യഥാര്‍ഥ ജീവിതത്തിലേക്ക് മടങ്ങിവന്ന ഇരുപത്തിമൂന്നുകാരന് മയക്കുമരുന്നുകള്ക്കടിമയായി ജീവിച്ച കാലം ഓര്‍ക്കുന്നു
ഞാന്‍ മുഹമ്മദ് സ്വാലിഹ്. എനിക്കൊരു കഥ പറയാനുണ്ട്. കഥയല്ല, എന്റെ ജീവിതം.
ഒരുപക്ഷേ, നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ ഉണ്ടാവുമോ എന്നറിയില്ല. എന്നാലും എനിക്കിതൊന്നും പറയാതിരിക്കാന്‍ വയ്യ. നിങ്ങളെപ്പോലെ സ്കൂളിലും കോളേജിലും പഠിച്ച് ഒരു പട്ടാളക്കാരനാവാന്‍ കൊതിച്ചവനായിരുന്നു ഞാനും. എനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു എന്റെ കൂട്ടുകാര്‍. അവരോടൊപ്പം കളിച്ചും ചിരിച്ചും ഒരുപാട് നാള് കഴിഞ്ഞു. പക്ഷേ, ആ ചിരിയും കളിയും ഞങ്ങളെ ഒറ്റപ്പാലം സബ് ജയിലില്‍ എത്തിക്കുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
ഞങ്ങള്‍ 12 പേര് എട്ടാം ക്ലാസ്സില്‍നിന്ന് ഒന്‍പതിലേക്ക് ജയിച്ചുനില്‍ക്കുന്ന സമയം. ഞങ്ങള്‍ പുലര്‍ച്ചെ പേപ്പര്‍ ഇടാനും മറ്റു ചെറിയ ജോലികള്‍ക്കുമെല്ലാം പോയിരുന്നു. ഒരു ദിവസം എന്റെ ഒരു ചങ്ങാതി ഞങ്ങള്‍ക്ക് ഒരു പൊതി കഞ്ചാവ് തന്നു. അന്ന് അതൊരു തമാശയായിട്ടായിരുന്നു കണ്ടത്. റോട്ടില് കിടക്കുന്ന സിഗരറ്റ് കുറ്റികള്‍ തെരഞ്ഞുപിടിച്ചു വലിക്കുന്ന ഒരു സ്വഭാവം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. കൂട്ടുകാരന് കൊണ്ടുതന്നതല്ലേ, അതൊന്നു വലിച്ചുനോക്കാന്‍ വല്ലാത്തൊരു കൊതി. അങ്ങനെ അത്രയും നാളില്ലാത്ത ഒരു സ്വഭാവം ഞങ്ങള്‍ തുടങ്ങി. പെട്ടെന്ന് നിര്‍ത്തണം എന്ന ചിന്തയായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കതിനു കഴിഞ്ഞില്ല.
അങ്ങനെ ഒരുപാട് ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഞാന്‍ ഒമ്പതാം ക്ലാസ്സിലെ പഠിത്തം നിര്‍ത്തി.
ശരിക്കും പറഞ്ഞാല്‍ പഠിത്തം ഞാന്‍ നിര്‍ത്തിയതല്ല; ക്ലാസ്സില്‍ ചെന്നിരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുന്നില്‍ ഞാനൊന്നുമല്ല എന്ന് തോന്നിത്തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് ചെറിയ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് പോയിത്തുടങ്ങി. നാല് കൊല്ലം കഴിഞ്ഞത് ഞാന്‍ അറിഞ്ഞതേയില്ല. തമാശ രീതിയില്‍ തുടങ്ങിയ കഞ്ചാവ് ഉപയോഗം അപ്പോഴേക്കും ഞങ്ങളെ എം.ഡി.എം.എ, സ്റ്റാമ്പ് പോലുള്ള ലഹരി വസ്തുക്കളിലേക്ക് എത്തിച്ചിരുന്നു. അട്ടപ്പാടി മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ചെറിയ പൊതികളിലായി നാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന ബന്ധങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിത്തുടങ്ങി.
