വിലാപത്തേക്കാള്‍ നല്ലത് ക്രിയാത്മക നടപടികളാണ്
മദ്‌റസാ സിലബസ് സാരോപദേശക്കഥകളും അറേബ്യന്‍ ചരിത്രവും മാത്രമായൊതുങ്ങാതെ ഇന്ത്യന്‍ മുസ്ലിമിന്റെ സ്വാതന്ത്ര്യസമരമടക്കമുള്ള പ്രൗഢചരിതവും കൂടി പഠിപ്പിക്കുന്ന ഒന്നായി മാറണം.
ദൈവത്തിന്റെ ഏകത്വം ഉറക്കെ പ്രഖ്യാപിച്ച് ലോക വിശ്വാസി സമൂഹം മക്ക ലക്ഷ്യമാക്കി നീങ്ങുകയാണ്. മക്ക-മദീനയില്‍ പ്രവാചകന്‍ ഇബ്‌റാഹീം (അ)ന്റെ ഓര്‍മയില്‍ ചരിത്രത്തിലൂടെയുള്ള പ്രയാണമാണ് ഹജ്ജ്. സഹനത്തിന്റെ, ത്യാഗത്തിന്റെ, വിമോചനത്തിന്റെ ഓര്‍മകള്‍ പേറിയ ചരിത്ര യാത്ര. സംസ്‌കാരവും നാഗരികതയും സമൂഹവും രൂപം പ്രാപിച്ചതും നടന്നുനീങ്ങുന്നതും പിന്‍ഗാമികള്‍ ബാക്കിവെച്ച ചരിത്രത്തിന്റെ ഏടുകളില്‍ കാലുറപ്പിച്ചുകൊണ്ടാണ്. ഓരോ ജനപഥത്തിന്റെയും സംസ്‌കാരങ്ങളെ നിര്‍ണയിക്കുന്നതും നിലനിര്‍ത്തുന്നതും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.
ഇബ്‌റാഹീമീ കാലഘട്ടത്തില്‍ മാത്രമല്ല, എല്ലാ ജനപഥങ്ങളിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായിക്കൊണ്ട് ചരിത്രശേഷിപ്പുകള്‍ ഓരോ നാട്ടിലുമുണ്ടെന്ന് ദൈവിക ഗ്രന്ഥം ഉണര്‍ത്തുന്നുണ്ട്. പ്രവാചക കാലഘട്ടത്തിനു ശേഷവും മുസ്്‌ലിം പൈതൃകത്തിന്റെയും പൗരാണികതയുടെയും ശേഷിപ്പുകളാല്‍ സമ്പന്നമാണ് ഓരോ നാടും. നമ്മുടെ രാജ്യവും ഇതില്‍നിന്ന് ഭിന്നമല്ല, നൂറ്റാണ്ടുകള്‍ നാടു ഭരിച്ചവരും അവരുണ്ടാക്കിയ സ്മാരകങ്ങളും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ശില്‍പചാരുതയോടെ ആ ചരിത്ര സ്മാരകങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അവരുടെ ഭരണ പരിഷ്‌കാരങ്ങളും രാജ്യത്തിനായി ചെയ്ത ത്യാഗങ്ങളും ഈ മണ്ണില്‍ ഓര്‍മകളായി പതിഞ്ഞു കിടപ്പുണ്ട്. രാജ്യത്തിന്നായി പൊരുതിയവരുടെയും ജീവന്‍ ഹോമിച്ചവരുടെയും ചരിത്രം ആത്മാഭിമാനത്തിന്റെ ത്രസിപ്പിക്കുന്ന രേഖകളാണ്. ഹൈന്ദവതയുടെ ആചാര രീതികളെ രാജ്യത്തിന്റെ സാംസ്‌കാരിക ശീലങ്ങളായി അവതരിപ്പിച്ച് ഏക സാംസ്‌കാരിക ധാര വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് വേണ്ടി അഭിമാനകരമായ മുസ്ലിംചരിത്രത്തെ അദൃശ്യമാക്കിക്കൊണ്ടിരിക്കുന്നു. അക്കാദമിക രംഗത്ത് വലിയ തരത്തിലുള്ള മുസ്ലിം ചരിത്രധ്വംസനം നടക്കുമ്പോള്‍ വിലാപത്തേക്കാള്‍ നല്ലത് ക്രിയാത്മക നടപടികളാണ്. മദ്‌റസാ സിലബസ് സാരോപദേശക്കഥകളും അറേബ്യന്‍ ചരിത്രവും മാത്രമായൊതുങ്ങാതെ ഇന്ത്യന്‍ മുസ്ലിമിന്റെ സ്വാതന്ത്ര്യസമരമടക്കമുള്ള പ്രൗഢചരിതവും കൂടി പഠിപ്പിക്കുന്ന ഒന്നായി മാറണം.