നമ്മുടെ മൂല്യം തിരിച്ചറിയാം
മെഹദ് മഖ്ബൂല്‍,വര: തമന്ന സിത്താര വാഹിദ്
ജൂലൈ 2023
നമ്മളുള്ള ഇടങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഇന്നൊരു കഥ പറയാം: 'കഠിനാധ്വാനിയായ ചെറുപ്പക്കാരനായിരുന്നു ആബിദ് ഹസ്സന്‍. ഒരു ഷൂ കമ്പനിയിലായിരുന്നു അവന്‍ ജോലി ചെയ്തിരുന്നത്. അഞ്ചു വര്‍ഷമായി അവനവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. വളരെ വ്യത്യസ്തമായ ഡിസൈനുകളാണ് ആബിദ് തയ്യാറാക്കിയിരുന്നത്. അവന്റെ ഡിസൈനിനസരിച്ച് പുറത്തിറങ്ങിയ ചെരിപ്പുകള്‍ക്കും ഷൂസുകള്‍ക്കുമെല്ലാം നല്ല ഡിമാന്റ് ആയിരുന്നു. എന്നിട്ടും കമ്പനി മാനേജര്‍ ഒരിക്കലും അവനെ അഭിനന്ദിക്കുകയോ നല്ല വാക്ക് പറയുകയോ ചെയ്തില്ല. ആറുമാസം മുമ്പ് വന്ന ജോലിക്കാര്‍ക്ക് വരെ പ്രമോഷനും മറ്റും ലഭിക്കുന്നത് കണ്ട് അവന്‍ വേദനിച്ചു. തന്റെ കഴിവുകളെന്താണ് ആരും അംഗീകരിക്കാത്തതെന്ന് ചിന്തിച്ച് അവനങ്ങനെ നടക്കുകയായിരുന്നു. അപ്പോഴാണ് വഴിയില്‍ വെച്ച് അവനൊരു വൃദ്ധനെ കണ്ടത്. തൊട്ടപ്പുറത്ത് കിടക്കുന്ന ഒരു ചെറിയ ഉരുളന്‍ കല്ല് എടുക്കാന്‍ അയാള്‍ പ്രയാസപ്പെടുകയായിരുന്നു. ആബിദ് അദ്ദേഹത്തിന് അത് എടുത്തു കൊടുത്തു. വൃദ്ധന്‍ അവനോട് നന്ദി പറഞ്ഞു.
''ഒരു സാധാരണ കല്ലല്ലേ ഇത്, എന്താണ് ഇതിനിത്ര മാത്രം പ്രത്യേകത''? ആബിദ് ചോദിച്ചു.
''മോനേ, ഈ ലോകത്ത് ഒന്നും സാധാരണമല്ല, ശരിയായ സ്ഥലത്താണ് അതെങ്കില്‍ എല്ലാറ്റിനും അതിന്റെതായ തുല്യതയില്ലാത്ത വാല്യു ഉണ്ട്'' അദ്ദേഹം പറഞ്ഞു.
അത് കേട്ടപ്പോള്‍ ആബിദിന് ഒന്നും മനസ്സിലായില്ല എന്ന് ആ വൃദ്ധന് മനസ്സിലായി.
''നിനക്ക് ഞാന്‍ വ്യക്തമാക്കിത്തരാം; നീ ഈ കല്ലെടുത്ത് ആ സ്റ്റേഷനറി സ്റ്റോറില്‍ കൊടുക്ക്. എന്നിട്ട് ഈ കല്ലിന് എത്ര രൂപ തരും എന്ന് ചോദിക്ക്.''
ആബിദ് ആ കല്ലും കൊണ്ടു പോയി. അമ്പത് രൂപ തരാം എന്നവനോട് കടക്കാരന്‍ പറഞ്ഞു. ആ കാര്യം ആബിദ് വൃദ്ധനോട് പറഞ്ഞു. ഓര്‍ണമെന്റിന്റെ കടയില്‍ കൊണ്ടു പോയി കൊടുത്ത് നോക്ക് എന്നായി വൃദ്ധന്‍. അവര്‍ പറഞ്ഞത് 500 രൂപ തരാം എന്നായിരുന്നു. ഇനിയെന്നാല്‍ മ്യൂസിയത്തില്‍ കൊടുത്തു നോക്കാന്‍ പറഞ്ഞു വൃദ്ധന്‍. ഇത് സാധാരണ കല്ലല്ലെന്നും ഹൗിമൃ ാലലേീൃശലേ ആണെന്നുമായിരുന്നു മ്യൂസിയത്തിലെ ആള്‍ പറഞ്ഞത്. 20,000 രൂപ വരെ വില കിട്ടും.
അല്‍ഭുതത്തോടെയായിരുന്നു ഈ കാര്യം ആബിദ് പറഞ്ഞത്. ഇരിക്കേണ്ടിടത്ത് ഇരുന്നാലേ, ചെല്ലേണ്ടിടത്ത് ചെന്നാലേ നമുക്ക് യഥാര്‍ഥ മൂല്യം ഉണ്ടാകൂ എന്നു കൂടി ആ വൃദ്ധന്‍ പറഞ്ഞു. ആ കല്ല് അവന് സമ്മാനമായി നല്‍കുകയും ചെയ്തു.
അന്ന് രാത്രി വൃദ്ധന്‍ പറഞ്ഞ കാര്യത്തെ കുറിച്ച് തന്നെയായിരുന്നു ആബിദിന്റെ ചിന്ത. പിറ്റേന്ന് ഓഫീസില്‍ ചെന്ന് താന്‍ ജോലി രാജിവെക്കുകയാണെന്ന് പറഞ്ഞു. മാനേജര്‍ കുറെ അരുതെന്ന് പറഞ്ഞെങ്കിലും അവന്‍ കേട്ടില്ല.
മറ്റൊരു ഷൂ കമ്പനിയില്‍ അവന്‍ ജോയിന്‍ ചെയ്തു. ആബിദിന്റെ ടാലന്റ് മനസ്സിലാക്കിയ കമ്പനി നല്ലൊരു പോസ്റ്റ് തന്നെ അവന് നല്‍കി.
ഈ കഥയില്‍നിന്ന് ഏറെ കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് മനസ്സിലായെന്ന് കരുതുന്നു. നമ്മളുള്ള ഇടങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കുളത്തില്‍ കെട്ടിക്കിടക്കുന്നതും കടലില്‍ തിരയായി ഉയര്‍ന്നു ചാടുന്നതും വെള്ളം തന്നെയാണ്. അവയുടെ ഇടം വ്യത്യസ്തമാണ് എന്നതാണ് ആകെയുള്ള മാറ്റം. ആ മാറ്റം പക്ഷേ, എത്ര വലുതാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.