കലയും കരവിരുതും ക്ഷമാശീലവും കൈമുതലായുണ്ടെങ്കില്‍ ജീവിതം കൂടുതല്‍
ഊര്‍ജസ്വലമാക്കാം. പ്രത്യേകിച്ച് വാര്‍ധക്യജീവിതം. ഇതിന് തെളിവാണ് ഇടപ്പള്ളി
കൊല്ലംപറമ്പില്‍ സുശീല വിശ്വനാഥും അവരുടെ വിരല്‍ത്തുമ്പില്‍ വിരിയുന്ന കലാരൂപങ്ങളും.
മുത്തും കമ്പിളിനൂലും പ്ലാസ്റ്റിക്കും കൊണ്ട് തീര്‍ത്ത കലാവിസ്മയങ്ങളുടെ വലിയൊരു ശേഖരം തന്നെ സുശീലയുടെ പക്കലുണ്ട്. കണ്ണും മനസ്സും നിറക്കുന്ന, വര്‍ണ വൈവിധ്യങ്ങളുടെ കൂമ്പാരങ്ങള്‍. കുഞ്ഞന്‍ പാവകളും കുഞ്ഞുടുപ്പുകളും അലങ്കാരങ്ങളും ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളുമെല്ലാമുണ്ട് ഇക്കൂട്ടത്തില്‍. അലമാരകളിലും ഷോകേസിലും ചെപ്പുകളിലും സഞ്ചികളിലുമായി സൂക്ഷിക്കുന്ന തന്റെ ആവിഷ്‌കാരങ്ങളെ, മേശപ്പുറത്തും തറയിലും ഇരിപ്പിടങ്ങളിലുമെല്ലാം നിരത്തിയിട്ട് ഓരോന്നായി സുശീല പരിചയപ്പെടുത്തി. ക്രോഷ്യോ വര്‍ക്കുകള്‍, ബീഡ് വര്‍ക്കുകള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ സുന്ദരന്‍ ശ്രേണി.
ഇലകളും പൂക്കളും ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യരും യന്ത്രങ്ങളും വാഹനങ്ങളും തുടങ്ങി പ്രകൃതിയില്‍ കാണുന്നതെല്ലാം സുശീലയുടെ കൈവേലയില്‍ മനോഹര രൂപങ്ങളായി മാറി. ആകൃതിയിലും ഭംഗിയിലും വൈവിധ്യം നിറഞ്ഞവ, പല വലുപ്പത്തിലുള്ളവ, നിറത്തിലും ചന്തത്തിലും വേറിട്ട് നില്‍ക്കുന്നവ, അഴകിന്റെ ചിറകുകള്‍ വിടര്‍ത്തുന്നവ അങ്ങനെ വേണം അവയെ വിശേഷിപ്പിക്കാന്‍.
ചെറിയ മുത്തുകള്‍ കോര്‍ത്തെടുത്തു നിര്‍മിച്ച കടുംനിറമുള്ള മിനിയേച്ചര്‍ രൂപങ്ങളിലേക്കാണ് ആദ്യം ശ്രദ്ധ തിരിഞ്ഞത്. ഒരിഞ്ചു മുതല്‍ ഏതാണ്ട് പത്തുപന്ത്രണ്ട് ഇഞ്ചു വരെയുള്ള പാവകളും കളിപ്പാട്ടങ്ങളും ചമയങ്ങളും.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് സുശീലക്ക് ബീഡ് വര്‍ക്കിനോടുള്ള ഭ്രമം തുടങ്ങുന്നത്. അന്ന് കഴുത്തില്‍ കിടന്ന മുത്തുമാല പൊട്ടിച്ച് ഒരു ചെറിയ പേഴ്‌സ് ഉണ്ടാക്കിയായിരുന്നു തുടക്കം.
