ആശുപത്രി പരിസരം വിജനമായിരുന്നു. താമസിച്ച് ചികിത്സിക്കുന്ന ചുരുക്കം ചില രോഗികള്‍. ഐ.സി.യു വിഭാഗം, ട്രോമാ സെന്റര്‍ ഇവയിലുള്ള ഡോക്‌ടേഴ്‌സ്, സിസ്റ്റേഴ്‌സ്, അറ്റന്‍ഡേഴ്‌സ് എന്നിവരെ അവിടവിടെയായി കാണാം. രാത്രിയായതിനാല്‍ റിസപ്ഷനില്‍ രണ്ടുപേര്‍ മാത്രം. അവര്‍ രണ്ട് കസേരകള്‍ അടുപ്പിച്ച് വെച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്നു. രോഗികളുടെ കൂടെ വന്നവര്‍ പല സ്ഥലങ്ങളിലായി ഇരുന്നുറങ്ങുന്നു.
നീണ്ട നിലക്കാത്ത സൈറണ്‍ വിളിയുമായി ആംബുലന്‍സ് ട്രോമാ സെന്ററിന് അടുത്ത് നിര്‍ത്തി. അറ്റന്‍ഡര്‍മാര്‍ അവിടേക്ക് ഓടിയെത്തി. വേറെ രണ്ടുപേര്‍ ട്രോളിയുമായി തയ്യാറായി നിന്നു. സ്‌ട്രെക്ചറില്‍ കിടത്തിയിരുന്ന ബോധരഹിതനായ രോഗി രക്തത്തില്‍ കുളിച്ചിരിക്കുന്നു. രോഗിയെ ട്രോളിയില്‍ കിടത്തി ട്രോമാ സെന്ററില്‍ എത്തിച്ചു. വാതില്‍ക്കല്‍തന്നെ രണ്ടു സിസ്റ്റര്‍മാര്‍ രോഗിയെ ഏറ്റുവാങ്ങി. എമര്‍ജന്‍സി ഡോക്ടര്‍ സ്ഥലത്തെത്തി. നല്ല അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍, വസ്ത്രം മുഴുവനും രക്തത്തില്‍ നനഞ്ഞിരുന്നു. സിസ്റ്റര്‍ കത്രികകൊണ്ട് ഷര്‍ട്ട് കീറിയെടുത്തു. ഒരു ഡോക്ടറും കൂടി അവിടെയെത്തി പരിശോധനയാരംഭിച്ചു.
''സാര്‍..ചോരയൊലിക്കുന്നു... നില്‍ക്കുന്നില്ല... സാര്‍... പള്‍സ് കിട്ടുന്നില്ല....''
സിസ്റ്റര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
''ഹു ഈസ് ഓണ്‍ കോള്‍''
എമര്‍ജന്‍സി ഡോക്ടര്‍ ഒച്ചവെച്ചു.
''ഡോക്ടര്‍ ഖുര്‍ഷിദ് സാര്‍.''
''കോള്‍ ഹിം നൗ.''
ഡോക്ടര്‍ വന്നു പരിശോധന തുടങ്ങി.
''വാഹനാപകടമാണെന്ന് തോന്നുന്നു.''
''അതേ സാര്‍, കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ്.''
''ഗെറ്റ് ഹിം ഓക്‌സിജന്‍.''
''ഗ്രൂപ്പ് നോക്കി രക്തത്തിന് ഓര്‍ഡര്‍ ചെയ്യൂ.''
''ഓക്കെ സാര്‍.''
ഡോക്ടര്‍ രോഗിയെ ഐ.സി.യുവിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
''സാര്‍...''
സിസ്റ്ററുടെ വിളികേട്ട ഡോക്ടര്‍ തിരിഞ്ഞുനോക്കി. ഡോക്ടര്‍ ഖുര്‍ഷിദ് പരിശോധിച്ചു.
''ഏസ്... ഹി ഈസ് ഡെഡ്.''
(അയാള്‍ മരിച്ചു.)
ഡോക്ടര്‍ തിരിഞ്ഞുനടന്നു.
വളരെ വേഗതയില്‍ ഓടിയെത്തിയ കാറില്‍നിന്ന് ഒരു സ്ത്രീ ചാടിയിറങ്ങി അകത്തേക്ക് ഓടിക്കയറി. ഇതുകണ്ട ആസിഫ് മൊബൈലെടുത്ത് സുബൈറിനെ വിളിച്ചു.
നല്ല ഉറക്കത്തിലായിരുന്ന സുബൈര്‍ മനസ്സില്ലാ മനസ്സോടെ കണ്ണുതിരുമ്മിക്കൊണ്ട് മൊബൈല്‍ കൈയിലെടുത്തു.
