കപടന്മാരുടെ തലവനെന്ന വിളിപ്പേരുള്ള അബ്ദുല്ലാഹിബ്‌നു ഉബയ്യിന് ഒറ്റക്കിരുന്ന് സ്വയം പിറുപിറുക്കുന്ന സ്വഭാവമുണ്ട്. 'ഇതൊരുതരം വിചിത്രമായ നരകം തന്നെ. അതിന്റെ ചൂട് ഞാനല്ലാതെ മറ്റാരും അറിയുന്നില്ല. ഞാനും മുഹമ്മദും തമ്മിലാണ് പ്രശ്‌നം. ഞാന്‍ അയാളെ വെറുക്കുന്നു. അയാളുടെ ആശയം പ്രചരിക്കുന്നതും അയാള്‍ യുദ്ധവിജയങ്ങള്‍ നേടുന്നതും എനിക്ക് സഹിക്കാനാവുന്നില്ല. എന്റെ മകന് മുമ്പില്‍, ജനങ്ങള്‍ക്ക് മുമ്പില്‍ എന്റെ ഭയങ്ങള്‍ ഞാന്‍ തുറന്ന് പറയുന്നു. ഉപദേശങ്ങള്‍ നല്‍കുന്നതായി അഭിനയിക്കുന്നു. പക്ഷേ, മനസ്സിലുള്ളത് തന്നെ എനിക്ക് പുറത്തും പ്രകടിപ്പിക്കാനായിരുന്നെങ്കില്‍....! മനസ്സിന്റെ ബോധ്യമെന്താണോ അത് പുറത്തും തുറന്നു പറയാനാവുക. ഉള്ളില്‍ കലിപ്പ് തികട്ടി വരുന്നു, പുറത്താണെങ്കില്‍ സ്‌നേഹപ്രകടനങ്ങള്‍. ഇതാണ് ഞാന്‍ അനുഭവിക്കുന്ന നരകശിക്ഷ. ഈ ആളുകള്‍ക്കൊപ്പം നിന്ന്, സത്യവചനം അവര്‍ ഉരുവിടുന്നതുപോലെ യാതൊരു കളങ്കവുമില്ലാതെ എനിക്ക് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! പിന്നെ എന്ത് വേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ. മദീനയില്‍ ഒരു ഭാഗത്ത് ഇസ്ലാമിനെ പ്രതിനിധീകരിച്ച് മുസ്ലിംകള്‍, മറുഭാഗത്ത് അതിനെതിരെ നിലകൊള്ളുന്ന നിഷേധികള്‍. ഓരോ വിഭാഗത്തിനും അവരുടെതായ നിലപാട്. കെണിയൊരുക്കുക, ഗൂഢാലോചനയില്‍ പങ്കാളിയാവുക എന്നതൊക്കെയാണ് ഞാന്‍ ചെയ്തുവരുന്നത്. താന്‍ മുമ്പില്‍ കാണുന്ന ലക്ഷ്യം എത്തിപ്പിടിക്കാന്‍ അതൊക്കെ ചെയ്‌തേ മതിയാവൂ.... പക്ഷേ, മനസ്സ് ദുഃഖഭരിതമാണ്. എനിക്കോ എന്റെ കൂട്ടാളികള്‍ക്കോ എന്ത് സംഭവിക്കുമെന്നോര്‍ത്തുള്ള ദുഃഖമല്ല അത്. തുറന്നു പറയുക/ഭീരുവായി മാറുക, വെളിപ്പെടുത്തുക/മറച്ചുവെക്കുക, ദൃഢബോധ്യമുണ്ടാവുക/ സംശയിക്കുക... ഇവ തമ്മിലുള്ള സംഘര്‍ഷമാണ് എന്നെ സങ്കടത്തിലാഴ്ത്തുന്നത്... ആഹ്.. എന്തൊരു നരകം...''
അവസാനം പറഞ്ഞ വാക്ക് അല്‍പം ഉച്ചത്തിലായിപ്പോയി. അപ്പോഴാണ് ഭാര്യ അങ്ങോട്ട് കടന്നുവരുന്നത്. അവളത് കേള്‍ക്കുകയും ചെയ്തു.
