അറിയാത്തത് അറിവുള്ളവരോട് ചോദിക്കുകയെന്നതാണ് പണ്ടുമുതലേ മനുഷ്യര്‍ സ്വീകരിച്ചുവരുന്ന രീതി. കുട്ടികളാകുമ്പോള്‍ അത് ആദ്യം രക്ഷിതാക്കളോടും പിന്നീട് അധ്യാപകരോടും അന്വേഷിക്കുകയായിരുന്നു പതിവ്. അതു കഴിഞ്ഞാല്‍ ലൈബ്രറിയിലെ പുസ്തകങ്ങളില്‍ പരതും. മുതിര്‍ന്നവരില്‍ അറിവ് കുറഞ്ഞവര്‍ ഓരോ മേഖലയിലും അറിവുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ച് വിജ്ഞാനദാഹം തീര്‍ത്തുപോന്നു. കാലം വികസിച്ചുവന്നപ്പോള്‍ അറിവ് തേടാന്‍ ഇന്റര്‍നെറ്റും സെര്‍ച്ച് എഞ്ചിനുകളും നമ്മെ തുണച്ചു. യാഹൂവിലും എം.എസ്.എന്നിലുമൊക്കെ തുടങ്ങിയ ആ പ്രയാണം പിന്നീടെത്തിനിന്നത് ഗൂഗിളിലാണ്. വേള്‍ഡ് വൈഡ് വെബില്‍ പരതാനുള്ള പ്രഥമ ടൂളായി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ മാറി. ഏതാണ്ട് 99,000 സെര്‍ച്ചുകളാണത്രേ ഗൂഗിള്‍ ഒരു സെക്കന്റില്‍ കൈകാര്യം ചെയ്യുന്നത്. അതായത്, ഒരു ദിവസം 850 മില്യണ്‍ സെര്‍ച്ചുകള്‍. ഇന്നിപ്പോള്‍ അതും കടന്ന് ലോകം ചാറ്റ് ജിപിടിയിലെത്തി നില്‍ക്കുകയാണ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആറ്റിക്കുറുക്കിയ മറുപടി നല്‍കുന്ന ചാറ്റ് ബോട്ടുകളുടെ കാലമാണിനി. നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തി നൂതന സെര്‍ച്ച് എഞ്ചിനുകളും (ഗൂഗിളിന്റെ ബാര്‍ഡ്, മൈക്രോസോഫ്റ്റിന്റെ ബിംഗ് ചാറ്റ് തുടങ്ങിയവ) സംഭാഷണരൂപത്തില്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കി ഈ ചാറ്റ് ബോട്ടുകളോട് മല്‍സരിക്കുന്നു.
എന്താണ് ചാറ്റ് ജിപിടി?
ഗൂഗിളില്‍ നിന്ന് വ്യത്യസ്തമായി, ഒരുപാട് ഉത്തരങ്ങളോ മറ്റു സൈറ്റുകളിലേക്കുള്ള റഫറന്‍സ് ലിങ്കുകളോ നല്‍കാതെ, നേരിട്ട് സംഭാഷണ രൂപേണ മറുപടി നല്‍കുന്ന ചാറ്റ് ബോട്ടാണ് ഇത്. വിവരവിനിമയ രംഗത്ത് അനുദിനം വിപ്ലവം സൃഷ്ടിക്കുകയാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ചാറ്റ് ബോട്ടുകളും നൂതന സെര്‍ച്ച് എഞ്ചിനുകളും. യഥാര്‍ഥ മനുഷ്യരുമായി നടത്തുന്ന സംഭാഷണങ്ങളുടെ അതേ രൂപത്തില്‍ മെഷീനുകളുമായി സ്വാഭാവികമെന്ന പോലെ സംവദിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ ചാറ്റ് ബോട്ടുകളുടെ പ്രത്യേകത. Generative Pre-trained Transformer (GPT) എന്ന പേര് നല്‍കിയിരിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശാലമായ ഒരു ഭാഷാ മാതൃക (Large Language Model)യാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതു മുഖേന വിക്കിപീഡിയയിലും ഓണ്‍ലൈന്‍ പുസ്തകങ്ങളിലുമൊക്കെ അടങ്ങിയിട്ടുള്ളതും പ്രത്യേകം ഫീഡ് ചെയ്യപ്പെട്ടിട്ടുള്ളതുമായ വന്‍ വിജ്ഞാനശേഖരം ഉപയോഗപ്പെടുത്തി കമ്പ്യൂട്ടര്‍ മെഷീനുകളെ പരിശീലിപ്പിക്കുകയും ചാറ്റ് രൂപത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് സന്ദര്‍ഭത്തിനനുസരിച്ച് അവ ഉത്തരം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. മനുഷ്യരും മെഷീനും തമ്മില്‍ തികച്ചും സ്വാഭാവികമായ രൂപത്തിലുള്ള സംഭാഷണമാണ് ഇതില്‍ നടക്കുകയെന്ന് ചുരുക്കം.
