തലമുറകള്‍ക്ക് അറിവ് പകര്‍ന്ന്
നജ്്‌ല പുളിക്കല്‍
ജൂണ്‍ 2023
നീണ്ടവർഷക്കാലം മദ്രസാധ്യാപികയായി ജീവിതം തുടരുന്ന മുംതാസ് ടീച്ചറെക്കുറിച്ച്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപ്പയുടെ കൈ പിടിച്ചു ഒന്നാം ക്ലാസ്സിലേക്ക് വന്ന മുഹമ്മദ് റാഫി കഴിഞ്ഞ കൊല്ലം മകള്‍ നഷ മഹ്റിന്റെ കൈ പിടിച്ചാണ് അല്‍മദ്റസത്തുല്‍ ഇസ്ലാമിയയുടെ പടി കയറി വന്നത്. രക്ഷിതാക്കള്‍ക്കും മക്കള്‍ക്കുമായി ഇങ്ങനെ തലമുറകള്‍ക്ക് അറിവ് പകര്‍ന്ന ചാരിതാര്‍ഥ്യത്തിലാണ് കീഴുപറമ്പിലെ മുംതാസ് അലി എന്ന മുംതാസ് ടീച്ചര്‍.
കെ.സി മൊയ്തീന്‍ - ആമിന ദമ്പതികളുടെ മകള്‍ മുംതാസിന് കുട്ടിക്കാലം മുതലേ സ്‌കൂള്‍ ടീച്ചറാവാനായിരുന്നു മോഹം. എന്തുകൊണ്ടോ അന്നത് നടന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞു കുട്ടികളായ സമയത്താണ് ഉപ്പ മകളെയുമായി കീഴുപറമ്പിലെ അല്‍മദ്റസത്തുല്‍ ഇസ്ലാമിയയില്‍ ചെന്നത്. ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠിച്ച മകളെ കുറിച്ച് ഉപ്പാക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. അങ്ങനെ 1999 ഓഗസ്റ്റ് 6ന് തുടങ്ങിയ അധ്യാപകജീവിതം നീണ്ട ഇരുപത്തിനാല് വര്‍ഷത്തിനു ശേഷം ഇപ്പോഴും തുടരുന്നു. എട്ടാം ക്ലാസ്സ് വരെ പഠിച്ച മദ്രസ്സയില്‍, തന്നെ പഠിപ്പിച്ച അധ്യാപകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നത് ജീവിതത്തിലെ വലിയ നേട്ടമായാണ് ടീച്ചര്‍ കാണുന്നത്.
'മറ്റ് വിദ്യാഭ്യാസം പോലെയല്ലല്ലോ മതപഠനം. ഓരോ കുട്ടിയുടെയും ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷത്തില്‍ പഠിപ്പിച്ച പാഠം എപ്പോഴെങ്കിലും ഉപകാരപ്പെടും.' തന്റെ മൂന്ന് കുട്ടികളെയടക്കം നൂറുകണക്കിന് കുട്ടികള്‍ക്ക് വെളിച്ചമേകിയ ടീച്ചര്‍ അധ്യാപനത്തിന്റെ ആദ്യത്തെ പതിനൊന്ന് വര്‍ഷവും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. പിന്നീട് പത്തു വര്‍ഷത്തോളം അഞ്ചാം ക്ലാസ്സിലേക്ക് മാറിയെങ്കിലും വീണ്ടും ഇപ്പോള്‍ ഒന്നാം ക്ലാസ്സിന്റെ ചാര്‍ജ് ഏറ്റെടുത്തു.
ഒന്നാം ക്ലാസ്സില്‍ സ്ലേറ്റും പെന്‍സിലും കൈയില്‍ പിടിച്ചു വന്നവരൊക്കെ ഇപ്പോള്‍ വലുതായി. അവര്‍ക്കൊക്കെ കുട്ടികളായി. 'പക്ഷെ എത്ര ധൃതിയില്‍ പോവുകയാണെങ്കിലും വണ്ടിയൊന്ന് സൈഡാക്കി, തല പുറത്തേക്കിട്ട് 'ടീച്ചറെ' എന്ന് വിളിക്കാന്‍ ആരും മടിക്കാറില്ല. ഈ സ്നേഹം തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.'
ഭര്‍ത്താവ് മുഹമ്മദ് അലിക്കും മക്കള്‍ ഫിദക്കും ഫവാസിനുമൊപ്പം കീഴുപറമ്പിലാണ് ടീച്ചറുടെ താമസം.