കരളുരുക്കങ്ങള്‍

ഫൈസല്‍ കൊച്ചി
ജൂലൈ 2023

പകയുടെ പുകച്ചുരുളുകളുയരുകയാണ്, മനസ്സിലും മരുഭൂമിയിലും. യുദ്ധഭേരിയുമായി കുതിരയുടെ കുളമ്പടികളും ഒട്ടകങ്ങളുടെ ഒച്ചയനക്കങ്ങളും. ഗോത്രത്തലവന്മാരുടെ കിതപ്പിന് പ്രതീക്ഷയുടെ താളമുണ്ട്. അതിനൊത്ത് നര്‍ത്തകികള്‍ ചുവടുവെച്ച് വീരന്മാരെ ത്രസിപ്പിക്കും. വീഞ്ഞ് അവരുടെ സിരകളെ ജ്വലിപ്പിക്കും. അതിന്റെ നുരയില്‍ കവിത വിരിയും.
തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പുതപ്പിച്ചു കിടത്തും.
പറ്റുന്നതേ പാടാവൂ എന്നത് മരുഭൂമിയുടെ നിയമമാണ്.
ഉത്ബതുബ്‌നു റബീഅ വളര്‍ത്തിയതു പോലെ ഒരു പിതാവും അവരുടെ പുത്രിയെ വളര്‍ത്തിയിട്ടുണ്ടാവില്ല. അബൂഹുദൈഫയും വലീദും മക്കളായുണ്ടെങ്കിലും ഉത്ബക്ക് താന്‍ ഏക മകള്‍ എന്ന കണക്കായിരുന്നു. പെണ്‍കുഞ്ഞാണ് പിറന്നതെന്നറിഞ്ഞാല്‍ മുഖം കറുത്ത് വികൃതമാകുന്ന പിതാക്കന്മാരുടെ കാലത്ത് രാജകുമാരിയായിട്ടാണ് വളര്‍ന്നതെന്നോര്‍ക്കണം. ഗോത്രവൈരങ്ങളുടെ റാഞ്ചലുകളില്‍ നിന്നും സുരക്ഷിതത്വത്തിന്റെ ചിറകുമായി ഉപ്പ എന്നും ഓടിയെത്തും. ചിലപ്പോള്‍ റാഞ്ചാന്‍ വന്നവരെ കൊത്തിപ്പറത്തുകയും ചെയ്യും.
ഭര്‍ത്താവിന് തന്റെ ചാരിത്ര്യത്തില്‍ സംശയം തോന്നിയപ്പോള്‍ അന്ന് വീട് വിട്ടിറങ്ങിയോടിയത് ഉപ്പയുടെ അടുത്തേക്കാണ്. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ നോക്കി ഉത്ബ പറഞ്ഞു:
അവന്‍ പറഞ്ഞതാണ് സത്യമെങ്കില്‍ അവന്റെ തല തളികയില്‍ നിന്റെ മുമ്പില്‍ വെച്ചു തരാം. നീ പറഞ്ഞതാണ് സത്യമെങ്കില്‍ യമനിലെ ജോത്സ്യരെ കൊണ്ടുവന്നു നമുക്കത് തെളിയിക്കാം.
മകളുടെ പക്ഷത്ത് നില്‍ക്കുന്ന ഉപ്പയെ ഇപ്പോള്‍ നിങ്ങള്‍ക്ക് പിടികിട്ടിക്കാണും.
നൂറിലേറെ കുതിരകളുള്ള യാത്രാസംഘമായാണ് ഒരു മകളുടെ സത്യം ജയിച്ചുകാണാന്‍ യമനിലേക്ക് പുറപ്പെടുന്നത്. സമപ്രായക്കാരായ അമ്പതു പെണ്‍കൊടിമാര്‍, അവരുടെ കുടുംബങ്ങള്‍, മക്കയിലെ പ്രമുഖര്‍ തുടങ്ങിയവരൊക്കെ സംഘത്തിലുണ്ട്. മരുഭൂമിയുടെ മാറിടത്തില്‍ വിശ്രമിക്കവെ മകള്‍ ആശങ്കപ്പെട്ടു.
ഉപ്പാ ജ്യോത്സ്യനും തെറ്റുപറ്റിയാലോ... ഈ യാത്ര വെറുതെയാവില്ലേ?
ഉത്ബക്ക് അയാളില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാലും മകളുടെ ആത്മവിശ്വാസം വലുതല്ലേ. ഒരു പരീക്ഷണം നടത്താന്‍ ഉത്ബ തയ്യാറായി. കുതിരകളിലൊന്നിന്റെ വാലിന് താഴെ അല്‍പം ഗോതമ്പുമണികള്‍ അയാള്‍ ഒളിപ്പിച്ചു.