ഒരു സെര്‍ച്ച് എഞ്ചിന്‍ നമുക്ക് നല്‍കുന്ന ആയിരക്കണക്കിന് റിസള്‍ട്ടുകള്‍ക്കും റഫറന്‍സ് ലിങ്കുകള്‍ക്കുമപ്പുറം വളരെ സൂക്ഷ്മവും കുറിക്ക് കൊള്ളുന്നതുമായ ഉത്തരങ്ങള്‍ സെക്കന്റുകള്‍ കൊണ്ട് നല്‍കാനുള്ള കഴിവാണ് ചാറ്റ് ജിപിടി പോലുള്ളവയെ ജനപ്രിയമാക്കുന്നത്. കൂടാതെ കഥ, കവിത, ലേഖനം, ഉപന്യാസം പോലുള്ള മൗലികമായ രചനകള്‍ നടത്താനും വിവര്‍ത്തനം ചെയ്യാനും ഫിലിം-നാടക സ്‌ക്രിപ്റ്റ്, ഇമേജ്, വീഡിയോ തുടങ്ങിയവ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കാനുമുള്ള അവയുടെ കഴിവും അത്യധികം അഭിനന്ദിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒരിക്കല്‍ നല്‍കിയ ഉത്തരത്തെ തുടര്‍ന്ന്, പഴയ ചോദ്യങ്ങള്‍ മുഴുവനായി ആവര്‍ത്തിക്കാതെ തന്നെ സംഭാഷണം തുടരാനുള്ള കഴിവും ഇവയെ ധാരാളം പേര്‍ക്ക് സ്വീകാര്യമാക്കുന്നു. എത്ര വലിയ ലേഖനവും പുസ്തകവും നിമിഷനേരം കൊണ്ട് ചുരുക്കി എഴുതണോ, ഒരു യൂടൂബ് വീഡിയോയിലെ ഉള്ളടക്കം മുഴുവനായി ചുരുക്കി എഴുതിക്കിട്ടണോ? ചാറ്റ് ജിപിടിയെ സമീപിച്ചാല്‍ മതി. പുതിയ ഭാഷ പഠിക്കാനും വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ ശീലിക്കാനും എന്തിന്, ഒരു പിയാനോ എങ്ങനെ വായിക്കണമെന്നത് വരെ പഠിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ചാറ്റ് ജിപിടി നല്‍കും. വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന ഹോം വര്‍ക്ക്, അസൈന്‍മെന്റ് എന്നിവക്ക് ഗ്രേഡ് നല്‍കാനും ചാറ്റ് ജിപിടി തയ്യാര്‍. ആ ഗ്രേഡ് നല്‍കാനുള്ള കാരണവും അത് തന്നെ വിശദീകരിക്കും. ശരീരഭാരം കുറക്കാനുള്ള പ്ലാനും ശാരീരിക ക്ഷമത നിലനിറുത്താന്‍ ആഴ്ച തോറും എന്തൊക്കെ കഴിക്കണമെന്നുള്ള ലിസ്റ്റും ചാറ്റ് ജിപിടി നല്‍കും. നല്ല പാചകക്കുറിപ്പ് ഉണ്ടാക്കുന്നതിനും വീട്ടില്‍ ലഭ്യമായ സവാളയും പയറും പച്ചമുളകും വെച്ച് ഏറ്റവും നല്ല കറി എങ്ങനെ ഉണ്ടാക്കണമെന്നറിയാനും ഈ ചാറ്റ് ബോട്ട് നിങ്ങളെ സഹായിക്കും. നാം സാധാരണ എഴുതുന്ന ശൈലിയില്‍ ഒരു ഇമെയില്‍ തയ്യാറാക്കിത്തരാന്‍ നമുക്ക് സ്വയം തന്നെ ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാം. ഇനി അതല്ല, അബ്രഹാം ലിങ്കണോ നെല്‍സന്‍ മണ്ടേലയോ ഷേക്സ്പിയറോ എഴുതിയ ശൈലിയിലും നിങ്ങള്‍ക്ക് ഇമെയില്‍ അയക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പ്രത്യേക തരത്തിലുള്ള ഒരു ഇമെയില്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ അതിന് യുക്തിഭദ്രമായി എങ്ങിനെ മറുപടി കൊടുക്കണമെന്നതും അത് നമുക്ക് പറഞ്ഞുതരും. ഇന്റര്‍നെറ്റിലെ ഒരു ഫോട്ടോയുടെ ലിങ്ക് കൊടുത്താല്‍ ആ ഫോട്ടോയെന്താണെന്നും അതെക്കുറിച്ച കൂടുതല്‍ വിവരങ്ങളും അത് നമുക്ക് നല്‍കും. ഇനി ഒരു ടൂര്‍ ആസൂത്രണം ചെയ്യണോ? നിങ്ങളുടെ ബജറ്റിനും സമയത്തിനുമനുസരിച്ച് ഏറ്റവും മികച്ച വിനോദയാത്ര പ്ലാന്‍ ചെയ്യാന്‍ ഇതിലും വലിയ ടൂള്‍ വേറെയില്ല. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സിനിമ, പുസ്തകം തുടങ്ങിയവ നിര്‍ദേശിക്കാനും അതിന് സാധിക്കും. മൗലികമായ രചനകള്‍, ഭാവനാ സമ്പന്നമായ കവിതകള്‍, സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ ഇതൊക്കെ നിര്‍ദേശിക്കാനും അവക്ക് കഴിയും.