''ഹലോ സാര്‍... ഇത് ഞാനാണ് ആസിഫ്.''
''എന്താ ആസിഫേ, ഈ പാതിരാത്രിയില്‍?''
''സാര്‍, ഇവിടെയൊരു ആക്‌സിഡന്റ് കേസ്സ്.''
''അത് സാധാരണയല്ലേ... ഡോക്ടറെ വിളിക്കൂ, എന്നെയാണോ വിളിക്കുന്നത്?''
''അതല്ല സാര്‍... ഇത് അന്ന് വന്ന ആ സ്ത്രീയുടെ ഭര്‍ത്താവാണ്.''
''ഏത് സ്ത്രീയുടെ?''
''നിങ്ങള്‍ അന്ന് പെങ്ങളാണെന്ന് പറഞ്ഞില്ലേ?...''
''മനസ്സിലായി ആസിഫേ... ഞാന്‍ ഉടനെ വരാം.''
സുബൈര്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആസിഫ് വാതില്‍ക്കല്‍ തന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. അവര്‍ രണ്ട് പേരും ട്രോമാ സെന്ററിലേക്ക് പോയി. മൃതശരീരത്തിന്റെ തൊട്ടടുത്ത് ഇരുന്ന മൈമൂന സുബൈറിനെ കണ്ടതും പൊട്ടിക്കരഞ്ഞു.
''എനിക്കാരുണ്ട് സുബൈറേ....''
അവള്‍ കരഞ്ഞു. സുബൈര്‍ ഒന്നും മിണ്ടാതെ അവളുടെയടുത്ത് തന്നെ നിന്നു.
''ഞാന്‍ എന്തുചെയ്യും, ഇവിടെ എനിക്കാരുണ്ട്...?''
അവള്‍ വീണ്ടും കരഞ്ഞു തുടങ്ങി. സുബൈറിനും അവളുടെ വിഷമാവസ്ഥ അറിയാമായിരുന്നു.
''മൈമൂനാ... നീ നാട്ടിലേക്ക് പോ....''
''നാട്ടിലേക്കോ...?''
''അതെ... നിന്റെ ഉമ്മാന്റടുത്ത്...''
''ഉമ്മാന്റെ കൂടെ ഞാന്‍ എങ്ങനെ പോകും? ഉമ്മ കീച്ചലിലെ അന്ത്രുമാന്‍ ഹാജിയാര്‍ച്ചാന്റെ ഭാര്യയാണ്... അവിടെ സുഖമായി കഴിയുന്നു.''
സുബൈര്‍ ചിന്തയിലായി.
''എന്തെങ്കിലും വഴിയുണ്ടാക്കാം.''
അവള്‍ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. സാരിത്തലപ്പുകൊണ്ട് കണ്ണും മുഖവും തുടച്ച് വരാന്തയില്‍ ചെന്നിരുന്നു.
സുബൈര്‍ നാട്ടിലേക്ക് ഉപ്പാനെ വിളിച്ചു.
''ഉപ്പാ, നമ്മുടെ വീട്ടിലുണ്ടായിരുന്ന നബീസുമ്മാന്റെ മകളുണ്ടല്ലോ മൈമൂന... അവളുടെ ഭര്‍ത്താവ് ഇന്ന് വാഹനാപകടത്തില്‍ മരിച്ചു.''
''ഇന്നാലിന്നാ വ ഇന്നാഇലൈഹി റാജിഊന്‍... എന്റെ റബ്ബേ... എങ്ങനെയാ മോനേ...?''
''കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്നാണ് പറയുന്നത്.''
സുബൈര്‍ ഉപ്പാനോട് അവളുടെ ദയനീയാവസ്ഥ വിവരിച്ചു.
''ഉപ്പാ, അവളെ നമ്മുടെ വീട്ടിലേക്ക് അയച്ചാലോ?''
''അതെങ്ങനെയാ മോനെ, നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയുന്നതല്ലേ.''
''എനിക്ക് നല്ല ബോധ്യമുണ്ട്... പടച്ചവന്റെയടുത്ത് നല്ലൊരു കാര്യമാണ് നമ്മള്‍ ചെയ്യുന്നത്... അവളൊരു യത്തീമാണ്. കൂടാതെ നമ്മുടെ വീട്ടില്‍ വളര്‍ന്നതും.''
''ശരിയാണ്, ഉമ്മാക്കും ഒരു കൂട്ടായി.''