''കുട്ടിക്കാലത്ത് അമ്മ ശ്രീദേവിയമ്മ എപ്പോഴും തുന്നിയും കോര്‍ത്തും ഇരിക്കുന്നത് കാണാം. വീട്ടുജോലികള്‍ക്ക് ശേഷം അമ്മ നിത്യവും വളരെ ക്ഷമയോടെ തന്നെ ഇതൊക്കെ ചെയ്യുന്നത് കണ്ടാണ് എനിക്കും താല്‍പര്യം വന്നത്. അമ്മയാണ് എന്റെ പ്രചോദനം.'
സുശീല പറഞ്ഞുതുടങ്ങി.
ഇടപ്പള്ളി യു.പി സ്‌കൂള്‍ പഠനകാലത്ത് കയര്‍ പിരിക്കാനും സുശീലക്ക് പരിശീലനം കിട്ടി. സ്‌കൂള്‍ കോളേജ് കാലവും വിവാഹവും കഴിഞ്ഞ് ഹിന്ദി അധ്യാപികയായി ജോലി ചെയ്തു. ഇടപ്പള്ളി, കുന്നുംപുറം, തേവക്കല്‍ തുടങ്ങിയ സ്‌കൂളുകളില്‍ അധ്യാപികയായിരിക്കുമ്പോള്‍ കുട്ടികളുടെ വര്‍ക്ക് എക്‌സ്പീരിയന്‍സിനായി എക്‌സിബിഷനും മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും ആര്‍ട്ട് അധ്യാപകര്‍ക്കൊപ്പം മുന്‍കൈയെടുത്തു. ഇതിനിടയില്‍ പല മത്സരങ്ങളുടെ ജഡ്ജ്‌മെന്റിനും പോയിരുന്നു. 2007-ല്‍ വിരമിച്ചതിന് ശേഷം ഇന്നും സുശീല അത് തുടരുന്നു.
നാലര പതിറ്റാണ്ടു മുമ്പുള്ള ബീഡ് വര്‍ക്കുകള്‍ മുതലുള്ള മനോഹരങ്ങളായ കുഞ്ഞുമുത്തുകള്‍ കോര്‍ത്തുണ്ടാക്കിയ കൗതുകങ്ങളുടെ ആ നിര ആരെയും കൊതിപ്പിക്കും. ചുവപ്പും വെള്ളയും നിറമുള്ള കുഞ്ഞന്‍ ഫ്ലവര്‍ വേസുകള്‍, ബട്ടര്‍ഫ്‌ളൈസ്, കറുപ്പും ചുവപ്പും നിറമുള്ള കുട്ടിക്കസേരകള്‍, ടീപോയികള്‍, ഗ്യാസ് അടുപ്പുകള്‍, ടേബ്്ള്‍ ഫാന്‍, പല മോഡല്‍ കാറുകള്‍, ലോറികള്‍, വീടുകള്‍, മൊബൈല്‍ പൗച്ച്, കലശ രൂപങ്ങള്‍, ഗണപതി, രഥം, ഭിത്തിയിലെ അലങ്കാരങ്ങള്‍, ബോര്‍ഡുകള്‍ ഇവയെല്ലാം കടും വര്‍ണങ്ങളില്‍ തിളങ്ങുന്ന കുഞ്ഞിച്ചന്തങ്ങളാണ്.
മുത്തില്‍ കോര്‍ത്തുണ്ടാക്കിയ പച്ചക്കറികളുടെയും പഴങ്ങളുടെയും പല നിറമുള്ള രൂപങ്ങളുമുണ്ട്. വയലറ്റ് വഴുതിന, പച്ചയും വെള്ളയും നിറമുള്ള മുളക്, വാഴപ്പഴം എന്നിവ മിനിയേച്ചര്‍ രൂപങ്ങളില്‍ തിളങ്ങുന്നു. മൃഗരൂപങ്ങളായി ജിറാഫ്, തത്തമ്മ, ചെറുകിളികള്‍, താറാവ്, സിംഹം, മാന്‍, മുയല്‍, പട്ടിക്കുട്ടികള്‍, മീന്‍ എന്നിവയുമുണ്ട്. കൂടാതെ ടേബ്ള്‍ മാറ്റ്, സൈക്കിള്‍ തുടങ്ങിയവയും മാലകള്‍, ജിമിക്കികള്‍, കടുക്കന്‍, ലോലാക്കുകള്‍ മുതലായവയും മുത്തുനിര്‍മിതികളുടെ കൂട്ടത്തില്‍പ്പെടും.