കൊറോണക്കാലമായതുകൊണ്ട് നാട്ടില്‍ പോലീസ് ചെക്കിംഗ് കൂടി നില്ക്കുന്ന സമയം. അപ്പോഴേക്കും ഞങ്ങളുടെ ജോലി നഷ്ടമായിത്തുടങ്ങി. കൈയില്‍ കാശില്ലാതായി. കഞ്ചാവില്ലാതെ ഉറങ്ങാന്‍ കഴിയില്ല എന്ന അവസ്ഥ വന്നു. പതിയെ പതിയെ മോഷണം ഒരു ഹരമായി. ബൈക്ക് മുതല്‍ ഓരോ സാധനങ്ങള്‍ മോഷ്ടിച്ച് കിട്ടുന്ന കാശിന് കഞ്ചാവ് വാങ്ങിയും മറ്റു ഡ്രഗ്സ് വാങ്ങിയും അത് ചെറിയ രീതിയില്‍ നാട്ടില്‍ കച്ചവടം ചെയ്തും നടന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ തന്നെയായിരുന്നു ഞങ്ങളില്‍നിന്ന് ഏറെ വാങ്ങിയിരുന്നത്. വീട്ടില്‍നിന്ന് എന്നും ജോലിക്ക് പോയി വന്നിരുന്ന ഞാന്‍ പിന്നെ പിന്നെ വീട്ടിലേക്ക് കയറാതായി. ഉമ്മക്ക് സംശയം ഉണ്ടാവാതിരിക്കാന്‍ ഞങ്ങള്‍ പുറത്ത് ജോലിക്ക് കയറി എന്ന ഒരു കള്ളം പറഞ്ഞു.
നാട്ടിലെ മലമുകളിലും കാടുകളിലും പകലും രാത്രിയും ഉറങ്ങി സമയം ചെലവഴിക്കും. ഒരിക്കല്‍ ഞങ്ങള്‍ക്ക് ഒരു വലിയ ഓഫര്‍ കിട്ടി; കഞ്ചാവ് കൊണ്ടുപോവുന്ന വണ്ടികള്‍ക്ക് എസ്കോര്‍ട്ട് പോവാനുള്ളതായിരുന്നു അത്. കൂട്ടുകാരന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷേ, ആ സമ്മതത്തിന് എന്റെ ജീവന്റെ വിലയുണ്ട് എന്ന് അന്ന് മനസ്സിലാക്കാനായില്ല.
മോഷണം പതിവാക്കിയ ഞാന്‍ ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന തുച്ഛമായ കാശിന് ഒരു പൊതി കഞ്ചാവും വാങ്ങി വന്ന് മലയുടെ മുകളില്‍ അങ്ങനെ കിടക്കും. രണ്ടാഴ്ചക്ക് ശേഷമാണ് വീട്ടിലേക്ക് പോയത്. ഞാന്‍ മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് ഉപ്പ ആരില്‍നിന്നോ അറിഞ്ഞിരുന്നു. അതും പറഞ്ഞ് ഉപ്പ ദേഷ്യപ്പെട്ടപ്പോള്‍ വീട്ടിലിരുന്ന കത്തിയെടുത്ത് ഉപ്പയുടെ കഴുത്തിലേക്ക് നീട്ടി. ഞാന്‍ ചെയ്തതൊന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല. ഒരു ദിവസം കൂട്ടുകാരന്റെ ഉമ്മ എന്നെ വിളിച്ച് അവനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്ന് പറഞ്ഞു. പിന്നെ ഞങ്ങളെ എല്ലാവരെയും പിടിച്ചു കൊണ്ടുപോയി. ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്കായിരുന്നു കൊണ്ടുപോയത്. ഒരുപക്ഷേ, കൈയില്‍ കാശുള്ളതുകൊണ്ടായിരിക്കാം, ഞങ്ങള്‍ക്കെതിരെ ഒരു കേസ് പോലും എടുത്തില്ല. നിയമം പാലിക്കേണ്ട പോലീസുകാര്‍ കൈക്കൂലി വാങ്ങി ഞങ്ങളെ ആ കേസില്‍നിന്ന് ഒഴിവാക്കി. പക്ഷേ, 'പല നാള് കള്ളന് ഒരു നാള് പിടിയില്‍' എന്ന പോലെ ഞങ്ങള്‍ വീണ്ടും പിടിക്കപ്പെട്ടു. ശ്രീകൃഷ്ണപുരം പോലീസായിരുന്നു പിടിച്ചത്. എന്തോ അവിടെ ഉണ്ടായിരുന്ന സി.