കുത്തനെ ഉയരുന്ന ജനപ്രീതി
2022 നവംബറില്‍ നിലവില്‍ വന്ന് കേവലം ആറ് മാസമാകുമ്പോഴേക്കും ചാറ്റ് ജിപിടി വന്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇപ്പോള്‍ ദിനേന ഏതാണ്ട് 100 മില്യണ്‍ സന്ദര്‍ശകരുള്ള ഈ ചാറ്റ് ബോട്ടിനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വര്‍ധിച്ച ആവേശത്തോടെയാണ് ഉപയോഗപ്പെടുത്തുന്നത്. ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കളായ open.ai യുടെ വെബ്സൈറ്റിന് മാസംതോറും ഏതാണ്ട് ഒരു ബില്യണ്‍ സന്ദര്‍ശകരുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ (15%), ഉപയോക്താക്കളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ് (7%). ഹൈസ്‌കൂള്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ അവര്‍ക്കേല്‍പിക്കപ്പെടുന്ന വിവിധ തരത്തിലുള്ള അസൈന്‍മെന്റുകള്‍ ചെയ്യാന്‍ ആശ്രയിക്കുന്നത് ഈ സംവിധാനത്തെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്ക് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് കലാലയങ്ങളില്‍ ഇത് നിരോധിക്കുന്നിടത്തോളം ഇതിന്റെ ഉപയോഗത്തിന്റെ പരിധി വിശാലമായി. ഓഫീസിലും ജോലി സ്ഥലത്തും പലവിധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ചാറ്റ് ജിപിടി ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഒരാഴ്ചയായി ജോലിക്ക് പോകാതിരുന്ന ട്വിറ്ററിലെ ഒരു എഞ്ചിനീയര്‍ ചെയ്യാത്ത ജോലിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയത് വൈറലായിരുന്നു. ഒരു ശരാശരി കമ്പ്യൂട്ടര്‍ പ്രോഗ്രാമറെക്കാള്‍ നന്നായി പ്രോഗ്രാം എഴുതാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഭാവിയില്‍ കോപ്പിയെഴുത്ത്, എഡിറ്റിംഗ്, പ്രൂഫ് വായന, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ ഒരുപാട് മേഖലകളില്‍ ഇത് മനുഷ്യര്‍ക്ക് പകരം നില്‍ക്കുമെന്നും ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നു.
