നു... അവരുടെ ഹൃദയത്തിലെ വെളിച്ചം, മുഖത്തെ പുഞ്ചിരി, കണ്ണുകളിലെ തിളക്കം കെടാതെ കാത്തുസൂക്ഷിക്കാനുള്ള ശ്രദ്ധ പുലര്‍ത്തിയാല്‍ മാത്രം മതി, നമ്മളോരോരുത്തരും....