''എന്തു പറ്റി?''
''ഒന്നും പറ്റിയില്ല. നീ ഇടപെടണ്ട.''
''ഞാന്‍ ഭാര്യയല്ലേ, എന്നോട് പറഞ്ഞാലെന്താ?''
''നിങ്ങള്‍ സകലരും എന്റെ ശത്രുക്കളാണ്.''
ദുസ്സൂചന അവള്‍ക്ക് വേഗം പിടികിട്ടി. അവള്‍ പ്രയാസത്തോടെ പറഞ്ഞു:
''എല്ലാവരും യുദ്ധത്തിനായി ഖൈബറിലേക്ക് പോയി. നിങ്ങള്‍ ഇവിടെ ഇരുന്നു. വാളൂരിപ്പിടിച്ചുള്ള ആ കുതിരപ്പടയാളികളുടെ പോക്ക് നിങ്ങള്‍ കണ്ടിരുന്നെങ്കില്‍ നിങ്ങളും ചാടിപ്പുറപ്പെട്ടേനെ.''
അയാളുടെ ശബ്ദം പരുക്കനായി.
''ഞാന്‍ എപ്പോഴെങ്കിലും യുദ്ധത്തെ പേടിച്ചിട്ടുണ്ടോ, ബലിയര്‍പ്പണത്തിന് തയാറാകാതിരുന്നിട്ടുണ്ടോ?''
''സമുന്നതമായ ലക്ഷ്യത്തിന് ധീരതയെ ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ അതുകൊണ്ടുള്ള കാര്യമെന്ത്?''
''യുദ്ധം, രക്തം ചിന്തല്‍, സര്‍വത്ര നാശം... ഇതിനെയാണോ നീ സമുന്നത ലക്ഷ്യം എന്ന് വിളിക്കുന്നത്?''
അവളും വിട്ടില്ല.
''നിങ്ങള്‍ക്ക് എന്തു പറ്റി, മനുഷ്യാ? ജൂത ഗോത്രങ്ങള്‍ മദീന ആക്രമിക്കാനൊരുങ്ങുകയാണെന്ന് നിങ്ങള്‍ക്കും അറിവുള്ളതല്ലേ. ഒപ്പം ഗത്വഫാന്‍കാരുണ്ട്. റോമക്കാരുമായും പേര്‍ഷ്യക്കാരുമായും അവര്‍ ഉടമ്പടി ഉണ്ടാക്കിയത് പോലെയാണ്. മുഹമ്മദ് തന്റെ നഗരത്തെയും അനുയായികളെയും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഉറപ്പല്ലേ. ഗൂഢാലോചകര്‍ ഇങ്ങെത്തും മുമ്പേ നേരെ അങ്ങോട്ട് ചെന്നതാണ്. എന്നിട്ടും പഴി റസൂലിന് തന്നെ!''
''കേള്‍ക്കുന്ന സകല മണ്ടത്തരവും താന്‍ വിശ്വസിക്കും, അതാ തന്റെ കുഴപ്പം.''
''തുടര്‍ച്ചയായ വഞ്ചനയുടെ കഥകളാണ് ജൂത ഗോത്രങ്ങളുടേത്. നിങ്ങള്‍ക്കത് അറിയുകയും ചെയ്യാം.''
'''കഴിഞ്ഞത് പോകട്ടെ, ഖൈബറിലെ വിവരമെന്താണ്?''
''ഇത് നല്ല കൂത്ത്. നിങ്ങളല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്, ഖൈബറുകാര്‍ മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കുമെന്ന്. നിങ്ങള്‍ക്കവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും ഇടക്കിടെ അവരെ സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞു.''
''ഞാന്‍ തമാശ പറഞ്ഞതാണ്.''
''എന്നാല്‍ റസൂലിന് വിവരങ്ങള്‍ എത്തിക്കുന്നവര്‍ തമാശയായി കാര്യങ്ങള്‍ കാണുന്നവരല്ല.''
അയാള്‍ കൂടുതല്‍ അസ്വസ്ഥനായി.
