പരസ്പരം അറിയുക
ഷറഫുദ്ദീന്‍ കടമ്പോ ട്ട്കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
January 2022
ര@ു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ
ദിവസം സജിത വിളിച്ചു.
'ഞങ്ങള്‍ക്ക് ഒന്ന് കാണണം.'
ഞാന്‍ പറഞ്ഞു:
''അല്‍പം തിരക്കിലാണ്.''
''സര്‍. വെറും അഞ്ച് മിനിറ്റ്
സമയമേ വേ@ൂ...''
ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് സതീഷ്-സജിത ദമ്പതികള്‍ ക്ലിനിക്കില്‍ ആദ്യമായി വരുന്നത്, ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്നു മൂത്തമകന്‍. രണ്ടാമത്തെ മകന്‍ പ്ലസ്ടുവിനും. ഇരുവരെയും വെവ്വേറെ കണ്ട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ഏതാണ്ട് 17 വര്‍ഷങ്ങളായി അവര്‍ പരസ്പരം മാനസികമായ അകല്‍ച്ചയിലാണെന്നും പൊതുസമൂഹത്തിന് മുമ്പില്‍ ഇരുവരും നന്നായി അഭിനയിച്ചു ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും മനസ്സിലായത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും രണ്ട് പശ്ചാത്തലങ്ങളില്‍ നിന്നുവന്ന ഇവര്‍ക്കിടയില്‍ ഉടലെടുത്ത വിള്ളലുകള്‍ക്ക് ഏറെ ആഴമായിരുന്നു. മക്കളുടെ മുമ്പില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ ഇരുവരെയും ബോര്‍ഡിങ്ങില്‍ അയച്ചാണ് പഠിപ്പിച്ചത്.
വിശദമായ കദന കഥകള്‍ക്കും പരിഭവങ്ങള്‍ക്കും ശേഷം അന്യോന്യം അവരില്‍ കാണുന്ന നെഗറ്റീവായ വശങ്ങളും പോസിറ്റീവായ വശങ്ങളും എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. ഇരുവരും കുറ്റങ്ങള്‍ വളരെ വേഗം എഴുതിത്തുടങ്ങി. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും കാലങ്ങള്‍കൊണ്ട് മറന്ന് തുടങ്ങിയ നന്മകളെയും ഓര്‍മകളുടെ അറകള്‍ ചികഞ്ഞെടുത്ത് എഴുതിത്തന്നു.
എഴുതിത്തന്ന പേപ്പറുകള്‍ എന്റെ ടേബിളില്‍ സൂക്ഷിച്ചു. സതീഷ് സജിതയെ കുറിച്ച് ഗുണഗണങ്ങള്‍ എഴുതിയ പേപ്പര്‍ മാത്രം കൊടുത്ത് സജിതയോട് വായിക്കാന്‍ പറഞ്ഞു, ഓരോന്ന് വായിക്കുംതോറും ആ കണ്ണുകളില്‍ ആദ്യം അത്ഭുതവും സന്തോഷവും.
ഓഹോ അത് ശരി. ഞാന്‍ പോലും ജീവിതത്തില്‍ മറന്നുപോയ എത്ര സുന്ദരമായ ഓര്‍മകളാണ് ഇപ്പോഴും എന്നെക്കുറിച്ച് സതീഷ് സൂക്ഷിക്കുന്നത് എന്നോര്‍ത്ത് അവരുടെ കണ്ണുകള്‍ നിറഞ്ഞു, തല്‍ക്കാലം ദോഷവശത്തെ കുറിച്ച കുറിപ്പ് വായിക്കാന്‍ കൊടുക്കാതെ അതിലെ ചില നിരീക്ഷണങ്ങള്‍ മുമ്പില്‍ വച്ചുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉണര്‍ത്തി. ജീവിതത്തില്‍ പലപ്പോഴും വലിയ കാര്യങ്ങളല്ല, കൊച്ചുകൊച്ചു സൂക്ഷ്മമായ കാര്യങ്ങളിലുള്ള അശ്രദ്ധകളാണ് ജീവിതത്തിലെ വലിയ വിള്ളലുകള്‍ക്ക് കാരണമാകുന്നത് എന്ന് ശ്രദ്ധയില്‍പെടുത്തി. ബന്ധങ്ങളുടെ നാരായവേര് പരസ്പരം പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലാണെന്ന് അവരെ ഉണര്‍ത്തി.