ഉത്ബയേയും സംഘത്തേയും കണ്ടപ്പോള്‍ ജ്യോത്സ്യന് സന്തോഷമായി. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സംഘത്തിനൊപ്പമുണ്ടാകും. മുന്തിയ ഒട്ടകങ്ങളെയറുത്ത് സംഘത്തെ സല്‍ക്കരിച്ചു.
ജ്യോത്സ്യരേ... ഞങ്ങളൊരു സാധനം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അങ്ങേക്കത് കണ്ടെടുക്കാമെങ്കില്‍........
നിരന്നു നില്‍ക്കുന്ന നൂറുകണക്കിന് കുതിരകള്‍ക്കിടയില്‍ നിന്നും ഒരു കുതിരയുടെ വാലിന് താഴെ ഒളിപ്പിച്ച ഗോതമ്പുമണികള്‍ അയാള്‍ പുറത്തെടുത്തു. മകളത് കണ്ട് പുരികം ചുളിച്ചു.
ഉത്ബ പറഞ്ഞു:
നിരന്നു നില്‍ക്കുന്ന അമ്പത് പെണ്‍കൊടിമാരില്‍ ഒരാള്‍ എന്റെ മകളാണ്. അവള്‍ക്ക് നേരെ ഒരാരോപണം ഉയര്‍ന്നിട്ടുണ്ട്. അവളാരാണെന്നും അവയുടെ സത്യാവസ്ഥയെന്തെന്നും പറയാമോ?
ഒരുപോലെ തോന്നിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കിടയിലൂടെ അയാള്‍ നടന്നു. ഓരോരുത്തരോടും എഴുന്നേറ്റുപോകാന്‍ അയാള്‍ പറഞ്ഞു. മകളുടെ അടുത്തെത്തിയപ്പോള്‍ അയാള്‍ അട്ടഹസിച്ചു:
നീ പൊയ്‌ക്കോ, നീ വ്യഭിചരിച്ചിട്ടില്ല.
മകള്‍ സന്തോഷം കൊണ്ട് കരഞ്ഞു. ഭര്‍ത്താവ് ഓടിവന്ന് അവളെ ഒട്ടകക്കട്ടിലിലേക്ക് ക്ഷണിച്ചു. അവള്‍ അയാളുടെ ചീട്ടു കീറിയെറിഞ്ഞു. അപ്പോഴും പിതാവ് അവളുടെ ചാരത്ത് വന്മരമായി തണലിട്ടു.

ലാത്ത, ഉസ്സ, മനാത്ത... ഇഷ്ടദൈവങ്ങളിലുള്ള വിശ്വാസം തെറ്റാണെന്ന് മുഹമ്മദ് അറേബ്യയാകെ വിളിച്ചുപറയുമ്പോള്‍ അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉപ്പയടക്കമുള്ള പ്രമുഖര്‍ കഅ്ബയുടെ മുറ്റത്തിരുന്ന് തീരുമാനമെടുത്തു. അപ്പോള്‍ ഒരു മകള്‍ മാത്രം മാറിനില്‍ക്കുന്നതെങ്ങനെ.
ബദ്‌റിന്റെ രണാങ്കണത്തില്‍ ഉത്ബയാണ് ആദ്യം ചാടിവീണത്. ഇടത്തും വലത്തുമായി മകന്‍ വലീദും സഹോദരന്‍ ശൈബയും. ശൈബ ആക്രോശിക്കുകയായിരുന്നു:
ധീരരായ ഞങ്ങളെ നേരിടാന്‍ പോന്ന ശൂരരാരെങ്കിലും കൂട്ടത്തിലുണ്ടോ?
മദീനക്കാരായ രണ്ടു ചെറുപ്പക്കാര്‍ വെല്ലുവിളിയേറ്റെടുത്തു.
അവരോട് തിരികെ പോകാന്‍ ഉത്ബ അപേക്ഷിച്ചു. സ്വന്തം ചോരയിലും വംശത്തിലും അംശത്തിലുമുള്ളവര്‍ വരട്ടെയെന്നായി ഉത്ബ.
ഹംസയാണപ്പോള്‍ മുന്നോട്ടുവന്നത്. കൂടെ അലിയും ഉബൈദുബ്‌നുല്‍ ഹാരിസും. ഹംസ ചുവടുവെച്ചതും ഉത്ബയുടെ തല നിലത്ത് കിടന്നുരുണ്ടു. ഞൊടിയിടയില്‍ ശൈബയും വലീദും താഴെ വീണു. പിതാവും പിതൃസഹോദരനും ആങ്ങളയും മകനും ഒരേ ദിനം വിടപറഞ്ഞ ഒരുവളുടെ കണ്ണീരും വിലാപവും എത്രയായിരിക്കുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാനാവുമോ?
