ഇതൊരു മുസ്്‌ലിം പ്രശ്‌നം മാത്രമല്ല.
പലവിധ പൂക്കളാല്‍ മനോഹരമായ പൂന്തോട്ടം പോലെ സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്.
പൂന്തോട്ടത്തിന്റെ സൗരഭ്യം പല നിറത്തിലും ആകൃതിയിലും രുചിയിലും മണത്തിലും അലങ്കാരങ്ങളിലും വ്യത്യസ്തമായ പൂക്കളാണ്. വ്യത്യസ്ത കാലാവസഥയില്‍ വിരിയുന്ന, രുചിയേറും തേനുല്‍പ്പാദിക്കുന്ന വര്‍ണവൈവിധ്യങ്ങളാണതിന്റ മനോഹാരിത. പൂമ്പാറ്റകളവിടെയെത്തി മധുരം നുകരുന്നു എന്നുകരുതി വൈവിധ്യമുള്ള പൂക്കളെ ഇല്ലാതാക്കിയാല്‍ പിന്നെയാ പൂന്തോട്ടത്തിന് ചേലുണ്ടാവില്ല.
പലവിധ പൂക്കളാല്‍ മനോഹരമായ പൂന്തോട്ടം പോലെ സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ഉള്ള ഭിന്ന മത ജാതി ഗോത്ര വിഭാഗങ്ങളും അവരുടെ വിശ്വാസ ആചാരാനുഷ്ഠാനങ്ങളും. തദ്ദേശീയമായ നാട്ടാചാരങ്ങളാല്‍ സമ്പന്നമാണവ. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ആചാരബന്ധിതമായ ജീവിത രീതിയും അതാതു മതവിശ്വാസവുമായി ബന്ധപ്പെട്ടതുമാണ്. ഭാഷയിലും വേഷത്തിലും പ്രകടമാക്കുന്ന ഈ സാംസ്‌കാരിക വൈജാത്യത്തെ തനതുരീതിയില്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വ നടപടികളും നമ്മുടെ ഭരണഘടനയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസ സംരക്ഷണം മൗലികാവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാ സാംസ്‌കാരിക ശീലങ്ങളെയും ഉള്‍ക്കൊണ്ടും ചേര്‍ത്തുപിടിച്ചും വൈജാത്യങ്ങളിലും ഒന്നായിത്തീരുന്ന സാംസ്‌കാരിക ഉദ്ഗ്രഥനമാണ് ഇന്ത്യന്‍ ദേശീയതയെ ലോക ഭൂപടത്തില്‍ ഉയര്‍ത്തിനിര്‍ത്തിയത്.
പക്ഷേ, ഈ സാംസ്‌കാരിക സമന്വയത്തെ ഇല്ലാതാക്കി തദ്ദേശീയവും പ്രാദേശികവും മതപരവും ജാതീയവുമായ എല്ലാ നിയമാവകാശങ്ങളെയും നിരാകരിച്ച് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ഏക സിവില്‍കോഡ് എന്ന ആവശ്യമാണ് ഭരണവര്‍ഗം ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രത്തില്‍ ഫാസിസ്റ്റ് മുഖമുള്ള ഭരണകര്‍ത്താക്കള്‍ ഏക സിവില്‍കോഡുമായി രംഗത്തുവരുമ്പോള്‍ അതൊരു മുസ്ലിം പ്രശ്‌നമെന്ന മട്ടിലാണ് പലരും കാണുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക ധാരയോട് ഇഴയടുപ്പമില്ലാത്തവരാണ് മുസ്്‌ലിംകള്‍. അവരെ ദേശീയതയോടടുപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ആത്മാര്‍ഥ ശ്രമമാണിതെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മുത്വലാഖ് പോലെ മുസ്ലിം സ്ത്രീകളെ 'രക്ഷിക്കാ'നെന്ന വാദവും ചില ശുദ്ധാത്മാക്കള്‍ക്കുണ്ട.് ഏക സിവില്‍കോഡിനെതിരെ പ്രതികരിക്കേണ്ടതും മുസ്‌ലിംകളുടെ മാത്രം ബാധ്യതയായാണ് പൊതുബോധം കാണുന്നത്. അതുകൊണ്ടായിരിക്കാം, ഏത് നിയമത്തെ മുന്‍നിര്‍ത്തിയാണ് ഏക സിവില്‍ക്കോഡ് രൂപീകരിക്കുക എന്ന ചോദ്യം പോലും ഉയരാത്തത്. യഥാര്‍ഥത്തില്‍ പ്രത്യേകാധികാരങ്ങളുള്ള തെക്കുവടക്കന്‍ പ്രദേശങ്ങളും ജനവിഭാഗങ്ങളും ഇപ്പോഴും രാജ്യത്തുണ്ട്. അവര്‍ക്കായി പ്രത്യേക നിയമവുമുണ്ട്. സാംസ്‌കാരിക സമന്വയത്തിന്റെ ഈറ്റില്ലമായ ഇന്ത്യന്‍ സാമൂഹത്തില്‍ സാധ്യമല്ലാത്ത ഒന്ന് നിയമമാക്കാന്‍ ശ്രമിക്കുന്നത്, ഭൂരിപക്ഷ സമുദായത്തില്‍ അപരനെ സൃഷ്ടിച്ച് രാഷ്ട്രീയാധികാരം നേടാനുള്ള സൂത്രപ്പണിയാണെന്നും ഓരോരുത്തരും ഇരകളായി മാറും എന്നും തിരിച്ചറിവില്ലാത്തവരാണ് രാജ്യത്തെ അനേക കോടികള്‍. അതുകൊണ്ട് വീണ്ടും വീണ്ടും ഏകസിവില്‍കോഡെന്ന വാദം ഭരിക്കുന്നവരുയര്‍ത്തുമ്പോള്‍ ഞങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന് ധരിക്കുന്നവരെ ബോധവാന്മാരാക്കുകയാണ് ഇതിനെക്കുറിച്ച ചര്‍ച്ചയിലെ മുഖ്യ ഘടകം.