ദത്തെടുക്കൽ നിയമം മറയാക്കി അനധികൃതമായി വിൽക്കപ്പെടുന്ന കുട്ടികളെ കുറിച്ച്
ഹൃദയങ്ങളില്‍ സന്തോഷത്തിന്റെ പ്രകാശം ചൊരിയുന്നവരാണ് കുട്ടികള്‍. പക്ഷേ വ്യാപാരച്ചന്തകളില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി കുഞ്ഞുങ്ങള്‍ വേട്ടയാടപ്പെടുകയാണ്.
വര്‍ഷംതോറും മൂന്ന് ലക്ഷത്തോളം കുട്ടികളാണ് വികസിത-വ്യാവസായിക രാജ്യങ്ങളില്‍ വിപണനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധവും പൈശാചികവുമായ ഈ ഇടപാടിലൂടെ ഏകദേശം 150 ബില്യന്‍ ഡോളര്‍ അനധികൃത വാര്‍ഷിക വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നു. കൊച്ചുകുട്ടികള്‍ മാത്രമല്ല, നവജാത ശിശുക്കള്‍ വരെ ഈ വ്യാപാര ശൃംഖലയില്‍ ഇരകളാക്കപ്പെടുന്നുണ്ട്. ലോകത്ത് നിലനില്‍ക്കുന്ന ദത്തെടുക്കല്‍ നിയമം മറയാക്കിയാണ് ഈ കുട്ടിക്കടത്ത് തുടരുന്നത്. ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, തെക്കന്‍ കൊറിയ, ഫിലിപ്പൈന്‍സ്, തായ്ലന്റ്, ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, നേപ്പാള്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, ഘാന, സോമാലിയ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലി, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ, പരാഗ്വേ, ഹെയ്തി, ഹോണ്ടുറാസ്, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, പെറു, യൂറോപ്യന്‍ രാജ്യങ്ങളായ റുമാനിയ, റഷ്യ, അല്‍ബേനിയ എന്നിവ വഴിയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇറക്കുമതിക്കാരാവട്ടെ അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട്, സ്വീഡന്‍, ഇസ്രായേല്‍ തുടങ്ങിയ വികസിത രാജ്യങ്ങളും.
സമ്പന്നരായ അമേരിക്കന്‍-യൂറോപ്യന്‍ കുടുംബങ്ങളെ ആശ്രയിച്ചാണ് ശിശുക്കമ്പോളം. സമ്പന്ന കുടുംബങ്ങളിലെ വികലാംഗരായ കുട്ടികള്‍ക്ക് പകരംവെക്കാന്‍ പുതിയ അവയവങ്ങള്‍ ആവശ്യമായി വരുന്നതാണ് ഒരു കാരണം. ദത്തെടുക്കലിലൂടെ സമ്പന്ന കുടുംബത്തിലെ ദമ്പതികള്‍ക്ക്, ഗര്‍ഭധാരണത്തിലൂടെയും പ്രസവത്തിലൂടെയും മറ്റുമുണ്ടാകുന്ന ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളെ മറികടക്കാന്‍ സാധിക്കുന്നു. ബ്രസ്സല്‍സിലെ ജനാധിപത്യനിയമങ്ങള്‍ക്കായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടന (ECDHR)യുടെ റിപ്പോര്‍ട്ടില്‍, വെനിസ്വേലയിലെയും മെക്‌സിക്കോയിലെയും അവയവ വേട്ടക്കാരുടെ ഇരകളായിത്തീര്‍ന്ന കുട്ടികളുടെ ദൈന്യത വെളിപ്പെടുത്തുകയുണ്ടായി. ബ്രസീല്‍, മെക്സിക്കോ, ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും അവയവങ്ങള്‍ തട്ടിയെടുക്കാന്‍ പ്രത്യേകം ക്ലിനിക്കുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൂന്നാം ലോക രാജ്യങ്ങളിലെ പാവപ്പെട്ടവരും ദരിദ്രരുമായവരെ വരുതിയിലാക്കാനും കച്ചവടക്കാര്‍ ശ്രമിക്കാറുണ്ട്. കുഞ്ഞുങ്ങളെ ഇങ്ങനെ കൈമാറ്റം ചെയ്യുന്നതിലൂടെ ശോഭനമായ ഒരു ഭാവി അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്നു.