പാവകളുടെ ഗണത്തില്‍ കുടമേന്തിയതും, ഓവര്‍കോട്ട് ധരിച്ചതും കുട്ടിക്കുപ്പായക്കാരും നീളന്‍ ഉടുപ്പുകാരുമടങ്ങുന്ന ആണ്‍പെണ്‍ പാവകള്‍ ധാരാളമുണ്ട് നീലയും റോസും കറുപ്പും പച്ചയും മുത്തുകള്‍ കൊണ്ടുള്ളവ.
പല വലുപ്പമുള്ള പട്ടിക്കുട്ടികളെ നിരത്തി ബീഡ് വര്‍ക്കില്‍ ചെറുതിനാണ് കൂടുതല്‍ അഴക് എന്ന് സുശീല പറഞ്ഞു. മുത്തുകള്‍ കൊണ്ടുള്ള രൂപങ്ങള്‍ പതിറ്റാണ്ടുകള്‍ നിലനില്‍ക്കും. നാല്‍പത്തെട്ട് വര്‍ഷം പഴക്കമുള്ള പാവകളും വളപ്പൊട്ടുകള്‍ ഒട്ടിച്ച് ചേര്‍ത്ത കറുത്ത കോഴിപ്പൂവനും കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മുത്തുകൊണ്ടുള്ള ബഹുനില കെട്ടിടങ്ങളും വീടുകളും ഫര്‍ണിച്ചറുമാണ് സുശീലയുടെ അടുത്ത പ്ലാനുകളുടെ മുന്നില്‍. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കമ്പിളിയില്‍ വിരിയുന്ന കരവിരുതുകള്‍
ക്രോഷ്യോ വര്‍ക്കുകളും കമ്പിളിനൂല്‍ കൊണ്ടുള്ള ആഭരണങ്ങളുമാണ് മറ്റൊരാകര്‍ഷണം. ബ്രേസ്ലറ്റ്, കമ്മല്‍, നെക്‌ളേസ്, നീളന്‍ മാലകള്‍ മോതിരങ്ങള്‍, അങ്ങനെ നീളുന്നു അവയുടെ ശേഖരം. ഓറഞ്ച് നീല നിറങ്ങളില്‍ മുത്തുകള്‍ കൊണ്ടലങ്കരിച്ചവയാണ് അതെല്ലാം.
കടും നിറമുള്ള ചെയര്‍ ബാക്, ഫോണ്‍ കവര്‍, മഫ് ളർ, സ്‌കാര്‍ഫ് എന്നിവയും ഇവിടെ കാണാം. കുരിശ്, കുങ്കുമ ചെപ്പ്, ആഭരണ ചെപ്പ്, പച്ചക്കറികള്‍, ഇലകള്‍, പലതരം പൂക്കള്‍ എന്നിങ്ങനെ കമ്പിളിനൂലില്‍ നെയ്‌തെടുത്ത അനേകം ഐറ്റങ്ങള്‍ ഇനിയുമുണ്ട്.
