അക്കാദമികമായി ഏറെ മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ പോലും അറിയപ്പെടുന്ന
ഗവേഷണ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍
എത്തിപ്പെടാത്തതിന്റെ കാരണം എന്താണ്?
ഒരു സമൂഹം വൈജ്ഞാനികമായി വികസിക്കേണ്ടതിന്റെ ആവശ്യകത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. വിജ്ഞാനത്തിന്റെ ഉത്പാദനവും ആവശ്യമായ രീതിയിലുള്ള വിതരണവും ഏതൊരു സമൂഹത്തിന്റെയും സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിജ്ഞാനാധിഷ്ഠിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും അതിലൂടെ നോളേജ് ഇക്കോണമി ശക്തിപ്പെടുത്തുന്നതിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ /സര്‍ക്കാരിതര ഏജന്‍സികള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന കാലമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ടുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികള്‍ കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഇതില്‍ എന്തെങ്കിലും പ്രത്യേക പങ്ക് വഹിക്കാനുണ്ടോ എന്ന ചര്‍ച്ച പ്രസക്തമാണ്.
ഇന്ത്യയലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഭിന്നമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീ പ്രാതിനിധ്യം ഏറെയുള്ള പ്രദേശമാണ് കേരളം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും പ്രൊഫഷണല്‍ കോഴ്സുകളിലും ആണ്‍കുട്ടികളുടെ ഇരട്ടിയോളം പെണ്‍കുട്ടികളെ കാണാന്‍ സാധിക്കും. മാത്രമല്ല, പി.ജി ക്ലാസ്സുകളില്‍ ചിലത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംവരണം ചെയ്തതു പോലെ അനുഭവപ്പെടാറുമുണ്ട്.
പക്ഷേ, ഈ അനുകൂല സാഹചര്യത്തെ ഗവേഷണത്തിനും പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനും പറ്റാവുന്ന വിധം പരിവര്‍ത്തിപ്പിക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും പൊതുവെ പെണ്‍കുട്ടികള്‍ക്ക് സാധിക്കാറില്ല.
അക്കാദമികമായി ഏറെ മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ പോലും അറിയപ്പെടുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ എത്തിപ്പെടാത്തതിന്റെ കാരണം ഇത്തരം തടസ്സങ്ങളാണ്.
പെട്ടെന്ന് വേണം ഒരു ജോലി
കൂടുതല്‍ പഠിക്കാനൊന്നും വയ്യ, പെട്ടെന്ന് ജോലി കിട്ടിയാല്‍ മതി എന്ന ചിന്ത നേരത്തെ ആണ്‍കുട്ടികളില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികളിലും കാണപ്പെടുന്നു. ഇക്കാരണത്താല്‍ നന്നായി പഠിക്കാന്‍ കഴിവുള്ള കുട്ടികള്‍ പോലും പ്ലസ് ടുവിന് ശേഷം പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് ചേരുന്നത് കാണാം. ചെറിയ ശമ്പളമാണെങ്കിലും കോഴ്സ് കഴിഞ്ഞാല്‍ എന്തെങ്കിലും പണി കിട്ടുമല്ലോ എന്ന ധാരണയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
പി.ജിയും പി.എച്ച്.ഡിയും കഴിഞ്ഞിട്ടും ഒരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന നിരവധി അഭ്യസ്തവിദ്യരെ കാണുന്ന സമൂഹത്തില്‍ ഇത്തരം ആലോചനകള്‍ സ്വാഭാവികമാണ്. എളുപ്പം ജോലി കിട്ടുന്ന വിഷയങ്ങളാണ് പഠിക്കാന്‍ തെരഞ്ഞെടുക്കേണ്ടത് എന്ന പൊതുചിന്ത ദീര്‍ഘകാലം പഠനം ആവശ്യപ്പെടുന്ന ഗവേഷണ കോഴ്സുകളോട് വിമുഖത കാട്ടാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പുതിയ റിസര്‍ച്ച് ഇന്റന്‍സീവ് ബിരുദ പ്രോഗ്രാമുകള്‍ സാര്‍വത്രികമാവുമ്പോള്‍ ഒരുപക്ഷേ, കൂടുതല്‍ മിടുക്കികള്‍ ഗവേഷണ മേഖലയെ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.
