വിമോചന പ്രത്യയശാസ്ത്രത്തിന്റെ വക്താവായ മൂസാ നബിയുടെ ഓർമക്കാണ് ആശൂറാ നോമ്പനുഷ്ഠിക്കുന്നത്. ശിയാക്കൾക്കത് ആഘോഷ ദിനമാണ്. ശിയാക്കളെ പോലെ ആശൂറാ ആഘോഷിക്കുന്ന ഒരു വിഭാഗം ബ്രാഹ്മണർ ഉണ്ടെന്ന് ലേഖകൻ വിശദമാക്കുന്നു.
മുഹര്‍റം 10 സുന്നികളും ശിയാക്കളും ഒരുപോലെ ആചരിക്കുന്ന ദിനമാണ്. സുന്നികള്‍ 10-ന് മാത്രമല്ല, 9-നും നോമ്പനുഷ്ഠിക്കും. 9-ന്റെ നോമ്പ് താസൂആഅ് എന്നും 10-ന്റേത് ആശൂറാഅ് എന്നും അറിയപ്പെടുന്നു. ശിയാക്കള്‍ക്കും അന്ന് നോമ്പനുഷ്ഠിക്കുന്നതിന് വിലക്കില്ല. മദീനയിലെ ജൂതന്മാര്‍ മുഹര്‍റം 10-ന് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. ഇതുകണ്ട മുഹമ്മദ് നബി അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അന്നാണ് ഇസ്രയേല്‍ ജനത മൂസാ പ്രവാചകന്റെ നേതൃത്വത്തില്‍ ഫറോവയുടെ മര്‍ദക ഭരണത്തില്‍നിന്ന് മോചിതരായതെന്നായിരുന്നു ജൂതന്മാരുടെ പ്രതികരണം. വിമോചന പ്രത്യയശാസ്ത്രത്തിന്റെ വക്താവായ മൂസായോട് നിങ്ങളെക്കാള്‍ ഹൃദയബന്ധം ഞങ്ങള്‍ക്കാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് ആ നോമ്പ് സുന്നത്താക്കിയത്. ജീവിച്ചിരിക്കുകയാണെങ്കില്‍ അടുത്ത കൊല്ലം 9-നും താന്‍ നോമ്പനുഷ്ഠിക്കുമെന്ന് പ്രവാചകന്‍ പറയുകയുണ്ടായി. പക്ഷേ, പിറ്റെ കൊല്ലമാവുമ്പോഴേക്ക് പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞിരുന്നു. അതിനാല്‍, താസൂആഅ് പ്രവാചകന്‍ അനുഷ്ഠിക്കുകയുണ്ടായില്ല. എങ്കിലും പ്രവാചകന്റെ ആ വാക്ക് മാനിച്ചു മുസ്‌ലിംകള്‍ മുഹര്‍റം 9-നും നോമ്പനുഷ്ഠിക്കുന്നു.
ശിയാക്കളുടെ മുഹര്‍റം
മൂസാ നബിയുടെ അതേ ദൈവിക വിമോചന മന്ത്രവുമായിട്ടായിരുന്നു മുഹമ്മദ് നബിയുടെയും ആഗമനം. ആ വിമോചനത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ഈ വ്രതാചരണത്തിലൂടെ നബി പ്രകടമാക്കിയത്. അപരത്വത്തെ നിരാകരിക്കുന്ന 'രാഷ്ട്രീയ'മാണ് ഈ 'സുന്നത്തി'ല്‍ അടങ്ങിയ സന്ദേശം.
ശിയാക്കള്‍ക്ക് മുഹര്‍റം പത്ത് ആഘോഷ ദിനം കൂടിയാണ്. അനുശോചനം കലര്‍ന്ന ആഘോഷം. അതുകൊണ്ടാണ് അവര്‍ അതിന് 'മഅ്തം' എന്നുകൂടി പേരിട്ട് വിളിക്കുന്നത്. പ്രവാചകന്റെ പൗത്രന്‍ ഹസ്രത്ത് ഹുസൈന്‍ കര്‍ബലയില്‍ വധിക്കപ്പെട്ടത് അന്നാണ്. ഹസ്രത്ത് ഹുസൈന്‍ നയിച്ചതും ഏകാധിപത്യത്തിനെതിരിലുള്ള വിമോചന സമരമായിരുന്നല്ലോ. അതുകൊണ്ടാണ് ഒരു മുഹര്‍റം പ്രസംഗത്തില്‍ മൗലാനാ മൗദൂദി ഹസ്രത്ത് ഹുസൈനെ ജനാധിപത്യത്തിന്റെ രക്തസാക്ഷി എന്നുകൂടി വിശേഷിപ്പിച്ചത്.