ജിപിടി: പഴയതും പുതിയതും
നേരത്തെ ജിപിടി 3.5 വേര്‍ഷന്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ജിപിടി 4-ലേക്ക് വികസിച്ചിട്ടുണ്ട്. ചാറ്റ് ജിപിടി യുടെ ഈ വേര്‍ഷന്‍ പണം കൊടുത്ത് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അതിന്റെ ചില ഓപ്ഷനുകള്‍ സൗജന്യമായി ഉപയോഗപ്പെടുത്താന്‍ മൈക്രോസോഫ്റ്റിന്റെ Bing Chat വഴി പരിമിതമായ രൂപത്തില്‍ സാധിക്കും. അതായത്, ഒരു ദിവസം 150 സെഷനുകള്‍ എന്ന നിലക്ക് ഒരു സെഷന് 15 ചാറ്റുകള്‍ എന്ന പരിധിയാണ് ഇതിന് മൈക്രോസോഫ്റ്റ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെയുള്ള ജിപിടി 3.5-ല്‍ നിന്ന് ജിപിടി 4-നെ വ്യത്യസ്തമാക്കുന്നത് കൂടുതല്‍ കൃത്യതയുള്ള ഡേറ്റ ലഭിക്കുന്നുവെന്നതും, ഓരോരുത്തര്‍ക്കും വേണ്ട വിധത്തില്‍ ഡേറ്റയെ കൂടുതല്‍ സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്നുവെന്നതുമാണ്. ഉദാഹരണത്തിന്, ഒരു ലേഖനം ചുരുക്കി എഴുതിക്കിട്ടണമെങ്കില്‍ ഈ ചാറ്റ് ബോട്ടുകള്‍ നമ്മെ സഹായിക്കും. ശേഷം അതേ സംഗതി ഒരു വാചകത്തില്‍ ചുരുക്കിത്തരാനും നമുക്ക് അവയോട് ആവശ്യപ്പെടാം. വീണ്ടും ഒരു വാചകത്തിലെ എല്ലാ വാക്കുകളും 'അ' എന്ന അക്ഷരം കൊണ്ടാരംഭിക്കാനും ചോദിച്ചു നോക്കാവുന്നതാണ്. അതുപോലെ മൗലികമായ രചനകള്‍, ദൃശ്യങ്ങള്‍ കൊടുത്തുകൊണ്ട് വിവരങ്ങള്‍ അന്വേഷിക്കാനുള്ള സൗകര്യം, കൂടുതല്‍ ദീര്‍ഘമായ സംഭാഷണ സൗകര്യങ്ങള്‍ ഇതൊക്കെ പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കളുമായി സഹകരിച്ചുകൊണ്ട് മൗലികമായ ധാരാളം പുതിയ കാര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. സംഗീതം, സ്‌ക്രീന്‍ പ്ലേ, സാങ്കേതിക രചനകള്‍ എന്നിവയിലൊക്കെ ഇത് കൂടുതല്‍ കൃത്യവും വ്യക്തവുമാണ്. ജിപിടി 4-ല്‍ ഏതാണ്ട് 25,000 വാക്കുകള്‍ വരെയുള്ള ടെക്സ്റ്റുകള്‍ ഉപയോഗിക്കാം. ഒരു വെബ് ലിങ്ക് കൊടുത്ത് അതിലെ വാചകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചോദിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
സാധാരണഗതിയില്‍ സഭ്യവും ഏതെങ്കിലും അര്‍ഥത്തില്‍ ഉപകാരപ്രദവുമായ ചോദ്യങ്ങള്‍ക്കേ ചാറ്റ് ജിപിടി ഉത്തരം നല്‍കൂ. അല്ലെങ്കില്‍ അറിയില്ലായെന്നായിരിക്കും മറുപടി. ചില പ്രസക്തമായ അവസരങ്ങളില്‍ നിയമപരമായ മുന്നറിയിപ്പുകളും ഉപദേശങ്ങളും തന്നേക്കാം. ഉദാഹരണത്തിന്, ബോംബുണ്ടാക്കുന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ അതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചുറ്റുപാടും അത്തരം സംഗതികള്‍ നടക്കുന്ന വിവരമുണ്ടെങ്കില്‍ പോലീസില്‍ അറിയിക്കേണ്ടതിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്യും. അതേ സമയം, മറ്റു ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ സ്ഥാപകരുടെ രാഷ്ട്രീയ-സാമൂഹിക വീക്ഷണങ്ങള്‍ ഉത്തരങ്ങളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ലോക ജനസംഖ്യയെ കുറിച്ച ചോദ്യങ്ങള്‍ക്ക് ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചും ഏക സന്താന നയത്തെക്കുറിച്ചും സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാകുന്നതിനെക്കുറിച്ചുമൊക്കെ ചാറ്റ് ജിപിടി വാചാലമാകുന്നുണ്ട്.