ഇരുവരും മൂന്നു സെഷനുകളില്‍ വരികയും അവര്‍ക്കിടയിലെ മഞ്ഞ് സാവകാശം ഉരുകുകയും ചെയ്യുന്നത് കാണാനായി. അവരിലെ പരസ്പര നന്മ കാണാനുള്ള ഒരു മൂന്നാം കണ്ണും ഒരു ആറാം ഇന്ദ്രിയവും തുറന്നു കൊടുക്കുകയായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസം സജിത വിളിച്ചു. 'ഞങ്ങള്‍ക്ക് ഒന്ന് കാണണം.'
ഞാന്‍ പറഞ്ഞു: ''അല്‍പം തിരക്കിലാണ്.''
''സര്‍. വെറും അഞ്ച് മിനിറ്റ് സമയമേ വേണ്ടൂ...''
എന്റെ മനസ്സില്‍ ചെറിയൊരു അങ്കലാപ്പ് സതീഷും സജിതയും വീണ്ടും പ്രശ്‌നങ്ങളിലേക്ക് പോയോ? ഇരുവരോടും വരാന്‍ പറഞ്ഞു.
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അവരെത്തി.
ഇരുവരോടും അകത്തേക്ക് പ്രവേശിക്കാന്‍ പറഞ്ഞു. വാതില്‍ തുറന്ന് അകത്തേക്ക് കടന്നുവന്ന സജിതയുടെ കൈയില്‍ പിങ്ക് നിറമുള്ള ബേബി ബ്ലാങ്കറ്റില്‍ പൊതിഞ്ഞുപിടിച്ച സുന്ദരിയായ പെണ്‍കുഞ്ഞ്, 'പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനു മുമ്പായി ഇവളെ കാണിക്കാം' എന്ന് കരുതി വന്നതാണ്.
സജിത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കൈകളിലേക്ക് നീട്ടി കസേരയില്‍ വന്നിരുന്നു പറഞ്ഞു.
ജീവിതത്തിലെ എത്രയോ ആനന്ദകരമായ നിമിഷമായിരുന്നു അത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബ ജീവിതം എങ്ങനെ പോവുന്നു എന്ന എന്റെ മനസ്സിലെ ശങ്കക്കുള്ള മറുപടിയായിരുന്നു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ കുഞ്ഞ്.
നിസ്സാരമായ ചെറിയ വഴക്കുകളില്‍നിന്നും രൂപപ്പെടുന്ന മുറിവുകള്‍ ആഴമുള്ള വിള്ളലുകളായി മാറി ആയുസ്സ് മുഴുവനും കുടുംബജീവിതത്തിന്റെ എല്ലാ സൗന്ദര്യത്തെയും സന്തോഷങ്ങളെയും നഷ്ടപ്പെടുത്തിക്കളയുന്നു.
ഫാമിലി കൗണ്‍സലിംഗില്‍ കൗണ്‍സിലേഴ്‌സും, മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചില മുറിവുകള്‍ കൂടുതല്‍ ആഴത്തില്‍ ചികഞ്ഞന്വേഷിക്കുന്നത് ഒഴിവാക്കണമെന്നാണ്. ആവശ്യമുള്ളതും അവര്‍ പരസ്പരം കണ്ട നന്മകളും മാത്രം കൈമാറുന്നതിലൂടെ അവര്‍ക്കിടയിലെ മഞ്ഞ് ഉരുകി ദൃഢമായ ഒരു പാലം പണിയാന്‍ കഴിയും.