ശിയാക്കള്‍ക്ക് ഒരു ദുഃഖാചരണാഘോഷമാണെങ്കിലും വീടകങ്ങളില്‍ അന്നവര്‍ മധുര പലഹാരങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. അയല്‍വീടുകളില്‍ സുന്നീ-ശീഅ ഭേദമില്ലാതെ ആ സ്‌നേഹമധുരം വിതരണം ചെയ്യുകയും പതിവാണ്. ബഹ്‌റൈനിലെ ഇസ്‌ലാമിസ്റ്റ് കോളമിസ്റ്റായ ഹാഫിളുശ്ശൈഖ് തന്റെ കോളത്തിലൊരിക്കല്‍ ഈ മധുരമുള്ള സ്‌നേഹത്തെക്കുറിച്ച് എഴുതിയത് ഓര്‍ക്കുന്നു. അറബ് വസന്ത പ്രക്ഷോഭകാലത്ത് ബഹ്‌റൈനിലെ ഒരു ശിയാ നേതാവ് തന്റെ അനുയായികള്‍ക്ക് നല്‍കിയ സന്ദേശവും അതായിരുന്നു. ഈ മധുരം രുചിക്കാന്‍ ലേഖകനും ഒരിക്കല്‍ അവസരം കിട്ടിയിരുന്നു. അമ്പത് കൊല്ലം മുമ്പായിരുന്നു അത്. ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് ബോംബെയില്‍ കപ്പലിറങ്ങിയ സമയം. അവിടെ ബന്ധുക്കള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു വിശ്രമം. ഒരു ശിയാ കുടുംബമായിരുന്നു ഫ്‌ളാറ്റിന് മുകളിലെ താമസക്കാര്‍. ഒരു പെണ്‍കുട്ടി അന്ന് പലതരം മധുരപലഹാരങ്ങളുമായി മുട്ടി വിളിച്ചതോര്‍ക്കുന്നു.
മുഹര്‍റം ഘോഷയാത്ര
വളപട്ടണത്തെ ജന്മ വീടിന്റെ മുന്നിലെ റോഡിലൂടെ വാദ്യമേളങ്ങളോടെ നീങ്ങിയിരുന്ന മുഹര്‍റം ഘോഷയാത്രയാണ് മറ്റൊരു ഓര്‍മ. കണ്ണൂര്‍ ഭാഗത്ത് മൈസൂരില്‍ നിന്നോ ഹൈദരാബാദില്‍ നിന്നോ കുടിയേറിപ്പാര്‍ത്ത ചില ശിയാ കുടുംബങ്ങളുണ്ടായിരുന്നു. 'പഞ്ച' എഴുന്നെള്ളത്തും പുലി വിശേഷങ്ങളുമെല്ലാം അടങ്ങിയ ആ പ്രകടനം ഒരു വിലാപയാത്ര കൂടിയായിരുന്നു; ഹസ്രത് ഹുസൈന്റെ രക്തസാക്ഷിത്വത്തെ ചൊല്ലിയുള്ള വിലാപം. ചങ്ങലയും കത്തിയുമൊക്കെക്കൊണ്ട് ദേഹത്ത് ശക്തിയായി പ്രഹരിച്ചും കുത്തിയും ചോരയൊലിപ്പിച്ചു 'യാ ഹുസൈന്‍, യാ ഹുസൈന്‍' എന്ന് വിലപിക്കുന്നവരെയും കൂട്ടത്തില്‍ കാണാം. ലഖ്‌നൗവിലും മറ്റും ഈ ഘോഷയാത്ര സുന്നീ-ശീഅ സംഘട്ടനങ്ങള്‍ക്കും വഴിവെക്കാറുണ്ട്. സംഘികള്‍ക്ക് മുതലെടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു ഈ ഭിന്നിപ്പ്. ബി.ജെ.പിയിലെ ശിയാ-മുസ്‌ലിം മുഖങ്ങള്‍ ശിയാക്കളോടുള്ള സംഘീ അനുഭാവത്തിന്റെ മുതല്‍ക്കൂട്ടാണ്.