''പിന്നെ അവളുടെ കഥകളറിഞ്ഞ് ആരെങ്കിലും ഒരു ജീവിതം കൊടുക്കാന്‍ തയ്യാറായിവന്നാല്‍ നമുക്കത് നടത്തിക്കൊടുക്കാം.''
''അങ്ങനെയാവട്ടെ മോനേ, അല്ലാഹു അനുഗ്രഹിക്കട്ടെ.''
സുബൈര്‍ മൈമൂനയെ വിളിച്ചു.
''മൈമൂനാ... നീ നാട്ടില്‍ പോകുന്നതാ നിനക്ക് നല്ലത്... ഈ നരകത്തില്‍ ഇനി കഴിയേണ്ടാ....''
''നാട്ടില്‍ ഞാന്‍ എവിടെ പോകും? ആരാ എനിക്കുള്ളത്?''
''നമ്മുടെ വീട്ടിലേക്ക്... നീ വളര്‍ന്ന സ്ഥലത്ത്. ഞാന്‍ ഉപ്പയോട് വിവരമൊക്കെ പറഞ്ഞു.''
അവളുടെ മുഖത്ത് പ്രസന്നത.
''സന്തോഷമായി സുബൈറേ, എന്റെ വീട് തന്നെ, എനിക്ക് ഉമ്മാനേയും ഉപ്പാനേയും കിട്ടി.''
''നീ നാളത്തെ ഫ്‌ളൈറ്റില്‍ തന്നെ പോയിക്കൊള്ളൂ.''
മൈമൂന തന്റെ ബാഗ് തുറന്ന് പണമെടുത്ത് സുബൈറിനു നേരെ നീട്ടി.
''സുബൈറേ, ടിക്കറ്റിന്റെ കാശ് എടുത്തോളൂ.''
''മൈമൂനാ, ടിക്കറ്റിന്റെ പണം ഞാന്‍ കൊടുക്കും. നിനക്ക് പണം വേണ്ടിവരും.''
''ഞാനൊരു കാര്യം ചെയ്യാം, ആസിഫിനോട് പറഞ്ഞ് നിന്റെ കൈയിലുള്ള ദീനാറിന് ഡി.ഡി എടുത്ത് തരാം.'' സുബൈര്‍ ആസിഫിനെ വിളിച്ചുവരുത്തി.
ആസിഫേ, ഇവളെയൊന്ന് താമസസ്ഥലത്ത് കൊണ്ടുവിടണം, വേണ്ട ഉപകാരങ്ങളൊക്കെ ചെയ്തുകൊടുക്കണം. ടിക്കറ്റ് അല്‍ സലാം ട്രാവല്‍സില്‍നിന്ന് എടുത്തോളൂ... ഞാന്‍ വിളിച്ചു പറയാം.
''ഷുവര്‍ സാര്‍....''
സുബൈര്‍ മൈമൂനയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
''മൈമൂനാ... കുവൈത്തില്‍നിന്ന് മരണപ്പെടുന്ന വിദേശികളെയെല്ലാം നിര്‍ബന്ധമായും ഓട്ടോപ്‌സി ചെയ്യും. അത് ഇവിടത്തെ നിയമമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സുലൈബീഖാത്തില്‍ എല്ലാ ചടങ്ങുകളും നിര്‍വഹിച്ച് മറവുചെയ്യും. നിനക്ക് നാളെ രാത്രി പത്തു മണിക്കുള്ള ഫ്‌ളൈറ്റില്‍ പോകാം. മംഗലാപുരത്തുനിന്ന് ബസ്സില്‍ പോയാല്‍ മതി. ഞാന്‍ ഉപ്പയോട് വിളിച്ചു പറയാം.''
''സുബൈറേ... ഞാനെന്ത് പറയാന്‍. എല്ലാം നീ വേണ്ടപോലെ ചെയ്യുമെന്നെനിക്കറിയാം.''
കണ്ണുനീര്‍ അവളുടെ കവിളിലൂടെ ഒലിച്ചു. അവള്‍ കണ്ണും മുഖവും തുടച്ചു.
അവള്‍ യാത്ര പറഞ്ഞ് ആസിഫിന്റെ കൂടെ താമസസ്ഥലത്തേക്ക് പോയി. ജീവിതത്തില്‍ അറിയാതെ സംഭവിക്കുന്ന സംഭവങ്ങള്‍... അവള്‍ പോകുന്നതും നോക്കി അവന്‍ നിന്നു.