ഐ ബിനീഷ് സാറിന്റെ ദയ കൊണ്ടായിരിക്കും, ഞങ്ങളെ അവര്‍ തല്ലിയില്ല; സ്നേഹത്തോടെ സംസാരിക്കാന്‍ വന്ന റഫീഖ് സാറും. അതുകൊണ്ടാവണം, ഞങ്ങള്‍ എല്ലാ കാര്യങ്ങളും അവരോട് തുറന്നുപറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ഉണ്ടായിരുന്ന എസ്.ഐ നൗഷാദ് സാറും സജീര്‍ സാറും ഞങ്ങള്‍ക്ക് വല്ലാത്ത സപ്പോര്‍ട്ടായിരുന്നു. അന്ന് ഒരു ബലിപെരുന്നാള്‍ രാവ് ആയിരുന്നു. സ്റ്റേഷനില്‍നിന്ന് ഞങ്ങളെ കോടതിയില്‍ ഹാജരാക്കി. എന്റെ സഹോദരന് ഗലീഫയും വക്കീല്‍ ഹാഷിമും എന്നെ കാണാന്‍ വന്നു. 'ഇതെല്ലാം നീ ചെയ്തതാണോ' എന്ന് അവരെന്നോട് സ്നേഹത്തോടെ ചോദിച്ചപ്പോള്‍ ഞാന്‍ 'അതെ'യെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു; 'ഇനി ഒരിക്കലും ഇതൊന്നും ചെയ്യില്ലെങ്കില്‍, നിന്റെ കൂടെ ഞങ്ങളുണ്ടാവും' എന്ന്. തെളിവെടുപ്പിനായി എന്നെ കൊണ്ടുവന്നപ്പോള്‍ ഉമ്മയും വല്ലിമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട്, എന്നെ ഒന്ന് കാണാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. സ്നേഹത്തോടെ റഫീഖ് സാര്‍ അവരെയും കൂട്ടി എന്റടുത്ത് വന്നു. എനിക്ക് വേണ്ടി ഒരുപാട് ഭക്ഷണം ഉണ്ടാക്കിയാണ് അവര്‍ വന്നത്. അവരുടെ മുന്നില്‍ കരയാതെ ആവുന്നതും ഞാന്‍ പിടിച്ചുനിന്നു. എന്നെ കണ്ടതിനു ശേഷം പോലീസ് ഓഫീസര്‍ എന്നോട് വളരെ സ്നേഹത്തോടെ പറഞ്ഞു; 'അവരുള്ള കാലമാണ് നിന്റെ സ്വര്‍ഗം. അതുകൊണ്ട് അവരുടെ ഒരു തുള്ളി കണ്ണുനീര് ഇനി വീഴ്ത്തരുത്.' അന്ന് സാറിന് ഞാന്‍ ഒരു വാക്ക് കൊടുത്തു; 'ഒരിക്കലും ഞാന്‍ കാരണം എന്റെ ഉമ്മയോ ഉപ്പയോ പെങ്ങളോ വല്ലിമ്മയോ ഇനി കരയില്ല.' ആ വാക്ക് കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ വേറെയൊരു ചിന്തയായിരുന്നു; ഇത്രയും സ്നേഹിക്കുന്ന കുടുംബത്തെ ഞാന്‍ ഇതുവരെ ഓര്‍ത്തില്ലല്ലോ എന്ന്. എന്തായാലും ഇനി ഞാന്‍ പുറത്തിറങ്ങിയാല്‍ ഒരിക്കലും എന്റെ കുടുംബം ഞാന്‍ കാരണം കരയാന്‍ പാടില്ല എന്നൊരു തീരുമാനമെടുത്തു. ഒരു കഷണം കയറില്‍ ജീവിതം അവസാനിപ്പിക്കണം എന്നായിരുന്നു എന്റെ മനസ്സില്‍. ഉമ്മ കൊണ്ടുവന്ന ഭക്ഷണം എന്റെ മുന്നില്‍ റഫീഖ് സാര്‍ വെച്ചുതന്നപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര് ആ ഭക്ഷണത്തില്‍ വീണു. ഒരു നോക്ക് അവരെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാന്‍ വല്ലാതെ കൊതിച്ചുപോയി. എന്റെ ഉപ്പാന്റെ കാല് പിടിച്ചു മാപ്പ് പറയാനുള്ള സമയം വരെ എന്റെ ആയുസ്സ് നീട്ടാന്‍ ഞാന്‍ പ്രാര്‍ഥിച്ചു.