ഇന്ത്യയിലെത്തന്നെ മുന്‍കാല ചരിത്രം ഇതില്‍നിന്ന് ഭിന്നമായിരുന്നു. ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരും സുല്‍ത്താന്മാരും സുന്നികളായിരുന്നെങ്കിലും അവരുടെ മന്ത്രിമാരും ഗവര്‍ണര്‍മാരും നവാബ്മാരും ഇഥ്‌നാ അശ്അരി ശിയാക്കളായിരുന്നു. ബിജാപൂര്‍, അഹ്‌മദ് നഗര്‍, ഗോല്‍ക്കൊണ്ട, ബിദാര്‍ തുടങ്ങിയ ദക്കന്‍ സല്‍ത്തനത്തുകളിലെ ഭരണാധികാരികളൊക്കെ ശിയാക്കളായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം വരേണ്യ വര്‍ഗത്തിലെ ഭൂരിപക്ഷവും ശിയാക്കളായിരുന്നു. പാകിസ്താന്റെ പിതാവായി അറിയപ്പെടുന്ന, ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്നയും അക്കൂട്ടത്തില്‍ പെടുന്നു.
പരിഷ്‌കരണ വാദങ്ങള്‍
ആശൂറാ ജുലൂസുകളില്‍ നടക്കുന്ന അനാചാരങ്ങളുടെ പേക്കൂത്തുകളില്‍ പരിഷ്‌കരണ വാദികളായ ശിയാ പണ്ഡിതന്മാര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതായി കാണാം. ഷാഹ് ഇസ്മാഈലിന്റെ കാലത്താണ് ഇറാനില്‍ ഈ 'ബിദ്അത്തുകള്‍' (അനാചാരങ്ങള്‍) തുടങ്ങിയതെന്ന് ശിയാ പണ്ഡിതനായ ഡോ. അലി വര്‍ദി പറയുന്നു. 'സന്‍ജീര്‍ കിശി (ചങ്ങലയടി), മുഖത്തും നെഞ്ചത്തും പ്രഹരിച്ചുകൊണ്ടുള്ള വിലാപം, മാരകായുധങ്ങള്‍ കൊണ്ടു ശരീരം മുറിവേല്‍പിക്കല്‍ തുടങ്ങിയവയൊക്കെ പൗരോഹിത്യത്തിന്റെ കടത്തിക്കൂട്ടലാണെന്നാണ് മറ്റൊരു ചിന്തകനായ ഡോ. അലി ശരീഅത്തി എഴുതിയിട്ടുള്ളത്. ശരീഅത്തി, ശീഇസത്തെ തന്നെ രണ്ടായി വിഭജിക്കുന്നുണ്ട്; സ്വഫവി ശീഇസമെന്നും അലവി ശീഇസമെന്നും. ഇറാനിലെ സ്വഫവീ ഭരണകൂടം രാഷ്ട്രീയ ചൂഷണത്തിന് പടച്ചുണ്ടാക്കിയ ശീഇസത്തെ ശരീഅത്തി വ്യാജ ശീഇസമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. മിക്ക അനാചാരങ്ങളുടെയും ഉറവിടം സ്വഫവി ശീഇസമാണെന്ന് അലി ശരീഅത്തി ചൂണ്ടിക്കാണിക്കുന്നു. നിഅ്മത്തുല്ല ഇസ്‌ലാഹി, ശൈഖ് ശരീഅത്ത് സന്‍ഗലി തുടങ്ങി ശീഈ സമൂഹത്തിലെ അത്യാചാരങ്ങള്‍ക്കെതിരെ രംഗത്ത് വന്ന ധാരാളം പരിഷ്‌കര്‍ത്താക്കളുണ്ട്. ചോരയൊലിപ്പിക്കുന്ന ഈ പരിപാടികള്‍ ഖാംനഇയുടെ ഫത്‌വയോടെ ഇറാനില്‍ ഇപ്പോള്‍ നടക്കാറില്ലത്രെ. പകരം രക്തദാനത്തിനുള്ള കൗണ്ടറുകളാണ് കാണപ്പെടുക.