ചാറ്റ് ബോട്ടുകളുടെ ഇന്റലിജന്‍സ്
പുതുതായി രംഗത്തുവന്ന ചാറ്റ് ബോട്ടുകളൊന്നും തന്നെ അത്ര ഇന്റലിജന്റ് അല്ലായെന്നതാണ് ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തുള്ളവരുടെ വാദം. ഒരു വലിയ ഡേറ്റ ബേസില്‍നിന്ന് പരസ്പര ബന്ധിതമായ വാക്കുകള്‍ ചേര്‍ത്തുവെച്ച്, ആവശ്യാനുസാരം സങ്കീര്‍ണമായ രചനകളും ദൃശ്യമാതൃകകളും സൃഷ്ടിക്കുന്ന ഒരു ഭാഷാ മാതൃക മാത്രമാണ് ഇത്. എന്നാല്‍ വിജ്ഞാനം കൈവശപ്പെടുത്തുക, അതിനെ വര്‍ഗീകരിക്കുക, വേണ്ട സന്ദര്‍ഭത്തില്‍ അത് തിരിച്ചെടുക്കുക തുടങ്ങിയ മേഖലകളില്‍ ഇതൊരു പഴയ സമ്പ്രദായം തന്നെയാണെന്നാണ് അവരുടെ വാദം. മൗലികമായി കാര്യങ്ങളെ അറിയാനുള്ള ഏറ്റവും നല്ല വഴിയെക്കുറിച്ച ചര്‍ച്ചയാണിത്. പരസ്പര വിരുദ്ധമായ വിവരങ്ങളുടെ സങ്കീര്‍ണതയുമായി നാം എന്‍ഗേജ് ചെയ്യുന്നുണ്ടോ? അതല്ല, വൈജ്ഞാനിക മേഖലയിലെ എല്ലാ അധികാരത്തെയും ലളിതമായ ഒരു ഉത്തരത്തിലേക്ക് ചുരുക്കുകയാണോ? ഉത്തരം എളുപ്പമല്ല. കാരണം, ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകളിലെ സുപ്രധാന കണ്ടുപിടിത്തമായി ഇന്റര്‍നെറ്റിനെ മാറ്റിയത്, നമുക്ക് ആവശ്യമുള്ളത് വളരെ വേഗം ഫലപ്രദമായി സെര്‍ച്ച് ചെയ്ത് കണ്ടെത്തി തരാനുള്ള അതിന്റെ കഴിവായിരുന്നു. പക്ഷേ, ചാറ്റ് ജിപിടിയും ബാര്‍ഡുമൊക്കെ അതിനെ ഇപ്പോള്‍ ലളിതമായ സംഭാഷണങ്ങളിലേക്ക് ചുരുക്കുകയാണ്. അതുതന്നെയും പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റാത്ത വിവരങ്ങള്‍. പലപ്പോഴും സാമാന്യ ജനത്തിന് വേണ്ടത് ചെറിയ ചെറിയ വസ്തുതകളാണ്. ഉദാഹരണത്തിന്, ഏറ്റവും നല്ല ഫോണ്‍ ഏതാണ്, റൊണാള്‍ഡോക്ക് എത്ര പ്രായമായി തുടങ്ങിയവക്കുള്ള കൃത്യവും വ്യക്തവുമായ ഉത്തരം. അതിന് ഏറ്റവും ഉപയുക്തമായത് ഗൂഗ്ള്‍ തന്നെയായിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണാത്മകമായ സെര്‍ച്ചിലേക്ക് പോകുമ്പോള്‍ ഗൂഗ്ളിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ കടന്നുവരികയും പണം കൊടുത്ത് പ്രൊമോട്ട് ചെയ്യുന്ന പേജുകള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ കൂടുതലായി ഇടം പിടിക്കുകയും ചെയ്യുന്നു. അത്തരം ഒരുപാട് റിസള്‍ട്ടുകള്‍ക്കിടയില്‍ നമുക്ക് വേണ്ടത് കണ്ടുപിടിക്കാന്‍ അമിത പ്രയത്നം നടത്തേണ്ടി വരുന്നു.
ചാറ്റ് ജിപിടിയുടെ വരവിനും വളരെ മുമ്പ് തന്നെ നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള സെര്‍ച്ചിന് ഗൂഗ്ള്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. 2011-ലെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് ഗൂഗ്ള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ് പറഞ്ഞത് , സെര്‍ച്ച് എഞ്ചിനുകള്‍ അന്തിമമായി എ.ഐ ഉപയോഗപ്പെടുത്തിയുള്ള ഉത്തരങ്ങളിലേക്ക് മാറേണ്ടി വരുമെന്നായിരുന്നു. പ്രസക്തമായ പേജുകള്‍ കണ്ടെത്തി കൊടുക്കുന്നതിനു പകരം കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന് സെര്‍ച്ച് എഞ്ചിനുകള്‍ തയ്യാറാകേണ്ടിവരുമെന്ന് അന്നുതന്നെ ഷിമിഡ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, ചാറ്റ് ജിപിടിയുടെ പെട്ടെന്നുള്ള വരവ് ഗൂഗ്ളിനെ അമ്പരപ്പിച്ചു. ഉടന്‍ തന്നെ സടകുടഞ്ഞെഴുന്നേറ്റ ഗൂഗ്ള്‍, ബാര്‍ഡ് പുറത്തുവിട്ടത് പക്ഷേ, പരസ്യത്തിലെ തെറ്റ് കാരണം വെളുക്കാന്‍ തേച്ചത് പാണ്ട് എന്ന രൂപത്തിലായിപ്പോയി.