സുബൈര്‍ ഏകാന്തനായി. വാച്ചിലേക്ക് നോക്കി, സമയം മൂന്നര. സുബൈര്‍ വീണ്ടും ഏ.എസ്ച്ചാന്റെ മുറിയിലേക്ക് പോയി. ട്യൂബില്‍ക്കൂടിയുള്ള ഭക്ഷണം. ജീവനുണ്ടെങ്കിലും മരിച്ചു കിടക്കുന്നു. അവന്‍ പതിവുപോലെ അദ്ദേഹത്തിന്റെ കട്ടിലിനരികില്‍ ഇരുന്നു. സിസ്റ്റര്‍ അവിടെ നിന്നിറങ്ങി. അവന്‍ പ്രാര്‍ഥനകള്‍ ഉരുവിട്ട് ദേഹമാസകലം ഊതിക്കൊടുത്തു. വേദനയോടെ ഏ.എസ്ച്ചാന്റെ ചെവിയില്‍ പറഞ്ഞു:
''നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ദിനേന പല പ്രാവശ്യം മനം നൊന്ത് പ്രാര്‍ഥിച്ചു. നിങ്ങള്‍ എനിക്ക് ചെയ്തുതന്ന ഉപകാരങ്ങള്‍ ഒരിക്കലും എന്റെ മനസ്സില്‍നിന്ന് മായുകയില്ല. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന, ഞാനും കൂടി ചെയ്ത കച്ചവടം ഇസ്ലാമിക വീക്ഷണത്തില്‍ രാജ്യദ്രോഹമാണ്.... നിങ്ങള്‍ക്ക് വധശിക്ഷ തന്നെ നല്‍കാം. അത്രയ്ക്കും വലിയ സാമൂഹ്യ തിന്മയാണ്. അതൊന്നും അന്നെനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇന്ന് ഞാന്‍ ഖേദിക്കുന്നു, പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ഥിച്ചു. നിങ്ങളും പ്രാര്‍ഥിക്കുക, പശ്ചാത്തപിക്കുക. കരുണാമയനായ ദൈവം തമ്പുരാന്‍ പൊറുത്തുതരട്ടെ.''
അവന്റെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ ഏ.എസ്ച്ചാന്റെ ശരീരത്തില്‍ പതിച്ചു.
സുബൈറിന്റെ മൊബൈല്‍ ശബ്ദിച്ചു. റിങ്ങ് ട്യൂണില്‍ തന്നെ മനസ്സിലായി അവളാണെന്ന്.
''ഹാലോ...''
''ഹലോ ഷാഹിനാ...''
''സുബൈര്‍ച്ചാ കേള്‍ക്കുന്നുണ്ടോ...?''
''വളരെ നന്നായി കേള്‍ക്കാം... എന്താണ് വിശേഷം?''
''ഇവിടെ ആകെ ബോറടിക്കുവാ...''
കെയിസ് കുറവാണ്... ഒക്കെ ജലദോഷം, പനി...''
സാരമില്ല... കുറച്ച് ക്ഷമിക്ക്... ജോലി പരിചയം കിട്ടട്ടെ...''
''ഭയങ്കര ബോറടി...''
''ഷാഹിനാ, ഞാന്‍ നാട്ടിലേക്ക് വരാനുള്ള പ്ലാനിലാ, ഉപ്പ വിളിച്ചുകൊണ്ടേയിരിക്കുന്നു.''
''അയ്യോ... ഇപ്പോള്‍ വരണ്ട, എനിക്ക് ഉപ്പാനെ പേടിയാ... എങ്ങനെ അവതരിപ്പിക്കും?
''അതൊക്കെ ഉപ്പാക്കറിയാം... എന്റെ ഉപ്പയാണെങ്കില്‍, ഒത്തിരി ആലോചനകള്‍ വരുന്നുണ്ട് ഉടനെ വരണം എന്ന് പറഞ്ഞ് ധൃതി കൂട്ടുന്നു.''
''നിങ്ങള്‍ക്കങ്ങനെ പറയാം, പക്ഷേ എന്റെ വിഷമം ആരറിയാനാണ്?''
''ഷാഹിനാ... ഒരു കാര്യം ചെയ്യാം, ഞാന്‍ രാത്രി വിളിക്കാം.''
''ഓക്കെ.''
മേശപ്പുറത്ത് വെച്ചിരുന്ന ചായ കുടിച്ചു. എങ്ങനെയാണ് കല്യാണക്കാര്യം ഉപ്പാനെ ധരിപ്പിക്കുക? ഉപ്പാക്ക് ഇഷ്ടമാകുമോ? പലതരം ഓര്‍മകളില്‍ അവന്‍ അസ്വസ്ഥനായി.
(തുടരും)