കണ്ണുനീരിന്റെ ഉപ്പും കയ്പും നിറഞ്ഞ മരൂഭൂവാസമായിരുന്നു പിന്നീട്. പ്രതികാരത്തിന്റെ പകയാല്‍ തിളച്ചുമറിയുന്ന കരള്‍. പ്രിയപ്പെട്ടവരുടെ ചോരക്ക് പകരം ചോദിക്കാനുള്ള പ്രാര്‍ഥനയും കിനാവുകളും. ഉഹ്ദിലേക്കുള്ള ഉള്‍വിളി അവള്‍ക്ക് നേരത്തെ തന്നെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
ജുബൈറുബ്‌നുല്‍ മുത്ഇമിന്റെ അടിമ വഹ്ശി ചാട്ടുളിയില്‍ വിദഗ്ധനാണെന്ന് കേട്ടിരുന്നു. എത്യോപ്യന്‍ കാടുകളില്‍ പതുങ്ങിയിരുന്ന് വന്യമൃഗങ്ങളെ വേട്ടയാടലായിരുന്നു ഇഷ്ടവിനോദം. വഹ്ശി എന്നാല്‍ വന്യന്‍ എന്നര്‍ഥം. മാറിനിന്ന് അവന്റെ ചാട്ടുളി പ്രയോഗം കാണാനുള്ള അവസരം ലഭിച്ചു. എന്തുവേണമെന്ന ചോദ്യത്തിന് വളരെ തുഛമായ വിലയാണ് ആ അടിമ പറഞ്ഞത്. സ്വതന്ത്രനാക്കാമെന്ന വാക്കാണ് പകരം നല്‍കിയത്. അത്രയും വിലപ്പെട്ടതാണല്ലോ ബദ്‌റിലെ തന്റെ നഷ്ടങ്ങള്‍. ചാട്ടുളി ചുഴറ്റലിനും ചതിപ്രയോഗത്തിനുമുള്ള പരിശീലനത്തിന് പണവും പാരിതോഷികവും വേറെയും. ഉഹ്ദിലേക്കുള്ള യാത്രാസംഘത്തില്‍ ആരും കാണാതെ അവന്‍ പതുങ്ങിയിരുന്നു.
ഇക് രിമയുടെ ഭാര്യ ഉമ്മുഹകീം, ബറസ ബിന്‍ത് മസ്ഊദ്, ത്വല്‍ഹത്തുബ്‌നു അബീത്വല്‍ഹയുടെ ഭാര്യ സലാഫ ബിന്‍ത് സഈദ്, അംറുബ്‌നുല്‍ ആസിന്റെ ഭാര്യ റീത്ത ബിന്‍ത് മുനബ്ബഹ് എന്നിവരോടെപ്പം പെണ്‍പടയുടെ തലപ്പത്തിരുന്ന് പ്രതികാരത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു അവള്‍. ദഫ്ഫിന്റെ മുറുക്കത്തില്‍ മദ്യത്തിന്റെ ചഷകങ്ങള്‍ താളം പിടിച്ചുള്ള യാത്ര. കരളില്‍ കവിത പൂത്തുലഞ്ഞു.
'ഞങ്ങള്‍ തിളങ്ങുന്ന നക്ഷത്രത്തിന്റെ മക്കളാണ്
അലംകൃത പട്ടുപരവതാനിയിലൂടെയാണ് നടക്കാറുള്ളത്
നിങ്ങള്‍ സ്വീകരിക്കുമെങ്കില്‍ നമുക്കാശ്ലേഷിക്കാം
ഇനി പിന്തിരിയാനെങ്കില്‍ വേഗം അടിച്ചുപിരിയാം...'
ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെ പേര് വിളിച്ചുപറഞ്ഞുള്ള വിലാപകാവ്യങ്ങള്‍. വീരന്മാരുടെ ഉള്ള് ത്രസിപ്പിക്കുന്ന യുദ്ധ കഥകളുടെ വീമ്പുപറച്ചിലുകള്‍. വീരപരിവേഷത്തോടെ ആനന്ദപുളകിതനായി വഹ്ശിയും. കാഹളം മുഴങ്ങിയപ്പോള്‍ തന്നെ മനസ്സ് പുളകിതമായി. ഹംസ വീണു. ചങ്കില്‍ തറച്ച ചോരപ്പാടുകളുള്ള ചാട്ടുളിയുമായി വഹ്ശി മുന്നില്‍ വന്നുനിന്നു. മുഹമ്മദിന് മുഖത്ത് പരിക്കേറ്റെന്നും അനുയായികള്‍ ചകിതരായി ചിതറിയോടിയെന്നും കേട്ടപ്പോള്‍ പാട്ടും ആട്ടവും ഇരട്ടിച്ചു. ലഹരി നുരഞ്ഞ ശരീരവുമായി ഹംസ വീണയിടം കാണണമെന്ന് ശഠിച്ചു. ബദ്‌റില്‍ കൊല്ലപ്പെട്ട പിതാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഹംസയുടെ ചേതനയറ്റ ശരീരത്തില്‍ കയറി നിന്നു. ചാട്ടുളി കൊണ്ട് ശരീരം പിളര്‍ന്ന് കരള്‍ കടിച്ചു തുപ്പി.
ബോധം വന്നപ്പോള്‍ കരളിലാകെ നീറ്റലായിരുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ. കാതിലപ്പോഴും മണല്‍കാറ്റിന്റെ ഹുങ്കാരങ്ങള്‍. ശാന്തമായുറങ്ങാനാകാതെ മനസ്സ് വിങ്ങി. മക്കയിലുള്ളവരപ്പോഴും മുഹമ്മദിനെതിരായ പടയൊരുക്കങ്ങളില്‍ തന്നെയായിരുന്നു. മരവിച്ച ശരീരവുമായി ഒന്നിലുമിടപെടാതെ കൂടാരത്തില്‍ കഴിഞ്ഞു. യാത്രാസംഘങ്ങള്‍ മക്കയിലെത്തുമ്പോള്‍ പല വാര്‍ത്തകളും പ്രചരിക്കും. അക്കൂട്ടത്തിലാണൊരിക്കല്‍ മുഹമ്മദും സംഘവും കഅ്ബ ലക്ഷ്യമാക്കി പുറപ്പെട്ടെന്നറിയാന്‍ കഴിഞ്ഞത്. ഉള്ളൊന്നുലഞ്ഞു. കൂടാരത്തിനുള്ളിലേക്ക് ഉള്‍വലിയാതെ വേറെ വഴിയില്ലായിരുന്നു. കഅ്ബയിലെത്തിയാല്‍ മുഹമ്മദും കൂട്ടരും തങ്ങളെ നാടു കടത്തിയവരെ കൊന്നുതിന്നുമെന്നും അവരുടെ കൂടാരങ്ങള്‍ ചാമ്പലാക്കുമെന്നും ഒട്ടകങ്ങളെ അറുത്ത് ആഘോഷമാക്കുമെന്നുമാണ് ശാമില്‍ നിന്നെത്തിയ കച്ചവടമുഖ്യര്‍ പാടി നടന്നിരുന്നത്. അതിനാലെല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പക്ഷെ മുഹമ്മദ് മക്കയിലെത്തി കഅ്ബയെ വലംവെച്ച് വിശ്രമിക്കുകയാണ് ചെയ്തത്. പുഞ്ചിരിച്ച മുഖവുമായി ഒട്ടകപ്പുറത്തിരുന്ന് എല്ലാവരെയും അഭിവാദ്യം ചെയ്തു. പതുക്കെ പതുക്കെ ഓരോരുത്തരായി പുറത്തിറങ്ങി തുടങ്ങി.
മനസ്സിലുള്ള ഉരുക്കങ്ങള്‍ മുഹമ്മദിനോട് തന്നെ ഏറ്റു പറയാന്‍ മനസ്സ് വെമ്പി. എങ്കിലും ഒറ്റക്ക് പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഉഹ്ദിലൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂടെ കൂട്ടി മുഖമാകെ മറച്ച് മുഹമ്മദിനടുത്തെത്തി. ഒരു ചന്തയുടെ ആള്‍ക്കൂട്ടമുണ്ടായിരുന്നു അവിടെ. എല്ലവരുടെയും മുഖത്ത് ചിരിയും സന്തോഷവും. പകയുടെ അടയാളങ്ങളെവിടെയും കാണാനില്ല. പതുക്കെ അകത്ത് കയറി. അദ്ദേഹം എല്ലാവരില്‍ നിന്നും പ്രതിജ്ഞകള്‍ സ്വീകരിക്കുകയായിരുന്നു. അടുത്തത് സ്ത്രീകളുടെ ഊഴമായിരുന്നു.
അല്ലാഹുവല്ലാതെ ആരെയും പങ്കുകാരായി സ്വീകരിക്കരുത്.