ഗവേഷണം ഒരു കരിയറാണോ?
കേന്ദ്ര സര്‍വകലാശാലകളിലും മറ്റു ദേശീയ സ്ഥാപനങ്ങളിലും കേരളത്തിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഗവേഷണത്തെ ഒരു കരിയറായി സ്വീകരിക്കാം എന്ന സ്വപ്നം പെണ്‍കുട്ടികളില്‍ അത്ര വ്യാപകമായിട്ടില്ല. പോസ്റ്റ് ഡോക്ടറല്‍ പ്രൊജക്ടുകള്‍ ലഭിക്കുന്നത് വിദേശത്തോ, മറ്റു സംസ്ഥാനങ്ങളിലോ ആയിരിക്കും എന്നത് ചിലപ്പോള്‍ പെണ്‍കുട്ടികളെ ഗവേഷണ കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്നും പിറകോട്ട് വലിക്കുന്നു.
പാഴാവുന്ന ഗവേഷക പ്രതിഭകള്‍
പി.എച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ പരിചയവുമുള്ള പെണ്‍കുട്ടികളെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നതും മിടുക്കികള്‍ ഗവേഷണ രംഗത്തോട് ആഭിമുഖ്യം കാണിക്കാതെ പോകുന്നതിന്റെ മറ്റൊരു കാരണമാണ്.
ജെ.എന്‍.യു, ഹൈദരാബാദ് തുടങ്ങിയ മികവുറ്റ സര്‍വകലാശാലകളില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ വരെ നല്ലൊരു കരിയര്‍ കണ്ടെത്താന്‍ പറ്റാതെ പ്രയാസപ്പെടുന്നത് കാണാം. വിദ്യാഭ്യാസ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല എന്നതും സത്യമാണ്. സമൂഹം നിലപാടുകള്‍ മാറ്റുക എന്നതാണ് പരിഹാരം.
ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചുവരുന്ന സ്വകാര്യ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും പഠനത്തില്‍ മിടുക്കികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. നന്നായി പഠിക്കുക; ഗവേഷണ മനസ്സോടെ എന്നതായിരിക്കണം നാം ഈ കാലഘട്ടത്തിലെ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം.
വെല്ലുവിളികള്‍
ബിരുദ പഠനകാലത്ത് നടക്കുന്ന വിവാഹം പലരെയും തുടര്‍ പഠനത്തില്‍നിന്ന് തടയുന്നു. ഗവേഷണ മേഖലയില്‍ മിടുക്കികള്‍ എത്തിപ്പെടാത്തതിന്റെ മറ്റൊരു കാരണമാണിത്.
നന്നായി പഠിക്കുന്ന പെണ്‍കുട്ടികള്‍ ഡിഗ്രി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ വിവാഹിതരാവുന്നതും പഠനം നിര്‍ത്തിപ്പോവുന്നതും ഇന്നും നമ്മുടെ നാട്ടില്‍ പതിവാണ്. ബിരുദവും ബിരുദാനന്തര ബിരുദവും യോഗ്യതയായുള്ള പെണ്‍കുട്ടികള്‍ക്ക് അതിനനുസരിച്ചുള്ള ആണ്‍കുട്ടികളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ല എന്നതും, ലഭിച്ചാല്‍ തന്നെ തുടര്‍പഠനത്തിന് പറഞ്ഞുവിടാനുള്ള താല്‍പര്യം പ്രകടിപ്പിക്കാറില്ല എന്നതും പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഗവേഷണവും ഗവേഷണാനന്തര പഠനവും ദീര്‍ഘനാളത്തെ പ്രക്രിയയായതിനാല്‍ വിവാഹിതരാവാതെ മാറിനില്‍ക്കുക എന്നതും അസാധ്യമാണ്. വിവാഹം പഠനത്തിന് ഒരു തടസ്സമല്ല എന്ന് പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ഒരു പരിഹാരം. വിവാഹത്തോടെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരായവര്‍ക്ക് ഓപ്പണ്‍ സര്‍വകലാശാലയുടെയും മറ്റും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടാവുന്നതാണ്.