മിടുക്കനായ വിദ്യാര്‍ഥിയാണ് ആസിം. എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വലിയ ഉല്‍സാഹമാണവന്. നല്ല അനുസരണയുള്ള കുട്ടിയായതിനാല്‍ ഉപ്പാക്കും ഉമ്മാക്കും അവനെ വലിയ ഇഷ്ടമാണ്. ഈ കഴിഞ്ഞ അവധിക്കാലത്ത് ഭക്ഷണം പാകം ചെയ്യാനെല്ലാം അവന്‍ പഠിച്ചു. ഭക്ഷണമില്ലാതെ നമുക്ക് ജീവിക്കാനാകില്ലല്ലോ. അതുകൊണ്ട് അടിസ്ഥാനപരമായി നമ്മള്‍ നേടേണ്ട വിദ്യാഭ്യാസം കൃഷിയും പാചകവുമെല്ലാമാണെന്ന് അവന്‍ എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് ചോറും കറികളും അപ്പങ്ങളുമെല്ലാം ഉണ്ടാക്കാന്‍ പഠിക്കണമെന്ന് അവന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് അവന്‍ എല്ലാം പഠിച്ചെടുത്തത്.
മാതൃകാ വിദ്യാര്‍ഥിയാണ് ആസിം എന്നാണ് അവന്റെ അധ്യാപകരും പറയാറ്. അതെല്ലാം കേള്‍ക്കുമ്പോള്‍ ആസിമിന് നല്ല സന്തോഷം തോന്നാറുണ്ട്. തന്നെ കുറിച്ച് മറ്റുള്ളവര്‍ നല്ലത് പറയുമ്പോള്‍ ആര്‍ക്കാണ് സന്തോഷം വരാതിരിക്കുക?
എങ്കിലും അവന് സ്വന്തത്തെ കുറിച്ച് അത്ര മതിപ്പില്ല. മുഴുവന്‍ സമയവും കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് അവന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയും ഗെയിമുകളും മറ്റു പല കാര്യങ്ങളും നിരന്തരം തന്റെ ശ്രദ്ധ തെറ്റിക്കുന്നുണ്ടെന്ന് അവന് അറിയാം. അത്ര കോണ്‍സന്‍ട്രേഷന്‍ പലപ്പോഴും ലഭിക്കുന്നില്ല. പഠിക്കണമെന്നും വായിക്കണമെന്നും ചെയ്യണമെന്നും കരുതുന്ന കാര്യങ്ങളെല്ലാം ശരിയാംവിധം ചെയ്യാന്‍ കഴിയുന്നില്ല.
സ്‌കൂളിലെ കാര്യങ്ങളോ മറ്റോ ചെയ്യാനിരുന്നാല്‍ ഉടനെ ഫോണില്‍ വല്ല നോട്ടിഫിക്കേഷന്‍സും വരും. പിന്നെ അതിന് പിറകെ പോകും. കുറേ കഴിഞ്ഞാലാണ് സമയം കുറേ പോയല്ലോ എന്ന് മനസ്സിലാവുക. പിന്നെ ആര്‍ക്കെങ്കിലും മെസേജ് അയച്ച് അതിന് റിപ്ലേ ഇപ്പോ വരും എന്ന മാനസികാവസ്ഥയില്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അതിന് ഒട്ടും ശ്രദ്ധയും കിട്ടില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് പത്തും പതിനഞ്ചും മണിക്കൂറുകളാണ് എടുക്കുന്നത്. ഒരു ദിവസം ഇന്നയിന്ന കാര്യങ്ങളൊക്കെ ചെയ്യണമെന്ന് പ്ലാന്‍ ഇടുന്നതൊന്നും നടക്കുന്നില്ല. അതിനെന്താണ് പ്രതിവിധിയെന്ന് കുറേയായി അവന്‍ ആലോചിക്കുന്നു. സോഷ്യല്‍ മീഡിയയായാലും ഗെയിമുകളായാലും എല്ലാറ്റിനും ഒരു നിശ്ചിത സമയം വെച്ച് അത് പാലിച്ച് പോകണം എന്നും ആസിം കരുതാറുണ്ട്. അതും ഇതുവരെ നടന്നിട്ടില്ല.
ആസിമിനെ പോലെ പലരും ഈയൊരു പ്രശ്നം നേരിടുന്നുണ്ടാകും, അല്ലേ...? കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇങ്ങനെയൊക്കെയാണ്. ഫോക്കസ് നഷ്ടപ്പെടുകയും ജോലിയിലും കുടുംബജീവിതത്തിലും ശ്രദ്ധിക്കാന്‍ പറ്റാതാവുകയും ചെയ്തവര്‍ നിരവധിയാണ്.
വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ പോയാല്‍ സ്ട്രസ്സ് കൂടും. ആകെ ടെന്‍ഷനാകും. ചെയ്യേണ്ട കാര്യങ്ങള്‍ കുന്നുകൂടിക്കിടക്കും. അതിന് പ്രതിവിധിയായി നമുക്ക് 1-3-5 റൂള്‍ പരീക്ഷിച്ചാലോ..?
എന്താണ് 1-3-5 റൂള്‍ എന്നാകും നിങ്ങള്‍ ആലോചിക്കുന്നത് അല്ലേ...? പറയാം:
ഓരോ ദിവസവും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് കുറിച്ചുവെക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സെലക്റ്റ് ചെയ്യാം. കുറച്ച് പ്രയാസപ്പെട്ട് ചെയ്യേണ്ട കാര്യമായിരിക്കും. അത് എന്തായാലും ചെയ്യണമെന്നു തീരുമാനിക്കുക. ആ കാര്യത്തിനുവേണ്ടി നമുക്ക് നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത സമയം നീക്കിവെക്കുകയും ചെയ്യാം.
അത്ര ആയാസമില്ലാത്ത മീഡിയം ലെവലിലുള്ള മൂന്ന് കാര്യങ്ങളും സെലക്റ്റ് ചെയ്യാം. അതുപോലെ സിമ്പിളായി ചെയ്യാവുന്ന അഞ്ച് കാര്യങ്ങളും സെലക്റ്റ് ചെയ്യാം. അതാണ് 1-3-5 റൂള്‍. നമ്മുടെ മൂഡിനനുസരിച്ച് ടാസ്‌കുകള്‍ മാറ്റി ചെയ്യുകയും ആകാം. ഏറ്റവും പ്രയാസമുള്ള കാര്യം പെട്ടെന്ന് ചെയ്യുന്നതോടെ തന്നെ നമുക്ക് നല്ല കോണ്‍ഫിഡന്‍സ് വരും. മറ്റു കാര്യങ്ങള്‍ കുറേക്കൂടി സംതൃപ്തിയോടെ ചെയ്യാനും പറ്റും.
എന്തായാലും ഇതേ പറ്റി കേട്ടതു മുതല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കിയാലോ എന്ന ആലോചനയിലാണ് ആസിം.