ആലത്തൂര്‍ ജയിലില്‍ കൂടെയുണ്ടായിരുന്ന ഒരുത്തന് അവിടെ ഉണ്ടായിരുന്ന ടൈല്‍സ് കുത്തിപ്പൊട്ടിക്കുന്നത് കണ്ടു. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. പിന്നെയവന് കൈ മുറിക്കാന്‍ തുടങ്ങി. എന്നിട്ട് ആ ബ്ലേഡ് എടുത്ത് അവന്റെ മൂക്കിനുനേരെ വെച്ചപ്പോള്‍ എനിക്ക് സഹിച്ചില്ല, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചു. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആളുകള്‍ എന്നെ പിടിച്ചു മാറ്റി. അവനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി വേറെ റൂമിലേക്ക് മാറ്റി. പിന്നെ ഞങ്ങളെ ചിറ്റൂര്‍ ജയിലിലാക്കി. അവിടെ പോയപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നവനെ കണ്ട് എനിക്ക് സങ്കടം തോന്നി. ഡ്രഗ്സ് ഉപയോഗിച്ചു വന്നിട്ട് സ്വന്തം അനിയനെ കമ്പികൊണ്ട് തലക്കടിച്ചു കൊന്ന കഥ അവന് പറഞ്ഞപ്പോള്‍ എന്റെ മനസ്സൊന്ന് പിടിച്ചു.
പിന്നീട് എന്നെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി. അവിടെ ഉണ്ടായിരുന്ന ഒരു സാര്‍ എന്നോട് ദയയോടെ ചോദിച്ചു; 'മോന് എന്തിനാ ഈ പ്രായത്തില്‍ ഇതെല്ലാം ചെയ്യാന്‍ പോയത് ?' ഒറ്റപ്പാലത്തേക്ക് മാറ്റിയപ്പോഴേക്കും ജയില്‍ജീവിതം ഒരു മാസം പിന്നിട്ടിരുന്നു. അന്ന് മുതല്‍ ഞാന്‍ അക്രമാസക്തനാവാന്‍ തുടങ്ങി. ബക്കറ്റ് എറിഞ്ഞു പൊട്ടിച്ചു. എല്ലാവരെയും ദ്രോഹിക്കാന്‍ തുടങ്ങി. എനിക്ക് മജിസ്ട്രേറ്റിനെ കാണണം എന്നുപറഞ്ഞ് ഞാന്‍ വാശി പിടിച്ചപ്പോള്‍ അവരെന്നെ അവിടെയെത്തിച്ചു. അദ്ദേഹത്തോട് എനിക്ക് കുറച്ചു കാര്യങ്ങള്‍ രഹസ്യമായി പറയാനുണ്ടെന്ന് ഞാന്‍ അറിയിച്ചു. അദ്ദേഹം ഉടനെ അവിടെയുണ്ടായിരുന്ന പോലീസുകാരനോട് മാറാന്‍ പറഞ്ഞു. ഞാന്‍ പങ്കുവെച്ചതെല്ലാം അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. 'നിനക്ക് വേണ്ട എല്ലാ സഹായവും ഞാന്‍ ചെയ്തു തരാം. പക്ഷേ, ഒരിക്കലും നീ ഇനി ഇതൊന്നും ഉപയോഗിക്കില്ല എന്നെനിക്ക് വാക്ക് തരുമോ?' അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ ദൈവത്തെ സാക്ഷിയാക്കി അദ്ദേഹത്തിന് ഉറപ്പുകൊടുത്തു; ഇനി ഒരിക്കലും ഞാനിത് ഉപയോഗിക്കില്ല എന്ന്. അതിനുശേഷം എന്നെ കാണാന്‍ 'വിമുക്തി'യില്നിന്ന് ഒരു ഡോക്ടര്‍ വന്നു. എനിക്കു വേണ്ട എല്ലാ ചികിത്സയും അവര്‍ തന്നു. നാല് മാസങ്ങള്‍ക്ക് ശേഷം എന്റെ വക്കീല്‍ ഹാശിം എനിക്ക് ജാമ്യം കിട്ടിയ വിവരവുമായെത്തി.