''ഞാന്‍ മടിപിടിച്ച് ഇവിടെ ഇരിക്കുന്നു എന്നാണ് നിന്റെ ആരോപണം. മുഹമ്മദ് പറഞ്ഞത് നീ മറന്നോ?
ഹുദൈബിയാ സന്ധിയിലും ബൈഅത്ത് റിദ് വാനിലും പങ്കെടുത്തവര്‍ മാത്രം തന്റെ കൂടെ വന്നാല്‍ മതിയെന്ന്. അപ്പോള്‍ ഞാന്‍ എങ്ങനെ പോകും?''
അവള്‍ ചിരിച്ചു. എന്നിട്ട് അയാളെ രൂക്ഷമായി നോക്കി.
''റസൂല്‍ പറഞ്ഞത് മുഴുവന്‍ എന്താ നിങ്ങള്‍ പറയാത്തത്. ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍നിന്ന് നിങ്ങളുടെ നിലപാടിന് ചേര്‍ന്നതേ നിങ്ങള്‍ എടുക്കൂ. പണ്ടേക്കും പണ്ടേ നിങ്ങളുടെ സ്വഭാവമാണത്. എല്ലാവര്‍ക്കും തന്റെ കൂടെ പോരാം എന്ന് റസൂല്‍ തന്നെ പറഞ്ഞതല്ലേ. പക്ഷേ, ഹുദൈബിയാ സന്ധിയിലും റിദ് വാന്‍ കരാറിലും പങ്കെടുക്കാത്തവര്‍ക്ക് യുദ്ധമുതലുകള്‍/ ഗനീമത്ത് കിട്ടുകയില്ല എന്ന് മാത്രം. സ്വന്തത്തെ പണയപ്പെടുത്തി ഹുദൈബിയയിലേക്ക് പോയ ആ മുന്‍നിരപോരാളികള്‍ തന്നെയല്ലേ കൂടുതല്‍ ആദരം അര്‍ഹിക്കുന്നവര്‍.''
പരിഹാസ സ്വരത്തിലായി അയാളുടെ വര്‍ത്തമാനം:
''ചുരുക്കം പറഞ്ഞാല്‍, ഗനീമത്തില്ലാതെ ഞാന്‍ യുദ്ധത്തിന് പോണം എന്ന്.''
''അല്ലാഹുവിന് വേണ്ടി പൊയ്ക്കൂടേ? അങ്ങനെ പോകുന്നവരും ഉണ്ടല്ലോ.''
അയാള്‍ പേടിച്ചരണ്ട കണ്ണുകളുമായി ചുറ്റും നോക്കിക്കൊണ്ടിരുന്നു.
''തോറ്റ് തുന്നം പാടിയേ മുസ്ലിംകള്‍ തിരിച്ചു വരൂ.''
അവള്‍ ഒച്ചയുയര്‍ത്തി.
''എന്ത്? ങാ.... വീണ്ടും പിച്ചും പേയും തുടങ്ങി.''
അയാള്‍ പെട്ടെന്ന് ഗൗരവത്തിലായി.
''ഖൈബറുകാര്‍ കുറെ കാലമായി ആസൂത്രണം ചെയ്യുന്നതാ. മുഹമ്മദിനും സൈന്യത്തിനും അവര്‍ ഒരു കെണി ഒരുക്കിയിട്ടുണ്ട്. അതില്‍നിന്ന് രക്ഷപ്പെട്ട് പോരാന്‍ കഴിയില്ല. പിന്നെ വേണ്ടത്ര സന്നാഹങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, പണം, ആയുധങ്ങള്‍... ഖൈബറുകാര്‍ കീഴടങ്ങുമെന്ന് കരുതണ്ട.''
അവള്‍ക്ക് പേടിയായി. ഹൃദയം ശക്തിയായി മിടിച്ചു.
'കെണിയോ? എന്ത് കെണി? ഈ വിവരം നിങ്ങള്‍ എന്തുകൊണ്ട് റസൂലിനോട് പറഞ്ഞില്ല?''
അയാള്‍ പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു...