ഹുസൈനി ബ്രാഹ്‌മണര്‍
ശിയാക്കളില്‍ പല അവാന്തര വിഭാഗങ്ങളുമുണ്ട്. എന്നാല്‍, ശിയാക്കളെപ്പോലെത്തന്നെ ആശൂറാ ആഘോഷിക്കുന്ന ഒരു വിഭാഗം ബ്രാഹ്‌മണരുണ്ടെന്നറിഞ്ഞത് എഴുപതുകളുടെ ആദ്യം ഇല്ലസ്‌ട്രേറ്റഡ് വീക്‌ലിയില്‍ പ്രസിദ്ധീകരിച്ചുവന്ന ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച ഒരു ലേഖന പരമ്പരയില്‍ നിന്നാണ്. ഖുശ്‌വന്ത് സിംഗ് വീക്‌ലിയുടെ പത്രാധിപത്യം ഏറ്റെടുത്ത സന്ദര്‍ഭത്തിലായിരുന്നു അത്. വീക്‌ലിയുടെ മുഖം തന്നെ അടിമുടി മാറ്റിയ സര്‍ദാര്‍ജി സര്‍ക്കുലേഷനില്‍ അതിന്റെ ഒരു കുതിച്ചു ചാട്ടത്തിന് തന്നെ നിമിത്തമായി. ഖുശ്‌വന്ത് സിംഗിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്ന ഉര്‍ദു ഭാഷയും മുസ്‌ലിം കള്‍ച്ചറും സ്വാഭാവികമായും ഇല്ലസ്‌ട്രേറ്റഡ് വീക്‌ലിയിലും പ്രതിഫലിച്ചു എന്നേയുള്ളൂ. ഖുര്‍റത്തുല്‍ ഐന്‍ ഹൈദര്‍, ബദ്‌റുദ്ദീന്‍ ത്വയ്യിബ് ജി, റഫീഖ് സകരിയ്യ, ഫാത്വിമ സകരിയ്യ എന്നിവരൊക്കെ വീക്‌ലിയില്‍ സ്ഥിരമായി മുഖം കാണിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മുഖ്യധാരാ മുസ്‌ലിംകള്‍ക്ക് തന്നെ 'അപരിചിതരാ'യിരുന്ന ആഗാ ഖാന്റെ ഇസ്മാഈലി ശിയ, ബിസിനസ് കമ്യൂണിറ്റിയായ സുലൈമാനി ബോറ, ദാവൂദി ബോറ തുടങ്ങി ഇന്ത്യക്കകത്തെ വ്യത്യസ്ത മുസ്‌ലിം ജീവിതങ്ങളുടെ അടരുകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ ഖുശ്‌വന്ത് സിംഗ് വീക്‌ലിയുടെ താളുകള്‍ തുറന്നുകൊടുത്തു. ആ പരമ്പരയിലാണ് ബ്രാഹ്‌മണരിലെ ഹുസൈനി ബ്രാഹ്‌മണരെ ആദ്യമായി കണ്ടുമുട്ടിയത്.