ലാത്തയെയും ഉസ്സയെയും മനസ്സില്‍ നിന്നും തച്ചുതകര്‍ത്തിട്ടാണിവിടെയെത്തിയത് നബിയേ. അവര്‍ പ്രതാപവാന്മാരായിരുന്നുവെങ്കില്‍ നമുക്കീ ഗതി വരില്ലായിരുന്നല്ലോ.
മറുപടി ശാന്തമായി അദ്ദേഹം കേട്ടു.
വ്യഭിചരിക്കരുത്.
എന്ത്, സ്വതന്ത്ര സ്ത്രീ വ്യഭിചരിക്കുമോ.
ഈ മറുപടി അദ്ദേഹം കേട്ടതായി  നടിച്ചില്ല.
മോഷ്ടിക്കരുത്.
നബിയേ, അബൂസുഫ് യാന്‍ മഹാ പിശുക്കനാണ്. അദ്ദേഹം എനിക്കും മക്കള്‍ക്കും ആവശ്യമായത് തരാറില്ല. അപ്പോള്‍ ഇടക്ക് അയാള്‍ കാണാതെ കീശയില്‍ നിന്ന് എനിക്കാവശ്യമായത് അടിച്ചുമാറ്റാറുണ്ട്.
പറഞ്ഞുകഴിഞ്ഞപ്പോഴാണ് നാക്ക് പിന്‍വലിക്കാന്‍ തോന്നിയത്. മുഖം മറച്ചിട്ടിനിയെന്തു കാര്യം. പക്ഷെ, അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്ത് വേദനയുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞു. കണ്ണ് കലങ്ങിയൊഴുകിത്തുടങ്ങി.
നീ...നീ ഹിന്ദാണോ?
അവള്‍ മുഖം മൂടി മാറ്റി, ഒരു നിമിഷം ശബ്ദങ്ങളെല്ലാം നിലച്ച മട്ടായിരുന്നു. വിധി പ്രഖ്യാപനത്തിനും ശിക്ഷയേറ്റുവാങ്ങാനുമായി കണ്ണടച്ചുനിന്നു. ഉള്ളില്‍ തിളക്കുന്ന നീറ്റലിന്റെയും പശ്ചാത്താപത്തിന്റെയും തേട്ടങ്ങള്‍ ആ പ്രവാചകനറിഞ്ഞു,
ആ നിശ്ശബ്ദതയില്‍ കരളിലുള്ള കറകളെല്ലാം സംസം ജലത്താല്‍ സ്ഫുടം ചെയ്‌തെടുത്തത് പോലെയനുഭവപ്പെട്ടു. ഉഹ്ദിനെ കുറിച്ചോ ഹംസയെ കുറിച്ചോ പ്രവാചകനെന്തെങ്കിലും ചോദിക്കുമെന്നും ഉത്ബയോടുള്ള മകളുടെ വാല്‍സല്യത്തെപ്പറ്റി പറയാമെന്നും വിചാരിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചോദിച്ചില്ല.
പിന്നീടുള്ള യാത്രകളിലെല്ലാം ഹംസയുടെ സാന്നിധ്യമുള്ള ഉഹ്ദ് മലയുടെ സമീപമിരുന്നു കരളുരുകി കരയുമായിരുന്നു. നബിയുടെ ജീവിതകാലത്ത് അവരുടെ മുന്നില്‍ വരാതെ വഹ്ശിയോടൊത്ത് മാറിനില്‍ക്കുകയും ചെയ്തു.
റോമക്കാരുമായുള്ള പൊരിഞ്ഞ ഏറ്റുമുട്ടല്‍ നടന്ന യര്‍മൂക്കില്‍ പങ്കെടുത്തപ്പോഴാണ് മനസ്സ് ശാന്തമായത്. ഉഹ്ദില്‍ പാടിയ അതേ പാട്ടുകള്‍ പാടി പോരാളികള്‍ക്ക് വീര്യം പകര്‍ന്നു. അവര്‍ പിന്തിരിഞ്ഞപ്പോള്‍ മുന്നില്‍ നിന്നു പോരാടുകയും ചെയ്തു.

'ഞങ്ങള്‍ തിളങ്ങുന്ന നക്ഷത്രത്തിന്റെ മക്കളാണ്
അലംകൃത പട്ടു പരവതാനിയിലൂടെയാണ് നടക്കാറുള്ളത്
നിങ്ങള്‍ സ്വീകരിക്കുമെങ്കില്‍ നമുക്കാശ്ലേഷിക്കാം
ഇനി പിന്തിരിയാനെങ്കില്‍ വേഗം അടിച്ചുപിരിയാം.'
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media