''അതിന് മുഹമ്മദ് എന്റെ അഭിപ്രായം ചോദിക്കാറുണ്ടോ? ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല... മൂപ്പെത്താത്ത കുട്ടികള്‍ പറയുന്നതേ കേള്‍ക്കുന്നുള്ളൂ. ഞാന്‍ ആരാ? അബ്ദുല്ലാഹിബ്‌നു ഉബയ്യ്, ഖസ്‌റജിലെ ഏറ്റവും ചിന്താശേഷിയുള്ള ആള്‍, അവരില്‍ ഏറ്റവും സുബദ്ധാഭിപ്രായമുള്ളവന്‍, ദൂരക്കാഴ്ചയുള്ളവന്‍... മുഹമ്മദ് പറയുന്നതോ? ഞാന്‍ മുനാഫിഖ്/കപടന്‍ ആണെന്ന്. ഏതായാലും ഖൈബറുകാര്‍ നന്നായൊന്ന് പഠിപ്പിച്ച് വിടും. പിന്നെ, ആ പാഠം ജീവിതത്തില്‍ മുസ്ലിംകള്‍ മറക്കില്ല; അവര്‍ക്ക് ജീവിതം വല്ലതും ബാക്കിയായി ഉണ്ടെങ്കില്‍.''
അവള്‍ക്ക് ആധി കേറി. കെണി ഉണ്ടെന്നല്ലേ പറഞ്ഞത്. ഞാനിപ്പോ എന്താ ചെയ്ക? ഈ കേട്ട കാര്യം തെരുവിലിറങ്ങി വിളിച്ചുപറഞ്ഞാലോ? വിവരമറിഞ്ഞ ആരെങ്കിലും കുതിരപ്പുറത്ത് കേറി, വിവരമറിയിക്കാനായി റസൂലിന്റെ അടുത്തേക്ക് പുറപ്പെടുമല്ലോ അപ്പോള്‍. പിന്നെ ആ പരിപാടി വേണ്ടെന്ന് വെച്ചു. വല്ലാത്തൊരു ശാന്തി അവളുടെ ഹൃദയത്തില്‍ പെയ്തിറങ്ങി.
''എല്ലാ യുദ്ധം വരുമ്പോഴും നിങ്ങള് പറയും, മുഹമ്മദ് തോറ്റത് തന്നെ എന്ന്.''
''ഞാനോ?''
''നിങ്ങള് തന്നെ. പക്ഷേ, യുദ്ധം കഴിഞ്ഞാല്‍ നിങ്ങള് പറഞ്ഞതിന്റെ നേരെ വിപരീതമാണ് സംഭവിച്ചിട്ടുണ്ടാവുക.''
''ഒരു ഉദാഹരണം പറ.''
''ഒന്നല്ല പലത് പറയാം. ബദ്ര്, ഉഹുദ്, അഹ്‌സാബ്, ബനൂഖുറൈള, ബനുന്നളീര്‍...... പോരേ?''
''മണ്ടച്ചാരേ, ഞാന്‍ തോല്‍വിയെപ്പറ്റിയല്ല പറയാറുള്ളത്. വിജയപരാജയങ്ങള്‍ക്കപ്പുറം, എന്താണ് സംഭവിക്കേണ്ടിയിരുന്നത്- ഇതാണ് എന്റെ വിഷയം. ആരെങ്കിലും ജയിച്ചാല്‍ അത് എന്റെ പിഴവാകുന്നില്ല. അബദ്ധം കാണിക്കുന്നവരും ജയിക്കുന്നുണ്ടാകാം. അതിനര്‍ഥം ജയിച്ചവര്‍ ഏറ്റവും വിവേകപൂര്‍ണമായ വഴിയിലാണ് എന്നൊന്നുമല്ല.''
അവള്‍ മടുപ്പോടെ പറഞ്ഞു.
''എന്ത് വിഷയങ്ങളുണ്ടായാലും ഇമ്മാതിരി പിടിത്തം കിട്ടാത്ത കുറേ കാര്യങ്ങളങ്ങോട്ട് പറയും. ഇയാളെക്കാള്‍ ബുദ്ധിയും ദൂരക്കാഴ്ചയുമുള്ളവന്‍ വേറെ കാണില്ല എന്നൊക്കെ കേള്‍ക്കുന്നവന് തോന്നിപ്പോകും.''
