പഞ്ചാബിലേക്കൊരു യാത്ര

നിഹ് ല നബ്ഹാന്‍
ജൂലൈ 2023

പതിറ്റാണ്ടിലേറെയായി ഉപ്പ വിദേശത്തുനിന്ന് അവധിക്ക് വരുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു; ഒരു പഞ്ചാബി സുഹൃത്ത് കുടുംബസമേതം പഞ്ചാബിലേക്ക്  ക്ഷണിച്ചിട്ടുണ്ടെന്ന്. പല കാരണങ്ങളാലും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചില്ല. ഇത്തവണ ഞങ്ങളുടെയൊക്കെ താല്‍പര്യം കണക്കിലെടുത്ത് അങ്ങോട്ട് പോവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ വരുന്നുണ്ടെന്നറിയിച്ചപ്പോള്‍ അദ്ദേഹവും കുടുംബവും പലതവണ ഞങ്ങളുടെ യാത്രാവിവരങ്ങളറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അത്യാവശ്യം വേണ്ട  ഒരുക്കങ്ങളോടെ ഞങ്ങള്‍ (മാതാപിതാക്കളും ഞാനും എന്റെ ഭര്‍ത്താവും കുഞ്ഞും സഹോദരനും സഹോദരിയും) തീവണ്ടി മാര്‍ഗം പഞ്ചാബിലേക്കു പുറപ്പെട്ടു.
രണ്ടു ദിവസത്തെ യാത്രക്കൊടുവില്‍ അദ്ദേഹത്തിന്റെ നഗരമായ ലുധിയാനയില്‍ രാത്രി ഒരുമണിക്കെത്തി. നേരത്തെ അറിയിച്ചതനുസരിച്ചു അദ്ദേഹം ഞങ്ങളെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചതിനാല്‍ ലുധിയാനയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടു വീട്ടിലേക്കു പോവാമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ ക്ഷണം ഞങ്ങള്‍ സ്‌നേഹപൂര്‍വം നിരസിച്ചു. സ്റ്റേഷനില്‍നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ ദൂരെയുള്ള 'അപ്ര' എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട്.
ഉറക്കമിളച്ചു കാത്തുനിന്ന അദ്ദേഹത്തിന്റെ സഹധര്‍മിണി വീട്ടില്‍ ഞങ്ങളെ സ്വാഗതം ചെയ്തു. അവര്‍ ഇരുവരും സിഖുകാരായിരുന്നിട്ടുകൂടി സലാം ചൊല്ലിയാണ് ഞങ്ങളെ അഭിവാദ്യം ചെയ്തത്.  ഞങ്ങള്‍ക്കു താമസിക്കാനും നമസ്‌കരിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ നേരത്തെതന്നെ ഒരുക്കിവെച്ചിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും ഞങ്ങളെ അഭിവാദ്യം ചെയ്ത് വിശദമായി പരിചയപ്പെടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അവിടെ താമസിച്ചിരുന്ന ദിവസങ്ങളിലൊക്കെ അയല്‍വാസികളും ബന്ധുക്കളുമൊക്കെ ഞങ്ങളെ കാണാന്‍ വന്നുകൊണ്ടിരുന്നു. അവിടെ എത്തിയതു മുതല്‍ വിടവാങ്ങുന്നതു വരെ അവര്‍ ഞങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുകയായിരുന്നു. അവരുടെ ഭക്ഷണപാനീയങ്ങള്‍ ചേരുവകള്‍ സഹിതം ഞങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഏത് ഇനമാണ് വേണ്ടതെന്നു ഓരോ സമയവും അന്വേഷിക്കും. ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഓരോ സമയവും വ്യത്യസ്ത ഇനങ്ങള്‍ ഉണ്ടാക്കിത്തന്നു.
പോയതിന്റെ പിറ്റേ ദിവസം തൊട്ടടുത്ത അങ്ങാടിയും കൃഷിയിടങ്ങളും ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. കിലോമീറ്ററുകളോളം വിസ്തൃതിയിലുള്ള കൃഷിയിടങ്ങള്‍ മനോഹരമായ കാഴ്ചതന്നെയാണ്. മൂന്നാമത്തെ ദിവസമാണ് അമൃതസറിലുള്ള 'ഗോള്‍ഡന്‍ ടെമ്പിള്‍' എന്ന സിഖുകാരുടെ പ്രധാനപ്പെട്ട ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ക്ഷേത്രം കാണാന്‍ വമ്പിച്ച ജനത്തിരക്കാണ്. ഒരു മണിക്കൂറിലേറെ ക്യൂ നിന്നാണ് ക്ഷേത്രത്തിലെത്താന്‍ കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന അനേകായിരങ്ങളില്‍ നാനാജാതി മതസ്ഥരുണ്ട്. വരുന്നവര്‍ക്കൊക്കെ ആഹാരവുമുണ്ട്. ഞങ്ങളും ഭക്ഷണം കഴിച്ചു. രുചികരമായ ചോറും ചപ്പാത്തിയും കറിയും പായസവും.