പ്രേംചന്ദിന്റെ കര്‍ബല
എന്നാല്‍, അതിനും മുമ്പേ പ്രസിദ്ധ ഉര്‍ദു സാഹിത്യകാരനായ മുന്‍ഷി പ്രേംചന്ദിന്റെ 'കര്‍ബല' എന്ന ചരിത്ര നാടകത്തില്‍ ഹുസൈനി ബ്രാഹ്‌മണര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നാം അങ്കത്തിലെ ഏഴാം രംഗത്തില്‍ കടന്നുവരുന്ന കഥാപാത്രങ്ങള്‍ ഹുസൈനി ബ്രാഹ്‌മണരുടെ ആദി തലമുറയില്‍ പെട്ടവരാണ്. പ്രേംചന്ദിന്റെ രംഗാവിഷ്‌കരണം ഇങ്ങനെ:
''അറേബ്യയിലെ ഒരു ഗ്രാമം. പ്രൗഢഗംഭീരമായ ഒരു ക്ഷേത്രം. ചുറ്റും മനോഹരമായ തോട്ടം. അതിന് നടുവില്‍ ക്ഷേത്രക്കുളം. കുളക്കടവ്. മാനും മയിലും മുയലും വിഹരിക്കുന്നത് കാണാം. സാഹിസ് റായ് തന്റെ പ്രിയപ്പെട്ടവരോടൊപ്പം സന്ധ്യാവന്ദനം നടത്തുകയാണ്. അനന്തരം പ്രാര്‍ഥനയില്‍ മുഴുകുന്നു: 'ഈശ്വരാ, വേദാനുസാരികളായി ജീവിക്കാന്‍ ഞങ്ങളെ നീ തുണക്കേണമേ. പാവങ്ങള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാനും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും തുണക്കേണമേ. ദൈവമേ, പശ്ചാത്താപ ഹൃദയരായി ഭാരതത്തിലേക്ക് തിരിച്ചുപോകാന്‍ വിധി കൂട്ടേണമേ. ശിഷ്ടകാലം ഋഷിമാരുടെ സേവകരായി ജീവിക്കാന്‍ കനിയേണമേ. ദയാനന്ദാ, നേരിന്റെ വഴിയില്‍ കാലിടറാതെ മുന്നോട്ടു പോകാന്‍ സഹായിച്ചാലും. പൂര്‍വികര്‍ ഞങ്ങളുടെ മേല്‍ ചാര്‍ത്തിയ ദുഷ്‌പേരിന്റെ കളങ്കം ഞങ്ങളുടെ സല്‍പ്രവര്‍ത്തനങ്ങളാല്‍ അങ്ങ് മായ്ച്ചു കളയേണമേ. ആത്മീയ ചൈതന്യവുമായി നാട്ടില്‍ തിരിച്ചെത്താനും ആരവങ്ങളോടെ സ്വീകരിക്കപ്പെടാനും അവസരമുണ്ടാക്കേണമേ. അനന്തരം മാന്യമായി ജീവിക്കാന്‍ സൗകര്യമൊരുക്കേണമേ.'
(സേവകന്‍ പ്രവേശിക്കുന്നു.)
സേവകന്‍: ഗുരോ, ഒരു വാര്‍ത്തയുണ്ട്. ഖലീഫാ മുആവിയയുടെ മരണത്തോടെ മകന്‍ യസീദ് അധികാരം പിടിച്ചെടുത്തിരിക്കുന്നു.
സാഹിസ് റായ്: യസീദ് ഭരണാധികാരിയാവുകയോ? ഇതെങ്ങനെ സാധിക്കുന്നു? അയാള്‍ക്ക് എങ്ങനെ ഖിലാഫത്ത് അവകാശപ്പെടാനാകും? അതിന്റെ അവകാശി അലിയുടെ പുത്രന്‍ ഹുസൈനാണല്ലോ.
ഹര്‍ജിസ് റായ്: അതെയതെ. അവകാശി ഹുസൈന്‍ തന്നെ. നേരത്തെ മുആവിയയുമായി അത്തരമൊരു നിശ്ചയമുണ്ടായിരുന്നുവല്ലോ.
സംഘ് ദത്ത്: യസീദിന്റെ തന്ത്രമാണത്. അയാളെ എനിക്കറിയാം. അഹങ്കാരി. കോപിഷ്ഠന്‍, ധൂര്‍ത്തന്‍, സദാ ആര്‍ഭാട ജീവിതം നയിക്കുന്നവന്‍, ഇത്തരം ദുര്‍നടപ്പുകാരുടെ ഖിലാഫത്ത് നമുക്കംഗീകരിക്കാനാവില്ല.
പന്റായി (സേവകനോട്): ഹസ്രത്ത് ഹുസൈന്‍ എന്ത് ചെയ്യുന്നുവെന്നറിയുമോ?
സേവകന്‍: അദ്ദേഹം മദീനയില്‍നിന്ന് മക്കയിലേക്ക് പോയിരിക്കുന്നു.
സംഘ് ദത്ത്: ഇന്നേരത്തത് വേണ്ടിയിരുന്നില്ല. മദീനക്കാരെ ഏകോപിപ്പിച്ചു അവിടത്തെ ഗവര്‍ണറെ വധിക്കേണ്ടിയിരുന്നു. മദീന വിട്ടതോടെ തന്റെ ദൗര്‍ബല്യം വിളിച്ചോതുകയാണദ്ദേഹം ചെയ്തത്.