''ഞാന്‍ അങ്ങനെയുള്ള ഒരാള്‍ തന്നെയല്ലേ?''
''നിങ്ങളോട് തര്‍ക്കിച്ച് ജയിക്കാന്‍ ഞാനില്ല. ഒരു കാര്യം പറയാം. നിങ്ങളുടെ ഇടപാടുകള്‍, ജീവിതം മൊത്തം പരിശോധിക്കുമ്പോള്‍, സംസാരത്തില്‍ ആകര്‍ഷകത്വമുണ്ടെങ്കിലും എന്റെ മനസ്സ് പറയുന്നു; നിങ്ങള്‍ സത്യത്തിന്റെ കൂടെയല്ല എന്ന്.''
പെട്ടെന്നാണ് അവളുടെ മുഖമടച്ച് ഒരടി വീണത്.
''നീ എന്നെപ്പറ്റി എന്ത് കരുതി, കുരുത്തം കെട്ടവളേ.''
അടികൊണ്ട ഭാഗം അവള്‍ വിരലുകള്‍കൊണ്ട് തടവി. കണ്ണുകള്‍ നിറഞ്ഞു. താന്‍ എന്താണ് പറഞ്ഞത്? അവള്‍ ആലോചിച്ചുനോക്കി. തന്റെ വാക്കുകള്‍ ഇബ്‌നു ഉബയ്യിനെ നന്നായി വേദനിപ്പിച്ചിട്ടുണ്ട്. ഇത്ര കടുത്ത വാക്കുകള്‍ മുമ്പ് പറഞ്ഞിട്ടില്ല. എന്തായാലും അയാള്‍ എന്റെ ഭര്‍ത്താവാണ്. സ്്ത്രീയും പുരുഷനും വ്യത്യസ്ത തരക്കാരാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്ഥാനങ്ങള്‍...
''ഇബ്‌നു ഉബയ്യ്, ഞാന്‍ ഉപയോഗിച്ചത് മോശം വാക്കുകളായിപ്പോയി.''
''മുമ്പാരും എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞിട്ടില്ല.''
''നാക്കു പിഴയാണ്.''
അയാള്‍ വികാരവിക്ഷുബ്ധനായി.
''കുറ്റം നിന്റെതല്ല; ലോകത്തിന്റെതാണ്. എല്ലാം മാറുകയാണ്. അടിത്തറകള്‍ പൊട്ടിപ്പിളരുകയാണ്.
പുതിയ ചിന്തകള്‍ അതിക്രമിച്ചെത്തുകയാണ്. ആ ചിന്തകള്‍ ജനത്തെ സ്വാധീനിക്കുമെന്ന് ഒരാളും കരുതിയില്ല. പുതിയ ആശയങ്ങള്‍, അതാണ് എല്ലാറ്റിനും കാരണം.''
അവള്‍ കണ്ണീര്‍ തുടച്ച് പറഞ്ഞു:
''തെറ്റ് എന്റെതാണ്. ക്ഷമ ചോദിക്കുന്നു. പക്ഷേ...''
''എന്തു പക്ഷേ...?''
''മുഹമ്മദിനെ നിങ്ങള്‍ ദുഷിച്ച് പറയരുത്.''
''ഞാന്‍ മുഹമ്മദ് എന്ന നബിയെ പറ്റിയല്ല, മുഹമ്മദ് എന്ന മനുഷ്യനെപ്പറ്റിയാണ് പറയുന്നത്.''