1987 വരെ സൈന്യത്തിന്റെ ഒത്താശയോടെ ശ്രീലങ്കയില്‍ ഒരു 'ശിശുഫാം' പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്കായുള്ള ഒരു വന്‍കിട ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്. അവിടെ വെച്ച് യുവതികള്‍ തൊലിവെളുത്ത വിദേശികളുമായി 'ദാമ്പത്യം' പങ്കിടാന്‍ നിര്‍ബന്ധിക്കപ്പെടുകയും പ്രസവം വരെ ആവശ്യക്കാരെ അവിടെ താമസിക്കാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നു. കൊളംബോയിലെ ജര്‍മന്‍ എംബസി ഉദ്യോഗസ്ഥരായിരുന്നുവത്രെ ഇതിനു ചരടുവലിച്ചിരുന്നത്.
ലോകത്ത് നിലവിലുള്ള 30 ശതമാനം ദത്തുകുട്ടികളും കിഴക്കന്‍-തെക്കുകിഴക്കന്‍ യൂറോപ്പില്‍നിന്നുള്ളവരാണ്.
നേരത്തെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ക്യാമറക്കു പോസ് ചെയ്തുകൊണ്ട് ഒരു ശിശുവ്യാപാരി, മാസാന്തം 2000 ഡോളര്‍ മുതല്‍ 50,000 ഡോളര്‍ വരെ ശിശുവിപണിയിലൂടെ സമ്പാദിക്കുന്നതായി വെളിപ്പെടുത്തുകയുണ്ടായി. പൂര്‍ണ ഗര്‍ഭിണികളായ ചില റുമേനിയന്‍ വനിതകള്‍ പ്രസവിക്കാന്‍ ബള്‍ഗേറിയയിലേക്ക് പറക്കുന്നവരാണ്. അവിടെ വെച്ച് ബ്രോക്കര്‍മാര്‍ക്ക് നവജാത ശിശുക്കളെ കൈമാറുന്നു. പ്രതിഫലമായി 80 അമേരിക്കന്‍ ഡോളറാണ് അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഏകദേശം നൂറിരട്ടി വരെ സംഖ്യക്കാണ് വില്‍പനക്കാര്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്നത്.
ഗര്‍ഭം സ്ഥിരപ്പെടുമ്പോള്‍ തന്നെ ഗര്‍ഭസ്ഥ ശിശുക്കള്‍ വില്‍ക്കപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്ര മാര്‍ഗമായ സോണോഗ്രാഫിയിലൂടെ, ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ ലിംഗവും ആരോഗ്യനിലയും രോഗപ്രതിരോധ ശേഷിയും നിര്‍ണയിക്കാനാവുന്നത് വ്യാപാരികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
ഇങ്ങനെ വില്‍ക്കപ്പെടുന്ന കുട്ടികള്‍ വന്‍കിട ഫാക്ടറികളിലും മറ്റു തൊഴില്‍ മേഖലകളിലും എത്തിപ്പെടുന്നുണ്ട്. ചിലരെ യാചനക്കുവേണ്ടി ഉപയോഗിക്കുന്നു. അതിനീചമായ ലൈംഗിക ഇടങ്ങളിലേക്കും ചിലര്‍ ആട്ടിത്തെളിക്കപ്പെടുന്നു. അതുപോലെ തന്നെ ഖനികളിലേക്കും ഇഷ്ടികച്ചൂളകളിലേക്കും എടുത്തെറിയപ്പെടുന്നവരുമുണ്ട്. നിയമങ്ങള്‍ നോക്കുകുത്തിയാക്കപ്പെടുന്നിടത്ത് ഇത്തരം വിപണനങ്ങള്‍ നടക്കുന്നത് ദത്തെടുക്കല്‍ നിയമത്തിന്റെ മറപിടിച്ചുകൊണ്ടാണ്.
l