പിടികൊടുക്കാത്ത പിഴവുകള്‍
മനുഷ്യ സംഭാഷണ രൂപത്തിലുള്ള ചാറ്റ് ബോട്ടുകള്‍ നേരിടുന്ന പ്രധാന പ്രശ്നം, അവക്ക് ലോക സംഭവങ്ങളെയും വസ്തുതകളെയും അതുപോലെ മനസ്സിലാക്കുന്നതില്‍ പിഴവ് സംഭവിക്കുന്നുവെന്നതാണ്. കൂടാതെ, നേരത്തെ പരിശീലിക്കപ്പെട്ട വാചകക്കൂട്ടത്തിനപ്പുറം തങ്ങളുടെ സംഭാഷണങ്ങളെ രേഖകളുപയോഗപ്പെടുത്തിയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ അവക്ക് സാധ്യമല്ല. എ.ഐ ചാറ്റ് ബോട്ടുകള്‍ ഫലപ്രദമായ സെര്‍ച്ച് റിസള്‍ട്ട് തരണമെങ്കില്‍ അവ കൂടുതല്‍ ആധികാരികതയും സുതാര്യതയും ഉള്‍ച്ചേര്‍ന്നതാകേണ്ടതുണ്ട്. മെഷീന്‍ പരിശീലനത്തിനുപയോഗിക്കുന്ന അവയുടെ ഡേറ്റബേസില്‍ നിന്ന് പക്ഷപാതപരമായ ഉള്ളടക്കം നീക്കം ചെയ്യുകയും കൂടുതല്‍ വ്യത്യസ്ത വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാന്‍ പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ചാറ്റ് ബോട്ടുകള്‍ കള്ളം പറയുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. അത് മനഃപൂര്‍വമല്ല. പറയുന്നതെന്താണെന്ന് അവ മനസിലാക്കുന്നില്ലെന്നതാണിതിന്റെ കാരണം. മറ്റെവിടെയോ നിന്ന് പഠിച്ചെടുത്ത സംഗതികള്‍ ചുരുക്കരൂപത്തില്‍ അവതരിപ്പിക്കുകയാണവ ചെയ്യുന്നത്. അതിനിടയില്‍ സംഭവിക്കുന്ന പ്രസരണ നഷ്ടമെന്നോണം പലതും തെറ്റായി അവതരിപ്പിക്കുകയാണ്. മൊത്തത്തില്‍ ഉറവിടത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് പൂര്‍ണമായും തെന്നി മാറി അസ്വീകാര്യമായ വിവരങ്ങള്‍ നല്‍കുന്ന പ്രവണതയെന്നാണ് ഇതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ചാറ്റ് ബോട്ടുകള്‍ പലപ്പോഴും വംശീയത, സ്ത്രീവിരുദ്ധത, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, പച്ചക്കള്ളങ്ങള്‍ എന്നിവ ആവര്‍ത്തിച്ച് എഴുന്നള്ളിക്കാന്‍ ധാരാളം സാധ്യതകളുണ്ടെന്ന് അവര്‍ താക്കീത് ചെയ്യുന്നു. 'ഇന്‍സൈഡര്‍' മാഗസിന്‍ കറസ്പോണ്ടന്റായ ആദം റോജേഴ്സ് അതെക്കുറിച്ച് പറഞ്ഞത്, 'ഇനി മുതല്‍ സെര്‍ച്ച് റിസള്‍ട്ടുകളെന്നത് വിഡ്ഢികള്‍ പ്രോഗ്രാം ചെയ്യുന്ന കഥകള്‍ മാത്രമായിരിക്കുമെന്നാണ്. 'അതില്‍ മാസ്മരിക ശബ്ദവും പദസമ്മേളനവും ഉണ്ടാകും, പക്ഷെ സുപ്രധാന വസ്തുതകള്‍ ഉണ്ടാകണമെന്നില്ല. അത് സെര്‍ച്ച് റിസള്‍ട്ടാകില്ല, മറിച്ച് വെറും സ്വപ്നം മാത്രമായിരിക്കും.'
വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ സയന്റിസ്റ്റായ ചിറാഗ് ഷാ പറയുന്നത്, പലപ്പോഴും എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരം മാത്രമായിരിക്കില്ല ഉണ്ടാവുക. ചില ഉത്തരങ്ങള്‍ അങ്ങനെ എളുപ്പത്തില്‍ കണ്ടുപിടിക്കാനുമാകില്ല. ആളുകള്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ചു കണ്ടുപിടിക്കേണ്ട ഉത്തരങ്ങള്‍ ധാരാളമുണ്ടാകും. പക്ഷേ, എല്ലാം സാങ്കേതിക വിദ്യക്ക് വിട്ടുകൊടുത്ത് മനുഷ്യര്‍, സ്വന്തം തലച്ചോറുപയോഗിക്കാനറിയാത്ത വെറും ഉപയോക്താക്കള്‍ മാത്രമാവുന്ന അവസ്ഥയാണ് സംജാതമാകുന്നത്. തൊഴിലാളി ദിനം എന്നാണ്, അടുത്ത സൂര്യഗ്രഹണം എപ്പോള്‍ സംഭവിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ മനസ്സിലാക്കാം, എന്നാല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ശരിയോ എന്ന ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല.