ശേഷം അടുത്തുതന്നെയുള്ള ജാലിയന്‍വാലാബാഗ് മ്യൂസിയം സന്ദര്‍ശിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ തുടിക്കുന്ന സ്മരണകളുണര്‍ത്തുന്നതാണ് അവിടുത്തെ ഓരോ കാഴ്ചയും. ത്യാഗോജ്ജ്വലമായ സമരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ചരിത്രവും നാള്‍വഴികളും വ്യക്തമാക്കുന്ന ധാരാളം വീഡിയോ ദൃശ്യങ്ങള്‍ അവിടെയുണ്ട്.
   ഉച്ചതിരിഞ്ഞു അദ്ദേഹം ഞങ്ങളെ വാഗ ബോര്‍ഡറിലെ സൈനിക പരേഡ് കാണാനാണ് കൂട്ടിക്കൊണ്ടുപോയത്.
മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു അത്. ലോകത്തിലെ തന്നെ അത്യപൂര്‍വ കാഴ്ച. ആദ്യം ഇരു രാജ്യങ്ങളിലെയും സ്ത്രീകളുടെയും കുട്ടികളുടെയും പരേഡും നൃത്തങ്ങളും; പിന്നീട് സൈനികരുടെ പരേഡ്. ഇരു രാജ്യക്കാരും അതിര്‍ത്തിക്ക് അഭിമുഖമായി ഒരേ താളത്തിലും സ്റ്റെപ്പിലും നടത്തുന്ന പരേഡുകള്‍ അത്യന്തം ആകര്‍ഷകമാണ്. അവസാനം ഇരു രാജ്യങ്ങളിലേയും ക്യാപ്റ്റന്മാര്‍ ഹസ്തദാനം ചെയ്യുന്നു. വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു വലിയ ഹോട്ടലില്‍ കയറി അദ്ദേഹം ഞങ്ങളെ കാര്യമായി സല്‍ക്കരിച്ചു.
  കാഴ്ച കാണാന്‍ പോകുമ്പോഴൊന്നും ഒരാവശ്യത്തിനും ഒരു പൈസപോലും ചെലവഴിക്കാന്‍ അദ്ദേഹം ഞങ്ങളെ സമ്മതിച്ചില്ല. ഐസ്‌ക്രീമും ചോക്ലേറ്റുകളും പാനീയങ്ങളും എല്ലാം അദ്ദേഹം ഞങ്ങള്‍ക്കായി സമ്മാനിച്ചു. അമൃതസറിലേക്കും വാഗാ ബോര്‍ഡറിലേക്കും പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാറ് കൂടാതെ മറ്റൊരു കാറു കൂടി വിളിച്ചാണ് പോയത്. എത്ര ശ്രമിച്ചിട്ടും അതിനുള്ള പൈസ കൊടുക്കാനൊന്നും അദ്ദേഹം സമ്മതിച്ചില്ല. പിറ്റേന്ന് ഉച്ചവരെ അവിടെ വിശ്രമിച്ച ശേഷമാണ് അവിടുന്ന് മടങ്ങിയത്. രണ്ടുമൂന്നു ദിവസവും കൂടി അവിടെ നില്‍ക്കണമെന്നും സിംലയില്‍ പോകണമെന്നും പറഞ്ഞു നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചുപോരേണ്ടത് അത്യാവശ്യമായതിനാല്‍ പ്രയാസത്തോടെയായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. അത്രയ്ക്ക് മനസ്സുകള്‍ അടുത്തുകഴിഞ്ഞിരുന്നു. ഭാഷയൊന്നും ഞങ്ങള്‍ക്കൊരു തടസ്സമായിരുന്നില്ല.
പരസ്പരം ആലിംഗനം ചെയ്തും ആനന്ദാശ്രു പൊഴിച്ചും വിടവാങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ വീണ്ടും വിസ്മയിപ്പിച്ചു: ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ പേക്കുചെയ്തു തന്നാണ് ഞങ്ങളെ യാത്രയയച്ചത്. കൂടെ  കമ്പം കൊണ്ടുണ്ടാക്കിയ മധുരപലഹാരവും.  ഞങ്ങള്‍ അങ്ങോട്ടു ചെല്ലുമ്പോള്‍ കുറച്ചു നാളികേരവും കായ വറുത്തതതും കൊണ്ടുപോയിരുന്നു.  മറ്റൊരിക്കല്‍ കൂടി വരണമെന്ന് ആവശ്യപ്പെട്ടാണ്  അവര്‍ ഞങ്ങളെ യാത്രയയച്ചത്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media