രാം സിംഗ്: ഹസ്രത്ത് ഹുസൈന്‍ ധര്‍മാനുസാരിയാണ്. സ്വന്തം സഹോദരന്മാരുടെ രക്തം ചിന്താന്‍ ഇഷ്ടപ്പെടാത്തവനാണ്.
ഭൈരുദത്ത്: നീതി സ്ഥാപിക്കാന്‍ വേണ്ടി വാളെടുക്കുന്നതില്‍ തെറ്റില്ല. അനീതിക്കെതിരില്‍ പോരാടുമ്പോള്‍, മനുഷ്യഹത്യ സംഭവിക്കുന്നത് ന്യായീകരിക്കപ്പെടാവുന്നതേയുള്ളൂ.
സാഹിസ് റായ്: യഥാര്‍ഥത്തില്‍ യസീദ് ഖിലാഫത്ത് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ നമുക്ക് നീതിയുടെ പക്ഷത്ത് ഹസ്രത്ത് ഹുസൈനോടൊപ്പം നിലക്കൊള്ളേണ്ടി വരും. യസീദിന്റെ പ്രൗഢിയിലോ പ്രതാപത്തിലോ സംശയമില്ല. പക്ഷേ, നമുക്ക് വേദകല്‍പനകള്‍ ലംഘിക്കാനാവില്ല.
ഹര്‍ജിസ് റായ്: നീതി നിലനിര്‍ത്താന്‍ വേദമുദ്ധരിച്ചുകൊണ്ട് പടപ്പുറപ്പാട് നടത്താന്‍ മാത്രം വിഭവശേഷി നമ്മുടെ കൈവശമില്ല എന്ന കാര്യം മറന്നുകൂടാത്തതാണ്. വാളെടുക്കുന്നത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കണം.
സംഘ്ദത്ത്: മറ്റ് തന്ത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ വാളിന്റെ പിന്‍ബലം അത്യാവശ്യമാണ്.
സാഹിസ് റായ്: ധര്‍മസംരക്ഷണത്തിന് ഏത് മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. അതിനാല്‍, നമുക്ക് ആളെ വിട്ടു യസീദിന്റെ മനസ്സറിയണം. അതിന് ശേഷമാവാം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. രാം സിംഗും ഭൈരുദത്തും ഇന്ന് തന്നെ ഈ ആവശ്യാര്‍ഥം പുറപ്പെടാന്‍ തയാറായിക്കൊള്ളുക. (എല്ലാവരും പിരിഞ്ഞു പോകുന്നു)
സാഹിസ് റായിയും സംഘവും കര്‍ബലയിലേക്ക് പുറപ്പെടുന്നതടക്കം വേറെയും രംഗങ്ങള്‍ നാടകത്തില്‍ പ്രേംചന്ദ് ചിത്രീകരിക്കുന്നുണ്ട്.
അനപത്യ ദുഃഖമനുഭവിക്കുന്ന റിഹാബ് ദത്ത് എന്ന ബ്രാഹ്‌മണന്‍ സന്താനഭാഗ്യത്തിനായി പ്രാര്‍ഥിക്കാന്‍ ഹസ്രത്ത് ഹുസൈനോട് അപേക്ഷിച്ചുവെന്നും അതേ തുടര്‍ന്ന് പിറന്ന ഏഴു സന്താനങ്ങളും പിന്നീട് കര്‍ബലയില്‍ പങ്കെടുത്ത് രക്തസാക്ഷികളായെന്നും പറയപ്പെടുന്നു. ബഗ്ദാദില്‍ അക്കാലത്ത് നാനൂറോളം ബ്രാഹ്‌മണ കുടുംബങ്ങള്‍ വസിച്ചിരുന്നുവത്രെ. അറബ് ചരിത്ര ഗ്രന്ഥങ്ങളില്‍ ഈവിധം കഥകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഇവരുടെ പിന്‍തലമുറയെന്ന് അവകാശപ്പെടുന്നവര്‍ക്കിടയില്‍ ഈ കഥകള്‍ക്ക് നല്ല പ്രചാരമുണ്ട്.