ജയിലില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരായ അന്‍സാര്‍, സനൂപ്, അബ്ദുറഹിമാന്, മനാഫ് എന്നിവരോട് വിവരം പറഞ്ഞു. അവരെന്നോട് ഒരു കാര്യം പറഞ്ഞു; 'പുറത്തിറങ്ങിയാല്‍ എല്ലാ കാര്യങ്ങളും സമൂഹത്തോട് വിളിച്ചുപറയാനുള്ള ധൈര്യം നിനക്കുണ്ടാവണം.' അവര്‍ക്ക് ഞാന്‍ വാക്ക് കൊടുത്തു. അവരോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എന്നെ അന്വേഷിച്ച് ആ വിളിയെത്തി: 'സ്വാലിഹേ, നിനക്ക് ഇറങ്ങാറായി. നിന്റെ ഡ്രസ്സെല്ലാം എടുത്തോളൂ.' ആനന്ദക്കണ്ണീരോടെയാണ് ഞാന്‍ ബാക്കി ഭക്ഷണം കഴിച്ചത്. പുറത്ത് കാത്തുനില്ക്കുന്ന എന്റെ വക്കീലിനെ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം വന്നു. അദ്ദേഹം എനിക്കുവേണ്ടി ഒരുപാട് ഓടിനടന്നതെല്ലാം ഉമ്മ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
അദ്ദേഹത്തോടൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ വീടിനു മുന്നില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയെ കണ്ടു. പാവം... ഉപ്പ എവിടെയെന്ന് ചോദിച്ചപ്പോള്‍ ഉമ്മ അകത്തേക്ക് ചൂണ്ടിക്കാണിച്ചു. ഉപ്പയുടെ അടുത്ത് പോയി കാലില്‍ വീണു മാപ്പ് ചോദിച്ചു. വീടുവെക്കാന്‍ വേണ്ടി വല്ലിമ്മ സ്വരൂപിച്ചുവെച്ച മൂന്ന് ലക്ഷം രൂപ കൊടുത്താണ് എന്നെ ജാമ്യത്തില്‍ ഇറക്കിയതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അവരോടെല്ലാം മാപ്പ് ചോദിച്ചു.
ദിവസങ്ങള്‍ കടന്നുപോയി. ഞാന്‍ ഏറ്റവും ഭയന്നിരുന്ന ഒരു കാര്യമായിരുന്നു എന്റെ പെങ്ങളുടെ വിവാഹം. ഞാന്‍ കാരണം മുടങ്ങിപ്പോവരുതേ എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. വൈകാതെ അവളുടെ വിവാഹം കഴിഞ്ഞു. കൂടെ എന്റെ ചെറിയ പെങ്ങളെയും ഉമ്മയെയും വല്ലിമ്മയെയും എന്നെ ഏല്പിച്ചു എന്റെ ഉപ്പയും യാത്രയായി. ഇനി എന്തു ചെയ്യണം എന്നറിയാതെ ഒരുപാട് പൊട്ടിക്കരഞ്ഞു. ജോലികള്‍ പലതും അന്വേഷിച്ചു. കള്ളനായിരുന്ന എന്നെ ആരാണ് ജോലിക്ക് കയറ്റുക. എല്ലാവരും പറഞ്ഞു; 'നീ കള്ളനാണ് നിന്നെ ജോലിക്ക് വെക്കില്ല.' അവസാനം ഡ്രൈവറായി എങ്ങനെയൊക്കെയോ ഒരു ജോലിക്ക് കയറിയിട്ട് ആറ് മാസം കഴിഞ്ഞു. അവിടെ ചെന്ന് ഷോപ്പിന്റെ ഉടമസ്ഥനോട് ആരോ പറഞ്ഞു, ഞാന്‍ ഒരു കള്ളനണ്, ജയിലിലായിരുന്നു എന്നൊക്കെ. പിറ്റേ ദിവസം ജോലിക്ക് ചെന്ന എന്നോട് ഇനി ഒരിക്കലും ഇങ്ങോട്ട് വരരുതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നിലെത്തുന്നവരെല്ലാം സംസാരത്തിലും നോട്ടത്തിലും എന്നെ കുത്തി നോവിച്ചുകൊണ്ടിരുന്നു. കള്ളന് എന്നും കള്ളന് തന്നെയല്ലേ എന്നും പറഞ്ഞ് കളിയാക്കി. വീണ്ടും ഒരുപാട് ജോലികള്‍ നോക്കി. ആരും എന്നെ തിരിഞ്ഞുനോക്കാന്‍ പോലും നിന്നില്ല.