ക്രോഷ്യോയിലെ മികവുകൊണ്ട് സുശീലക്ക് ഗിന്നസ് റെക്കോര്‍ഡില്‍ കയറാനും സാധിച്ചു. 2016-ലാണിത്. കമ്പിളിനൂല്‍ കൊണ്ടുള്ള മാറ്റിന്റെ മോഡല്‍ രൂപകല്‍പന ചെയ്തതിനാണിത്. മദ്രാസില്‍ വെച്ചായിരുന്നു മത്സരം. പലതരം കൈവേലകള്‍ കൈയിലുണ്ടെങ്കിലും കമ്പിളിനൂല്‍ കൊണ്ടുള്ള തുന്നല്‍ പണി തന്നെയാണ് തനിക്ക് കൂടുതല്‍ പ്രിയമെന്നും ഈ റിട്ടയേര്‍ഡ് അധ്യാപിക പറയുന്നു.
പ്ലാസ്റ്റിക് കൂടില്‍നിന്ന് കൗതുക വസ്തുക്കള്‍
പാഴായിപ്പോകുന്ന പ്ലാസ്റ്റിക് കടലാസും കൂടുകളും കൊണ്ട് കൗതുക വസ്തുക്കളും അലങ്കാരങ്ങളും ഉപയോഗയോഗ്യമായ പലതരം ഉത്പന്നങ്ങളും തയ്യാറാക്കുകയാണ് മറ്റൊരു വിനോദം. ചവിട്ടികള്‍, ബാഗുകള്‍, ടേബ്ള്‍ മാറ്റ്, പേഴ്‌സ്, വിശറി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വസ്തുക്കള്‍. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഷിമ്മി കൂടുകള്‍, പാല്‍ കവറുകള്‍ തുടങ്ങിയവയാണ് ഇതിനുപയോഗിക്കുന്നത്.
മഞ്ഞ, കരിമ്പച്ച, നീല, വെള്ള, ഓറഞ്ച് നിറങ്ങളുള്ള കൂടുകള്‍ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കും. നീണ്ട റിബണുകളായി കീറിയെടുത്ത കവറുകള്‍ കയര്‍ പിരിക്കുന്ന പോലെ പിരിച്ചും പിന്നിയെടുത്തും ഇഴകളുണ്ടാക്കും. പിന്നെ അവകൊണ്ട് ബാഗുകള്‍ നെയ്യുന്നു. ഇങ്ങനെ തയ്യാറാക്കിയ ധാരാളം ടേബ്ള്‍ മാറ്റുകള്‍, ചവിട്ടികള്‍, തോരണങ്ങള്‍ എന്നിവ പല വലുപ്പത്തിലുമുണ്ട്.
'പലരും ചോദിക്കും, ഇതെങ്ങനെ സാധിക്കുന്നു. കണ്ണ് കാണുമോ ഈ പ്രായത്തില്‍ എന്ന്. റിട്ടയര്‍ ആയിക്കഴിഞ്ഞാല്‍ നമ്മള്‍ പ്രായമായെന്നു പറഞ്ഞു വിഷമിക്കേണ്ട കാര്യമില്ല. നമ്മുടെ കൈയിലുള്ള കലയോ തൊഴിലോ എന്തുമാകട്ടെ, അത് നിരന്തരം ചെയ്യുക. ബോറടി ഉണ്ടാകില്ല. അസുഖം ബാധിക്കില്ല. വീട്ടുജോലികള്‍ക്കിടയിലും ടി.വി കാണുന്നതിനിടയിലും ആണ് ഞാനിത് ചെയ്യുന്നത്. എനിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുമില്ല' അവര്‍ പറയുന്നു.
സുശീലയുടെ കഴിവിനെ കണ്ടറിഞ്ഞു പിന്താങ്ങിയും, ഓരോന്നും ചെയ്യുമ്പോള്‍ അഭിപ്രായങ്ങള്‍ പറഞ്ഞും പ്രോത്സാഹനം കൊടുക്കാന്‍ ഭര്‍ത്താവ് ഡോ. വിശ്വനാഥന്‍ കര്‍ത്ത സദാ കൂടെയുണ്ട്. മക്കള്‍ സാബുവും സീനയും കൊച്ചുമക്കളുമൊക്കെ സുശീലയുടെ പ്രോത്സാഹകരാണ്.