ഹസ്രത്ത് ഹുസൈന്‍ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയത്തിന്റെ മതസൗഹാര്‍ദ മുഖം എടുത്തു കാണിക്കാനാണ് പ്രേംചന്ദ് ഈ ഹിന്ദു കഥാപാത്രങ്ങളെ തന്റെ നാടകത്തില്‍ കൊണ്ടുവന്നത്. അതേക്കുറിച്ചു അദ്ദേഹം തന്നെ പറയുന്നത് ഇങ്ങനെയാണ്: "ഈ നാടകത്തില്‍ ചില ഹിന്ദു അഭിനേതാക്കളുണ്ട്. അതില്‍ വായനക്കാര്‍ക്ക് അതിശയം തോന്നേണ്ടതില്ല. കര്‍ബലയില്‍ ചില ഹിന്ദുക്കള്‍ ഹസ്രത്ത് ഹുസൈനോടൊപ്പം രക്തസാക്ഷ്യം വരിച്ചിരുന്നു എന്നത് ചരിത്ര യാഥാര്‍ഥ്യമാണല്ലോ. അവര്‍ എവിടെനിന്ന് വന്നു? ചിലര്‍ പറയുന്നത് മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ പിന്‍മുറക്കാര്‍ ആ പരിസരത്ത് ജീവിച്ചിരുന്നുവെന്നാണ്. ഇത് ഗവേഷണ വിധേയമാക്കേണ്ട വിഷയമാണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ ചില ഹിന്ദു പ്രജകളെയും കൂടെ കൂട്ടിയിരുന്നുവെന്നും അവരുടെ പിന്‍ഗാമികള്‍ അറേബ്യയില്‍ താമസമാക്കിയതാവാമെന്നുമാണ്.''
ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു മലയാള നോവലിലും ഹുസൈനി ബ്രാഹ്‌മണര്‍ കടന്നുവരുന്നുണ്ട്. മനോജ് കുറൂറിന്റെ മിഥോളജിക്കല്‍ നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'മുറിനാവി'ലാണത്. 'അവളൂര്‍' എന്ന ഒരു സങ്കല്‍പസ്ഥലിയിലേക്ക് ഒഴുകിവരുന്ന ബഹുവിധ സംസ്‌കാരങ്ങളുടെയും തത്ത്വചിന്തകളുടെയും ഒരു മഹാപ്രവാഹത്തിലൂടെയുള്ള സഞ്ചാരമാണ് ഈ നോവലിന്റെ വായനാനുഭവം. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും ജീവിച്ച രണ്ട് മുഖ്യ കഥാപാത്രങ്ങളായ കുമരകന്റെയും അലങ്കാരന്റെയും കഥനങ്ങളിലൂടെയാണ് നോവലിലെ പ്രമേയം വികസിക്കുന്നത്. ഈ മഹായാനത്തില്‍ ആജീവകന്മാര്‍, ബൗദ്ധ-ജൈന ചിന്തകര്‍, അദ്വൈതികള്‍ തുടങ്ങിയ പല വിഭാഗങ്ങളെയും കണ്ടുമുട്ടുന്നു. അതിനിടെ ഹുസൈനി ബ്രാഹ്‌മണരുടെ കൊട്ടിപ്പാടി കടന്നുപോകുന്ന ഒരു മുഹര്‍റം ജുലൂസ് കണ്ട് അമ്പരന്ന ഒരു കഥാപാത്രത്തിന് അതിന്റെ ചരിത്രപശ്ചാത്തലം സുഹൃത്ത് വിവരിച്ചു കൊടുക്കുന്ന സന്ദര്‍ഭവും നോവലിലൊരിടത്തു വായിക്കാം.