വീട്ടില്‍ പോയപ്പോള്‍ എന്റെ സഹോദരന് എന്നോട് പറഞ്ഞു; 'നീ തല്ക്കാലം എന്റെ കൂടെ വന്നോളൂ.' അതു കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഉമ്മയോട് പറഞ്ഞ് പിറ്റേ ദിവസം മുതല്‍ ഞാന്‍ ജോലിക്കിറങ്ങി.
രണ്ട് വര്‍ഷം കഴിഞ്ഞു. എന്റെ ജന്മദിനമാണ് അടുത്ത ദിവസം. എന്റെ കൂട്ടുകാര്‍ക്ക് ജയിലില്‍ വെച്ച് കൊടുത്ത വാക്ക് എനിക്ക് ഓര്‍മവന്നത് അപ്പോഴാണ്. എനിക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങള്‍ ഈ ലോകത്തോട് വിളിച്ചുപറയാന്‍ തീരുമാനിച്ചു. എനിക്കറിയാമായിരുന്നു, അത് ചെയ്താല്‍ ഒരുപക്ഷേ, എനിക്ക് എന്റെ വീട്ടില്‍ ഉറങ്ങാന്‍ കഴിയില്ല എന്നും എന്റെ ജീവന് അവര്‍ എടുക്കും എന്നും. എന്നാലും എനിക്ക് അത് പറയാതിരിക്കാന്‍ വയ്യ. നാളെ എന്നെപ്പോലെ ഒരു പുതിയ സ്വാലിഹ് ജനിക്കാതിരിക്കാന്‍ ഞാന്‍ ഇത് പറഞ്ഞേ പറ്റൂ എന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ ഗൂഗ്ള്‍ നോക്കി മീഡിയ വണ്‍ പാലക്കാട് ബ്യൂറോ ചീഫ് സാജിദ്ക്കാനെ വിളിച്ചു. അദ്ദേഹത്തോട് എനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. ഉടനെ അദ്ദേഹം എന്നെ കാണാന്‍ എന്റെ നാട്ടില്‍ വന്നു. എല്ലാവരും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന മലയിലേക്ക് പോയി. എല്ലാം അവര്‍ക്ക് കാണിച്ചുകൊടുത്തുകൊണ്ട് തന്നെ വിവരിച്ചുകൊടുത്തു. എന്റെ എല്ലാ കഥകളും അങ്ങനെ മീഡിയ വണ്ണില്‍ വാര്‍ത്തയായി. ദിവസങ്ങള്‍ക്ക് ശേഷം പച്ചക്കറി കച്ചവടം ചെയ്യാന്‍ ഞാന്‍ ഒരു വാഹനം സ്വന്തമായി വാങ്ങി. വീട്ടുകാര്‍ക്ക് അത് വലിയ സന്തോഷമായി. പക്ഷേ, അവരറിഞ്ഞിരുന്നില്ല, അവരുടെ മകനെ കൊല്ലാന്‍ വേണ്ടി ഒരു വിഭാഗം നടക്കുന്ന കാര്യം. ഞാന്‍ എല്ലാം വിളിച്ചു പറഞ്ഞപ്പോള്‍ അതേറ്റവും ഭയപ്പെടുത്തിയ രാഷ്ട്രീയക്കാര്‍ മുതല്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന പലരും അവരുടെ പേര് പുറംലോകം അറിയുമോ എന്ന ഭയംകൊണ്ടായിരിക്കും എനിക്കെതിരായി. ലോഡ് എടുക്കാന്‍ പോവുമ്പോള്‍ നാല് ബൈക്കുകള്‍ എന്നെ ഫോളോ ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഈ ഭൂമിയില്‍നിന്ന് ഇല്ലാതാവും എന്നുള്ള കാര്യം എനിക്ക് ഉറപ്പാണ്.