തൊഴിലുകള്‍ ഇല്ലാതാകുമോ?
നിര്‍മിതബുദ്ധി കടന്നുവരുന്ന ഏത് മേഖലയിലും കാലക്രമേണ നിലവിലെ പല തൊഴിലുകളും ഇല്ലാതാകുമെന്നത് യാഥാര്‍ഥ്യമാണ്. ഉദാഹരണത്തിന്, കസ്റ്റമര്‍ കെയര്‍, എഡിറ്റിംഗ്, വിവര്‍ത്തനം, പ്രൂഫ് റീഡിംഗ്, കണ്ടന്റ് രചന, ഗവേഷണം, അധ്യാപനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി പല മേഖലകളിലും ചാറ്റ് ജിപിടിയുടെ ഉപയോഗം മൂലം തൊഴിലുകള്‍ താരതമ്യേന കുറയുകയോ പൂര്‍ണമായി ഇല്ലാതാവുകയോ ചെയ്തേക്കാം. എന്നാല്‍, പകരമായി പുതിയ തൊഴിലുകള്‍ നിര്‍മിതബുദ്ധി, മെഷീന്‍ ലേണിംഗ്, ഡേറ്റ സയന്‍സ് എന്നീ മേഖലകളില്‍ ധാരാളമായി വര്‍ധിക്കുകയും ചെയ്യും. സാങ്കേതിക പുരോഗതിയുടെ ഓരോ ഘട്ടത്തിലും മനുഷ്യ സമൂഹം കടന്നുപോകുന്നതാണ് ഇതൊക്കെയുമെന്നതില്‍ കവിഞ്ഞ് മറ്റൊരു അടിയന്തരാവസ്ഥ ഈ വിഷയത്തില്‍ ദര്‍ശിക്കേണ്ടതില്ലെന്നതാണ് അഭിജ്ഞ മതം. ഓരോരുത്തരും അവരവരുടെ വിജ്ഞാനവും കഴിവുകളും നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയെന്നത് മാത്രമാണ് ഇതിന് പരിഹാരം.
മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനക്ഷമത
കൃത്രിമ ബുദ്ധി എല്ലാ മേഖലയിലേക്കും കടന്നുവരുന്നതോടെ അതിന്റെ പിന്നണി പ്രവര്‍ത്തകരായ ന്യൂനപക്ഷമൊഴിച്ച് നിറുത്തിയാല്‍ അതിന്റെ ഉപയോക്താക്കളാകുന്ന ഭൂരിപക്ഷം മനുഷ്യരുടെയും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്നതിന് ഇത്തരം സാങ്കേതിക വിദ്യയുടെ അമിതോപയോഗം കാരണമായേക്കാമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. മനുഷ്യപ്രതിഭ ഉപയോഗിക്കേണ്ട മൗലികമായ രചനകള്‍ക്ക് വരെ നിര്‍മിതബുദ്ധിയെ ആശ്രയിക്കുന്നതോടെ ചിന്താശേഷിയും കാര്യഗ്രഹണ ശേഷിയുമൊക്കെ കുറഞ്ഞുവരുമെന്നതാണ് അവരതിന് പറയുന്ന ന്യായം. എന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളും വിനിമയങ്ങളും സാങ്കേതികതക്കപ്പുറം ഒരുപാട് വൈകാരിക തലങ്ങളിലുള്ളതായതിനാല്‍ അന്തിമമായി ഓരോരുത്തരുടെയും ധിഷണക്കും വൈകാരിക ശക്തിക്കുമനുസരിച്ചായിരിക്കും ഇത് തീരുമാനിക്കപ്പെടുന്നതെന്നതാണ് മറുവശത്തുള്ളവരുടെ ന്യായം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിര്‍മിതബുദ്ധിയുടെ വികാസം എത്രത്തോളമെന്നത് ഇപ്പോള്‍ പ്രവചനാതീതമായതിനാല്‍ ഇത്തരം സംഗതികളിലും മുന്‍കൂട്ടി അഭിപ്രായം പറയുന്നത് പ്രയാസകരമായിരിക്കുമെന്ന് സാരം.