സുനില്‍ദത്ത് മുതല്‍ നന്ദകിശോര്‍
വിക്രം വരെ
ഹുസൈനി ബ്രാഹ്‌മണര്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണെങ്കിലും അവരില്‍ അതിപ്രശസ്തരായ പലരുമുണ്ട്. പ്രസിദ്ധ ഹിന്ദി സിനിമാ നടനായ സുനില്‍ദത്ത്, ഉര്‍ദു എഴുത്തുകാരനായ കശ്മീരി ലാല്‍ സാക്കിര്‍, സാബിര്‍ ദത്ത്, നന്ദകിശോര്‍ വിക്രം തുടങ്ങിയവരൊക്കെ ഈ ബ്രാഹ്‌മണ സമൂഹത്തില്‍ പെട്ടവരാണ്. റെജിനാള്‍ഡ് മാസെ എഴുതിയ ഒരു ലേഖനത്തില്‍ സുനില്‍ദത്ത് നേരിട്ടു പറഞ്ഞുകൊടുത്ത പൂര്‍വികരുടെ കഥ വിവരിക്കുന്നുണ്ട്. കര്‍ബലയില്‍ തന്റെ സന്താനങ്ങളെ മുഴുവന്‍ ബലി നല്‍കിയ റിഹാബ് ദത്തിന് ഹസ്രത്ത് ഹുസൈന്‍ സുല്‍ത്താന്‍ പദവി നല്‍കിയതായാണ് സുനില്‍ ദത്ത് അവകാശപ്പെടുന്നത്. അപ്പോള്‍, എന്താണ് നിങ്ങളുടെ മതം എന്ന് ചോദിച്ചപ്പോള്‍ ഒരു ഈരടി ചൊല്ലിക്കൊണ്ട് സുനില്‍ ദത്ത് ഇങ്ങനെ ചിരിച്ചു:
'വാഹ് ദത്ത് സുല്‍ത്താന്‍
ഹിന്ദുകാ ധറം
മുസല്‍മാന്‍ കാ ഈമാന്‍
ആധാ ഹിന്ദു, ആധാ മുസല്‍മാന്‍''
സുനില്‍ ദത്തിന്റെ ഭാര്യ നര്‍ഗീസിന്റെ നടിയും ഗായികയുമായ മാതാവ് ജദ്ദന്‍ ബായ് മുസ്‌ലിമായിരുന്നു. എന്നാല്‍, അച്ഛന്‍ മോഹന്‍ ബാബു ഹുസൈനി ബ്രാഹ്‌മണനായിരുന്നു (Cenfluence 2016, Setp3).
പില്‍ക്കാലത്ത് ഇറാഖില്‍നിന്ന് അവര്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മോഹ്‌യാലി ബ്രാഹ്‌മണ ഗോത്രത്തില്‍ പെടുന്ന ഇവര്‍ ഇന്ത്യയില്‍ പൂനെ, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വസിക്കുന്നത്; പാകിസ്താനില്‍ സിന്ധിലും അഫ്ഗാനിസ്താനിലെ കാബൂളിലും ഇവര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്.
മുഹര്‍റം പിറക്കുന്നതോടെ അമൃത്‌സര്‍ സിറ്റിയില്‍ പണ്ട് നടക്കാറുളള 'തഅ്‌സിയ ജുലൂസി'ന്റെ ഒരുക്കങ്ങളെക്കുറിച്ചു കുറച്ചു മുമ്പ് 'വയറി'(2019 സെപ്റ്റംബര്‍ 30)ലെഴുതിയ ഒരു ലേഖനത്തില്‍ നോണിക്ക ദത്താ ഓര്‍ക്കുന്നുണ്ട്. വിഭജനത്തിന് മുമ്പ് അമൃത്‌സര്‍ സിറ്റിയിലെ 'തഅ്‌സിയ ജുലൂസ്' ഹുസൈനി ബ്രാഹ്‌മണരുടെ സാന്നിധ്യമില്ലാതെ ആരംഭിക്കാറുണ്ടായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഫരീദ് ചൗക്കിലും കത്രാ ഷേര്‍സിംഗിലും പ്രസിദ്ധ ഉര്‍ദു-പേര്‍ഷ്യന്‍ കവിയും ഹുസൈനി ബ്രാഹ്‌മണനുമായ തന്റെ മുത്തച്ഛനായ പത്മശ്രീ ബ്രഹ്‌മനാഥ് ദത്ത 'ഖാസിര്‍' ആയിരുന്നു ജുലൂസിന് തുടക്കം കുറിച്ചിരുന്നതെന്ന് നോണിക്ക എഴുതുന്നു. ഈ മിശ്ര സംസ്‌കാരത്തിന്റെ നിറപ്പൊലിമ യുഗപ്പകര്‍ച്ച സംഭവിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ പയ്യെപ്പയ്യെ പുതിയ തലമുറയുടെ സ്മൃതിമണ്ഡലത്തില്‍നിന്ന് മാഞ്ഞു പോകുന്നതിനെക്കുറിച്ച ആധി അവരുടെ ലേഖനത്തിലുടനീളം പ്രകടമാണ്.