എന്റെ വാര്‍ത്ത കണ്ട് ഒരുപാട് പേര് വിളിക്കാന്‍ തുടങ്ങി. അന്നെനിക്ക് മനസ്സിലായി ഇത് ഒരു സ്വാലിഹില്‍ ഒതുങ്ങുന്ന കാര്യമല്ലെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും. അന്ന് മുതല്‍ സ്കൂളുകളിലും ചാനലുകളിലും മറ്റു പരിപാടികളിലും ഒരു മടിയും കൂടാതെ സംസാരിക്കാന്‍ തുടങ്ങി. 30ല്‍ പരം കുട്ടികള്‍ ഇന്ന് ഞാന്‍ കാരണം പുതിയ ജീവിതം അനുഭവിക്കുന്നത് കാണുമ്പോള്‍ മരണം എന്ന പേടി എന്നില്‍നിന്ന് മെല്ലെ മെല്ലെ മാറിത്തുടങ്ങി. ഡിഅഡിക് ഷന് സെന്ററുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമാണ്, ഞാന്‍ കാരണം ഒരു കുട്ടിയെങ്കിലും രക്ഷപ്പെടുമല്ലോ എന്ന സന്തോഷം.
കള്ളന് എന്ന് വിളിച്ചുനടന്നിരുന്ന ഒരാള്‍ ഇന്ന് എന്റെ വണ്ടിയിലെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും എന്നെപ്പോലുള്ളവര്‍ ഇനി സമൂഹത്തിലേക്ക് തിരിച്ചുവരില്ല എന്ന് പറഞ്ഞപ്പോഴും ഞാന്‍ ഒന്ന് ഉറപ്പിച്ചിരുന്നു; 'നമ്മളാണ് മാറേണ്ടത്.' സമൂഹത്തില്‍ എന്നെപ്പോലെ പുതിയ ജീവിതം ആഗ്രഹിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെ എന്നും ഒരേ കണ്ണില്‍ കാണുന്ന ഈ സമൂഹവും മാറേണ്ടതുണ്ട്. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ; 'ഞങ്ങളെ എന്നും ഒരേ കണ്ണില്‍ കാണുന്ന നിങ്ങള്‍ ചിന്തിക്കുക, നാളെ ഒരുപക്ഷേ, എന്റെ മകനും ഈ അവസ്ഥ വന്നേക്കാം.' അതുകൊണ്ട് ഞങ്ങളെപ്പോലുള്ളവരെ അവഗണിക്കുമ്പോള്‍ എനിക്ക് പകരം ഒരു അഞ്ഞൂറു സ്വാലിഹുമാര് വരും എന്ന കാര്യം മറക്കരുത്. ഒരു ദിവസം അഞ്ച് മിനിറ്റ് അവര്‍ക്കുവേണ്ടി മാറ്റിവെച്ചാല്‍ ഞങ്ങളെപ്പോലെ സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരും ഒപ്പമുണ്ടാവും. അന്ന് എനിക്ക് ആത്മവിശ്വാസം നല്കിയ മജിസ്ട്രേറ്റിന്റെ വാക്കിലും എന്റെ കുടുംബവും പോലീസും നല്കിയ പിന്തുണയിലുമാണ് ഞാന്‍ പുതിയ വഴി കണ്ടെത്തിയത്. ഇതുപോലെ പുതിയ ജീവിതം ആഗ്രഹിച്ചു നടക്കുന്ന ആയിരം സ്വാലിഹുമാര് ഇവിടെയുണ്ട്. അവരെ നിങ്ങളില്‍ ഒരാളായി കൂടെ കൂട്ടാന്‍ ശ്രമിക്കുക. ലഹരി എന്ന വിപത്ത് ഒരു വിധേനയും നിങ്ങളിലേക്കും മക്കളിലേക്കും എത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ആ വൈറസ് തൊട്ടടുത്ത് തന്നെയുണ്ട് എന്ന് മറക്കാതിരിക്കുക.
l