വിവര വിനിമയത്തിലെ
കുത്തകവല്‍ക്കരണം
നിര്‍മിതബുദ്ധി ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കാമെന്ന് അവകാശപ്പെട്ടാണ് ചാറ്റ് ജിപിടിയുടെ സ്ഥാപകരായ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഓപ്പണ്‍ എഐ' എന്ന കമ്പനി രംഗത്തുവന്നത്. എന്നാല്‍ ഇതേ കമ്പനിയില്‍ മൈക്രോസോഫ്റ്റ് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുവെന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. ചാറ്റ് ജിപിടിയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി സ്വന്തം സെര്‍ച്ച് എഞ്ചിനായ ബിങ്ങിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന തിരക്കിലാണിപ്പോള്‍ മൈക്രോസോഫ്റ്റ്. Bing Chat എന്നത് ഈ പ്രയാണത്തിലെ പ്രഥമ ദൗത്യം മാത്രം. ഒട്ടും പിന്നിലല്ലാതെ ഗൂഗ്ളും മെറ്റയുമൊക്കെ കൂടുതല്‍ നിക്ഷേപവുമായി ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിവെക്കുക, കുത്തകകള്‍ ഏറ്റെടുക്കുക എന്ന പഴയ പ്രക്രിയ തന്നെ ഈ മേഖലയിലും ആവര്‍ത്തിക്കുമെന്ന് സാരം. മാത്രമല്ല, തുടര്‍ന്നങ്ങോട്ട് അവിടെയും വാണിജ്യ താല്‍പര്യങ്ങള്‍ ഉത്തരങ്ങളെ സ്വാധീനിക്കാനും തുടങ്ങും. കൂടുതല്‍ എന്‍ഗേജ്മെന്റ് ഉണ്ടാവുന്ന ഉത്തരങ്ങള്‍ കൂടുതലായി പ്രൊമോട്ട് ചെയ്യപ്പെടും. സത്യം, സുതാര്യത, വസ്തുത, യാഥാര്‍ഥ്യം എന്നിവക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ നിരയിലായിരിക്കും സ്ഥാനം. ഗൂഗ്ളിന്റെ ഉടമസ്ഥതയിലുള്ള യൂടൂബ് വീഡിയോകള്‍ക്ക് സെര്‍ച്ച് റിസള്‍ട്ടുകളില്‍ ഒന്നാം സ്ഥാനവും മറ്റ് വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ക്ക് പിന്നിലും സ്ഥാനം ലഭിക്കുന്നതു പോലെ.
ഏത് നൂതന സാങ്കേതിക വിദ്യയുമെന്നതു പോലെ ധാരാളം ഉപയോഗങ്ങളുണ്ടായിരിക്കെ തന്നെ ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങളും ചതിക്കുഴികളും ഉള്ളതാണ് വിവര വിനിമയത്തിനുപയോഗിക്കുന്ന പുതിയ ചാറ്റ് ബോട്ടുകളും സെര്‍ച്ച് എഞ്ചിനുകളും. അസത്യങ്ങളും അര്‍ധ സത്യങ്ങളും വസ്തുതകളെന്ന് തോന്നിപ്പിക്കുമാറ് അവതരിപ്പിക്കാനുള്ള അപാരമായ കഴിവ് അവക്കുണ്ട്. പക്ഷപാതപരവും വംശീയവും സ്ത്രീ വിരുദ്ധവുമൊക്കെയായ ധാരാളം പരാമര്‍ശങ്ങള്‍ അവയിലൂടെ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. മെഷീനുകളെ പരിശീലിപ്പിക്കുന്ന മുതലാളിമാരുടെ എല്ലാ സ്വഭാവസവിശേഷതകളും അവക്കുമുണ്ടാകുമെന്ന് സാരം. വിവേചന രഹിതമായ അമിതോപയോഗത്തിന് പകരം കൃത്യമായ ആസൂത്രണത്തോടെയും പറ്റുമെങ്കില്‍ മറ്റ് ഉറവിടങ്ങളെയും കൂടി ആശ്രയിച്ചു മാത്രമെ ഇവയെ ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമാണ് ഇവയെ കൊണ്ടുണ്ടാവുക. അന്തിമമായി ഉപഭോക്താക്കളുടെ വിവേചനവും സ്വതന്ത്ര തെരഞ്ഞെടുപ്പും കൂടി ഉള്‍പ്പെട്ടതിനാല്‍ ഇവയുടെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ വ്യക്ത്യാധിഷ്ടിതവും ചുരുങ്ങിയ വൃത്തങ്ങളില്‍ പരിമിതവുമാകുമെന്നതാണ് എടുത്തുപറയേണ്ട സംഗതി.