അയാളുടെ കൈപിടിച്ച് അവള്‍ കേണു: ''നോക്കൂ അബ്ദുല്ലാ, ഇങ്ങനത്തെ വാക്കുകളൊന്നും പറയരുത്. ഒരു മറയുമില്ലാതെ നിങ്ങള്‍ റസൂലിനെ കുറ്റം പറയുകയാണ്. അതെന്റെ ശരീരത്തില്‍ വിറയലുണ്ടാക്കുന്നു. എന്റെ ഹൃദയത്തിന്റെ മിടിപ്പ് കൂട്ടുന്നു. നിങ്ങള്‍ ദൈവശാപത്തിന് സ്വയം നിന്നുകൊടുക്കുകയാണ്. നിങ്ങളുടെ നന്മ മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. നിങ്ങള്‍ എന്റെ ഭര്‍ത്താവാണ്. നിങ്ങളുടെ ഇടപാടുകള്‍ക്കൊക്കെ നിങ്ങള്‍ ന്യായീകരണങ്ങള്‍ ചമക്കരുത്. ഈ ന്യായീകരണങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യമായാലും, ഒപ്പമുള്ള ആര്‍ക്കെങ്കിലും ബോധ്യമായാലും അല്ലാഹുവിന്റെ അടുക്കല്‍ അതിന് യാതൊരു വിലയുമില്ല. അതിനാല്‍ ധീരനാവുക, ദേഹേഛകള്‍ക്ക് കടിഞ്ഞാണിടുക. വിവേകിയാവുക. അതിനൊന്നും നിങ്ങള്‍ക്ക് വിധിയില്ല. മുഹമ്മദില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്കൊന്നും നഷ്ടമാകാനില്ല. മുഹമ്മദ് കള്ളമാണ് പറയുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അദ്ദേഹം അനുഭവിച്ചുകൊള്ളും. സത്യമാണെങ്കില്‍ അദ്ദേഹം വാഗ്ദാനം ചെയ്തത് നമുക്ക് ലഭിക്കില്ലേ.... നമ്മള്‍ രണ്ടാളും തര്‍ക്കിച്ചു മടുത്തു.''
അയാള്‍ കൂടുതല്‍ പരുഷനായി:
''എനിക്ക് മടുക്കില്ല. ഈ കണ്‍പോള എന്നന്നേക്കുമായി അടയുവോളം.''
അവള്‍ ദുഃഖത്തോടെ അലറി:
''എന്തൊരു നരകമാണ്.''
''കണ്ടോ, കണ്ടോ, നീയും പറയാന്‍ തുടങ്ങി: എന്തൊരു നരകം! രണ്ട് പേരും പറയുന്നത് രണ്ടര്‍ഥത്തിലാണെന്ന് മാത്രം.''
''ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്, അബ്ദുല്ലാ...''
''ഇപ്പോള്‍ ഖൈബറിന്റെ കവാടങ്ങളില്‍ അറുകൊല ചെയ്യപ്പെടുന്ന പാവങ്ങള്‍ക്ക് വേണ്ടിയാണ് ഞാനത് പറയുന്നത്.''
അവര്‍ക്കിടയില്‍ ചെറിയൊരു നിശ്ശബ്ദത, അതിനെ ഭേദിച്ചതും അവള്‍ തന്നെ.
''നമ്മള്‍ നിരന്തരം തര്‍ക്കിക്കുന്നു. പക്ഷേ, എവിടെയും എത്തുന്നില്ല.''
''എല്ലാം നിന്റെ കുനിഷ്ഠാണ്.''
''കുനിഷ്ഠ് നിങ്ങള്‍ക്കാണ്.''
പിന്നെ അവള്‍ ആകാശത്തേക്ക് കൈയുയര്‍ത്തി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു:
''അല്ലാഹുവേ, ഇതാണെന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന് നീ സത്യത്തിലേക്ക് വഴി കാണിക്കേണമേ...
പ്രവാചക സ്‌നേഹം മനസ്സില്‍ നിറക്കേണമേ.''
അയാളുടെ മുഖം വിവര്‍ണമായി. താടിരോമങ്ങള്‍ വിറച്ചു:
''നീയങ്ങനെ താണുകേഴുകയൊന്നും വേണ്ട, എനിക്ക് വേണ്ടി. ഈ പ്രാര്‍ഥനകള്‍ വായുവിലെറിഞ്ഞ വാക്കുകള്‍ മാത്രമാണ്. എന്റെ ഭാഗധേയം എന്റെ കൈകളിലാണ്. മനസ്സിലാകുന്നുണ്ടോ?''
അവള്‍ തലതാഴ്ത്തി. പിന്നെ പിന്തിരിഞ്ഞ് വന്നേടത്തേക്ക് തിരിച്ചുപോയി.
(തുടരും)